2 Wednesday
July 2025
2025 July 2
1447 Mouharrem 6

സൗഹൃദ പൊലിമയില്‍ ഫിത്വ്ര്‍ പെരുന്നാള്‍

ഡോ. കെ ടി അന്‍വര്‍ സാദത്ത്‌


വംശീയ ഉന്‍മൂലനങ്ങളും വര്‍ഗീയ കലാപങ്ങളും മതവൈരവും വ്യത്യസ്ത കാലങ്ങളില്‍ രാജ്യത്ത് സജീവമായിരുന്നത് ചരിത്രത്തില്‍ കാണാവുന്നതാണ്. ഹിന്ദു-ബുദ്ധ, ഹിന്ദു-മുസ്‌ലിം, മുസ്‌ലിം-സിഖ്, ക്രിസ്ത്യന്‍- മുസ്‌ലിം, ഹിന്ദു എന്നീ മതവിഭാഗങ്ങള്‍ക്കിടയിലുണ്ടായ സംഘട്ടനങ്ങള്‍ ഗതകാല ഇന്ത്യാ ചരിത്രത്തിലെ വേദനകളാണ്. ന്യൂനപക്ഷങ്ങളാണ് ഇത്തരം സംഘട്ടനങ്ങളില്‍ കെടുതികള്‍ക്കിരയാകുന്നത്. മൈത്രിയുടെ സന്ദേശത്തിന് എല്ലാ മതവിശ്വാസികളില്‍ നിന്നും സ്വീകാര്യത ലഭിച്ച സന്ദര്‍ഭങ്ങളും രാജ്യത്ത് ധാരാളമായിട്ടുണ്ടായിട്ടുണ്ട്. വൈദേശികാധിപത്യത്തില്‍ നിന്ന് ജന്മനാടിനെ മോചിപ്പിക്കുന്നതിനുള്ള സംഘര്‍ഷങ്ങള്‍ മാനവ സാഹോദര്യത്തിലൂന്നിയ ഉദാത്ത സമരങ്ങളായിരുന്നു.
ഉന്‍മൂലന പ്രത്യയശാസ്ത്രത്തിന്റെ ഉത്ഥാന ഗതിയിലാണ് രാജ്യം ഇപ്പോഴുമുള്ളത്. മത വിശ്വാസികള്‍ക്കിടയില്‍ ധ്രുവീകരണം സാര്‍ഥകമാക്കുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ മുന്‍കാലങ്ങളേക്കാള്‍ മുന്നോട്ടു ഗമിച്ചുകൊണ്ടിരിക്കുന്നു. വെറുപ്പുല്‍പാദന കേന്ദ്രങ്ങള്‍ സജീവ സാന്നിധ്യമായിരിക്കുന്നു. അധികാര പ്രമത്തതയില്‍ മാനുഷിക മൂല്യങ്ങള്‍ക്ക് മേല്‍ കരിമ്പടം പുതപ്പിച്ചിരിക്കുന്നു. വിഭിന്നമായ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രദേശങ്ങളുമുണ്ട് നമ്മുടെ രാജ്യത്ത്. മനുഷ്യനെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇടംകൊടുക്കാതെ മാറിനില്‍ക്കാന്‍ കേരളത്തിന് നാളിതുവരെ സാധ്യമായിട്ടുണ്ട്.
ചരിത്രത്തില്‍ ‘കേരളീയത’ ഉരുവംകൊണ്ട സാഹചര്യം വ്യത്യസ്തമായിരുന്നു. ജാതീയതയും ഉഛനീചത്വങ്ങളും മലിനമാക്കിയ കേരളീയ സാമൂഹിക പരിസരത്തിലേക്കാണ് സെമിറ്റിക് മതങ്ങളുടെ കടന്നുവരവുണ്ടായത്. ജൂതായിസവും ക്രിസ്റ്റ്യാനിറ്റിയും ഇസ്‌ലാമും ആ മതങ്ങളുടെ ആവിര്‍ഭാവ കാലത്തു തന്നെ അറബിക്കടലിലൂടെ കേരളത്തിലെത്തിയിരുന്നു. അറേബ്യയില്‍ ഇസ്‌ലാമിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നതിന് മുമ്പ് ചരിത്രാതീത കാലം മുതല്‍ തന്നെ അറബികള്‍ക്ക് കേരളക്കരയുമായി വ്യാപാര ബന്ധമുണ്ടായിരുന്നു. വ്യാപാര ബന്ധത്തിലൂടെ മലബാറിന്റെ നന്മയും അറബികളുടെ സത്യസന്ധതയും കൂടി കൈമാറ്റം ചെയ്യപ്പെട്ടു. ഇതോടൊപ്പം വൈവാഹിക ബന്ധങ്ങള്‍ രൂപപ്പെട്ടു. ഇസ്‌ലാമിന്റെ ആഗമനത്തോടെ മൂല്യവത്തായ ഒരു സംസ്‌കാരം കൂടി മലബാറിന്റെ തീരങ്ങളില്‍ വളര്‍ന്നുപന്തലിച്ചു. കേരവൃക്ഷങ്ങളാല്‍ നിബിഢമായ ഈ തീരം മനുഷ്യനെ മനുഷ്യനായി പരിഗണിക്കാനും അംഗീകരിക്കാനും ആരംഭിച്ചു.
രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതിലും രാജ്യത്തെ നാണ്യവിളകളുടെ വ്യാപാരത്തിലൂടെ സുഭിക്ഷമാക്കുന്നതിലും മതാതീതമായ ഇടപെടലുകളുണ്ടായി.
സാമൂതിരിയും കുഞ്ഞാലി മരക്കാര്‍മാരും കോലത്തിരിയും വലിയ ഹസനും രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്ത ശക്തികള്‍ക്കെതിരില്‍ സമാന മനസ്‌കരായി അണിനിരന്നത് അതുകൊണ്ടാണ്. ഈ കാലത്തിറങ്ങിയ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്റെ തുഹ്ഫത്തുല്‍ മുജാഹിദീനും ഖാദി മുഹമ്മദിന്റെ ഫത്ഹുല്‍ മുബീനും രാജ്യസംരക്ഷണത്തിന് സംഘം ചേരണമെന്നതിന് ആശയാടിത്തറ ഒരുക്കിയ രചനകളാണ്. മലബാറില്‍ ചിരകാലങ്ങളായി നിലനിന്നിരുന്ന മുസ്‌ലിംകളുമായുള്ള സൗഹാര്‍ദം തകര്‍ത്തെറിയാനുള്ള പോര്‍ച്ചുഗീസ് ശ്രമങ്ങള്‍ക്ക് ഇടംകൊടുക്കാതെയുള്ള പ്രതിരോധത്തിനാണ് പിന്നീട് മലബാര്‍ സാക്ഷ്യംവഹിച്ചത്.
അധികാര താല്‍പര്യങ്ങള്‍ ഈ ബന്ധങ്ങളെ അധികനാള്‍ വാഴിക്കാതെ തകര്‍ത്തെറിഞ്ഞെങ്കിലും കേരളത്തില്‍ രൂപപ്പെട്ട മതസൗഹാര്‍ദത്തിന് തുടര്‍ച്ചയുണ്ടായിയെന്നതാണ് പിന്നീടുള്ള കാലത്തില്‍ നിന്ന് മനസ്സിലാകുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ഗീയ ലഹളകളും വിഭജനവും അകല്‍ച്ചയുടെ ആഴം വര്‍ധിപ്പിച്ചപ്പോഴും കേരളത്തില്‍ അതിന് വേരോട്ടം ലഭിക്കാതിരുന്നത് അത്രയും ഗാഢമായ മൈത്രിയിലൂന്നിയ മതങ്ങള്‍ക്കിടയിലെ ഇഴയടുപ്പം തുടക്കത്തിലേ ഇവിടെ രൂപപ്പെട്ടതുകൊണ്ടാണ്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ വളര്‍ന്നുവന്ന നവോത്ഥാന ശ്രമങ്ങള്‍ ഈ സൗഹാര്‍ദ അന്തരീക്ഷത്തെ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോയതായി കാണാം. വക്കം മൗലവിയും രാമകൃഷ്ണ പിള്ളയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും കെ പി കേശവ മേനോനും ഈ തുടര്‍ച്ചയിലെ കണ്ണികളാണ്. കേരള മൈത്രിക്ക് അഭംഗുരം ഗമിക്കാന്‍ നവോത്ഥാന നായകര്‍ ഊടുംപാവും പ്രദാനം ചെയ്യുകയായിരുന്നു. ഒരു ദേശവും അവിടുത്തെ ജനതയും ആദാന പ്രദാനങ്ങളിലൂടെ രൂപപ്പെട്ട അവരുടെ സംസ്‌കാരവും ജാതീയതയെ അതിജയിച്ച മനോഭാവവും, ഇടകലര്‍ന്ന് ഒന്നായി നില്‍ക്കണമെന്ന ഒരുമയുടെ ചിന്തയെ ശക്തിപ്പെടുത്തുകയായിരുന്നു. കേരളീയത പരുവപ്പെടുന്നത് ഇതില്‍ നിന്നാണ്.
