ഈസാ നബിയാണോ മഹ്ദി?
പി കെ മൊയ്തീന്‍ സുല്ലമി
ജനിച്ചവരെല്ലാം മരണപ്പെടുമെന്നത് തീര്‍ച്ചയാണ്. ”ഏതൊരു ശരീരവും മരണം ആസ്വദിക്കുന്നതാണ്” (ആലുഇംറാന്‍ 185). അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഒരാള്‍ക്കും അല്ലാഹു ശാശ്വതമായ ജീവിതം പ്രദാനം ചെയ്തിട്ടില്ല. ”അവരെ (പ്രവാചകന്മാരെ) നാം ഭക്ഷണം കഴിക്കാത്ത ശരീരങ്ങളാക്കിയിട്ടില്ല. അവര്‍ ദുനിയാവില്‍ ശാശ്വതരായിരുന്നിട്ടുമില്ല” (അന്‍ബിയാഅ് 8).
എന്നാല്‍ ഖിള്ര്‍ നബി(അ) ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നൊരു അന്ധവിശ്വാസം മുസ്‌ലിം സമുദായത്തില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ വക്താക്കള്‍ സമസ്തയിലെ പണ്ഡിതന്മാരാണ്. അതിന് ഒരു കാരണവുമുണ്ട്. അതിപ്രകാരമാണ്: മൂസാ നബി(അ)യെ ക്ഷമയും മറ്റും പഠിപ്പിക്കാനായി അല്ലാഹു അയച്ച ഒരു ദൂതനാണ് ഖിള്ര്‍ നബി(അ). അത് പഠിപ്പിച്ചുകഴിഞ്ഞതിനു ശേഷം അദ്ദേഹം എവിടേക്ക് പോയെന്നോ എന്ത് സംഭവിച്ചു എന്നോ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞിട്ടില്ല. അപ്പോള്‍ ഊഹത്തില്‍ നിന്നുണ്ടായ ഒരു ധാരണ മാത്രമാണ് ഖിള്ര്‍ നബി(അ) ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന അന്ധവിശ്വാസം. പക്ഷേ വിശുദ്ധ ഖുര്‍ആന്‍ ഈ അന്ധവിശ്വാസത്തെ തീര്‍ത്തും ഇല്ലായ്മ ചെയ്തിട്ടുണ്ട്.
അല്ലാഹു പറയുന്നു: ”നബിയേ, താങ്കള്‍ക്കു മുമ്പ് ഒരു മനുഷ്യനും നാം ശാശ്വത ജീവിതം നല്‍കിയിട്ടില്ല. എന്നിരിക്കെ താങ്കള്‍ മരണപ്പെടുന്നപക്ഷം അവര്‍ ശാശ്വതരാകുമോ?” (അന്‍ബിയാഅ് 34). അഥവാ അങ്ങനെ ഒരു ശാശ്വതമായി ജീവിതം (മരണമില്ലാത്ത അവസ്ഥ) അല്ലാഹു ആര്‍ക്കെങ്കിലും നല്‍കുമായിരുന്നെങ്കില്‍ അതിനുള്ള അര്‍ഹത നബി(സ)ക്ക് മാത്രമായിരിക്കും എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അതും സംഭവിച്ചിട്ടില്ലല്ലോ. അപ്പോള്‍ ഖിള്ര്‍ നബി(അ) ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നത് ഖുര്‍ആനിന്റെ നസ്വിന് വിരുദ്ധമായ അന്ധവിശ്വാസമാണ്. എന്നാല്‍ ഈസാ നബി(അ) ജീവിച്ചിരിപ്പുണ്ട് എന്ന നിലയില്‍ പറഞ്ഞത് ദുനിയാവിലല്ല, ആത്മീയലോകത്ത് അല്ലാഹുവിന്റെ സന്നിധിയിലാണ്. അത് ഈസാ നബി(അ)യുടെ മുഅ്ജിസത്തു കൂടിയാണ്.
