30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങിയത് ആശങ്കാജനകം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: ജാതിയും മതവും പറഞ്ഞ് കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കുന്നതില്‍നിന്നും ഉത്തരവാദപ്പെട്ട ഭരണനേതൃത്വങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും വിട്ടുനില്‍ക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി മാത്രം ചര്‍ച്ച നടത്തി സമുദായങ്ങള്‍ക്കിടയില്‍ ദുരൂഹതകളുണ്ടാക്കിയത് ഒട്ടും അംഗീകരിക്കാവതല്ല. സമുദായ സ്പര്‍ധയുണ്ടാക്കാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങിയത് കടുത്ത അപരാധമാണ്.
കേരളത്തെ ലോകത്തിനു മുമ്പില്‍ അപമാനിക്കുന്ന ‘ദി കേരള സ്‌റ്റോറി’ എന്ന സിനിമ പ്രദര്‍ശനം വിലക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഇനിയും ഒരു തീരുമാനത്തിലെത്താത്തത് ആശങ്കാജനകമാണ്. സിനിമ പ്രദര്‍ശനം കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഗൂഢപദ്ധതിയാണെന്ന് ബോധ്യപ്പെട്ടിട്ടും കൃത്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിച്ചുനില്‍ക്കുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കും. 32,000 കേരളീയ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി നാടുകടത്തി എന്നത് തീര്‍ത്തും കള്ളക്കഥയാണെന്നിരിക്കെ സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. 32000 കേരളീയ പെണ്‍കുട്ടികളെ വിദേശത്തേക്ക് കടത്തി എന്ന ആരോപണം ശരിവെക്കുന്ന സംഘ്പരിവാര്‍ സഖ്യശക്തികള്‍ മോദി സര്‍ക്കാറിന്റെ ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് സമ്മതിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ പി അബ്ദുര്‍റഹ്മാന്‍ സുല്ലമി, എന്‍ജിനീയര്‍ സൈതലവി, അഡ്വ. പി മുഹമ്മദ് ഹനീഫ, കെ എം കുഞ്ഞമ്മദ് മദനി, എം അഹ്മദ്കുട്ടി മദനി, പ്രഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, പി അബ്ദുല്‍അലി മദനി, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ഡോ. ജാബിര്‍ അമാനി, ഫൈസല്‍ നന്മണ്ട, എം എം ബശീര്‍ മദനി, എം ടി മനാഫ്, ബി പി എ ഗഫൂര്‍, പി പി ഖാലിദ്, എം കെ മൂസ സുല്ലമി, അബ്ദുസ്സലാം പുത്തൂര്‍, കെ പി അബ്ദുര്‍റഹ്മാന്‍, സഹല്‍ മുട്ടില്‍, ഡോ. കെ ടി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു.

Back to Top