24 Tuesday
December 2024
2024 December 24
1446 Joumada II 22

ദാരിദ്ര്യത്തിന് കാരണം ജനസംഖ്യാ വര്‍ധനവോ?

ഖലീലുറഹ്മാന്‍ മുട്ടില്‍


2025 ല്‍ ഇന്ത്യ ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തുമെന്ന യുഎന്നിന്റെ പ്രസ്താവന നിലനില്‍ക്കെ വേള്‍ഡ് പോപുലേഷന്‍ റിവ്യൂ എന്ന ഓര്‍ഗനൈസേഷന്‍ 2023ല്‍ തന്നെ ഇന്ത്യ ചൈനയെ മറികടന്നിരിക്കുന്നു എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ചൈനയുടെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു നിഗമനത്തിലെത്തിയിരിക്കുന്നത്. 60 വര്‍ഷത്തിനിടയില്‍ ആദ്യമായി ചൈനയില്‍ 0.6% ഇടിവ് ജനസംഖ്യയില്‍ ഉണ്ടായതായി ചൈന സ്ഥിരീകരിച്ചിട്ടുമുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ ചില രാഷ്ട്രങ്ങളില്‍ അത് ക്രമരഹിതമായി കുറയുകയോ കുത്തനെ ഇടിയുകയോ ചെയ്യുന്നു.
ലോക ജനസംഖ്യയുടെ 37% ഇന്ത്യയിലും ചൈനയിലുമാണ്. തെക്കനേഷ്യന്‍ രാജ്യങ്ങളിലാണ് പൊതുവെ ലോകത്തു വെച്ച് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ളത്. ഇന്ത്യയും ചൈനയും അതില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു എന്നു മാത്രം. ഈ പ്രതിഭാസം അടുത്ത കാലത്ത് മാത്രം ഉണ്ടായതല്ല. ചരിത്രാതീത കാലം മുതല്‍ തന്നെ ഈ പ്രദേശങ്ങളിലാണ് കൂടുതല്‍ ജനവാസമുള്ളതെന്ന് കണ്ടെത്താന്‍ കഴിയും. ഭൂമിശാസ്ത്രവും കാലാവസ്ഥയുമാണ് അതിനുള്ള കാരണമെന്ന് നരവംശ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നുമുണ്ട്. ഹിമാലയ പര്‍വതനിരകളും അതില്‍ നിന്ന് ഉദ്ഭവിക്കുന്ന നദികളും ഉപനദികളും ഇന്ത്യയിലും ചൈനയിലും ഒട്ടനേകമുണ്ട്. നദികളുടെ സാന്നിധ്യത്തിലൂടെ ഫലഭൂയിഷ്ഠമായ മണ്ണ് ഭൂമിക്ക് ലഭിക്കുന്നു. അതോടൊപ്പം ശൈത്യകാലത്തും വേനല്‍ക്കാലത്തുമൊക്കെ ഗുണമേന്മയുള്ള കൃഷി ഇറക്കാനും വിളവെടുക്കാനും കഴിയും. അതുകൊണ്ടുതന്നെ എത്രയധികം ആളുകള്‍ ഇവിടെ ജീവിച്ചാലും അവരെയൊക്കെ തീറ്റിപ്പോറ്റാന്‍ ഇവിടത്തെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും കഴിയും.
ജനപ്പെരുപ്പവും
ദാരിദ്ര്യവും

ജനസംഖ്യ കുത്തനെ ഉയര്‍ന്നാല്‍ ഭൂമിക്ക് അവരെ താങ്ങാനും തീറ്റിപ്പോറ്റാനും കഴിയുമോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. ലോകത്ത് നിലനില്‍ക്കുന്ന പട്ടിണിമരണങ്ങള്‍ക്കും ദാരിദ്ര്യത്തിനും കാരണം ജനപ്പെരുപ്പമാണെന്ന മാല്‍തൂസിയന്‍ സിദ്ധാന്തം അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന പട്ടിണിക്കും ദാരിദ്ര്യത്തിനും കാരണം ജനസംഖ്യയാണോ?
