23 Thursday
October 2025
2025 October 23
1447 Joumada I 1

വര്‍ഗീയത കച്ചവടം ചെയ്യുന്ന സംഘപരിവാരം

അബ്ദുല്‍ബാരി

കോഴിക്കോട്ട് പുതിയ ഒരു വിവാദം കൂടി ഉയര്‍ന്നു വന്നിരിക്കുന്നു. സംഘരാഷ്ട്രീയത്തിന്റെ നുണബോംബുകള്‍ പുറപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തവണ അത് തളി പ്രദേശം കേന്ദ്രീകരിച്ചാണ്. തളി പ്രദേശം ഇസ്ലാമികവത്കരിക്കുകയാണെന്നും മന്ത്രി റിയാസും ഡെപ്യൂട്ടി മെയര്‍ മുസാഫര്‍ അഹമ്മദും അതിന് നേതൃത്വം നല്കുകയാണെന്നുമാണ് സംഘി പക്ഷം. തളി പ്രദേശം ഇപ്പോള്‍ ഗൂഗ്ള്‍ മാപ്പില്‍ മര്‍കസുദ്ദഅ്‌വ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും മറ്റും പറഞ്ഞ് ശശികലയാണ് സംഘപ്രചാരവേലയ്ക്ക് തുടക്കമിട്ടത്.
30 വര്‍ഷത്തിലേറെയായി മര്‍കസുദ്ദഅ്‌വ ഇപ്പോള്‍ നിലനില്ക്കുന്ന പ്രദേശത്ത് സ്ഥാപിതമായിട്ട്. മുമ്പും തളി എന്ന പേര് സെര്‍ച്ച് ചെ യ്യുമ്പോള്‍ മര്‍കസുദ്ദഅ്‌വയും അനുബന്ധ സ്ഥാപനങ്ങളുമൊക്കെ സ്‌ക്രീനില്‍ തെളിഞ്ഞിട്ടുണ്ട്. ഒരു പ്രദേശത്തുള്ള എല്ലാ സ്ഥാപനങ്ങളും തിരച്ചിലുകള്‍ക്ക് റിസല്‍ട്ട് ആയി വരിക സ്വാഭാവികം മാത്രമാണ്. അതില്‍ അസ്വാഭാവികത ആരോപിക്കുന്നത് വര്‍ഗീയ അജണ്ടയുടെ മൂര്‍ത്തതയല്ലാതെ മറ്റൊന്നുമല്ല.
കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പുതുക്കിപ്പണിത ഓഡിറ്റോറിയത്തിന് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ പേര് നല്കിയതും അതിന്റെ മുന്നിലുള്ള ചെറിയ ത്രികോണ പാര്‍ക്കിന് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട നൗഷാദിന്റെ പേരിട്ടതുമാണ് സംഘികളുടെ പുതിയ വിഷപ്രചാരണത്തിന് ഹേതു. തളിക്ഷേത്രത്തെ മുന്‍നിര്‍ത്തി സംഘപരിവാര്‍ സംഘടനകള്‍ നടത്തി കൊണ്ടിരിക്കുന്ന വര്‍ഗീയ വിദ്വേഷ പ്രചരണങ്ങള്‍ സാമുദായിക വിഭജനമുണ്ടാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഹീനമായ നീക്കമാണ്. സമൂഹ ശരീരത്തെയാകെ വൃത്തികേടാക്കാനുള്ള കളിയാണിത്. തളിക്ഷേത്രവും മിഷ്‌ക്കാല്‍ പള്ളിയുമൊക്കെ കോഴിക്കോട്ടെ മതസൗഹാര്‍ദ്ദ ജീവിതത്തിന്റെ പ്രതീകങ്ങളാണ്. സംഘപരിവാറുകാര്‍ തളിക്ഷേത്ര പരിസരത്തെ ഇസ്ലാമികവല്‍ക്കരിക്കുകയാണെന്ന നുണ പ്രചരണമാണ് നടത്തി കൊണ്ടിരിക്കുന്നത്.
കോഴിക്കോടിന്റെയും കേരളത്തിന്റെയും വീരപുത്രനായ അബ്ദുറഹ് മാന്‍ സാഹിബിന്റെ നാമം സ്വാതന്ത്ര്യ ജൂബിലി ഹാളിന് നല്‍കുന്നത് ഇസ്ലാമികവല്‍ക്കരണമെന്ന് പറയാനുള്ള ചരിത്രബോധമില്ലായ്മയും ഹൃദയശൂന്യതയും ആര്‍ എസ് എസിനെ പോലുള്ള സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത അഞ്ചാം പത്തികള്‍ക്ക് ജന്മസിദ്ധമായുള്ളതാണ്. ഉപ്പ് സത്യാഗ്രഹ സമരത്തില്‍ ബ്രിട്ടീഷധികാരത്തെ വിറപ്പിച്ച, കോഴിക്കോട് കടപ്പുറത്തെ മണല്‍ തരികളെ പോലും ആവേശം കൊള്ളിച്ച അബ്ദുറഹ്മാന്‍ സാഹിബ് എന്ന പോരാളിയെ ഇന്നും ബ്രിട്ടീഷ് ഏജന്‍സി പണിയെടുത്ത ആര്‍ എസ് എസുകാര്‍ എന്ത് മാത്രം ഭയപ്പെടുന്നുവെന്നാണ് അവരുടെ ദുഷ്ട പ്രചരണങ്ങള്‍ കാണിക്കുന്നത്.
കോഴിക്കോടിന്റെ മതനിരപേക്ഷ പാരമ്പര്യത്തെയും സംസ്‌കാരത്തെയും അപമാനിക്കും വിധം തളിക്ഷേത്രത്തെ മുന്‍നിര്‍ത്തി സംഘപരിവാര്‍ സംഘടനകള്‍ നടത്തി കൊണ്ടിരിക്കുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അവരോട് ഈ സന്ദര്‍ഭത്തില്‍ പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. കോഴിക്കോടിന്റെ പാരമ്പര്യം ഹിന്ദു മുസ്ലിം മൈത്രിയുടെയും കൊളോണിയല്‍ ശക്തികള്‍ക്കെതിരായ ഒന്നിച്ചു നിന്ന പോരാട്ടത്തിന്റെതുമാണ്. സാമൂതിരിയും സയ്യിദ് മഖ്ദൂമും നായര്‍ പടയും മരക്കാര്‍സേനയും ഒന്നിച്ച് നിന്ന് നടത്തിയ പോരാട്ടത്തിന്റെ ചരിത്രമാണ് കോഴിക്കോടിന്റെ പാരമ്പര്യം.

Back to Top