ഇജ്തിഹാദ് എന്നാല്‍ ലിബറല്‍ വ്യാഖ്യാനമല്ല
ഡോ. ജാബിര്‍ അമാനി

ഇസ്ലാം അന്യൂനവും സമഗ്രവും സമ്പൂര്‍ണവുമായ മാര്‍ദര്‍ശനമാണ് (വി.ഖു 2:2). അന്തിമ പ്രവാചകന് മുഹമ്മദ്(സ) വിടവാങ്ങല്‍ പ്രഖ്യാപനത്തില്‍ ഖുര്‍ആനിക വചനം ഉദ്ധരിച്ച് അക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട് (5:3). ഈ മാര്‍ഗദര്‍ശനത്തില്‍ ഇനി കൂട്ടിച്ചേര്‍ക്കാനും ഒഴിവാക്കാനും ഇല്ല. ഇനിയൊരു പ്രവാചകനോ വേദഗ്രന്ഥമോ മാനവതക്ക് മാര്‍ഗദര്‍ശനമെന്ന നിലയ്ക്ക് അവതരിക്കുകയും ഇല്ല.
വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും ലോകാന്ത്യംവരെയുള്ള മനുഷ്യരുടെ എല്ലാ രംഗങ്ങളിലുമുള്ള മാര്‍ഗദര്‍ശനത്തിന്റെ പ്രമാണമായും അവലംബമായും പരിഗണിക്കേണ്ടത് ഒരു മുസ്ലിമിന്റെ ബാധ്യതകൂടിയാണ്. സന്മാര്ഗദര്ശനം ലഭ്യമാകേണ്ട ഒരു രംഗത്തും സ്വയം തീരുമാനാഭിപ്രായങ്ങള്ക്ക് സാധ്യതയില്ലെന്നും സമ്പൂര്‍ണ സമര്‍പ്പണം മതനിയമങ്ങളോട് അനിവാര്യമാണെന്നും ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട് (33:36). നരകമുക്തിയും സ്വര്‍ഗപ്രവേശവും ലഭ്യമാവാനുള്ള എല്ലാ കാര്യങ്ങളും പ്രവാചകന് മാനവതയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതാണല്ലോ മതത്തിന്റെ ധര്‍മവും കര്‍മവും.
ഇജ്തിഹാദ്
ഇജ്തിഹാദ് എന്ന അറബി പദം ജഹ്ദ് ജുഹ്ദ് എന്ന ധാതുവില്‍ നിന്ന് നിഷ്പന്നമായതാണ്. ജഹ്ദിന് അധ്വാനം, പരിശ്രമം എന്നും ജുഹ്ദിന് ശക്തി, കഴിവ് എന്നുമാണ് അര്‍ഥം. ഇജ്തിഹാദ് എന്നാല്‍ പ്രയാസപ്പെട്ടും ത്യാഗനിഷ്ഠയോടെയും കഴിവ് വിനിയോഗിക്കുക, അധ്വാനിക്കുക എന്ന് പ്രാഥമികാര്ഥം ഉപയോഗിച്ചുവരുന്നു.
ബുദ്ധിപരവും യുക്തിപരവുമായി സ്വതന്ത്രമായി ഒരു മതനിയമത്തെയോ സമീപനത്തെയോ പുതുതായി സ്ഥാപിച്ചെടുക്കുകയല്ല, മറിച്ച് ശരീഅത്തിന്റെ മുഖ്യസ്രോതസ്സുകളും പ്രമാണങ്ങളും അവലംബിച്ച്(അദില്ല വല്‍ മസ്വാദിര്‍) മതത്തിന്റെ പൊതുതത്വങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ കാലങ്ങളില്‍ ശരീഅത്ത് വിധികള്‍ നിര്‍ധാരണം ചെയ്യാന്‍ പഠനവും ചിന്തയും ഗവേഷണവും സ്വീകരിച്ച് പരമാവധി പരിശ്രമിക്കുന്നതിനെയാണ് സാങ്കേതികമായി ഇജ്തിഹാദ് കൊണ്ട് വിവക്ഷിക്കുന്നത്. അവലംബങ്ങളില്ലാത്ത പുതുനിയമമല്ല ഇജ്തിഹാദ് വഴി പൊതുവായി നിര്‍ധരിക്കുക.
ശരീഅത്ത് വിധികള്‍ കണ്ടെത്തുക(1), കര്‍മശാസ്ത്ര പരമായ വിധികള്‍ കണ്ടെത്തുക(2), ശരീഅത്ത് വിധികളെക്കുറിച്ച് അറിവും ജ്ഞാനവും ലഭ്യമാക്കാന്‍ പരിശ്രമിക്കുക (3), ശരീഅത്ത് വിധികളെക്കുറിച്ച് നിഗമനത്തില്‍ എത്തിച്ചേരുക(4) തുടങ്ങിയ കാഴ്ചപ്പാടുകളും എന്താണ് ഇജ്തിഹാദ് എന്നതിന്റെ വിശകലനമായി പൂര്‍വിക പണ്ഡിതന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാളുടെ ബുദ്ധിയിലും യുക്തിയിലും രൂപപ്പെടുന്ന എന്തും. ഇജ്തിഹാദിന്റെ പേരില്‍ ആര്‍ക്കും നിര്‍വഹിക്കാവുന്ന മതപരമായി, പുണ്യം ലഭിക്കുന്ന ഒരു പ്രക്രിയയായി ഇജ്തിഹാദിനെ മുസ്ലിം ലോകം പരിഗണിക്കുന്നില്ല. എന്നാല്‍ ഇജ്തിഹാദ് ഒരു പ്രത്യേകതരം പണ്ഡിതരില്‍ പരിമിതപ്പെടുത്തി വിഭാഗം തിരിച്ച് ക്രമീകരിക്കുന്നതിനെയും അംഗീകരിക്കുന്നില്ല. ഇജ്തിഹാദ് ചെയ്യുന്ന മുജ്തഹിദിന് ഉണ്ടായിരിക്കേണ്ട സവിശേഷതകളും ഇജ്തിഹാദില്‍ പാലിക്കേണ്ട മര്യാദകളും മാനദണ്ഡങ്ങളും പണ്ഡിതലോകം ഏകകണ്ഠമായി സവിസ്തരം നിര്‍വചിച്ചിട്ടുണ്ട്(5) എന്നുമാത്രം.