പതിനെട്ടാം നൂറ്റാണ്ടിലാണ് ജനപ്പെരുപ്പമാണ് ദാരിദ്ര്യത്തിന് കാരണമെന്ന് മാല്‍തൂസ് സിദ്ധാന്തിച്ചത്. യാഥാര്‍ഥ്യവുമായി അകന്ന ബന്ധം പോലും പുലര്‍ത്താത്ത ഈ സിദ്ധാന്തം തന്നെയാണ് ഇന്നും പൊതുബോധമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. 800 കോടി ജനങ്ങള്‍ ഇന്ന് ഭൂമിയില്‍ ഉണ്ടെങ്കില്‍ 18-ാം നൂറ്റാണ്ടില്‍ അതിന്റെ പത്തിലൊരംശം പോലും ജനങ്ങള്‍ ഭൂമിയിലില്ല. എന്നാല്‍ അന്നാണോ അതല്ല ഇന്നാണോ പട്ടിണിയും ദാരിദ്ര്യവും കൂടുതല്‍ അനുഭവപ്പെടുന്നത്?
ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം മൊണാക്കോ ആണ്. ജനസംഖ്യ ദാരിദ്ര്യം വിളിച്ചുവരുത്തുന്നുവെങ്കില്‍ മൊണാക്കോ ആയിരിക്കണം ദരിദ്ര രാഷ്ട്രം. എന്നാല്‍ ലോകത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ രാഷ്ട്രവും മൊണാക്കോ ആണെന്നതാണ് വാസ്തവം. എന്നാല്‍ ജനസാന്ദ്രത വളരെ കുറഞ്ഞ ഓരോരുത്തര്‍ക്കും ഏക്കര്‍കണക്കിന് ഭൂമിയുള്ള ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ ദാരിദ്ര്യവും പട്ടിണിയും ഉള്ളത്. കൊച്ചു കേരളത്തിന്റെ കാര്യമെടുക്കാം. ഇന്ന് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് കേരളം. 50 വര്‍ഷം മുമ്പുണ്ടായിരുന്നതിന്റെ എത്രയോ ഇരട്ടി ജനങ്ങള്‍ ഓരോ ഗ്രാമത്തിലുമുണ്ട്. അന്ന് ഒരു ഗ്രാമത്തിലെ മുഴുവന്‍ വീടുകളും ആ വീട്ടിലെ അംഗങ്ങളെയും ആ ഗ്രാമത്തിലുള്ളവര്‍ക്ക് എല്ലാവര്‍ക്കും അറിയാമായിരുന്നു. അത്ര കുറച്ചു വീടുകളേ ഓരോ ഗ്രാമത്തിലും ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് ഓരോ ഗ്രാമത്തിലും പരസ്പരം അറിയുന്നവരേക്കാള്‍ എത്രയോ ഇരട്ടിയാണ് അറിയാത്തവരുടെ എണ്ണം. അത്രമാത്രം ജനസംഖ്യ വര്‍ധിച്ചിരിക്കുന്നു. എന്നാല്‍ ജനസംഖ്യ കൂടുതലുള്ള ഇന്നാണോ അതല്ല ജനസംഖ്യ കുറഞ്ഞ പണ്ടുകാലത്താണോ കേരളത്തില്‍ പട്ടിണിയും ദാരിദ്ര്യവും ഉണ്ടായിരുന്നത്?

ഭൂമിയെ ഒരൊറ്റ ഏകകമായിട്ടാണ് ഭൂമിയുടെ സ്രഷ്ടാവായ അല്ലാഹു കണ്ടിരിക്കുന്നത്. അതിലെ ജീവജാലങ്ങള്‍ക്ക് ആവശ്യമായ വായുവും വെള്ളവും ഒരുക്കിയതുപോലെ അവര്‍ക്കെല്ലാം ആവശ്യമായ ഭക്ഷണവും അവന്‍ തയ്യാറാക്കിയിട്ടുണ്ട്. അത് അര്‍ഹര്‍ക്ക് ലഭിക്കാത്തതിന്റെ കാരണം ദൈവമല്ല. അവ കൈകാര്യം ചെയ്യുന്ന മനുഷ്യര്‍ തന്നെയാണ്. ആരാണ് ഭൂമിയെ തുണ്ടംതുണ്ടമാക്കി വേലി കെട്ടി തിരിച്ചത്? ആരാണ് ഭൂമിയെ മുറിച്ച് ഭൂഖണ്ഡങ്ങളും രാഷ്ട്രങ്ങളുമാക്കി മാറ്റിയത്? ചൈനയിലെ കൃഷിയിടത്തില്‍ ഇന്ത്യക്കാരനെ കൃഷിയിറക്കുന്നതില്‍ നിന്നു മതില്‍ കെട്ടി തടഞ്ഞത് ആരാണ്, ദൈവമോ മനുഷ്യനോ? അതിരുകള്‍ നിശ്ചയിക്കാത്ത കാടുകളില്‍ ജീവിക്കുന്ന ഒരൊറ്റ മൃഗവും പട്ടിണി കിടന്നു മരിക്കുന്നില്ല. അതിരുകളില്ലാത്ത ആകാശത്തിലെ പറവകളും വേലികളില്ലാത്ത കടലിലെ കടല്‍ജീവികളും ഭക്ഷണമില്ലാതെ ചത്തൊടുങ്ങുന്നില്ല.
