ഓരോ ഏഴു സെക്കന്റിലും ഒരു ഗര്‍ഭിണിയോ നവജാതശിശുവോ മരിക്കുന്നു: യു എന്‍
ലോകത്ത് ഓരോ ഏഴു സെക്കന്റിലും ഒരു ഗര്‍ഭിണിയോ നവജാതശിശുവോ മരിക്കുന്നതായി യു എന്‍ റിപ്പോര്‍ട്ട്. ഗര്‍ഭിണികളുടെയും അമ്മമാരുടെയും ശിശുക്കളുടെയും അകാല മരണങ്ങള്‍ കുറയ്ക്കുന്നതില്‍ ആഗോളതലത്തില്‍ പരാജയമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അമ്മയുടെയും നവജാത ശിശുക്കളുടെയും ആരോഗ്യമേഖലയിലെ നിക്ഷേപം കുറയുന്നതിനാല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി നിരക്ക് വര്‍ധിക്കുകയാണ്. അമ്മയുടെയും നവജാത ശിശുക്കളുടെയും ആരോഗ്യവും അതിജീവനവും പ്രസവം കുറയുന്നതും സമാനമായ അപകടത്തിന്റെ ഘടകങ്ങളും കാരണങ്ങളുമെല്ലാം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ഏകദേശം 2,90,000 മാതൃമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1.9 ദശലക്ഷം പ്രസവങ്ങളില്‍ ഗര്‍ഭത്തിന്റെ 28 ആഴ്ചകള്‍ക്കു ശേഷം കുഞ്ഞുങ്ങള്‍ മരിക്കുന്നു. 2.3 ദശലക്ഷം നവജാതശിശു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ വര്‍ഷവും 4.5 ദശലക്ഷത്തിലധികം സ്ത്രീകളും കുഞ്ഞുങ്ങളും ഗര്‍ഭകാലത്തും പ്രസവസമയത്തോ ജനനത്തിനു ശേഷമുള്ള ആദ്യ ആഴ്ചകളിലോ മരിക്കുന്നതായും റിപ്പോര്‍ട്ട് കാണിക്കുന്നു. ഇത് ഓരോ ഏഴ് സെക്കന്‍ഡിലും ഒരു മരണത്തിനു തുല്യമാണ്. ശരിയായ പരിചരണം ലഭ്യമാണെങ്കില്‍ തടയാവുന്നതോ ചികിത്സിക്കാവുന്നതോ ആയ കാരണങ്ങളാണ് കൂടുതലും.