ഇസ്ലാം കാലത്തെ വായിക്കുന്നത്
ഇസ്ലാം സമ്പൂര്‍ണമാണ്, എന്നിരിക്കെ കാലാകാലങ്ങളില്‍, വ്യത്യസ്ത സംസ്കാരങ്ങളിലും നാഗരികതകളിലും ജീവിക്കുന്നവര്‍ക്ക് പുതിയ പ്രശ്നങ്ങളൊന്നും അഭിമുഖീകരിക്കേണ്ടി വരില്ലെന്നും, അവയ്ക്കെല്ലാം ഉള്ള മതവിധികള്‍ ഓരോന്നും അക്കമിട്ട് ഇസ്ലാമില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആരും വാദിക്കുന്നില്ല. എന്നാല്‍ ഒരു മുസ്ലിമിനും ദൈവഹിതത്തിനും മതനിയമനിര്ദേശങ്ങള്ക്കും എതിരായോ വിരുദ്ധമായോ ജീവിക്കാന്‍ പാടില്ല. അതുകൊണ്ട് ഓരോ കാലങ്ങളിലും അഭിമുഖീകരിക്കുന്ന പുതിയ പ്രശ്നങ്ങള്‍ക്കും നിലപാടുകള്‍ക്കും മതത്തിന്റെ പൊതുതത്വങ്ങളിലും മൂല്യങ്ങളിലും വിധികളിലും ഊന്നി നിന്ന്, ഗവേഷണവും പഠനവും നിര്‍വഹിച്ച് മതവിധികള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണ്.
ജനാധിപത്യ വ്യവസ്ഥകളിലെ മുസ്ലിം ജീവിതം, അവയവദാനം, ദയാവധം, വിവിധ സാമ്പത്തിക സ്രോതസ്സുകള്‍, ഇന്‍ഷൂറന്‍സ് സ്വീകരിക്കല്‍, മൃതശരീരത്തെ പഠാനവശ്യങ്ങള്ക്ക് വിട്ടുനല്‍കല്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ മുസ്ലിം ലോകം ഇജ്തിഹാദിലൂടെ മതവിധികള്‍ നിര്‍ധരിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
കേവലം കര്‍മശാസ്ത്ര വിഷയങ്ങളില്‍ മാത്രമല്ല, മറിച്ച് വിവിധ സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും സ്വീകരിക്കേണ്ട സമീപന രീതിശാസ്ത്രങ്ങളും ഇജ്തിഹാദിലൂടെ രൂപപ്പെടേണ്ടതുണ്ട്. മതേതരത്വം സോഷ്യലിസം പോലുള്ളവയോട് സ്വീകരിക്കേണ്ട നിലപാട്, വിവിധ ആഘോഷങ്ങള്‍, വിദ്യാഭ്യാസ-തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയവയോടുള്ള സമീപനം എന്നിവ ഉദാഹരണമത്രെ.
‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങള്‍ അത് അല്ലാഹുവിലേക്കും റസൂലിലേക്കും(ദൈവദൂതന്) മടക്കുക” (4:59). ഈ വചനത്തില്‍ മതത്തിന്റെ നിയമങ്ങളുടെ സ്രോതസ്സുകളായി ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഇജ്തിഹാദ് എന്നിവ ഉള്‍ക്കൊള്ളുന്നുണ്ടെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇജ്തിഹാദിന്റെ ബൗദ്ധിക രീതിയും മെത്തഡോളജിയുമായാണ് ഖിയാസിനെ പരിഗണിക്കുന്നത് എന്ന അഭിപ്രായവും പണ്ഡിതലോകത്ത് കാണാം.(6)
നബി(സ) മുആദ്(റ)നെ യമനിലേക്ക് സത്യസന്ദേശ പ്രചാരണത്തിന് നിയോഗിക്കുമ്പോള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ പ്രസിദ്ധമാണ്. ഈ സംഭവമാണ് ഇജ്തിഹാദിന് പൊതുവായും സ്വഹാബികള്‍ക്കിടയില്‍ ഇജ്തിഹാദ് നിര്‍വഹിച്ച സംഭവങ്ങള്‍ക്കും മുസ്ലിം ലോകം പ്രധാന തെളിവായി പരിഗണിക്കുന്നത്.
ഇജ്തിഹാദിന്റെ കവാടങ്ങള്‍ അടക്കുന്നതോടെ അന്ധമായ പണ്ഡിതാനുകരണം-തഖ്ലീദും പൗരോഹിത്യവുമാണ് ഉടലെടുക്കുക. മനുഷ്യന്റെ സവിശേഷതയായ ബുദ്ധിയും യുക്തിബോധവും അടിച്ചമര്‍ത്തുന്നതിനും പരിഷ്കരണ നവോത്ഥാന സംരംഭങ്ങള്‍ക്ക് തടയിടുന്നതിനു മാത്രമേ ആ സമീപനം ഉപകരിക്കുകയുള്ളൂ. തദ്ഫലമായി അന്ധമായ മദ്ഹബീ പക്ഷപാതിത്വവും തഖ്ലീദും ഇസ്ലാമിക ചരിത്രത്തില്‍ ഉണ്ടായിത്തീര്‍ന്നു.