മനുഷ്യര്‍ക്കു മാത്രം ഈ ദുരന്തം വരുന്നതിനുള്ള കാരണം മനുഷ്യര്‍ തന്നെയാണ്. 142 കോടി ജനങ്ങളുള്ള ഇന്ത്യയുടെ സ്വത്ത് കൊക്കിലൊതുക്കി വെച്ചിരിക്കുന്നത് അംബാനിയും ടാറ്റയും ബിര്‍ളയും അടങ്ങുന്ന കുത്തകകളാണ്. ഈ നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും ദൈവം നീക്കിവെച്ച വിഹിതം കുറച്ചു പേര്‍ തട്ടിയെടുത്തതുകൊണ്ടല്ലേ പട്ടിണിപ്പാവങ്ങളായി ചിലര്‍ കഴിയേണ്ടിവരുന്നത്? അല്ലാതെ ഭൂമിയില്‍ എത്ര കോടി ജനം പെരുകിയാലും അവര്‍ക്കുള്ള ഭക്ഷണം ദൈവം ഇവിടെ ഒരുക്കിവെക്കാത്തതുകൊണ്ടല്ല. വിശുദ്ധ ഖുര്‍ആനില്‍ ഈ വസ്തുതകള്‍ ഉല്ലേഖനം ചെയ്തിരിക്കുന്നത് ഇങ്ങനെ വായിക്കാം: ”മനുഷ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും നാശം പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു. അവര്‍ ചെയ്തുവെച്ച ചിലതിന്റെ രുചി അവര്‍ ആസ്വദിക്കുന്നതിനു വേണ്ടി” (30:40,41).
ജനപ്പെരുപ്പവും
നയംമാറ്റവും

ജനപ്പെരുപ്പത്തില്‍ ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന ഇന്ത്യ പുതുതായി സ്വീകരിക്കാന്‍ പോകുന്ന സന്താനനിയന്ത്രണ നയങ്ങളെ കുറിച്ച് ലോകം കാതോര്‍ക്കുന്നുണ്ട്. ജനപ്പെരുപ്പം തടയുന്നതിന് പ്രകൃതിനിയമത്തെ വെല്ലുവിളിച്ചുകൊണ്ട് ജനനനിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിച്ചവര്‍ക്കൊക്കെ അതിന്റെ ദുരന്തങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്നത് ഒരു ചരിത്രയാഥാര്‍ഥ്യമാകുന്നു. ജപ്പാനും ചൈനയും അതിന്റെ ജീവിച്ചിരിക്കുന്ന മാതൃകകളാണ്. ചൈനയിലെ ജനസംഖ്യ 1979ല്‍ 96.9 കോടിയെത്തിയപ്പോള്‍ കടുത്ത നിയന്ത്രണ പദ്ധതികള്‍ നടപ്പില്‍വരുത്തി. 1980ല്‍ ഒറ്റക്കുട്ടി നയം (ീില രവശഹറ ുീഹശര്യ) നടപ്പില്‍ വരുത്തി. ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടഞ്ഞു. നിയമം ലംഘിക്കുന്നവരെ നിര്‍ബന്ധിത വന്ധ്യംകരണം, ഗര്‍ഭഛിദ്രം എന്നിവയ്ക്ക് വിധേയമാക്കി. സാമ്പത്തിക ഉപരോധവും നടപ്പാക്കി. ഭ്രൂണഹത്യ വ്യാപകമായി നടന്നു. അതിനു പുറമേ മുസ്‌ലിം ന്യൂനപക്ഷങ്ങളാണ് ജനപ്പെരുപ്പത്തിനു പിന്നിലെന്ന് മുദ്രകുത്തി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (ഇഇജ) ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ വംശഹത്യയും നടത്തുകയുണ്ടായി. ബോധപൂര്‍വം കലാപങ്ങള്‍ സൃഷ്ടിക്കുകയും പുരുഷന്മാരെ ആജീവനാന്തം ജയിലില്‍ തളച്ചിടുകയും ചെയ്തു.
