22 Sunday
December 2024
2024 December 22
1446 Joumada II 20

മനുഷ്യ കഴിവും സൃഷ്ടികളുടെ കഴിവും

പി കെ മൊയ്തീന്‍ സുല്ലമി


മനുഷ്യപ്പിശാചും ജിന്നുപിശാചും ഏറ്റവുമധികം ശ്രമം നടത്താറുള്ളത് മനുഷ്യരെ തൗഹീദില്‍ (ഏകദൈവ വിശ്വാസം) നിന്നു വഴിതെറ്റിക്കാനാണ്. അതില്‍ നിന്നു വഴിതെറ്റിക്കഴിഞ്ഞാല്‍ പിന്നീടുള്ള കാര്യങ്ങളില്‍ നിന്ന് അവരെ വഴിതെറ്റിക്കാന്‍ പിശാചിന് വളരെ എളുപ്പമാണ്. അതുകൊണ്ടാണ് അല്ലാഹു സൂറത്തുന്നാസ് ആറാം വചനത്തില്‍ മനുഷ്യപ്പിശാചിന്റെയും ജിന്നുപിശാചിന്റെയും ഉപദ്രവങ്ങളില്‍ നിന്നു ശരണം തേടാന്‍ കല്‍പിച്ചതും.
മനുഷ്യര്‍ക്ക് അല്ലാഹു ചില കഴിവുകള്‍ ജന്മനാ നല്‍കിയിട്ടുണ്ട്. ആ കഴിവുകള്‍ കൊണ്ട് സ്വന്തം കര്‍മങ്ങള്‍ ചെയ്യാനും മറ്റുള്ളവരെ നല്ല കാര്യങ്ങളില്‍ സഹായിക്കാനുമാണ് അല്ലാഹുവിന്റെ കല്‍പന. അല്ലാഹു അരുളി: ”പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ പരസ്പരം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ പരസ്പരം സഹായിക്കരുത്” (മാഇദ 2).
മനുഷ്യരുടെ കഴിവ് വളരെ വിപുലമാണ്. ആനക്ക് തടിപിടിക്കാന്‍ പഠിപ്പിച്ചതും പോലീസ് നായക്ക് കൊലയാളിയെ കണ്ടുപിടിക്കാന്‍ പഠിപ്പിച്ചതും മനുഷ്യരാണ്. കാരണം കാട്ടാന തടിപിടിക്കുകയില്ല. റോഡില്‍ അലഞ്ഞുതിരിയുന്ന നായ കൊലയാളിയെ പിടികൂടുകയുമില്ല. എങ്കില്‍പോലും മനുഷ്യരുടെ അറിവിനും കഴിവിനും പരിധിയും പരിമിതിയുമുണ്ട്. അല്ലാഹു അരുളി: ”ഓരോ കാര്യത്തിനും അല്ലാഹു ഒരു പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്” (ത്വലാഖ് 3).
മനുഷ്യ കഴിവില്‍ പെടാത്ത കാര്യങ്ങള്‍ അല്ലാഹുവിന്റെ കഴിവില്‍ പെട്ടതായിരിക്കും. അതുകൊണ്ടാണ് പ്രവാചകന്മാരിലൂടെ അല്ലാഹു പ്രകടിപ്പിക്കുന്ന അഭൗതികമായ കഴിവുകള്‍ക്ക് മുഅ്ജിസത്ത് എന്നു പറയുന്നത്. അതുകൊണ്ടുതന്നെയാണ് മുജാഹിദുകള്‍ ആദ്യകാലം മുതല്‍ ഇന്നേവരെ മനുഷ്യ കഴിവില്‍ പെടാത്ത കാര്യങ്ങള്‍ അല്ലാഹുവോട് മാത്രമേ ചോദിക്കാവൂ എന്നു പറയുന്നതും. ചില ഉദ്ധരണികള്‍ കാണുക:
ഒന്ന്: ഇമാം നവവി: ”നേര്‍മാര്‍ഗം തേടുക, വിജ്ഞാനവും ഗ്രഹണവും നേടുക. പരലോക ശിക്ഷയില്‍ നിന്നും ദുനിയാവിലെ പരീക്ഷണങ്ങളില്‍ നിന്നും ശമനം തേടുക തുടങ്ങിയ മനുഷ്യന്റെ കയ്യായി നടക്കാത്ത കാര്യങ്ങള്‍ക്കു വേണ്ടി തേടേണ്ടത് അല്ലാഹുവോടാണ്” (ശറഹുല്‍ അര്‍ബഈന, പേജ് 74).
