14 Tuesday
January 2025
2025 January 14
1446 Rajab 14

മാറ്റിനിര്‍ത്തലുകള്‍ കൊണ്ട് അടഞ്ഞുപോകുന്നതല്ല ചരിത്രം

ഡോ. ഫിര്‍ദൗസ് ചാത്തല്ലൂര്‍


ഒരു രാജ്യത്തിനു മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജം നല്‍കുന്നതാണ് ചരിത്രം. ചരിത്രത്തില്‍ നിന്ന് ഗുണകരമായത് സ്വീകരിക്കുകയും അനിഷ്ടകരമായ സംഭവങ്ങള്‍ വെടിയുകയും ചെയ്യുക എന്നതാണ് ചരിത്രധര്‍മം. ചരിത്രത്തെ രാഷ്ട്രീയപ്രേരിതമായോ പ്രതികാരബുദ്ധിയോടെയോ സമീപിക്കുന്നത് സമകാലിക സാമൂഹികാവസ്ഥയെ സാരമായി ബാധിക്കുകയും പുരോഗമനാത്മക ഭാവിജീവിതത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ചരിത്രത്തില്‍ ഒരു കാലഘട്ടം അല്ലെങ്കില്‍ ഒരു വ്യക്തി അറിയപ്പെടുന്നത് കര്‍മം കൊണ്ടാണ്. മറിച്ച് അവര്‍ ഉപയോഗിച്ച ആഡംബര വസ്തുക്കള്‍ കൊണ്ടോ ചെലവേറിയ ജീവിതശൈലി കൊണ്ടോ അല്ല.
ഇന്ത്യയുടെ ഒന്നാമത്തെ വിദ്യാഭ്യാസമന്ത്രിയും ധൈഷണികനുമായ അബുല്‍ കലാം ആസാദും ഇന്ത്യന്‍ ചരിത്രത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കേണ്ട മുഗള്‍ ഭരണകൂടവുമെല്ലാം ധന്യമായ സംസ്‌കൃതിയെയാണ് സൂചിപ്പിക്കുന്നത്. രാഷ്ട്രീയ-മതപക്ഷപാതിത്വത്തിന്റെ ഭാഗമായി എന്‍സിഇആര്‍ടിയുടെ പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ നിന്ന് ഇവ മാറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ ചരിത്രവുമായി ലയിച്ചുചേര്‍ന്ന ചരിത്രപുരുഷന്‍മാരെയും ധീരദേശാഭിമാനികളുടെയുമെല്ലാം ചരിത്രം പാഠപുസ്തകങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയാലും ജനാധിപത്യ ഇന്ത്യയുടെ ആത്മാവില്‍ നിന്ന് പിഴുതെറിയാന്‍ സാധിക്കില്ല. അങ്ങനെ പിഴുതെറിയപ്പെട്ട ചരിത്രത്തില്‍ നിന്നാണ് വാരിയന്‍കുന്നന്‍ സിനിമയും 1921നെ ആസ്പദമാക്കിയുള്ള സിനിമയുമെല്ലാം പുറത്തിറങ്ങിയത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ജീവന്‍ ത്യജിച്ച ധീരദേശാഭിമാനികളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ല്യാരും ഫസലുല്ലാ തങ്ങളും കുഞ്ഞാലി മരക്കാരും തുടങ്ങി അസംഖ്യം യോദ്ധാക്കളെ കുറിച്ചെല്ലാം പാഠപുസ്തകങ്ങളില്‍ വിശദമായി പഠിപ്പിക്കുന്നില്ലെങ്കിലും ജനാധിപത്യ-മതേതര വിശ്വാസികളുടെ മനസ്സില്‍ അവര്‍ക്ക് വലിയ സ്ഥാനമാണുള്ളത്. ജനാധിപത്യ-മതേതര ഇന്ത്യയെ ചരിത്രവധം നടത്തുമ്പോള്‍ അതിനെതിരെ ഗവേഷണാത്മകമായി മുന്നേറാനും ചരിത്രയാഥാര്‍ഥ്യങ്ങളെ പുറത്തുകൊണ്ടുവരാനുള്ള സാമൂഹികബോധവുമാണ് മതേതര വിശ്വാസി സമൂഹത്തിനുണ്ടാവേണ്ടത്. 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദി-അമിത്ഷാ കൂട്ടുകെട്ടിനുള്ള പങ്ക് പുതിയ തലമുറയ്ക്ക് പാഠപുസ്തകങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയാന്‍ ആഗ്രഹിച്ച ഗുജറാത്ത് കലാപത്തിന്റെ കാര്യകാരണങ്ങളെ കുറിച്ച് പഠനം നടത്തി പുതുതലമുറയ്ക്കു മുന്നില്‍ തുറന്നുപറഞ്ഞത് ബിബിസിയാണ്. ഗവേഷണാത്മകമായി പുറത്തിറക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി ഒരുപാട് ചരിത്ര യാഥാര്‍ഥ്യങ്ങളെയാണ് പുതുതലമുറയെ ബോധ്യപ്പെടുത്തുന്നത്.