ഇപ്പോള്‍ ചൈന ഇതിന്റെയെല്ലാം അനന്തര ഫലം അനുഭവിക്കുകയാണ്. ചൈനയിലെ ജനസംഖ്യ ക്രമരഹിതമായി കുറഞ്ഞു എന്നതാണ് ദുരന്തഫലങ്ങളിലൊന്ന്. ഔദ്യോഗിക ചൈനീസ് കണക്കുകള്‍ പ്രകാരം 2021ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 85,000 ചൈനക്കാര്‍ കഴിഞ്ഞ വര്‍ഷം കുറവായിരുന്നു. അതോടൊപ്പം ജനസംഖ്യയിലെ വര്‍ക്കിങ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന 15 മുതല്‍ 59 വയസ്സ് വരെയുള്ളവരുടെ അനുപാതവും കുത്തനെ കുറഞ്ഞു. 2000ല്‍ 22.9%ഉം 2010ല്‍ 16%ഉം 2020ല്‍ 9.8%ഉം ആയി കുറഞ്ഞു. ഇതിന്റെ വിപരീത ഫലമായി 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം ക്രമരഹിതമായി കുതിച്ചുയരുകയും ചെയ്യുന്നു. 2000ല്‍ 13.3%ഉം 2010ല്‍ 15.9%ഉം 2020 ല്‍ 18.7%വുമായി വയോജനങ്ങളുടെ അനുപാതം ഉയര്‍ന്നിരിക്കുന്നു. സമാനമായ ദുരവസ്ഥ തന്നെയായിരുന്നു ജപ്പാനും നേരിടേണ്ടിവന്നത്.
ജനസംഖ്യാ നിയന്ത്രണത്തിന്റെ പരിണിതഫലമായി ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകും എന്നു ഭയപ്പെടുന്ന ലോകശക്തികളില്‍ ഒന്നാണ് ജപ്പാന്‍. ‘ഇങ്ങനെ പോയാല്‍ ജപ്പാന്‍ അപ്രത്യക്ഷമാകു’മെന്ന ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിഡയുടെ ഉപദേഷ്ടാവ് മസാക മോറിയുടെ പ്രഖ്യാപനം ജപ്പാനില്‍ പ്രതിധ്വനി ഉണ്ടാക്കിയിട്ടില്ലെങ്കിലും ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. ജപ്പാനില്‍ 1982ല്‍ 15 ലക്ഷം കുട്ടികള്‍ ജനിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ജനസംഖ്യ 8 ലക്ഷത്തിന് താഴെയായിരുന്നു. ഒരു സ്ത്രീക്ക് ശരാശരി 2.1 കുട്ടികള്‍ അല്ലെങ്കില്‍ 10 സ്ത്രീകള്‍ക്ക് 21 കുട്ടികളുണ്ടായാല്‍ മാത്രമാണ് ജനസംഖ്യയുടെ മിതത്വം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ എന്നാണ് ജനസംഖ്യാ പഠനശാസ്ത്രം വ്യക്തമാക്കുന്നത്. എന്നാല്‍ ജപ്പാനിലെ ശരാശരി 1.3 ആണ്. അതായത് 10 സ്ത്രീകള്‍ക്ക് 13 കുട്ടികള്‍ മാത്രം. ഇതേ അനുപാതം തുടര്‍ന്നാല്‍ 2065 ആകുമ്പോഴേക്കും ജപ്പാന്റെ ജനസംഖ്യ നാല് കോടിയായി ചുരുങ്ങുമെന്നാണ് ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപുലേഷന്‍ ആന്റ് സോഷ്യല്‍ സെക്യൂരിറ്റി റിസര്‍ച്ച് (ചകജടടഞ) മുന്നറിയിപ്പ് നല്‍കുന്നത്.