രണ്ട്: കുഞ്ഞീതു മദനി: ‘മനുഷ്യ കഴിവിന്നതീതമയ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ഥന നടത്തുന്നത് ശിര്‍ക്കാണ്” (അല്ലാഹുവിന്റെ ഔലിയാക്കള്‍, പേജ് 102).
മൂന്ന്: കെ ഉമര്‍ മൗലവി: ‘മനുഷ്യ ശക്തിക്ക് അപ്പുറത്തുള്ള കാര്യങ്ങളില്‍ ദൈവത്തോടല്ലാതെ മറ്റാരോടും സഹായത്തെ അഭ്യര്‍ഥിക്കരുതെന്ന് പഠിപ്പിക്കുന്നു” (ഫാതിഹയുടെ തീരത്ത്, പേജ് 63).
നാല്: മനുഷ്യ കഴിവിന് അതീതമായ കാര്യങ്ങള്‍ സൃഷ്ടികളോട് സഹായം തേടുന്നതിന് ഖുര്‍ആന്‍ ശിര്‍ക്ക് എന്ന് പറഞ്ഞതിന് തെളിവുണ്ട്” (വിചിന്തനം, 2011 മെയ് 13).
അഞ്ച്: ശാഫി സ്വലാഹി (വിസ്ഡം): ”മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങള്‍ക്കു വേണ്ടി നടത്തുന്ന സഹായാര്‍ഥനകള്‍ക്കാണ് ഇസ്തിഗാസ എന്നു പറയുന്നത്” (ഇസ്തിഗാസ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന ആയത്തുകള്‍, പേജ് 9).
എന്നാല്‍ അടുത്ത കാലത്ത് മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്നുതന്നെ വേറിട്ട ചില ശബ്ദങ്ങള്‍ പൊങ്ങിവരികയുണ്ടായി. അവരുടെ വാദപ്രകാരം ജിന്നിനോടും മലക്കിനോടും സഹായം തേടാം എന്നാണ്. അവരാണ് ‘മനുഷ്യ കഴിവില്‍ പെടാത്ത കാര്യങ്ങള്‍ അല്ലാഹുവോട് മാത്രമേ തേടാവൂ’ എന്നതിനു പകരം ‘സൃഷ്ടികളുടെ കഴിവില്‍ പെടാത്തത് സ്രഷ്ടാവിനോട് മാത്രമേ തേടാവൂ’ എന്ന പുതിയ ഒരു വാദം കൊണ്ടുവന്നത്. അഥവാ ജിന്നുകളുടെയും മലക്കുകളുടെയും കഴിവില്‍ പെട്ട കാര്യങ്ങള്‍ അവരോട് തേടാം എന്നാണ് അവരുടെ വാദം.
സകരിയ്യ സ്വലാഹിയുടെ ‘സലഫീ പ്രസ്ഥാനം വിമര്‍ശനങ്ങളും മറുപടിയും, പേജ് 75ഉം ഇസ്‌ലാഹ് മാസിക, ജൂലൈ 2008 പേജ് 36ഉം നോക്കുക. അബ്ദുല്‍ജബ്ബാല്‍ മൗലവി തുറക്കലും ഈ വിഷയം സ്ഥാപിച്ചുകൊണ്ട് ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മരണപ്പെട്ടുപോയ രണ്ട് പണ്ഡിത സുഹൃത്തുക്കള്‍ക്കും അല്ലാഹു അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കട്ടെ. അതിനു വേണ്ടി ജിന്നുകള്‍ അദൃശ്യമറിയും എന്ന അബദ്ധം വരെ രേഖപ്പെടുത്തിയിട്ടുമുണ്ട്.