അന്വേഷണാത്മകതയും ഗവേഷണ താല്‍പര്യവുമുള്ള യുവതലമുറകളെ വളര്‍ത്തിയെടുക്കുക എന്നതാണ് സമകാലിക ഇന്ത്യയില്‍ ജനാധിപത്യത്തിന് നല്‍കാവുന്ന വലിയ സമ്പത്ത്. അക്രമത്തെയും അനീതിയെയും ചെറുക്കുന്ന ജനാധിപത്യ മൂല്യബോധമുള്ള യുവത ഫാസിസ്റ്റുകള്‍ക്ക് പേടിസ്വപ്‌നം തന്നെയായിരിക്കും. മോദി-അദാനി ബന്ധവും ഇന്ത്യയുടെ സാമ്പത്തിക സ്രോതസ്സുകളില്‍ അദാനിക്കുള്ള അതിരുവിട്ട നിയന്ത്രണവുമെല്ലാം ലോകത്തോട് വിളിച്ചുപറഞ്ഞത് 38 വയസ്സുള്ള നതാന്‍ ആന്‍ഡേഴ്‌സണിന്റെ ഗവേഷണ റിപ്പോര്‍ട്ടാണ്. 9 പേരടങ്ങുന്ന ന്യൂയോര്‍ക്ക് അടിസ്ഥാനമാക്കിയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സെന്ററാണ് മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ടിന്റെ സത്യാവസ്ഥ ലോകത്തോട് പങ്കുവെച്ചത്. അതുകൊണ്ടുതന്നെ അറിവിനെ ആയുധമാക്കിക്കൊണ്ടാണ് ഫാസിസത്തെ ചെറുക്കേണ്ടത്.
സോഷ്യലിസ്റ്റ് സാമൂഹിക നിര്‍മിതിയെ തകര്‍ക്കാന്‍ ഫാസിസം കൂട്ടുപിടിക്കുന്നത് ചരിത്രത്തെ അപനിര്‍മിച്ചുകൊണ്ടാണ്. അതിന്റെ ഭാഗമായാണ് ഇന്ത്യയുടെ ഒന്നാമത്തെ വിദ്യാഭ്യാസമന്ത്രിയും ധൈഷണികനുമായ മൗലാനാ അബുല്‍ കലാം ആസാദിനെ പ്ലസ് വണ്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തിന്റെ പരിഷ്‌കരണമെന്നോണം സിലബസില്‍ നിന്ന് എന്‍സിഇആര്‍ടി ഒഴിവാക്കിയത്. ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലിയില്‍ പ്രധാനപ്പെട്ട എട്ടു കമ്മിറ്റികളുണ്ടായിരുന്നു. അതിന്റെ അധ്യക്ഷസ്ഥാനം വഹിച്ചിരുന്നവരില്‍ പ്രധാനിയായ അബുല്‍ കലാം ആസാദിനെയാണ് ഒഴിവാക്കിയത്.
എന്തുകൊണ്ടാണ് ആസാദിനെ ചരിത്രപുസ്തകങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയത്? ഇന്ത്യയെ മതേതര-സോഷ്യലിസ്റ്റ് രാഷ്ട്രമാക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചതോ അതോ ഇന്ത്യയെ ഒരു മതാധിഷ്ഠിത ഹിന്ദുരാഷ്ട്രമാക്കാന്‍ ആഗ്രഹിക്കാത്തതോ? മറിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിയേക്കാള്‍ മാനവികതയെ മുറുകെപ്പിടിക്കണമെന്നും അതിലൂടെ മാത്രമേ ഇന്ത്യ ജീവിക്കുകയുള്ളൂവെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരിക്കെ 35-ാം വയസ്സില്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതോ? വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നവര്‍ക്ക് സ്‌നേഹത്തിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും വില മനസ്സിലാവില്ല. രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തവരെ സ്തുതിക്കുന്നവര്‍ക്ക് അബുല്‍ കലാം ആസാദിനെ പോലെയുള്ളവര്‍ അനഭിമതരായിരിക്കും.