സന്താനോല്‍പാദനക്ഷമത ഭീകരമാംവിധം താഴാനുള്ള കാരണം കുടുംബാസൂത്രണത്തില്‍ തുടങ്ങിയതാണെങ്കിലും ഇതിന്റെ തിക്തഫലങ്ങള്‍ സമൂഹത്തില്‍ വിവിധ തരത്തില്‍ പ്രതിഫലിക്കുകയാണ്. ജപ്പാന്‍കാര്‍ക്കിടയില്‍ അവിവാഹിതരായി കഴിയാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നു എന്നാണ് ചകജടടഞ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വളരുന്ന യുവതയില്‍ വലിയൊരു ശതമാനം വിവാഹത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്നവരാണ്. 18നും 34നും പ്രായമുള്ളവര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 31% പേരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാത്തവരാണ്. തുറന്ന ലൈംഗികത സംസ്‌കാരമായി കാണുന്ന ജനതയ്ക്കിടയിലാണ് ഈ വിരോധാഭാസം നിലനില്‍ക്കുന്നത്. വിവാഹേതര ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന യുവതീയുവാക്കളാകട്ടെ വിവാഹിതരാകാന്‍ തയ്യാറുമല്ല.
സന്താന പരിപാലനം ജപ്പാന്റെ സാമൂഹിക വ്യവസ്ഥയില്‍ ചെലവേറിയതും സ്ത്രീകേന്ദ്രിതമായതുകൊണ്ടും അവള്‍ സ്വയം വന്ധ്യംകരണത്തിന് തയ്യാറാവുകയും ചെയ്യുന്നു. 2017ല്‍ ജപ്പാനിലെ ജനസംഖ്യയില്‍ 50 വയസ്സ് പിന്നിട്ടവരില്‍ കാല്‍ഭാഗവും അവിവാഹിതരാണെന്നാണ് കണക്ക്. ഒരു വീട്ടില്‍ പ്രായം ചെന്ന മൂന്നു പേരുണ്ടെന്ന് കരുതുക. അതില്‍ രണ്ടു പേര്‍ അവിവാഹിതര്‍ കൂടിയാണെങ്കില്‍ കേരളീയ പശ്ചാത്തലത്തില്‍ ആ കുടുംബം അനുഭവിക്കുന്ന പ്രയാസങ്ങള്‍ എത്ര മാത്രമായിരിക്കും?
പരസ്പരം പങ്കുവെക്കലിന്റെയും കാരുണ്യത്തിന്റെയും കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കുടുംബവ്യവസ്ഥ നിലനില്‍ക്കുന്ന നമുക്കു തന്നെ ഇത്തരം അവസ്ഥകള്‍ തലവേദന സൃഷ്ടിക്കുമെങ്കില്‍ കുടുംബവ്യവസ്ഥ താളം തെറ്റിക്കിടക്കുന്ന ഒരു സമൂഹത്തില്‍ അത് എത്രമാത്രം ഭീഷണിയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അവിവാഹിതരുടെ തോത് കേരളീയ സമൂഹത്തിലും അധികരിക്കുന്നത് പാശ്ചാത്യ സംസ്‌കാരത്തെ പകര്‍ത്താന്‍ വെമ്പുന്നതുകൊണ്ടാണ്. അവര്‍ അനുഭവിക്കുന്ന ദുരന്തത്തിലേക്കുള്ള നമ്മുടെ ദൂരവും കുറവല്ല എന്നുകൂടി നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
തിരിഞ്ഞുനടത്തം
ഗുണപാഠമാവണം

ജപ്പാനും ചൈനയുമെല്ലാം ജനസംഖ്യയുടെ കാര്യത്തില്‍ ദൈവിക നിയമങ്ങള്‍ക്കെതിരെ കൊമ്പുകുലുക്കി കുതിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ തളര്‍ന്ന് അവശരായി തിരിഞ്ഞുനടക്കുകയാണ്. ഒറ്റക്കുട്ടി നയത്തിന്റെ പേരില്‍ മനുഷ്യരെ ദ്രോഹിച്ച ഭരണകൂടം ചൈനയില്‍ 2016ല്‍ രണ്ട് കുട്ടികളായും 2021ല്‍ മൂന്ന് കുട്ടികളായും നിയമം ഭേദഗതി ചെയ്തു. എന്നു മാത്രമല്ല