സകരിയ്യാ സ്വലാഹിയുടെ വാക്കുകള്‍: ”മറഞ്ഞ കാര്യം അല്ലാഹു മാത്രമേ അറിയൂ എന്ന വിശ്വാസം, പിശാച് മുഖേന അവന്റെ സേവകര്‍ക്ക് ലഭിക്കുന്ന (മറഞ്ഞ) അറിവിനെക്കുറിച്ചുള്ള ഈ ധാരണ എതിരാകുന്നില്ല” (സലഫീ പ്രസ്ഥാനം: വിമര്‍ശനങ്ങളും മറുപടിയും, പേജ് 135).
അദൃശ്യകാര്യങ്ങള്‍ അല്ലാഹു മാത്രമേ അറിയൂ എന്നത് വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉണര്‍ത്തിയ സംഗതിയാണ്. മാത്രവുമല്ല, അദൃശ്യമറിയുകയെന്നത് അല്ലാഹുവിന്റെ സ്വിഫാത്തുകളില്‍ (വിശേഷണഗുണം) പെട്ട കാര്യവുമാണ്. അല്ലാഹുവല്ലാത്ത ശക്തികള്‍ അദൃശ്യം അറിയുമെന്ന വിശ്വാസം ശിര്‍ക്കുമാണ്. അല്ലാഹു അരുളി: ”അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ താക്കോലുകള്‍. അവനല്ലാതെ അവ അറിയുകയില്ല” (അന്‍ആം 59). മറ്റൊരു വചനം: ”നബിയേ, പറയുക: ആകാശങ്ങളിലും ഭൂമിയിലുമുള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല, അല്ലാഹുവല്ലാതെ” (നംല് 65).
സര്‍വ സൃഷ്ടികളേക്കാള്‍ ശ്രേഷ്ഠനായ നബി(സ) പോലും അദൃശ്യം അറിയുകയില്ല എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. നബി(സ) തന്നെ അക്കാര്യം വിശുദ്ധ ഖുര്‍ആനിലൂടെ വ്യക്തമാക്കുന്നു: ”എനിക്ക് അദൃശ്യകാര്യമറിയുമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം അധികരിപ്പിക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു” (അഅ്‌റാഫ് 188).
നബി (സ)ക്ക് അദൃശ്യകാര്യങ്ങള്‍ അറിയുകയില്ല എന്ന് അല്ലാഹു നബി(സ)യെ ഉണര്‍ത്തിയത് ഇപ്രകാരമാണ്: ”നിങ്ങളുടെ ചുറ്റുമുള്ള അഅ്‌റാബികളുടെ കൂട്ടത്തിലും കപടവിശ്വാസികളുണ്ട്. മദീനക്കാരുടെ കൂട്ടത്തിലുമുണ്ട്. കപടതയില്‍ അവര്‍ കടുത്തുപോയിരിക്കുന്നു. താങ്കള്‍ക്ക് അവരെ അറിയുകയില്ല. നമുക്ക് അവരെ അറിയാം” (തൗബ 101).
മലക്കുകള്‍ക്ക് പ്രത്യേകമായ കഴിവോ അറിവോ ഒന്നും തന്നെയില്ല. അവരുടെ പണി അല്ലാഹു ഏല്‍പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുക എന്നതു മാത്രമാണ്. മലക്കുകള്‍ തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതിപ്രകാരമാണ്: ”അവര്‍ പറഞ്ഞു: നിനക്ക് സ്‌തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരറിവും ഞങ്ങള്‍ക്കില്ല” (അല്‍ബഖറ 32).
മാത്രവുമല്ല, മലക്കുകള്‍ക്ക് അദൃശ്യം അറിയുമായിരുന്നെങ്കില്‍ സകല വസ്തുക്കളുടെയും നാമങ്ങള്‍ ആദ(അ)മിനെക്കൊണ്ട് അല്ലാഹു മലക്കുകളെ പഠിപ്പിക്കുമായിരുന്നില്ല. അക്കാര്യം അല്ലാഹു ഉണര്‍ത്തി: ”അനന്തരം അല്ലാഹു പറഞ്ഞു: ആദമേ, ഇവര്‍ക്ക് (മലക്കുകള്‍ക്ക്) അവയുടെ നാമങ്ങള്‍ പറഞ്ഞുകൊടുക്കൂ. അങ്ങനെ അദ്ദേഹം (ആദം) അവര്‍ക്ക് ആ നാമങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അല്ലാഹു പറഞ്ഞു: ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ?” (അല്‍ബഖറ 33).
