28 Wednesday
January 2026
2026 January 28
1447 Chabân 9

ആരാണ് അബുല്‍കലാം ആസാദ്?

കണിയാപുരം നാസറുദ്ദീന്‍

ഇന്ത്യന്‍ ചരിത്രത്തില്‍ അബുല്‍കലാം ആസാദ് ആരാണ്? കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ ഏവര്‍ക്കും ഈ പേര് സുപരിചിതമാണ്. കലാം എന്നാല്‍ സംസാരം എന്നാണ് അര്‍ഥം. അബുല്‍ കലാം എന്ന് പറഞ്ഞാല്‍ ഭാഷണത്തിന്റെ പിതാവ്. നന്നായി സംസാരിക്കാനുള്ള പാടവം ഉണ്ടായിരുന്നതിനാലാകണം അബുല്‍ കലാം ആയത്. മതഭക്തിയോടൊപ്പം തന്നെ രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനവും നിര്‍വഹിച്ചവര്‍ ആയിരുന്നു നവോത്ഥാന നായകരെല്ലാം. വിശുദ്ധ ഖുര്‍ആനിന് തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന പേരില്‍ വ്യാഖ്യാനം എഴുതി. തന്റെ നാട്ടിലും ചുറ്റിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരുന്നതിനു വേണ്ടി കഠിനത്യാഗം സഹിച്ച മഹാരഥന്മാരില്‍ ഒരാളാണ് അബുല്‍ കലാം ആസാദ് എന്ന അപരനാമം ലഭിച്ച മുഹ്‌യുദ്ദീന്‍ അഹ്മദ് ബിന്‍ ഖൈറുദ്ദീന്‍. രാജ്യത്തിന്റെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന അദ്ദേഹം വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക നവോത്ഥാന നായകനും ഒക്കെയായിരുന്നു.
ചില ചരിത്ര യാഥാര്‍ഥ്യങ്ങളെ പുറംകാലുകൊണ്ട് തട്ടിക്കളഞ്ഞ് നമുക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല എന്നത് വലിയ യാഥാര്‍ഥ്യമാണ്. ഞാന്‍ ആഗ്രഹിക്കുന്നത് രാജ്യത്തെ മതേതരത്വമാണ്. ഹിന്ദു-മുസ്‌ലിം ഐക്യമാണ്. ആ ഐക്യം തകര്‍ത്തിട്ട് എനിക്ക് ഒന്നും വേണ്ടെന്ന് സധൈര്യം പ്രഖ്യാപിക്കാന്‍ മറ്റാര്‍ക്കാണ് കഴിയുക! രാജ്യത്തിന്റെ സമാധാനവും സഹിഷ്ണുതയും നിലനില്‍ക്കണമെന്ന് ആവോളം ആഗ്രഹിച്ച, ചരിത്രം നിര്‍മിച്ചവര്‍ ആ ചരിത്രത്തിന് പുറത്തുകടക്കാന്‍ പോവുകയാണ്. ഇത് കേവലം ഒറ്റപ്പെട്ട സംഭവം മാത്രമല്ല. പലരെയും ഇതുപോലെ ചരിത്രത്തില്‍ നിന്ന് അടര്‍ത്തി എടുക്കുന്നതിന്റെ തുടക്കമാവുമോ എന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു നമ്മളെല്ലാം. ചരിത്രം വികലമാക്കി ഭാവനാചരിത്രമെഴുതി തങ്ങളെ സ്ഥാപിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്. അബുല്‍ കലാം ആസാദിനെപ്പോലെയുള്ളവര്‍ തങ്ങളുടെ മുസ്‌ലിം സ്വത്വത്തിന്റെ പേരില്‍ അകറ്റിനിര്‍ത്തപ്പെടുന്നു എന്നത് വലിയ വിപത്തിന്റെ സൂചനയായി വേണം കാണാന്‍.

Back to Top