പണമില്ല; യുഎന്‍ ഏജന്‍സി ഫലസ്തീനിലെ ഭക്ഷണവിതരണം നിര്‍ത്തുന്നു
യു എന്‍ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള ഭക്ഷണവിതരണം നിര്‍ത്തുന്നു. പണത്തിന്റെ കുറവാണ് കാരണം. അടിയന്തര സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കില്‍ രണ്ടു ലക്ഷം പേര്‍ക്കാണ് ജൂണ്‍ മുതല്‍ ഡബ്ല്യുഎഫ്പി വഴിയുള്ള ഭക്ഷണസഹായം ലഭിക്കാതാവുക. ആകെ ഭക്ഷണവിതരണത്തിന്റെ 60 ശതമാനം വരുമിത്. 1,40,000 പേര്‍ക്ക് ഭക്ഷണവും സാമ്പത്തിക സഹായവും നല്‍കുന്നത് തുടരുമെങ്കിലും സാമ്പത്തിക പിന്തുണ ലഭിച്ചില്ലെങ്കില്‍ ആഗസ്ത് മുതല്‍ പൂര്‍ണമായി നിര്‍ത്താന്‍ നിര്‍ബന്ധിതമാകുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം കണ്‍ട്രി ഡയറക്ടര്‍ സാമിര്‍ അബ്ദുല്‍ ജാബിര്‍ പറഞ്ഞു. ഭക്ഷണകിറ്റും 10.30 ഡോളറിന്റെ വൗച്ചറും വിതരണം ചെയ്താണ് ഡബ്ല്യുഎഫ്പി അഭയാര്‍ഥികളെ സഹായിച്ചിരുന്നത്. ഇസ്‌റാഈല്‍ ഉപരോധവും ഇടക്കിടെയുള്ള ആക്രമണങ്ങളും കാരണം ലോകത്തിലെ ഏറ്റവും ദാരിദ്ര്യവും ഭക്ഷ്യക്ഷാമവും അനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഫലസ്തീനിലെ ഗസ്സ. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശം കൂടിയാണിത്. ഗസ്സയില്‍ 45 ശതമാനമാണ് തൊഴിലില്ലായ്മ. 80 ശതമാനവും അന്താരാഷ്ട്ര സഹായത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. വെസ്റ്റ്ബാങ്കിലും ഫലസ്തീനികള്‍ ദാരിദ്ര്യത്തിലാണ്.