7 Saturday
September 2024
2024 September 7
1446 Rabie Al-Awwal 3

നിയ്യത്ത് നന്നാക്കുക

എം ടി അബ്ദുല്‍ഗഫൂര്‍


ഉമറുബ്‌നുല്‍ ഖത്താബ്(റ) പറയുന്നു: ”നബി(സ) പറയുന്നതായി ഞാന്‍ കേട്ടു. തീര്‍ച്ചയായും പ്രവര്‍ത്തനങ്ങള്‍ (സ്വീകരിക്കപ്പെടുന്നത്) ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ച് മാത്രമാകുന്നു. എല്ലാ മനുഷ്യനും അവന്‍ ഉദ്ദേശിച്ചത് മാത്രമേ ലഭിക്കുകയുള്ളൂ. ആരെങ്കിലും പലായനം ചെയ്തത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമായിരുന്നുവെങ്കില്‍, അപ്പോള്‍ അവന്റെ ഹിജ്‌റ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമാകു ന്നു. എന്നാല്‍ ആരെങ്കിലും ഹിജ്‌റ പോ യത് ഭൗതികമായ വല്ല നേട്ടങ്ങളും കരസ്ഥമാക്കാനോ ഏതെങ്കിലും സ്ത്രീയെ വിവാഹം ചെയ്യണമെന്നുദ്ദേശിച്ചോ ആയിരുന്നുവെങ്കില്‍ അവന്റെ പലായനം അവനുദ്ദേശിച്ചതിലേക്കാകുന്നു” (ബുഖാരി, മുസ്‌ലിം)

മതത്തിന്റെ ഏറ്റവും അടിസ്ഥാന തത്വമാണ് ഈ നബിവചനത്തിലൂടെ പരിചയപ്പെടുത്തുന്നത്. പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനില്‍ക്കേണ്ട ആത്മാര്‍ഥതയുടെ ആവശ്യകതയാണ് നബിതിരുമേനി വ്യക്തമാക്കുന്നത്. ഭൗതികമായ ഏതൊരു താല്‍പര്യവും ഒരാളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം കണക്കാക്കാനുള്ള മാനദണ്ഡമാവുകയില്ല. മറിച്ച് മനസ്സിന്റെ നിഷ്‌ക്കളങ്കതയും നിഷ്‌കപടതയുമാണതിന്റെ അടിസ്ഥനമെന്ന് ഈ തിരുവചനം പാഠം നല്‍കുന്നു. ഏതൊരു പ്രവൃത്തിയിലൂടെയും വിശ്വാസികള്‍ ലക്ഷ്യമാക്കേണ്ടത് അല്ലാഹുവിന്റെ പ്രീതിയും അവനില്‍ നിന്നുള്ള പ്രതിഫലവുമത്രെ. എങ്കില്‍ മാത്രമേ ആ പ്രവര്‍ത്തനം അല്ലാഹുവിങ്കല്‍ സ്വീകാര്യവും പ്രതിഫലാര്‍ഹവുമാവുകയുള്ളൂ.
ഹിജ്‌റ ഏറ്റവും ത്യാഗപൂര്‍മായ ഒരു പ്രവര്‍ത്തനമാണ്. ഒരു നാട്ടില്‍നിന്ന് മറുനാട്ടിലേക്കുള്ള ജീവിതമാറ്റം. സ്വദേശത്തുള്ളതെല്ലാം വിട്ട് പരദേശത്തേക്കുള്ള യാത്ര. പിന്നീടുള്ള താമസവും ഉപജീവനവും അവിടെതന്നെ. സ്വദേശത്തേക്ക് സ്ഥിരമായ ഒരു തിരിച്ചുവരവിനെ ഒട്ടും പ്രതീക്ഷിക്കാതെയുള്ള പറിച്ചുനടല്‍. ഏറെ സഹനവും ക്ഷമയും ആവശ്യമുള്ള ഒരു പുണ്യപ്രവൃത്തിയുടെ ഉദ്ദേശ്യം ആദര്‍ശ സ്‌നേഹവും ആദര്‍ശ ജീവിതത്തിന്റെ താല്‍പര്യവുമായിരിക്കണം. അപ്പോഴാണ് അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമാകുന്നത്.
എന്നാല്‍ തന്റെ ഉപജീവനത്തിന് വല്ല മാര്‍ഗവും തേടല്‍ ലക്ഷ്യമാക്കുകയോ മറുനാട്ടില്‍ വൈവാഹിക കുടുംബജീവിതം ഉദ്ദേശിക്കുകയോ ചെയ്താല്‍ അതിന്റെ പ്രതിഫലം അവന്‍ ഉദ്ദേശിച്ചതിലൊതുങ്ങിപ്പോകുന്നതാണ്. എത്ര ത്യാഗപൂര്‍ണമായ പ്രവൃത്തിയാണെങ്കിലും ഭൗതികമായ എന്തെങ്കിലും താല്‍പര്യങ്ങള്‍ ആ പ്രവൃത്തിയിലൂടെ നമ്മള്‍ ഉദ്ദേശിച്ചാല്‍ അതിന്നനുസരിച്ചായിരിക്കും അതിന്റെ പ്രതിഫലം കണക്കാക്കപ്പെടുകയെന്ന് നബി(സ) പഠിപ്പിക്കുന്നു.
ഏതൊരു കര്‍മത്തിലും പ്രശംസയും പ്രശസ്തിയും പ്രകടനപരതയും പ്രൗഢിയും ഒഴിവാക്കി നിഷ്‌ക്കളങ്കതയും നിഷ്‌കപടതയും അടിസ്ഥാനമായി വരണമെന്ന സുപ്രധാന പാഠമാണ് ഈ തിരുവചനം. സല്‍കര്‍മങ്ങളിലേര്‍പ്പെടുമ്പോള്‍ മനസ്സ് ചാഞ്ചല്യപ്പെടാതെ ആത്മാര്‍ഥതയോടെ ദൈവപ്രീതിയാഗ്രഹിച്ച് നിര്‍വഹിക്കാന്‍ നമുക്ക് പ്രേരണ നല്‍കുകയാണ് ഈ നബിവചനം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x