ഹിജ്റ 7ാം നൂറ്റാണ്ടില്‍ മംഗോളിയരുടെ ആക്രമണ ഫലമായി ബഗ്ദാദ് തകരുകയും ഇസ്ലാമിക വൈജ്ഞാന നാഗരികതക്ക് വലിയ നഷ്ടം സംഭവിക്കുകയും ചെയ്തു. മഹാപണ്ഡിതരുടെ വിയോഗവും ചരിത്രത്തില്‍ സംഭവിച്ചു. തുടര്‍ന്നാണ് മുസ്ലിം സമൂഹത്തില്‍ ബുദ്ധിപരമായ അടിമത്വവും തഖ്ലീദിന്റെ ശക്തമായ മുന്നേറ്റവും ഉണ്ടാവുന്നത്. ഇജ്തിഹാദിന്റെ പുനര്‍ജാഗരണം വരുന്നത് വരെ മുസ്ലിം ലോകത്ത് തഖ്ലീദ് മേല്‍ക്കൈ നേടിയിരുന്നതായി കാണാം.
പൂര്‍വീക പണ്ഡിതരായ ഇമാം നവവിയുടെ ശറഹ് മുഹദ്ദബ്, ഇമാം ശാറാസിയുടെ അല്‍മുഹദ്ദബ്, ഇബ്നുഖുദാമയുടെ മുഅ്നി തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇജ്തിഹാദിന്റെ രീതിശാസ്ത്രത്തെ മുഖവിലക്കെടുത്ത് എഴുതപ്പെട്ടവയാണ്. ഉപര്യുക്ത ഗ്രന്ഥങ്ങളും പിന്നീടുള്ള പണ്ഡിതരുടെ ഗവേഷണാത്മക സേവനങ്ങളും വഴി മതം കാലത്ത വായിക്കുന്നതിനുള്ള ധാരാളം അവസരങ്ങളുണ്ടായി. ആധുനിക കാലത്തെ ഇജ്തിഹാദിന്റെ ഓരോ ഘട്ടങ്ങളിലും പൂര്‍വീകരുടെ ഈ നിലപാടുകള്‍ ചെറുതല്ലാത്ത ഉള്‍വെളിച്ചം പകര്‍ന്നിട്ടുണ്ട്.(7)
ഇജ്തിഹാദ്
ലിബറലിസം
പാരസ്പര്യത്തിന്റെ മുറികളോ?
സാങ്കേതികാര്‍ഥത്തില്‍ സ്വതന്ത്രമായ ഒരു പുതിയ മതവിധിയും സമീപനവുമാണ് ഇജ്തിഹാദ് വഴി രൂപപ്പെടുന്നത് എന്നതുകൊണ്ട് അത് ഇസ്ലാമിന്റെ ഉദാരസമീപനവും ലിബറലിസത്തിന്റെ താല്പര്യവുമാണെന്നത് ബാലിശമായ അഭിപ്രായമാണ്. ഇസ്ലാമിക നിയമങ്ങള്‍ സമഗ്രമാണ്. അത് എല്ലായിടത്തും ഉദാരസമീപനം ഉള്‍ക്കൊള്ളുന്നില്ല. വ്യക്തിപരമായ ആശയാഭിപ്രായങ്ങള്‍ക്ക് സൂക്ഷ്മമായ പഴുതുപോലും അനുവദിക്കുന്നില്ല. ”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാവട്ടെ സ്ത്രീയാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവന് വ്യക്തമായ നിലയില്‍ വഴിപിഴച്ച് പോയിരിക്കുന്നു”. (വി.ഖു 33:36) എന്ന ഖുര്‍ആന്‍ വചനം ഈ പ്രഖ്യാപനമാണ് നിര്‍വഹിക്കുന്നത്. ഇസ്ലാമിക വിധികളില്‍ ഒരു നിലക്കുമുള്ള മാനസികാസ്വസ്ഥതയും കാലത്തെ വായിക്കാത്ത സമീപനമാണെന്ന ചിന്തയും ഒന്നും സത്യവിശ്വാസിക്ക് യോജിച്ചതല്ല (8:13)
ആഇശ(റ)യെക്കുറിച്ച വ്യഭിചാര ആരോപകരില്‍ പ്രമുഖനായ മിസ്ത്വഹ്ബ്നു അസാസ, അബൂബക്കറിന്റെ(റ) വീട്ടിലെ പരിചാരകനായിരുന്നു. പ്രസ്തുത സംഭവശേഷം അദ്ദേഹത്തെ ബഹിഷ്കരിച്ച അബൂബക്കറിന്റെ(റ) സമീപനത്തെ ചോദ്യം ചെയ്തു, മിസ്ത്വഹിനെ തിരിച്ചുവിളിക്കാന്‍ താല്പര്യപ്പെട്ടും ഖുര്‍ആനിക നിര്‍ദേശമുണ്ടായപ്പോള്‍ ഒരിക്കലും പ്രസ്തുത തീരുമാനത്തിന്റെ അയുക്തികത(?) അന്വേഷിക്കുകയോ താല്‍ക്കാലികമായി വരാവുന്ന അസ്വസ്ഥതകളെ പരിഗണിക്കുകയോ പ്രസ്തുത മതനിയമത്തില്‍ ഉദാര സമീപനം സ്വീകരിക്കുകയോ പൊതുമൂല്യം ഉള്‍ക്കൊണ്ട് സ്വതന്ത്രമായ മതനിയമം രൂപീകരിക്കുകയോ അല്ല, മറിച്ച് സമ്പൂര്‍ണമായി ഉള്‍ക്കൊണ്ട് സംതൃപ്തിയോടെ അംഗീകരിച്ച് മുന്നോട്ടുപോവുകയാണ് ചെയ്തത്. അതാണ് സത്യവിശ്വാസികളുടെ സദ് വഴിയും.
