28 Wednesday
January 2026
2026 January 28
1447 Chabân 9

കുറ്റകൃത്യങ്ങളില്‍ മതം ചികയേണ്ടതില്ല

പി ഒ ഇസ്മായില്‍

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ക്രിമിനലുകളുടെ മതം ചികയുന്നതില്‍ തികഞ്ഞ രാഷ്ട്രീയ ശരികേടുണ്ട്, പ്രത്യേകിച്ചും വര്‍ത്തമാനകാലത്ത് വലിയ തോതില്‍ വേട്ടയാടപ്പെടുന്ന ഒരു സമുദായത്തെ അതിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സാഹചര്യത്തിന് അത് കാരണമാവുന്നുണ്ടെങ്കില്‍. ‘നാര്‍കോട്ടിക് ജിഹാദ്’ പോലുള്ള വിഷലിപ്ത പ്രചാരണത്തില്‍ ഇത് കണ്ടതാണ്. പക്ഷേ അതിനര്‍ഥം ഒരു സമുദായം തന്നെ അതിന്റെ ആശയാടിത്തറയോടും ചരിത്രത്തോടും അകന്നു സ്വയം ജീര്‍ണിക്കുമ്പോള്‍ അവഗണിക്കണമെന്നല്ല. അങ്ങനെ ചെയ്യുന്നത് ഫലത്തില്‍ സമുദായത്തെ ഇല്ലാതാക്കാന്‍ നോക്കുന്നവര്‍ക്ക് വഴിയൊരുക്കലാവും.
മുസ്‌ലിം സമുദായ നേതൃത്വം അതിനകത്തെ പ്രശ്‌നങ്ങള്‍ അവഗണിക്കുന്നത് സമുദായത്തെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കാനും പ്രതിരോധത്തിലാക്കാനും കാരണമാവുന്നുണ്ട്. ഈ വിഷയം അഡ്രസ് ചെയ്യാതിരിക്കുകയും താരതമ്യേന നിസ്സാരമായതോ അടിസ്ഥാനരഹിതമോ ആയ പ്രശ്‌നങ്ങളുടെ പിന്നാലെ പോയി സമുദായത്തിന്റെ ചിന്തയും ഊര്‍ജവും കളയുന്നു എന്നതാണ് കൂടുതല്‍ ഗൗരവം.
‘മാതൃകാ സമുദായം’ എന്നാണ് ഖുര്‍ആനും പ്രവാചകനും മുസ്‌ലിം സമുദായത്തെ വിശേഷിപ്പിച്ചത്, അഥവാ മുസ്‌ലിം സമുദായമാകേണ്ടത് അങ്ങനെയാണ്. നിലവിലെ സാഹചര്യത്തില്‍ അതിവേഗം അതിന് വിപരീത ദിശയിലേക്ക് സമുദായം നീങ്ങുന്നു എന്നത് കാണാതിരുന്നുകൂടാ. ആവര്‍ത്തിക്കട്ടെ, ചില മുസ്‌ലിം പേരുകള്‍ ഇങ്ങനെയുള്ള സംഭവങ്ങളില്‍ വരുന്നതല്ല ഇവിടെ യഥാര്‍ഥ പ്രശ്‌നം.
കിഴിശ്ശേരിയിലെ ആള്‍ക്കൂട്ട കൊലയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. രണ്ട് മണിക്കൂറിലധികമാണ് ഒരു ഡസനോളം ആളുകള്‍ ബിഹാര്‍ സ്വദേശിയും അതിഥി തൊഴിലാളിയുമായ രാജേഷിനെ മര്‍ദിച്ചത്. ഒരുപാട് നന്മയുടെ വാഴ്ത്തുപാട്ടുകള്‍ പാടുന്ന മലബാറിലെ ഒരു ശരാശരി പ്രദേശമാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള കിഴിശ്ശേരി. അവിടെയാണ് ദുര്‍ബലനായ ഒരാളെ മണിക്കൂറുകള്‍ മര്‍ദിച്ചു കൊന്നത്.
ഉംറ തീര്‍ഥാടനത്തിനു പോയി വരുമ്പോള്‍ മലദ്വാരത്തില്‍ സ്വര്‍ണം കടത്തിയതൊക്കെ തമാശയ്ക്കപ്പുറം വലിയൊരു ദുരന്തചിത്രം കൂടിയാണ് പറയുന്നത്. ഇതിലേറ്റവുമധികം ഇടം പിടിക്കുന്ന പ്രദേശങ്ങളെ എടുത്തുനോക്കിയാലും അറിയാം മത-രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ മുന്നിട്ടുനില്‍ക്കുന്ന ചില പ്രദേശങ്ങള്‍ തന്നെയാണ് ഇവയെന്ന്.
മദ്രസാ പീഡനങ്ങള്‍ എന്നത് സമുദായത്തിന് നാണക്കേടുണ്ടാക്കുന്ന ഒരു ഏര്‍പ്പാടാണ്. ക്രൂരത, സംഘടിത ആക്രമണം, തട്ടിപ്പ്, അഴിമതി, പീഡനം ഇങ്ങനെയുള്ള ഗൗരവ കുറ്റങ്ങളെയെല്ലാം അതി ശക്തമായി എതിര്‍ക്കണം. ളാണിവയെല്ലാം. അതാവട്ടെ കാരുണ്യം, സ്‌നേഹം, ലാളിത്യം തുടങ്ങി ഇസ്‌ലാം മുന്നോട്ടുവെക്കുന്ന അടിസ്ഥാന മൂല്യസങ്കല്‍പങ്ങള്‍ക്ക് കടകവിരുദ്ധവുമാണ്.

Back to Top