പ്രവാചകന്മാരില്‍ അസാധാരണ സംഭവങ്ങള്‍ മുഅ്ജിസത്ത് എന്ന നിലയില്‍ സംഭവിക്കുമെന്നത് ഖുര്‍ആന്‍ കൊണ്ടും സ്വഹീഹായ ഹദീസുകള്‍ കൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ്. ഇബ്‌റാഹീം നബി(അ)യെ നംറൂദ് രാജാവ് തീയിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ അല്ലാഹു ശക്തമായ ചൂടുള്ള തീയിനെ തണുപ്പാക്കി മാറ്റിയത് ഇബ്‌റാഹീം(അ)യുടെ മുഅ്ജിസത്ത് (അമാനുഷികത) ആയിരുന്നു. അതുപോലെ അല്ലാഹു ഈസാ നബി(അ)യെ യഹൂദികള്‍ വധിക്കാന്‍ വേണ്ടി കുരിശില്‍ കയറ്റിയപ്പോള്‍ അല്ലാഹു അദ്ദേഹത്തെ ആത്മീയലോകത്തേക്ക് ഉയര്‍ത്തുകയുണ്ടായി. അതിലെന്താണ് ഇത്ര നിഷേധിക്കാനുള്ളത്? ഇബ്‌റാഹീ(അ)മിന്റെ ജീവന്‍ രക്ഷിച്ച അതേ അല്ലാഹു തന്നെയാണ് ഈസാ നബി(അ)യുടെ ജീവനും രക്ഷിച്ചത്.
അല്ലാഹു അരുളി: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ (ദീനിനെ) സഹായിക്കുന്നപക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്നതാണ്” (മുഹമ്മദ് 7). യഹൂദികളുടെ അവകാശവാദം ഞങ്ങള്‍ മര്‍യമിന്റെ പുത്രന്‍ ഈസായെ വധിച്ചു എന്നായിരുന്നു. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു അത് പാടെ നിഷേധിക്കുന്നു. അല്ലാഹു അരുളി: ”അല്ലാഹു പറഞ്ഞ സന്ദര്‍ഭം: ഈസാ, തീര്‍ച്ചയായും ഞാന്‍ താങ്കളെ ഏറ്റെടുക്കുകയും എന്നിലേക്കുയര്‍ത്തുകയും ചെയ്തിരിക്കുന്നു” (ആലുഇംറാന്‍ 55). തവഫ്ഫ എന്ന പദത്തിന് സമ്പൂര്‍ണമായി ഏറ്റെടുക്കുക, മരിപ്പിക്കുക എന്നീ അര്‍ഥങ്ങള്‍ നിലവിലുണ്ട്. മരിപ്പിക്കുക എന്ന അര്‍ഥത്തില്‍ തവഫ്ഫാ എന്ന പദം വന്നിട്ടുണ്ട്. ”അവസാനം മരിപ്പിക്കാനായി നമ്മുടെ ദൂതന്മാര്‍ (മലക്കുകള്‍) അവരുടെ അടുത്ത് ചെല്ലുമ്പോള്‍ അവര്‍ ചോദിക്കും: അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരുന്നവരൊക്കെ എവിടെ?” (അഅ്‌റാഫ് 37).
സമ്പൂര്‍ണമായി ഏറ്റെടുക്കുക എന്ന അര്‍ഥത്തിലും ഖുര്‍ആന്‍ വചനം വന്നിട്ടുണ്ട്. അത് ഇപ്രകാരമാണ്: ”അവനാകുന്നു രാത്രിയില്‍ (ഉറങ്ങുമ്പോള്‍) നിങ്ങളെ സമ്പൂര്‍ണമായി ഏറ്റെടുക്കുന്നവന്‍” (അന്‍ആം 60). പക്ഷേ, ഖാദിയാനികള്‍ ഈ വിഷയത്തില്‍ വന്നിട്ടുള്ള ഖുര്‍ആന്‍ വചനങ്ങളെയും സ്വഹീഹായ ഹദീസുകളെയും തള്ളി ഭാഷാര്‍ഥമായ ‘മരിപ്പിക്കുക’ എന്നര്‍ഥം കൊടുത്ത് ഈസാ നബി(അ) മരണപ്പെട്ടുപോയി എന്ന് ദുര്‍വ്യാഖ്യാനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈസാ(അ)യെ അവര്‍ കൊന്നിട്ടില്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ”അല്ലാഹുവിന്റെ ദൂതനായ മര്‍യമിന്റെ മകന്‍ മസീഹ് ഇൗസായെ ഞങ്ങള്‍ വധിച്ചിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ അവര്‍ അദ്ദേഹത്തെ വധിച്ചിട്ടില്ല, ക്രൂശിച്ചിട്ടുമില്ല. അതിന്റെ യാഥാര്‍ഥ്യം അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്” (നിസാഅ് 157). അതേ വചനത്തില്‍ തന്നെ അല്ലാഹു വീണ്ടും അരുളി: ”ഉറപ്പായും അദ്ദേഹത്തെ അവര്‍ വധിച്ചിട്ടില്ല” (നിസാഅ് 157). അവസാനം ലോകാവസാനത്തിന്റെ ലക്ഷണം എന്ന നിലയില്‍ ഈസാ നബി(അ) ഇറങ്ങിവരും എന്ന സൂചന വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നുണ്ട്.