മതം ഖണ്ഡിതമായി(ഖത്ഇ) പ്രഖ്യാപിച്ച കാര്യങ്ങളില്‍ ഒരു ഉദാരസമീപനവും അടിസ്ഥാനങ്ങളിലോ അനുബന്ധങ്ങളിലോ പാടില്ലാത്തതാണ്. മദ്യം നിഷിദ്ധമെങ്കില്‍ ലഹരിയുല്‍പന്നങ്ങള്‍ എല്ലാം വര്‍ജ്യമാണ്. വ്യഭിചാരം നിഷിദ്ധമായാല് എല്ലാ ആധുനിക രതി വൈകൃത രൂപങ്ങളും മാര്‍ഗവും നിഷിദ്ധമാണ്. സ്ത്രീകളുടെ അവകാശങ്ങളായി മതം പ്രഖ്യാപിച്ച കാര്യങ്ങളെ ഫെമിനിസ്റ്റ്, ലിബറലിസ്റ്റ് കാലത്തിന്റെ താല്പര്യവും സമീപനങ്ങളുമനുസരിച്ച് പുനര്വ്യാഖ്യാനിക്കുകയല്ല, മതവിധി. സ്ത്രീ സ്വത്തവകാശത്തില്‍ ഖണ്ഡിതമായി മതം പ്രഖ്യാപിച്ച അളവുകളും ക്രമീകരണങ്ങളും ജനാധിപത്യം, ആധുനികം എന്നീ പരികല്പനകളാല് പുനര്‍വ്യാഖ്യാനിച്ച് നവീകരിച്ച് വ്യക്തിയഭിപ്രായങ്ങള് രൂപപ്പെടുത്തുന്ന സമത്വ കാഴ്ചപ്പാടുകള്‍ പ്രഖ്യാപിക്കുന്നതിനും ഇജ്തിഹാദ് എന്ന് പറയില്ല. കാരണം, പ്രസ്തുത മതനിയമങ്ങള്‍ ഖണ്ഡിതമാണ്. (ഖത്ഇയും തഅബ്ബുദിയും) അവയെ പരിഷ്കരിക്കുന്നതിനു നവോത്ഥാനമെന്നല്ല, മത വിരുദ്ധതയെന്നാണ് വിളിക്കേണ്ടത്. ഇസ്ലാമിക സമൂഹത്തിലും അംഗീകൃത ചരിത്രത്തിലും ഖണ്ഡിതമായ മതവിധികളെ ഉദാരപ്പെടുത്തിയതോ പരിഷ്കരിച്ചതോ കാണാനാവില്ല. അത്തരം പ്രവൃത്തികള്‍ നിര്‍വഹിച്ചവര്‍ മതസംസ്കാരങ്ങളിലും നിയമങ്ങളിലും അസംതൃപ്തരായി കാലത്തിന്റെ മാന്യതാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കളം മാറിച്ചവിട്ടുന്നവരുമാണ്. ഇസ്ലാമിക ചരിത്രത്തില്‍ നവോത്ഥാന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കിയ ഇബ്നുതൈമിയ്യ, മുഹമ്മദ് അബ്ദ, ശാ വലിയ്യുല്ലാഹിദ്ദഹ്ലവി, സയ്യിദ് റശീദ് രിദാ തുടങ്ങിയ മഹാരഥന്മാരില്‍നിന്നും ഖണ്ഡിത മതനിയമങ്ങളെ തിരുത്തിയ ഇജ്തിഹാദും പ്രസ്തുത ഇജ്തിഹാദിനെ ലിബറല്‍ വ്യാഖ്യാനംകൊണ്ട് സ്ഥാപിച്ചെടുത്തതും പ്രാമാണികമായി തെളിയിക്കാന്‍ കഴിയില്ല. വീക്ഷണങ്ങളും സമീപനങ്ങളും വ്യത്യസ്തമായിരിക്കാം. എന്നാല്‍ വ്യക്തി സ്വതന്ത്രവാദങ്ങളെയും തത്വങ്ങളെയും ലിബറല്‍ സിദ്ധാന്തങ്ങളെയും ഇസ്ലാമിലേക്ക് ചേര്‍ത്തുകെട്ടിയ ഇത്തിക്കണ്ണികളായും സമീപന രീതിശാസ്ത്രമായും അവതരിപ്പിച്ചത് അവരുടെ ഗ്രന്ഥങ്ങളിലും ചിന്തകളിലും കാണാന്‍ കഴിയില്ല.