മനുഷ്യവര്‍ഗത്തിന് ജിന്നുവര്‍ഗത്തോട് ബന്ധപ്പെടാന്‍ ഒരിക്കലും സാധ്യമല്ല. കാരണം ജിന്നും ഇന്‍സും വ്യത്യസ്ത കോലത്തില്‍ സൃഷ്ടിക്കപ്പെട്ട വ്യത്യസ്ത സമൂഹങ്ങളാണ്. ജിന്നുകളോട് ബന്ധപ്പെടാനോ അവരുടെ ഭാഷയോ രൂപമോ ഭാവമോ ജീവിതരീതിയോ ആയി ബന്ധപ്പെടാനോ വിശുദ്ധ ഖുര്‍ആനോ തിരുസുന്നത്തോ എവിടെയും കല്‍പിച്ചിട്ടില്ല. മാത്രവുമല്ല, അവരോട് ബന്ധപ്പെടാന്‍ ശ്രമിക്കുന്നവരെ വിശുദ്ധ ഖുര്‍ആന്‍ വിലക്കുകയാണ് ചെയ്യുന്നത്.
അല്ലാഹുവിന്റെ വചനങ്ങള്‍ ശ്രദ്ധിക്കുക: ”നിങ്ങളോട് തര്‍ക്കം നടത്താന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്നപക്ഷം തീര്‍ച്ചയായും നിങ്ങള്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരില്‍പെട്ടുപോകും” (അന്‍ആം 121). അഥവാ പിശാച് ചില മനുഷ്യര്‍ക്ക് ശിര്‍ക്ക് ചെയ്യാന്‍ പ്രേരണ നല്‍കും. അത്തരക്കാരെ നാം അനുസരിക്കുന്നപക്ഷം നാമും ബഹുദൈവ വിശ്വാസികളില്‍ പെട്ടുപോകും എന്നാണ് അല്ലാഹു ഉണര്‍ത്തുന്നത്. പിശാചുക്കളെ മിത്രങ്ങളാക്കാന്‍ ശ്രമിക്കുന്നവര്‍ വഴിപിഴച്ചവരായിരിക്കും.
അല്ലാഹു അരുളി: ”തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കിക്കൊടുത്തിരിക്കുന്നു” (അഅ്‌റാഫ് 27). മറ്റൊരു വചനം: ”വല്ലവനും അല്ലാഹുവിനു പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്നപക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം സംഭവിച്ചവന്‍ തന്നെയാണ്” (നിസാഅ് 119). അല്ലാഹു വീണ്ടും അരുളി: ”നിങ്ങള്‍ എന്നെ വിട്ട് അവനെയും അവന്റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവന്‍ നിങ്ങളുടെ ശത്രുക്കളുമാകുന്നു” (അല്‍കഹ്ഫ് 50).
സുലൈമാന്‍ നബി(അ) ജിന്നുകളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നതിനാല്‍ നമുക്കും ജിന്നുകളുടെ സേവനം ഉപയോഗപ്പെടുത്താം എന്നാണ് വാദമെങ്കില്‍ അത് വഴിപിഴച്ച വാദമാണ്. കാരണം സുലൈമാന്‍ നബി(അ)ക്ക് അല്ലാഹു ജിന്നുകളെ കീഴ്‌പ്പെടുത്തിക്കൊടുത്തത് മുഅ്ജിസത്ത് (അമാനുഷിക ദൃഷ്ടാന്തം) എന്ന നിലയിലാണ്. അത് സാമാന്യവത്കരിക്കല്‍ ഒരുതരം കുഫ്‌റും മുസ്‌ലിം ലോകത്തിന്റെ ഇജ്മാഇന് (ഏകകണ്ഠമായ തീരുമാനം) വിരുദ്ധവുമാണ്. കാരണം മുഅ്ജിസത്തുള്ള പ്രവാചകന്മാര്‍ക്കുപോലും അല്ലാഹുവിന്റെ പ്രത്യേകമായ അനുമതിയോടുകൂടി മാത്രമേ ജിന്നുകളുമായി ബന്ധം പുലര്‍ത്താന്‍ സാധിക്കൂ.