ജാതീയതയുടെയും വൈദേശികാധിപത്യത്തിന്റെയും പരുക്കുകളെ സൗഹാര്‍ദത്തിന്റെ പാന്ഥാവിലൂടെ അതിജീവിച്ച കേരളീയ സമൂഹം രാഷ്ട്രീയ വൈരത്തിന്റെയും മതതീവ്രവാദത്തിന്റെയും മുന്നില്‍ പകര്‍ച്ചയോടെ നില്‍ക്കുകയാണ്. മതതീവ്രവാദത്തിന്റെ അപകടകരമായ വിത്തുകള്‍ നാമ്പെടുത്ത് ജീവന്‍കൊണ്ടപ്പോള്‍ ശക്തമായ സാമൂഹിക അതിര്‍വരമ്പുകള്‍ കഴിഞ്ഞ കാലത്ത് കേരളത്തില്‍ ഉയര്‍ന്നുവന്നു. ഫാസിസത്തിന്റെ ദ്രംഷ്ടകള്‍ വേഗത്തില്‍ ആഴ്ത്തിറക്കാന്‍ കേരളത്തിന്റെ മണ്ണ് പാകപ്പെടുത്തികൊണ്ടിരിക്കുകയാണിപ്പോള്‍. ആസുരകാലം ദുഷ്ട ചിന്തകര്‍ക്ക് മാത്രമേ ഫലപ്പെടുകയുള്ളൂ എന്ന് തിരിച്ചറിയപ്പെടാതെ പോകുന്നു.
മലീമസമായികൊണ്ടിരിക്കുന്ന ഈ പരിസരത്ത് നിന്നാണ് ഇസ്‌ലാഹീ യുവജന പ്രസ്ഥാനം കാത്തുവെക്കാം സൗഹൃദ കേരളമെന്ന പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. നവോത്ഥാന പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരുടെ സമയോചിത ഇടപെടലുകള്‍ മുമ്പുമുണ്ടായിട്ടുണ്ട്. മതം തീവ്രവാദത്തിനെതിരെയെന്ന ശക്തമായ പ്രചാരണം കേരളത്തില്‍ ഐ എസ് എം നടത്തുന്നത് ബാബരി മസ്ജിദിന്റെ ധ്വംസനത്തിന് ശേഷമുള്ള സമയത്താണ്. മുസ്‌ലിം യുവാക്കള്‍ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ടരായി കൊണ്ടിരുന്നപ്പോള്‍ തടംകെട്ടി നിര്‍ത്തിയത് ഇസ്‌ലാഹീ യുവജന പ്രസ്ഥാനമായിരുന്നു. ഫാസിസം രാജ്യത്തിന് ഭീഷണിയായി വളര്‍ന്നുതുടങ്ങിയ കാലത്ത് ഫാസിസത്തിനെതിനെ മതേതര കൂട്ടായ്മ ഉയരണമെന്നത് ഐ എസ് എമ്മിന്റെ ഉണര്‍ത്തുവാക്യമായിരുന്നു.
ഏകമാനവതയ്ക്ക് ഏകദൈവ ദര്‍ശനം, ഒരേയൊരു ദൈവം ഒരൊറ്റ ജനത, മതം മനുഷ്യസൗഹാര്‍ദത്തിന്, മാനവമൈത്രിക്ക് ദൈവികദര്‍ശനം എന്നീ പ്രമേയങ്ങളില്‍ കാമ്പയിനുകളും മഹാസമ്മേളനങ്ങളും നടത്തി കേരളീയത നിലനിര്‍ത്താന്‍ നിലകൊണ്ട പ്രസ്ഥാനത്തിന്റെ നിലപാടിന്റെ പിന്തുടര്‍ച്ച കൂടിയാണ് കാത്തുവെക്കാം സൗഹൃദ കേരളം. വിശ്വമാനവികതയ്ക്ക് വേദവെളിച്ചമെന്ന പ്രമേയത്തില്‍ ഈ സന്ദേശ പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് നവോത്ഥാന പ്രസ്ഥാനം.
സന്തോഷത്തിന്റെ പെരുന്നാള്‍ സുദിനം സൗഹാര്‍ദത്തിന്റെ ആഘോഷമാക്കിത്തീര്‍ക്കാന്‍ നമുക്ക് സാധിക്കണം. വിഭിന്ന മതങ്ങളും സംസ്‌കാരങ്ങളും ആചാരങ്ങളും ഇടകലര്‍ന്ന മണ്ണാണ് കേരളത്തിന്റേത്. കാലുഷ്യങ്ങളെയും വിഘടനവാദത്തെയും പടിയടച്ച് പിണ്ഡം വെച്ച് സാഹോദര്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും പ്രതീക്ഷയുടെ തുരുത്തായി കേരളത്തെ നിലനിര്‍ത്തുക. എല്ലാ ആഘോഷങ്ങളും അതിന് വേണ്ടിയുള്ളതാകട്ടെ. എല്ലാവര്‍ക്കും ഐ എസ് എമ്മിന്റെ നന്മകള്‍ നിറഞ്ഞ ഈദ് ആശംസകള്‍.

Back to Top