ലിബറലിസം എന്നത് ഒരു പ്രത്യയശാസ്ത്രമാണ്. ലിബറല്‍ എന്നത് ഒരു കാഴ്ചപ്പാടുമാണ്. കാലാകാലങ്ങളില്‍ ഈ പ്രത്യയശാസ്ത്രത്തിനും കാഴ്ചപ്പാടിനും ആശയവ്യത്യാസങ്ങളും ഊന്നലുകളും സംഭവിച്ചിട്ടുണ്ട്. 17ാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് ദാര്‍ശനികനായ ജോണ്‍ ലോക്കിന്റെയും അദ്ദേഹത്തിന്റെ മുന്‍ഗാമിയായ തോമസ് ഹോബ്സിന്റെയും ആശയഗതികളാല്‍ ഒരു ദര്‍ശനമായി ലിബറലിസം രൂപപ്പെട്ടെങ്കിലും സമകാല ലിബറലിസം എത്രയോ വ്യതിയാനങ്ങള്‍ സംഭവിച്ചതാണ്.
സമൂഹത്തിന്റെ കേന്ദ്രം വ്യക്തിയാണെന്നും വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും കാഴ്ചപ്പാടിനും മൂല്യവും മഹത്വവും കല്പിച്ച്, അതുല്യതയും (യൂണീക്നസ്) സ്വാതന്ത്ര്യവും (ഇന്റിപെന്‍ഡന്‍സ്) നല്കി വളരാന്‍ അനുവദിക്കണമെന്നുമാണ് ലിബറലിസം മനുഷ്യനെ നോക്കിക്കാണുന്ന സമീപനം. ‘വ്യക്തിമഹാത്മ്യവാദം’ ലിബറസിലത്തിന്റെ അടിസ്ഥാന ഊന്നല്‍ ആണ്. അപരനെ വേദനിപ്പിക്കാത്തിടത്തോളം (ഹാം പ്രിന്‍സിപ്പല്‍) ഒരാളുടെ ശരീരം, സ്വത്ത്, സമീപനം എന്നിവ എങ്ങനെയുമാവാം എന്നതാണ് ലിബറലിസ കാഴ്ചപ്പാട്. നിയമങ്ങള്‍ നിര്‍മിക്കുന്നതും പരിഷ്കരിക്കുന്നതും വ്യക്തിയാണ്. പരമാവധി ആസ്വാദനവും നിയമങ്ങള്‍ക്ക് അതീതമായ ജീവിതക്രമവുമാണ് താല്പര്യപ്പെടുന്നത്.

ആഗോളതലത്തില്‍ ആധുനിക ലോകത്ത് അരാജകജീവിതത്തിന് ചൂടും ചേരുവയും പകര്‍ന്നത് ലിബറലിസവും ജെന്‍ഡര്‍ സിദ്ധാന്തങ്ങളുമാണ് എന്നത് നിഷ്പക്ഷമായ ആര്‍ക്കും വിലയിരുത്താം. ലിബറലിസത്തിന് രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം തുടങ്ങിയ തലങ്ങളില്‍ ചരിത്രത്തിലും വര്‍ത്തമാനകാലത്തും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ടാവാം. അടിസ്ഥാനപരമായി നിയമങ്ങള്‍ക്ക് അതീതവും ഉദാരവുമായ സ്വതന്ത്ര ജീവിതരീതിയെ ഊന്നുന്ന ഒരു ദര്‍ശനത്തിന് ഇസ്ലാമിന്റെ അടിസ്ഥാനങ്ങളുമായി യോജിക്കുന്ന ഒരു വഴിയും കണ്ടെത്താനാവില്ല. ലിബറലിസത്തിന്റെ അടിസ്ഥാന ദര്‍ശനത്തെ അംഗീകരിക്കാന്‍ കഴിയാത്ത ഇസ്ലാമിന്, ഇസ്ലാമിക ശരീഅത്ത് താല്പര്യപ്പെടുന്ന ഇജ്തിഹാദിനെ ലിബറല്‍ സമീപനത്തിന്റെ പട്ടികയില്‍ ചേര്‍ത്ത് ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ സാധ്യമല്ല.
വ്യക്തി ജീവിതത്തിന്റെ ഓരോ സൂക്ഷ്മതലങ്ങളിലും മൗലികമായി ദൈവിക നിര്‍ദേശങ്ങള്‍ക്കപ്പുറത്ത് മാര്‍ഗദര്‍ശനമായി ഒന്നും സ്വീകരിക്കാന്‍ ഇസ്ലാം മുസ്ലിംകള്ക്ക് അവകാശം നല്‍കുന്നില്ല. സൃഷ്ടികളായ മനുഷ്യര്‍ക്ക് സ്രഷ്ടാവ് നല്കിയ മാര്ദര്ശനമേ അംഗീകരിക്കാവൂ. അതാണ് പ്രായോഗികവും കാലാതിവര്ത്തിത്വമുള്ളതും. എന്നാല്‍ ഇസ്ലാമിക ശരീഅത്ത് അനുവദിക്കുന്ന വ്യക്തി സ്വാതന്ത്ര്യ ഉദാരമേഖലകള് ഉണ്ട്. അടിസ്ഥാനങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ മാത്രമേ അവ സ്വീകരിക്കാന്‍ അനുവാദമുള്ളൂ. വസ്ത്രം എങ്ങനെയാണെന്നതിന് കൃത്യമായ നിയമനിര്ദേശമുണ്ട്. എന്നാല്‍ ഏത് രൂപമെന്നത് ക്ലിപ്തപ്പെടുത്തിയതല്ല. യാത്രയില്‍ പാലിക്കേണ്ട മൗലിക നിര്‍ദേശങ്ങളുണ്ട് എന്നാല്‍ ഏത് വാഹനമെന്നത് നിശ്ചയിച്ചു തന്നിട്ടില്ല.
