ആധുനികതയോട് കാപട്യമോ?
സുഫ്‌യാന്‍
ആധുനികതയുടെ വിവിധ ഉല്പന്നങ്ങളും സങ്കേതങ്ങളുമുണ്ട്. ആധുനിക വിദ്യാഭ്യാസം, ആധുനിക വൈദ്യശാസ്ത്രം, ജനാധിപത്യ മതേതര ഭരണസംവിധാനങ്ങള്‍, സാങ്കേതിക വിദ്യകള്‍ തുടങ്ങിയവ ഉദാഹരണമായെടുക്കാം. ഇതെല്ലാം ആധുനികതയുടെ ഭാഗം കൂടിയാണ്. മുസ്‌ലിംകള്‍ക്ക് ഇതിനോട് സഹകരിച്ച് ജീവിക്കാന്‍ ആത്മവിശ്വാസം നല്‍കിയത് ലിബറല്‍ വ്യാഖ്യാനങ്ങളാണോ? അതില്ലായിരുന്നുവെങ്കില്‍ അതിനോട് സഹകരിക്കുവാന്‍ സാധിക്കാതെ കാപട്യം കാണിക്കേണ്ടിവരുമോ?. ആധുനികതയോടുള്ള മുസ്‌ലിം സമുദായത്തിന്റെ ഇടപാടുകളെയാണ് ഇവിടെ മനസ്സിലാക്കേണ്ടത്. ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ആധുനികതയുമായി സമുദായം നടത്തിയ അഭിമുഖീകരണങ്ങളെ ലിബറലിസവുമായി ചേര്‍ത്ത് വായിക്കുന്നത് ചരിത്രപരമായും സൈദ്ധാന്തികമായും തെറ്റാണ്.
ഡിസ്‌കോഴ്‌സ്
ഡിസ്‌കോഴ്‌സ് (Discourse) അഥവാ വ്യവഹാരം എന്ന് ഇതിനെ അര്‍ഥം പറയാം. ലോകത്തുണ്ടായ ആദ്യ പ്രവാചകന്‍ ആദ്യത്തെ മനുഷ്യന്‍ കൂടിയാണ്. പ്രവാചകന്മാരുടെ ദൗത്യം ഇസ്‌ലാഹ് ആയിരുന്നു എന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു (വി.ഖു 11:88). ഇസ്‌ലാഹ് അഥവാ നന്നാക്കിയെടുക്കല്‍ ഇസ്‌ലാമിന്റെ തുടക്കം മുതലുള്ള കാര്യമാണ്. ഓരോ കാലത്തും ഉണ്ടാകുന്ന കാലോചിത മാറ്റങ്ങളോട് എങ്ങനെയാണ് ഇസ്‌ലാം പ്രതികരിച്ചത് എന്നത് മനുഷ്യാവിര്‍ഭാവം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.
ആധുനികകാലത്തെ ഉല്‍പ്പന്നങ്ങളോട് മൂന്ന് തരത്തിലുള്ള ഡിസ്‌കോഴ്‌സുകളാണ് മുസ്‌ലിം സമൂഹം പൊതുവെ സ്വീകരിച്ചത്. റാഡിക്കല്‍, എത്തിക്കല്‍, ട്രഡീഷണല്‍ (മൗലികം, നൈതികം, പാരമ്പര്യം) എന്നിങ്ങനെ അതിനെ തരംതിരിക്കാവുന്നതാണ്. ഇതില്‍ പാരമ്പര്യ- നൈതിക വ്യവഹാരങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആധുനിക ജനാധിപത്യ- മതേതര സംവിധാനങ്ങളുമായി സഹകരിക്കാന്‍ മുസ്‌ലിം സമുദായത്തിന് സാധിച്ചത്. അവര്‍ അവരുടെ മതവിശ്വാസത്തില്‍ കാപട്യം കാണിച്ചിട്ടില്ല. ലിബറല്‍ ആശയങ്ങള്‍ സ്വീകരിച്ചിട്ടുമില്ല. ലിബറല്‍ വ്യാഖ്യാന രീതി സ്വീകരിക്കാതിരുന്നാല്‍, ആധുനിക ജനാധിപത്യ- മതേതര സംവിധാനങ്ങളുമായി മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന വാദം സാമൂഹിക വിശകലനങ്ങളിലെ ബ്ലാക്ക് ആന്റ് വൈറ്റ് തിയറിയാണ്. അത് എന്നോ കാലഹരണപ്പെട്ടു പോയതാണ്.