കൂടുതല്‍ സന്താനോല്‍പാദനം നടത്തുന്നവര്‍ക്ക് ആനുകൂല്യങ്ങളുടെ പെരുമഴ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. ഒന്നിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് നികുതിയിളവ്, ദീര്‍ഘകാല പ്രസവാവധി, ഹൗസിംഗ് സബ്‌സിഡി എന്നിവയൊക്കെ സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ആദ്യത്തെയും രണ്ടാമത്തെയും കുട്ടിക്ക് യഥാക്രമം 7500 യുവാന്‍ (90,610 രൂപ), 11,000 യുവാന്‍ (1,32,890 രൂപ) എന്നിങ്ങനെ ഇന്‍സെന്റീവും പ്രഖ്യാപിച്ചു. ഏറ്റവും ഒടുവില്‍ 2023 ഏപ്രിലില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രണയിക്കാന്‍ ചൈനയിലെ കോളജുകള്‍ക്ക് ഒരാഴ്ച അവധി പോലും സര്‍ക്കാര്‍ നല്‍കി. ഇത് കൗതുകമായി തോന്നാമെങ്കിലും തിരിഞ്ഞുനടക്കുന്നവര്‍ കുറുക്കുവഴികളിലൂടെ ലക്ഷ്യസ്ഥാനത്തെത്താന്‍ കാണിക്കുന്ന കുതന്ത്രം കൂടിയാണിതെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
ജപ്പാനിലും ഓരോ യുവതിക്കും മൂന്നു കുട്ടികള്‍ ഉണ്ടാകണമെന്ന് ഗവണ്‍മെന്റ് പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ കുട്ടിക്കും മൂന്നു വയസ്സാകുന്നതുവരെ 15,000 എന്നും അതിനു ശേഷം ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാകുന്നതുവരെ 10,000 എന്നും നല്‍കുന്നു. ഒരു യെന്‍ 60 ഇന്ത്യന്‍ പൈസക്ക് തുല്യമാണ്.
എന്നാല്‍ സന്താന നിയന്ത്രണത്തിന് സര്‍ക്കാരുകള്‍ ചെലവഴിച്ച തുകയുടെ പതിന്മടങ്ങ് ചെലവഴിച്ചാലും പൂര്‍വസ്ഥിതി കൈവരിക്കാനോ ജനസംഖ്യാ തോത് സാധാരണഗതിയിലേക്ക് എത്തിക്കാനോ ഭരണകൂടങ്ങള്‍ക്ക് ആവില്ല. കാരണം അവിവാഹിത ജീവിതത്തോടും ഒറ്റക്കുട്ടി നയത്തോടും സമൂഹം ഇഴുകിച്ചേര്‍ന്നു കഴിഞ്ഞു. ഒരു ജനതയുടെ ഏതുതരം വികാരങ്ങളും അടിച്ചമര്‍ത്താന്‍ കഴിയും. പക്ഷേ അവ പുതിയ തലമുറയില്‍ വളര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവരും. ”തീര്‍ച്ച, ഒരു ജനത സ്വയം പരിവര്‍ത്തനത്തിന് വിധേയമാകുന്നതുവരെ ദൈവം അവരെ പരിവര്‍ത്തിപ്പിക്കുകയില്ല” (ഖുര്‍ആന്‍ 13:11). ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യ വീണ്ടുവിചാരത്തിന് ഒരുങ്ങുമ്പോള്‍ തിരിഞ്ഞുനടക്കുന്നവരുടെ ചരിത്രം ഗുണപാഠമാകേണ്ടതുണ്ട്.
സന്താന നിയന്ത്രണം ഇസ്‌ലാമിക പരിപ്രേക്ഷ്യം
ഗര്‍ഭനിരോധനം, ഗര്‍ഭഛിദ്രം, സന്താനനിയന്ത്രണം എന്നിവ ആധുനിക സമൂഹത്തില്‍ വ്യാപകമാവുന്നു. രണ്ടില്‍ കൂടുതല്‍ മക്കളുള്ളത് അപമാനമായി കാണുന്നവരും മക്കള്‍ക്ക് ആധുനിക രീതിയിലുള്ള പരിചരണം നല്‍കാന്‍ കഴിയില്ലെന്ന് ഭയപ്പെടുന്നവരും സമൂഹത്തില്‍ ഏറിവരികയാണ്. അതോടൊപ്പം ജനസംഖ്യാ പെരുപ്പത്തിലുള്ള ഉത്കണ്ഠയും വര്‍ധിച്ചുവരുന്നു.