ഈസാ നബി(അ) ഉയര്‍ത്തപ്പെടുന്നതിനു മുമ്പ് വേദക്കാര്‍ മുഴുവന്‍ അദ്ദേഹത്തില്‍ വിശ്വസിച്ചിട്ടില്ല എന്നത് എല്ലാവരാലും അംഗീകരിക്കപ്പെടുന്ന ഒരു സത്യമാണ്. എല്ലാവരും ഒന്നടങ്കം അദ്ദേഹത്തില്‍ വിശ്വസിക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ഇറങ്ങിവരവ് നിര്‍ബന്ധമാണ്. അക്കാര്യം അല്ലാഹു ഇപ്രകാരം ഉണര്‍ത്തി: ”വേദക്കാരില്‍ ആരുംതന്നെ അദ്ദേഹത്തിന്റെ (ഈസായുടെ) മരണത്തിനു മുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടായിരിക്കുന്നതല്ല. അന്ത്യദിനത്തില്‍ അവര്‍ക്കെതിരില്‍ അദ്ദേഹം സാക്ഷിയാവുകയും ചെയ്യും” (നിസാഅ് 159). ആ വിഷയത്തില്‍ വന്ന സ്വഹീഹായ ഹദീസുകള്‍ ശ്രദ്ധിക്കുക: ഒന്ന്: ”നബി(സ) പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെ തന്നെയാണ് സത്യം. മര്‍യമിന്റെ മകന്‍ (ഈസാ) നിങ്ങളില്‍ നീതിപൂര്‍വം ഭരണം നടത്താന്‍ ഇറങ്ങിവരുക തന്നെ ചെയ്യും. അദ്ദേഹം പന്നിയെ കൊല്ലുകയും കുരിശിനെ തകര്‍ക്കുകയും കപ്പം ചുമത്തുകയും (അമുസ്‌ലിംകളില്‍) ചെയ്യും” (ബുഖാരി). രണ്ട്: നബി(സ) പറഞ്ഞു: ”മര്‍യമിന്റെ പുത്രന്‍ ഈസാ ഇറങ്ങിവരികയും അങ്ങനെ പന്നിയെ കൊല്ലുകയും കുരിശിനെ നശിപ്പിക്കുകയും ചെയ്യും” (അഹ്മദ്). മൂന്ന്: ”നിങ്ങളുടെ ഭരണാധികാരിയായി മര്‍യമിന്റെ പുത്രന്‍ മസീഹ് ഇറങ്ങിവന്നാല്‍ എങ്ങനെയുണ്ടാകും എന്ന് നബി(സ) ചോദിക്കുകയുണ്ടായി” (ബുഖാരി).
എന്നാല്‍ മഹ്ദി ഇമാം അവസാനകാലത്ത് ഇറങ്ങിവരും എന്ന നിലയിലുള്ള ഒരു ഹദീസും സ്വഹീഹായി വന്നിട്ടില്ല. അത് ശീഈ നിര്‍മിതമാണെന്നും ഖവാരിജ് നിര്‍മിതമാണെന്നും അഭിപ്രായങ്ങളുണ്ട്. ആ വിഷയത്തില്‍ വന്ന സകല ഹദീസുകളും സ്വീകാരയോഗ്യമല്ലാത്ത മുള്ത്വരിബ് ആശയങ്ങളുള്ളതോ നബി(സ)യുടെ മേല്‍ കളവുകള്‍ ആരോപിക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥകളിലുള്ളവയാണ്. നബി(സ) പറഞ്ഞു: ”എന്റെ പേരില്‍ വല്ലവനും മനഃപൂര്‍വം നുണ പറയുന്നപക്ഷം അവന്റെ ഇരിപ്പിടം അവന്‍ നരകത്തില്‍ ഒരുക്കിക്കൊള്ളട്ടെ” (ബുഖാരി). ഈ വിഷയത്തില്‍ വന്ന ചില റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാം: ഒന്ന്: നബി(സ) പറഞ്ഞു: ”മര്‍യമിന്റെ പുത്രന്‍ ഈസായല്ലാതെ മഹ്ദിയില്ല” (ബൈഹഖി, ഹാകിം). ഈ ഹദീസാണ് ഖാദിയാനികള്‍ ഉദ്ധരിക്കാറുള്ളത്. ഈ ഹദീസിനെക്കുറിച്ച് ഇമാം തിര്‍മിദി രേഖപ്പെടുത്തിയത് ഇപ്രകാരമാണ്. ഇബ്‌നു ഹജര്‍(റ) പ്രസ്താവിച്ചു: ”ഈ ഹദീസിന്റെ പരമ്പരയില്‍ ഹദീസുകള്‍ നിര്‍മിച്ചുണ്ടാക്കുന്ന അബ്ബാനുബ്‌നു സ്വാലിഹ് എന്ന വ്യക്തിയുണ്ട്” (അത്തഹ്ദീബുത്തഹ്ദീബ് 1:95).