ഓരോ കാലത്തുമുണ്ടായ മാറ്റങ്ങളോട് മുസ്‌ലിം പണ്ഡിതന്മാര്‍ പ്രതികരിച്ച വിധം പരിശോധിച്ചാല്‍ അതിലെ പ്രാമാണികയുക്തി ബോധ്യപ്പെടുന്നതാണ്. കൂടിയാലോചന, ജനങ്ങള്‍ക്ക് സ്വീകാര്യനായ നേതാവ്, സാമൂഹിക നന്മ തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ് മുസ്‌ലിം സമൂഹം ജനാധിപത്യത്തോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. ലിബറലിസത്തിലെ ജനാധിപത്യമെന്നാല്‍ സ്വാഭാവിക വ്യക്തിസ്വാതന്ത്ര്യവും ഭരിക്കപ്പെടുന്നവരുടെ സമ്മതവുമാണ് (Two Treatises of Government ¿ John Locke, 1689). ജനാധിപത്യത്തോട് നൈതിക വ്യവഹാരം സാധ്യമാക്കിയ ഇജ്തിഹാദിന്റെ അടിസ്ഥാനം ലിബറല്‍ വ്യാഖ്യാനരീതി അല്ല. ലിബറലിസം അടിസ്ഥാനപ്പെടുത്തിയുള്ള വ്യാഖ്യാനരീതിയാണ് അവലംബിച്ചിരുന്നതെങ്കില്‍, ഭൂരിപക്ഷ തീരുമാനമോ വ്യക്തിസ്വാതന്ത്ര്യമോ അടിസ്ഥാനപ്പെടുത്തി മദ്യവും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികതയും അനുവദിച്ച ഒരു നാട്ടില്‍, അതിനെ ഹലാലായി കാണാന്‍ മുസ്‌ലിം സമുദായം തയ്യാറാകുമായിരുന്നു. ലോകത്തെവിടെയും അങ്ങനെ ഉണ്ടായിട്ടില്ല. അതിന്റെ അര്‍ഥം, ജനാധിപത്യ- മതേതര സംവിധാനത്തോട് ചേര്‍ന്ന് പോകാനുള്ള പ്രാമാണിക സാധുത ഇസ്‌ലാമിക കര്‍മശാസ്ത്രത്തിനുണ്ട് എന്നതാണ്. അത് ഉദാര വ്യാഖ്യാനരീതിയോ ലിബറലിസമോ അല്ല. മറിച്ച്, ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യത്തിന്റെ ഭാഗമായ ഇജ്തിഹാദും കര്‍മശാസ്ത്രത്തിന്റെ വിശാലതയുമാണ്. അഞ്ചുനേരത്തെ നമസ്‌കാരം യോഗയാണെന്നോ ഖുര്‍ആന്‍ ശാസ്ത്രപുസ്തകമാണെന്നോ ആരും വാദിക്കാറില്ല. ഇസ്‌ലാമിലെ ഏതെങ്കിലും കാര്യങ്ങള്‍ മറ്റ് സിദ്ധാന്തങ്ങളിലോ പ്രത്യയശാസ്ത്രത്തിലോ കാണുമ്പോള്‍, ആ കാര്യങ്ങള്‍ പ്രസ്തുത സിദ്ധാന്തങ്ങളുടെ ഭാഗമാണ് എന്ന് വാദിക്കുന്നത് അര്‍ഥശൂന്യമാണ്.