വിശ്വാസി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നിര്‍ദേശിക്കുന്ന ഇസ്‌ലാം സന്താനനിയന്ത്രണത്തിലും ഇടപെടുന്നുണ്ട്. ദാരിദ്ര്യം, പട്ടിണി, അപമാനം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് കുഞ്ഞുങ്ങളെ ഗര്‍ഭാവസ്ഥയിലോ ശേഷമോ കൊന്നുകളയുന്നത് കുറ്റകരമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ”ദാരിദ്ര്യം ഭയന്ന് നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. തീര്‍ച്ചയായും അവരെ കൊല ചെയ്യുന്നത് വന്‍ പാതകമത്രേ” (17:31). അപമാനം കൊണ്ട് പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയിരുന്ന അറബികളുടെ നീചവൃത്തിക്കെതിരെ ഖുര്‍ആന്‍ പ്രതികരിച്ചതും അതിശക്തമായിട്ടായിരുന്നു (81:8,9).
എന്നാല്‍ മാതാവിന്റെയും കുഞ്ഞിന്റെയും മെച്ചപ്പെട്ട ആരോഗ്യം ലക്ഷ്യമാക്കിക്കൊണ്ട് സന്താന നിയന്ത്രണം നടത്തുന്നതിന് മതം എതിരല്ല. തുടര്‍ച്ചയായുള്ള പ്രസവം, മാതാവിന്റെ അനാരോഗ്യം എന്നിവ മാതാവിന്റെ ജീവനെയും കുഞ്ഞിന്റെ മാനസിക-ശാരീരിക വളര്‍ച്ചയെയും ബാധിക്കുമെന്നത് ശാസ്ത്രീയ സത്യമാണ്. അതുകൊണ്ടുതന്നെയായിരുന്നു പ്രവാചകന്‍(സ) അന്ന് നിലവിലുണ്ടായിരുന്ന സന്താനനിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിന് അനുയായികള്‍ക്ക് അനുവാദം നല്‍കിയിരുന്നത്. ജാബിര്‍(റ) പറയുന്നു: ”ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് ഞങ്ങള്‍ അസ്ല്‍ നടത്താറുണ്ടായിരുന്നു” (ബുഖാരി). സ്ത്രീ-പുരുഷ ലൈംഗികബന്ധം നടക്കുമ്പോള്‍ ബീജം പുറത്തേക്കു കളയുന്നതിനെയാണ് അസ്ല്‍ എന്നു പറയുന്നത്.
ഇതില്‍ നിന്നു ആധുനിക ഗര്‍ഭനിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കാമെന്ന് വായിച്ചെടുക്കാന്‍ കഴിയും. ഇസ്‌ലാം വിരോധിക്കുന്നത് അനിസ്‌ലാമികമായ വന്ധ്യംകരണം പോലുള്ള സ്ഥായിയായ പ്രത്യുല്‍പാദനശേഷി നശിപ്പിക്കുന്ന മാര്‍ഗങ്ങള്‍ അവലംബിക്കുന്നതും അകാരണമായ ഗര്‍ഭഛിദ്രത്തെയുമാണ്. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും മാതാവിന്റെ ആരോഗ്യസുരക്ഷയ്ക്കും ഗുണകരമായ രീതിയില്‍ ആസൂത്രിതമായി സന്താന നിയന്ത്രണം സ്വീകരിക്കുന്നതിനെ മതം വിലക്കുന്നില്ല. എന്നാല്‍ സന്താന നിയന്ത്രണം എന്ന വാക്ക് പോലും ആധുനിക സമൂഹത്തില്‍ ഗര്‍ഭഛിദ്രത്തിനും ഗര്‍ഭധാരണശേഷി ഇല്ലാതാകുന്നതിനും ദുരുപയോഗം ചെയ്യുന്നുവെന്നത് ദുഃഖകരമാണ്.

Back to Top