രണ്ട്: നബി(സ) പ്രസ്താവിച്ചു: ”മഹ്ദി എന്റെ കുടുംബ പരമ്പരയില്‍ പെട്ടവനാണ്. ഭിന്നിച്ചു നില്‍ക്കുന്ന മുസ്‌ലിംകളെ ഒരു രാത്രി കൊണ്ട് അവന്‍ യോജിപ്പിക്കും” (ഇബ്‌നുമാജ). ഈ ഹദീസിനെക്കുറിച്ച് പ്രമുഖ ചരിത്രപണ്ഡിതനായ ഇബ്‌നു ഖല്‍ദൂന്‍(റ) പ്രസ്താവിച്ചു: ”ഇതിന്റെ പരമ്പരയില്‍ ഇബ്‌റാഹീമുബ്‌നു മുഹമ്മദ് എന്ന വ്യക്തിയുണ്ട്. ഈ വിഷയത്തില്‍ വന്ന എല്ലാ ഹദീസുകളും നിര്‍മിതമാണ്” (മുഖദ്ദിമതു ഇബ്‌നു ഖല്‍ദൂന്‍). ഈ വിഷയത്തില്‍ വന്ന സകല ഹദീസുകളും വ്യത്യസ്തങ്ങളാണ്. അഥവാ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും അവ്യക്തങ്ങളുമാണ്.
മൂന്ന്: ജലാലുദ്ദീനുസ്സുയൂഥിയുടെ അഭിപ്രായം കാണുക: മഹ്ദിയുടെ വിഷയത്തില്‍ വന്ന ഹദീസുകള്‍ വിഭിന്നങ്ങളാണ്. അപ്രകാരമാണ് (ഹദീസ്) പണ്ഡിതന്മാരുടെ പ്രസ്താവന. ചില ഹദീസുകള്‍ പറയുന്നത്, മര്‍യമിന്റെ പുത്രന്‍ ഈസായല്ലാതെ മറ്റൊരു മഹ്ദിയില്ല എന്നാണ്. ബഹുഭൂരിപക്ഷം ഹദീസുകളും അതിനു വിരുദ്ധവുമാണ്. അദ്ദേഹം നബി(സ)യുടെ കുടുംബത്തില്‍ പെട്ട വ്യക്തിയാണെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. മറ്റു ചില റിപ്പോര്‍ട്ടുകളില്‍ അദ്ദേഹം ഫാത്വിമ(റ)യുടെ പുത്രനാണെന്ന് വന്നിട്ടുണ്ട്. വറെ ചില റിപ്പോര്‍ട്ടുകളില്‍ അദ്ദേഹം അബ്ബാസി(റ)ന്റെ പുത്രനാണെന്നും വന്നിട്ടുണ്ട് (അല്‍ഹാവീലില്‍ ഫതാവാ 2:114).
നാല്: ഇമാം ഇബ്‌നു തൈമിയ(റ)യുടെ അഭിപ്രായം മഹ്ദിയുടെ വരവ് ശീഈ നിര്‍മിതിയാണെന്നാണ്. ‘റാഫിഈകള്‍ (ശിയാക്കളിലെ പ്രബല വിഭാഗം) പ്രസ്താവിച്ചതായി ഇബ്‌നുല്‍ ജൗസി(റ) ഇബ്‌നു ഉമറി(റ)ല്‍ നിന്നു പരമ്പരയോടുകൂടി ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നബി(സ) പറ ഞ്ഞു: എന്റെ സന്താനങ്ങളില്‍പെട്ട ഒരാള്‍ അന്ത്യദിനത്തില്‍ പുറപ്പെടുന്നതാണ്. അദ്ദേഹത്തിന്റെ പേര് എന്റെ പേരു പോലെയായിരിക്കും. അദ്ദേഹത്തിന്റെ ഉപനാമവും എന്റെ ഉപനാമം പോലെയായിരിക്കും. അദ്ദേഹം ഭൂമി മുഴുവനും നീതി കൊണ്ട് നിറയ്ക്കും. അദ്ദേഹം തന്നെയാണ് മഹ്ദി (മിന്‍ഹാജുസ്സുന്നത്തിന്നബവിയ്യ 2:576).