ഏത് ഭക്ഷണം കഴിക്കണമെന്നില്ല. മൗലിക നിര്‍ദേശങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ ഏത് ഭക്ഷണവുമാകാം. ഇത്തരം മഅ്ഖൂല്‍ മഅനവിയായിട്ടുള്ള അടിസ്ഥാനങ്ങള്‍ സ്വീകരിച്ച് അനുബന്ധങ്ങള്ക്ക്സ്വാതന്ത്ര്യം നല്കുന്ന മേഖലകള്‍ ഉണ്ടെന്നിരിക്കെ മതം ഉദാര വ്യാഖ്യാനരീതിശാസ്ത്രം ഉള്‍ക്കൊള്ളുന്നുവെന്നും ലിബറലുകള്‍ക്ക് ഇടം നല്‍കുന്നുവെന്നും മനസ്സിലാക്കുന്നത് അടിസ്ഥാനപരമായി മതത്തിന്നെതിരാണ്.
ഇസ്ലാമിക തത്വങ്ങളും സമീപനങ്ങളും മതനിര്‍ദേശങ്ങളും രൂപത്തിലോ പ്രവര്‍ത്തനങ്ങളിലോ മറ്റു പ്രത്യയശാസ്ത്രങ്ങളുമായി സാമ്യതയുണ്ടായേക്കാം. സോഷ്യലിസത്തിന്റെ ചില ആശയങ്ങളുമായി സകാത്തിനും സദഖക്കും തൊഴിലാളി പരിഗണനയ്ക്കും കൂടിയാലോചനക്ക്(ശൂറ) ജനാധിപത്യ സംവിധാനങ്ങളുമായും ഭാഗികമായോ മറ്റോ സമപ്പെടുത്തല്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ അതിലൂടെ ഇസ്ലാം എന്ന ദൈവിക മാര്‍ഗദര്‍ശനം മുഴുവന്‍ അതത് പ്രത്യയശാസ്ത്ര ദര്‍ശനങ്ങളുടെ താല്പര്യമാണ്, യോജിക്കുന്നതാണ്, ചിന്താരീതിയാണ് എന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്.
കേരളത്തില്‍ വക്കം മൗലവിയും മറ്റു നവോത്ഥാനായകരും ഇന്ത്യയില്‍ സര്‍സയ്യിദ് അഹ്മദ്ഖാനും ശാഹ് വലിയ്യുല്ലാഹ് ദഹ്ലവിയുമെല്ലാം മതത്തെ ഇളക്കി പ്രതിഷ്ഠിച്ച, മതം താല്പര്യപ്പെടാത്ത ലിബറലിസത്തിന്റെ സിദ്ധാന്ത ലഹരിയിലാണ് നവോത്ഥാന നായകരായത് എന്നത് ചരിത്രത്തിന്റെ പിന്‍ബലമില്ലാത്ത വ്യാഖ്യാനമാണ്. കാലം താല്പര്യപ്പെടുന്ന ആധുനിക ആംഗലേയ വിദ്യാഭ്യാസത്തിനും പരിഷ്കരണസംരംഭങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. എന്നാല്‍ അവയൊന്നും മതത്തിന്റെ മൗലിക ആശയത്തിനും ഊന്നലുകള്‍ക്കും എതിരല്ലെന്ന് മാത്രമല്ല, തജ്ദീദിന്റെ സാഫല്യം കൂടിയായിരുന്നു. അതല്ല മറിച്ചാണെങ്കില്‍ ഏത് രംഗത്ത് ഏതെല്ലാം വിഷയങ്ങളിലാണ് ലിബറലിസത്തിന്റെ മുറിയില്‍ പ്രവേശിച്ചതെന്ന് വിമര്‍ശകര്‍ വ്യക്തമാക്കേണ്ടതുണ്ട്.
ഇജ്തിഹാദ്:
പൊരുളും
വിമര്‍ശനങ്ങളും
ഇസ്ലാമിക ശരീഅത്തിന്റെ താല്പര്യം കൂടിയാണ് ഇജ്തിഹാദ്. കാലം മതത്തെ വായിക്കുന്നതിനുള്ള രീതിശാസ്ത്രം കൂടിയാണ് ഇജ്തിഹാദ്. ഖുര്‍ആന്‍ ഒരു നിയമസംഹിതാസമാഹാര ഗ്രന്ഥമല്ല. ഒരു മനുഷ്യന് ലോകാന്ത്യം വരെ അഭിമുഖീകരിക്കുന്ന ഏത് കാര്യത്തിന്റെയും പ്രശ്നങ്ങളുടെയും മൗലികമായ നിര്‍ദേശങ്ങളും അടിസ്ഥാന നിയമങ്ങളും മതവിധികളുടെ ഊന്നലുകളും മതവിധികളും അന്യൂനമായി ഖുര്‍ആനും പ്രവാചകാധ്യാപനങ്ങളും ഉള്‍ക്കൊള്ളുന്നു.
മറിച്ച് മൗലികമായി അടിസ്ഥാനങ്ങളും പരിഹാരങ്ങള്‍ നിര്ദേശിച്ചെടുക്കാനുള്ള പൊതുമാനദണ്ഡങ്ങളും സൂചിപ്പിച്ചാല്‍ മതിയാകും. പ്രസ്തുത മാനദണ്ഡങ്ങളും സ്രോതസ്സുകളും അവലംബിച്ച് ഏതൊരു കാര്യത്തിലും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനാണ് പൂര്‍വികര്‍ പരിശ്രമിച്ചിട്ടുള്ളത്. ഇജ്തിഹാദ് എന്നതുകൊണ്ടുള്ള വിവക്ഷ മതപ്രമാണങ്ങളെയോ ശരീഅത്തിന്റെ മുഖ്യ സ്രോതസ്സുകളെയോ(മസ്വാദിര്‍) ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നിവയുടെ അടിസ്ഥാനതത്വങ്ങളെയോ മാര്ഗദര്ശനങ്ങളെയോ മുഖവിലക്കെടുക്കാതെയും അവലംബിക്കാതെയും മനുഷ്യന്റെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് സ്വതന്ത്രഗവേഷണത്തിലൂടെ വിധികളും സമീപനനിലപാടുകളും ആവിഷ്കരിക്കുന്നതല്ല.
