മോദിയുടെ സന്ദര്‍ശനത്തിനിടെ ആസ്‌ത്രേലിയന്‍ പാര്‍ലമെന്റില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു
നരേന്ദ്ര മോദിയുടെ ആസ്‌ത്രേലിയന്‍ സന്ദര്‍ശനത്തിനിടെ, 2002ലെ ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററി കാന്‍ബറയിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രദര്‍ശിപ്പിച്ചു. സിഡ്‌നിയില്‍ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയ ദിവസമാണ് ഡോക്യുമെന്ററി പ്രദര്‍ശനം നടത്തിയത്. ഏതാനും പാര്‍ലമെന്റ് അംഗങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച ശേഷം പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. ആസ്‌ത്രേലിയന്‍ ഗ്രീന്‍സ് സെനറ്റര്‍ ജോര്‍ഡന്‍ സ്റ്റീല്‍-ജോണ്‍, ഡേവിഡ് ഷൂബ്രിഡ്ജ്, ഇന്ത്യയില്‍ ജയിലില്‍ കഴിയുന്ന മോദി വിമര്‍ശകനും മുന്‍ ഐപിഎസ് ഓഫിസറുമായ സഞ്ജീവ് ഭട്ടിന്റെ മകള്‍ ആകാശി ഭട്ട്, സൗത്ത് ഏഷ്യന്‍ സോളിഡാരിറ്റി ഗ്രൂപ്പ് പ്രതിനിധി ഡോ. കല്‍പന വില്‍സണ്‍ എന്നിവര്‍ സംബന്ധിച്ചു. ഇന്ത്യയില്‍ സത്യം പറയുന്നത് ഒരു കുറ്റമാണെന്നും ഇന്ത്യയിലെ ഭരണകൂടത്തിനു കീഴില്‍ ജനങ്ങള്‍ അനുഭവിക്കുന്നത് എന്താണ് എന്നതിന്റെ പരിച്ഛേദമാണ് ഈ ഡോക്യുമെന്ററിയെന്നും സെനറ്റര്‍ ഡേവിഡ് ഷൂബ്രിഡ്ജ് പറഞ്ഞു. ആസ്‌ത്രേലിയയില്‍ പ്രവാസികളായ നിരവധി ഇന്ത്യക്കാര്‍ ഈ സാഹചര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഭയം കാരണം വിസമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.