1526ല്‍ ബാബറിന്റെ ആഗമനത്തോടു കൂടിയായിരുന്നു ഇന്ത്യയില്‍ മുഗള്‍ അഥവാ മുസ്‌ലിം ഭരണകൂടം ആരംഭിച്ചത്. 1529ല്‍ മകന്‍ ഹുമയൂണ്‍ ചക്രവര്‍ത്തിയായിരിക്കുന്ന വേളയില്‍ ബാബര്‍ നല്‍കിയ കത്തില്‍ പറയുന്നത്, നിനക്ക് ഈ നാട് ഭരിക്കണമെങ്കില്‍ ഇവിടത്തെ ജനങ്ങളുടെ മതകാര്യങ്ങളില്‍ ഒരിക്കലും ഇടപെടരുത് എന്നാണ്. വ്യത്യസ്ത സാംസ്‌കാരിക സമന്വയഭൂമിയായ ഇന്ത്യയില്‍ ആരോഗ്യകരമായ ഭരണസംവിധാനം കെട്ടിപ്പടുക്കാന്‍ മതാത്മക ഭരണകൂടം അനുയോജ്യമല്ല എന്ന് മനസ്സിലാക്കിയവരായിരുന്നു മുഗള്‍ ചക്രവര്‍ത്തിമാര്‍. അതുകൊണ്ടുതന്നെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്ന ഭരണസംവിധാനമായിരുന്നു മുഗള്‍ ഭരണകൂടത്തിന്റേത്.
1206ല്‍ ഡല്‍ഹി സുല്‍ത്താന്‍ ഭരണം ആരംഭം കുറിച്ചത് മുതല്‍ 1857ല്‍ അവസാന മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫറിന്റെ കാലഘട്ടം വരെ നീണ്ട ആറു പതിറ്റാണ്ടു കാലമാണ് ഇന്ത്യയില്‍ മുഗള്‍ ഭരണം നിലനിന്നിരുന്നത്. ആ കാലഘട്ടത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം ലോക സമ്പദ്‌വ്യവസ്ഥയുടെ 22% ആയിരുന്നുവെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. 1700 കാലഘട്ടമായപ്പോഴേക്കും ഇത് 24 ശതമാനമായി ഉയരുകയും ചെയ്തു.
ഇന്ത്യക്ക് സാമ്പത്തിക അഭിവൃദ്ധിയും സാമൂഹിക പരിരക്ഷയുമുള്ള മുഗള്‍ കാലഘട്ടത്തിന്റെ ഇന്ത്യയെ മുസ്‌ലിം രാഷ്ട്രമാക്കുന്നതില്‍ അവര്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ടായിരുന്നില്ല. ഇന്ത്യയെ വൈവിധ്യങ്ങളുടെ ഭൂമികയായി കാണാനായിരുന്നു മുഗള്‍ ഭരണകൂടം താല്‍പര്യപ്പെട്ടത്. 1872ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ആദ്യ സെന്‍സസില്‍ ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ 24 ശതമാനമായിരുന്നുവെന്നത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഇന്ത്യാ ചരിത്രത്തിലെ ധന്യവും സുഭിക്ഷതയുമുള്ള മുഗള്‍ കാലഘട്ടം സമകാലിക ഫാസിസ്റ്റ് രാഷ്ട്രീയ കാലഘട്ടത്തോട് ചേര്‍ത്തുവായിക്കുന്നതിലുള്ള അന്തരം ബോധ്യപ്പെട്ടതിനാലാണ് മുഗള്‍ ഭരണകൂടത്തെയും 12-ാം ക്ലാസിലെ ചരിത്രപാഠങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. ചരിത്രപാഠങ്ങളില്‍ നിന്ന് ഇന്ത്യയുടെ ഭൂതകാലഘട്ടത്തെയും ചരിത്രപുരുഷന്മാരെയും ഫാസിസ്റ്റ് പൈശാചികത ഒഴിവാക്കിയാലും സത്യവും ധര്‍മവും ഉള്ളിടത്തോളം കാലം മാറ്റിനിര്‍ത്തപ്പെട്ട ചരിത്ര യാഥാര്‍ഥ്യങ്ങളെ തേടിയുള്ള അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കും. കാരണം അത്രമേല്‍ പൈതൃകവും പാരമ്പര്യവുമുള്ള ജനാധിപത്യ മതേതര ഭൂമികയാണ്നമ്മുടെഇന്ത്യ.

Back to Top