എന്നാല്‍ അത്തരം ആവിഷ്കാരങ്ങളാണ് മതനവീകരണമായും നവോത്ഥാനമായും കാലത്തെക്കുറിച്ച് സുചിന്തിതമായ നിലപാടുകളായും ഇജ്തിഹാദിന്റെ ടാഗ് ചാര്‍ത്തി ഒളിച്ചുകടത്തുന്നത്. ഓരോരുത്തര്‍ക്കും തങ്ങളുടെ യുക്തിയില്‍ തോന്നുന്ന നിലപാടുകളും വിവിധ വിഷയങ്ങളിലെ മതവിധികളും ഇജ്തിഹാദായി പ്രഖ്യാപിക്കുവാന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കാം. എന്നാല്‍ ഇജ്തിഹാദിനെ ആധുനികമായ വായനയായും ലിബറല്‍ ഇസ്ലാമിന്റെ താല്പര്യമായും വ്യാഖ്യാനിക്കുകയും ചെയ്യുന്നത് അല്പത്തരമാണ്.
തന്റെ ബോധ്യവും താല്പര്യവും അനുസരിച്ച് ഒരാള്‍ മതജീവിതം നയിക്കുന്നത് പോലെയല്ല, ഒരു വ്യക്തി തങ്ങളുടെ ലിബറല്‍ ജീവിതത്തെ ശരീഅത്തിന്റെ താല്പര്യമായും ഇജ്തിഹാദും മതപരിഷ്കരണ സംരംഭമായും പൂര്‍വസൂരികളുടെ നല്ല മാതൃകയായും നവോത്ഥാനത്തിന്റെ വഴിയായും സ്വയം പ്രഖ്യാപിക്കുന്നത്. അത് വസ്തുതാപരമല്ല. ന്യായീകരണം മാത്രമാണ്. ഇസ്ലാമിന്റെ കണിശമായ വഴികളെ ഉദാരവത്ക്കരിച്ച് ആധുനിക ലോകത്തിന്റെ മൂല്യ(?) ശ്രമങ്ങളുമായി സന്ധിയായി കയ്യടി നേടാനുള്ള സൂത്രപണിയാണ്.
ഇസ്ലാമിലെ നിയമങ്ങളും നിര്‍ദേശങ്ങളും ഉദാരമാണെന്നും മതപ്രമാണങ്ങളില്‍ നിഷിദ്ധമെന്ന് വിധിച്ച കാര്യങ്ങളില്‍ പോലും അതിലടങ്ങിയ യുക്തി പരിഗണിച്ച് പുനര്‍വ്യാഖ്യാനിക്കുന്ന രീതി തെറ്റല്ലെന്നും പ്രഖ്യാപിക്കുന്നത് മതവിശ്വാസത്തിന്റെ ശരിയായ താല്പര്യമല്ല. മതം നിഷിദ്ധമാക്കിയ കാര്യങ്ങളില്‍ ഇജ്തിഹാദിന് സാധ്യതകളില്ല. ആധുനിക ജീവിത മൂല്യങ്ങളുമായി യോജിച്ചു പോകുന്നവിധം മതപ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നതാണ് ഇജ്തിഹാദ് എന്ന് പറയുമ്പോള്‍ ദൈവിക സന്ദേശങ്ങളടങ്ങിയ മതദര്‍ശനം ആധുനികമോ പൗരാണികമോ ആയ ജീവിത മൂല്യങ്ങളെപ്പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് എന്നുകൂടി പ്രഖ്യാപിക്കുന്നുണ്ട്.
മാത്രവുമല്ല, ആധുനിക ജീവിത മൂല്യങ്ങള്‍ ആരാണ് നിര്‍വചിക്കുക? എല്ലാ ദേശങ്ങളിലും ഈ മൂല്യങ്ങള്‍ക്ക് ഏകരൂപമാണോ? പാശ്ചാത്യര്‍ക്കും പൗരസ്ത്യര്‍ക്കും മൂല്യപരിഗണനയിലും ധാര്‍മിക സമീപനങ്ങളിലും സുവ്യക്തമായ വൈരുധ്യങ്ങളും വൈവിധ്യങ്ങളും ഇല്ലേ? ഒരാള്‍ക്ക് മൂല്യമായി തോന്നുന്നത് അപരന് തിന്മയായി തോന്നുന്നത് ഇല്ലേ?
കാലാതിവര്‍ത്തിയായ മതദര്‍ശനത്തെ കാലാകാലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മൂല്യവ്യവസ്ഥകളിലേക്കും മൂല്യസങ്കല്പങ്ങളിലേക്കും ചുരുക്കി വ്യാഖ്യാനിക്കുകയാണോ വേണ്ടത്. അതല്ല, മതത്തിന്റെ അടിസ്ഥാനവും കാലത്തെ അതിജീവിക്കുന്ന മൗലിക നിര്‍ദേശങ്ങളും മുഖവിലക്കെടുത്ത് ദൈവികമായ ഈ നിര്‍ദേശങ്ങളാണ് തെറ്റുപറ്റാത്ത ജീവിത മൂല്യങ്ങള്‍ എന്ന് സുവ്യക്തമാക്കലാണോ മതത്തോട് കൂടുതല്‍ യോജിപ്പുള്ള സമീപനം? ജീവിക്കുന്ന കാലത്തിന്റെ മൂല്യവ്യവസ്ഥകളുമായെല്ലാം രാജിയായാണോ സച്ചരിതര്‍ ജീവിച്ചത്?
