5 Friday
December 2025
2025 December 5
1447 Joumada II 14

ഹയര്‍ സെക്കണ്ടറി : മലബാറിനോടുള്ള വിവേചനം ഇനിയും പൊറുപ്പിക്കാവതല്ല -കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: ഹയര്‍സെക്കണ്ടറി മേഖലയില്‍ മലബാറിനോടുള്ള വിവേചനം തുടരുന്നത് മാപ്പര്‍ഹിക്കാത്ത അപരാധമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ തെക്കും വടക്കും വിവേചനം ഇല്ലെന്നു പറയുന്ന വിദ്യാഭ്യാസ മന്ത്രി തെക്കന്‍ ജില്ലകളില്‍ ഒട്ടേറെ ഹയര്‍ സെക്കണ്ടറി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ വടക്കന്‍ ജില്ലകളില്‍ പതിനായിരക്കണക്കായ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അവസരം ലഭിക്കാതെ പെരുവഴിയില്‍ അലയേണ്ടി വരുന്ന യാഥാര്‍ഥ്യത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്.
സംസ്ഥാനത്തിന്റെ പൊതു ഖജനാവിലേക്ക് നികുതി ദായകരാണ് മലബാറുകാരും എന്നിരിക്കെ കേവലം സീറ്റ് വര്‍ധനയും ബാച്ചുകളും അനുവദിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്ന സര്‍ക്കാര്‍ മലബാറിലെ ജനങ്ങളെ അവഹേളിക്കുകയാണ്. മലബാറിനെ കേരളത്തിന്റെ ഭാഗമായി കാണാന്‍ തയ്യാറാവാത്ത ഭരണകൂട ഉദ്യോഗസ്ഥ മാഫിയ കൂട്ടുകെട്ടിന്റെ വിവേചന നിലപാടിനെതിരെ മലബാര്‍ ജനത ഒറ്റക്കെട്ടായി പോരാടുമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മലബാറിന് ജനസംഖ്യാനുപാതികമായ അവസരം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, സി മമ്മു, എം ടി മനാഫ്, പി പി ഖാലിദ് വിഷയങ്ങള്‍ അവതരിപ്പിച്ചു. ജില്ലകളെ പ്രതിനിധീകരിച്ച് എ പി നൗഷാദ്, സലീം കരുനാഗപ്പള്ളി, കെ അബ്ദുസ്സലാം മാസ്റ്റര്‍, ഉബൈദുല്ല പാലക്കാട്, അബ്ദുല്‍അസീസ് തെരട്ടമ്മല്‍, ടി ആബിദ് മദനി, പി ടി അബ്ദുല്‍മജീദ് സുല്ലമി, കാസിം കൊയിലാണ്ടി, സലീം അസ്ഹരി മേപ്പാടി, ഡോ. ജലീല്‍ ഒതായി, ഡോ. കെ അബൂബക്കര്‍ പ്രസംഗിച്ചു.

Back to Top