അഞ്ച്: അപ്രകാരം ശീഇകളും ഉദ്ധരിച്ചിട്ടുണ്ട്. അവര്‍ ആഇശ(റ)യെ (പ്രവാചകപത്‌നി) വിശേഷിപ്പിക്കാറുള്ളത് വ്യഭിചാരിണി എന്ന നിലയിലാണ്. അവര്‍ സ്വഹാബിമാരെ അഥവാ അലി(റ)യെ ഒഴിച്ചു മൂന്ന് ഖലീഫമാരെയും ശപിക്കുന്നവരാണ്. കൂട്ടത്തില്‍ ഒന്നാം ഖലീഫയായിരുന്ന അബൂബക്കറി(റ)ന്റെ പുത്രിയെയും അവര്‍ ശപിക്കുന്നു എന്നു മാത്രം. അവരെക്കുറിച്ച് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി: എന്നാല്‍ അവരുടെ ജല്‍പനം ഇപ്രകാരമാണ്: അന്ത്യദിനത്തില്‍ ആഇശ(റ) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയും മഹ്ദി അവരുടെ മേല്‍ ഹദ്ദ് (വ്യഭിചാരശിക്ഷ) നടപ്പില്‍ വരുത്തുന്നതുമാണ് (ഇലലുശ്ശറാഇ, പേജ് 303).
ആറ്: റഷീദ് രിദാ(റ) ഈ ഹദീസ് മുള്ത്വരിബ് (ആശയക്കുഴപ്പം) ഉള്ളതാണെന്ന അഭിപ്രായക്കാരനാണ്. അത്തരം ഹദീസുകള്‍ തെളിവിനു കൊള്ളുന്നതല്ല. ”മഹ്ദിയുടെ വരവിനെ സംബന്ധിച്ചു വന്നിട്ടുള്ള ഹദീസുകളില്‍ വൈരുധ്യങ്ങള്‍ ശക്തവും പ്രകടവുമാണ്. അവ തമ്മില്‍ കൂട്ടിയോജിപ്പിക്കല്‍ പ്രയാസകരവുമാണ്. പ്രസ്തുത ഹദീസുകളെ നിരാകരിക്കുന്നവര്‍ നിരവധിയാണ്. പ്രസ്തുത ഹദീസുകളില്‍ അവ്യക്തത വളരെ പ്രകടവുമാണ്. അതുകൊണ്ടാണ് ഇമാം ബുഖാരിയും മുസ്‌ലിമും അവരുടെ സ്വഹീഹായ ഹദീസ് ഗ്രന്ഥങ്ങളില്‍ യാതൊരുവിധ പരിഗണനയും നല്‍കാതിരുന്നത്” (തഫ്‌സീറുല്‍ മനാര്‍ 9:499).
ഏഴ്: ഇമാം ശാത്വബിയുടെ പ്രസ്താവന നോക്കുക: ”ഖവാരിജുകളുടെ വാദപ്രകാരം സത്യത്തെ സഹായിക്കാന്‍ പടിഞ്ഞാറു ഭാഗത്തുനിന്ന് മഹ്ദി ഇമാം പുറപ്പെടുമെന്നതും ബിദ്അത്തുകള്‍ നിര്‍മിച്ചുകൊണ്ട് അവര്‍ മുസ്‌ലിം സമുദായത്തെ ഭിന്നിപ്പിച്ചതും പ്രസ്താവ്യമാണ്. രാഷ്ട്രീയവും അല്ലാത്തതുമായ ഒരുപാട് കാര്യങ്ങള്‍ ദീനില്‍ പുതുതായി നിര്‍മിച്ചുണ്ടാക്കുക വഴി അവര്‍ (ഖവാരിജുകള്‍) നബി(സ)യുടെ ചര്യയില്‍ നിന്നു പുറത്തുപോയിരിക്കുന്നു” (അല്‍ഇഅ്തിസാം 2:702).