പലിശയും വ്യഭിചാരവും ഇസ്ലാം നിഷിദ്ധമാക്കിയതാണല്ലോ(ഹറാം). പലിശയുടെ രീതിയിലും ക്രമീകരണങ്ങളിലും ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ വികാസങ്ങളില്‍ വ്യത്യസ്തതകള്‍ വന്നിട്ടുണ്ട് എന്നതിനാല്‍ നിഷിദ്ധമായ പലിശ വ്യവസ്ഥയെ ആധുനിക സങ്കല്പങ്ങളുമായി യോജിച്ചുപോവും വിധം വ്യാഖ്യാനിക്കുമ്പോഴേ മതജീവിതം സാര്‍ഥകമാവൂ എന്നത് മൊഞ്ചുള്ള ഒരു പ്രസ്താവനയാണ്.
എന്നാല്‍ ചെരുപ്പിനൊപ്പിച്ച് കാല് മുറിക്കുന്ന സമീപനമാണ് എന്ന് പറയാതെ വയ്യ. വ്യഭിചാരം നിഷിദ്ധമാണ്. സ്ത്രീ പുരുഷ ശാരീരിക ബന്ധങ്ങള്‍ മാത്രമാണോ വ്യഭിചാരമെന്ന പരിഗണനയില്‍ വരുന്നത്. ഇസ്ലാം വ്യഭിചാരത്തെ നിഷിദ്ധമാക്കുന്ന സമയത്ത് ആധുനിക കാലത്ത് കാണുന്ന രതിവൈകൃതങ്ങളും ആസ്വാദനമാര്ഗങ്ങളും സൈബര്‍ സെക്സും പോണോഗ്രാഫിയുമൊന്നും ഇല്ല. ആധുനിക മൂല്യമായി അവിഹിത ഇണ(?) ജീവിതം (ലിവിങ് ടുഗെതര്‍, Cohabitation, LGBTQ Activism) വരെ മഹോന്നതമാര്ഗമായിപ്പോലും അവതരിപ്പിക്കുമ്പോള്‍ അത്തരം ജീവിത മൂല്യങ്ങളുമായി യോജിച്ച് പോകുംവിധം മതത്തെ വ്യാഖ്യാനിക്കലാണ് വേണ്ടതെന്നും അതാണ് ഇസ്ലാമിലെ ഇജ്തിഹാദ് എന്നും പറയുന്നത് എന്തുമാത്രം ബാലിശവും അപമാനവീകരണവുമാണ്. അരാജക ജീവിതത്തിന് കൊടിപിടിക്കലല്ലേ അത്? മതം നിഷിദ്ധമാക്കിയ കാര്യങ്ങളിലെ യുക്തി പരിഗണിച്ച് ആധുനിക കാലത്ത് ഒരു മുസ്ലിമിന് ജീവിക്കാന്‍ ആത്മവിശ്വാസം പകരുകയാണ് വേണ്ടത്.
മതത്തിന്റെ ഉദാരവ്യാഖ്യാനം – ലിബറല്‍ ഇസ്ലാം സ്വീകരിച്ചുകൊണ്ടല്ലാതെ ഇതിന് കഴിയില്ല. ലിബറല്‍ ഇസ്ലാം എന്നാല്‍ മതം പരിഗണിക്കുന്ന ഇജ്തിഹാദാണ് എന്ന് പ്രഖ്യാപിച്ച് ഇസ്ലാമിന്റെ ആദര്ശഭവനത്തിനകത്ത് ലിബറല്‍ ഇസ്ലാമിന് മുറിയെടുത്ത് കൊടുക്കുന്നതോടെ ഇസ്ലാം എന്ന ആത്മാവാണ് അസ്തമിക്കുന്നത്. ദൈവിക നിയമങ്ങളാല്‍ അടിത്തറ സുഭദ്രമായ കെട്ടിടത്തിന്റെ തറപൊളിച്ച് മുറികളില്‍ താമസിക്കാന്‍ കഴിയില്ലെന്ന് ഏതൊരു സാമാന്യബുദ്ധിയും തിരിച്ചറിയും.
കുറിപ്പുകള്‍
1. ബൈളാവി, ശറഹുല്‍ ഇസ്നവി 3/191
2. അല്‍ ബഹ്റുല്‍ മുഹീത്വ്, സര്‍ക്കശി, 3/79
3. ഇബ്നു ഖുദാമ, റൗളത്തുന്നാളിര്‍ പേജ് 401
4. ഇബ്നു സുബ്കി, ജംഉല്‍ ജവാമിഅ്, 2/272
5. ഇസ്ലാം വിജ്ഞാന കോശം, ഐ പി എച്ച്, വാള്യം 4, പേജ് 131-138,1999
6. അല്‍ ഇസ്ലാം അല്ലിബറലിയ്യ, ഡോ. അലാഹ് ബക്കര്‍
7. വിശദ പഠനങ്ങള്‍ക്ക് ഇല്മ് ഉസൂലുല്ഫിഖ്ഹ്, മുഹമ്മദ് അബൂ സഹ്റ. വായിക്കുക