സ്വഹീഹുല്‍ ബുഖാരിയിലെ 4808 നമ്പര്‍ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇബ്‌നു ഹജര്‍(റ) വ്യക്തമാക്കി: ”തീര്‍ച്ചയായും അത് (നബി ജിന്നുമായി സമ്പര്‍ക്കം പുലര്‍ത്തിയത്) അല്ലാഹുവിന്റെ അനുമതിയോടു കൂടിയായിരുന്നു. അത് നബി(സ)യുടെ മുഅ്ജിസത്തും കൂടിയായിരുന്നു” (ഫത്ഹുല്‍ബാരി 10:599).
റബീഇ(റ)ല്‍ നിന്നു സ്വഹീഹായ പരമ്പരയോടുകൂടി ഇമാം ശാഫിഈ(റ) പ്രസ്താവിച്ചതായി ഇമാം ബൈഹഖി(റ) ഉദ്ധരിച്ചു. ”നബിയല്ലാത്ത വല്ല വ്യക്തിയും താന്‍ ജിന്നിനെ കണ്ടുവെന്ന് സാക്ഷ്യം വഹിക്കുന്നപക്ഷം തീര്‍ച്ചയായും അത്തരം കാഴ്ചയെ നാം ദുര്‍ബലപ്പെടുത്തുന്നതാണ്” (ഫത്ഹുല്‍ബാരി 10:97).
”തീര്‍ച്ചയായും അവനും അവന്റെ വര്‍ഗവും നിങ്ങളെ കണ്ടുകൊണ്ടിരിക്കും. നിങ്ങള്‍ക്ക് (മനുഷ്യര്‍ക്ക്) അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍” (അഅ്‌റാഫ് 27). മേല്‍ വചനത്തെ വിശദീകരിച്ചുകൊണ്ട് ഇമാം ഖുര്‍തുബി രേഖപ്പെടുത്തി:
”ഇമാം നുഹാബ്(റ) പ്രസ്താവിച്ചു: ഈ വചനം കുറിക്കുന്നത് ഒരു പ്രവാചകന്റെ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ നുബുവ്വത്തിന്റെ തെളിവ് എന്ന നിലയിലല്ലാതെ ജിന്നിനെ കാണാന്‍ കഴിയുകയില്ലയെന്നാണ്. അത് മുഅ്ജിസത്തുള്ള പ്രവാചകന്മാരിലൂടെയല്ലാതെ സംഭവിക്കുന്നതുമല്ല. (അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍ 7:187). ഇബ്‌നു ഹസം(റ) പ്രസ്താവിച്ചു: ”അവര്‍ (ജിന്നുകള്‍) നമ്മെ കാണും. നാം അവരെ കാണുന്നതല്ല. നബിയല്ലാത്ത ഒരാള്‍ ജിന്നിനെ കണ്ടു എന്ന് അവകാശവാദം ഉന്നയിക്കുന്നപക്ഷം അവന്‍ നുണയനാണ്” (അല്‍ഫസ്വ്‌ലു 5:12).
ഇമാം ഇബ്‌നുല്‍ ഖയ്യിമിന്റെ പ്രസ്താവന നോക്കുക: ”പിശാചുക്കള്‍ രണ്ട് ഇനമുണ്ട്. ഒരിനം നമുക്ക് കാണാന്‍ സാധിക്കുന്നവ. അത് മനുഷ്യപ്പിശാചാണ്. നമുക്ക് കാണാന്‍ കഴിയാത്ത മറ്റൊരു ഇനം, അതാണ് ജിന്നുപിശാച്. ജിന്ന്-പിശാചിന്റെ ഉപദ്രവങ്ങളില്‍ നിന്നും അല്ലാഹുവോട് ശരണം തേടേണ്ടതുണ്ട്” (സാദുല്‍ മആദ് 2:462).

Back to Top