1 Tuesday
July 2025
2025 July 1
1447 Mouharrem 5

യുക്തിഭദ്രമാവണം മതപ്രഭാഷണങ്ങള്‍

ഡോ. ഫിര്‍ദൗസ് ചാത്തല്ലൂര്‍


ഒരു സമൂഹത്തിന് അല്ലെങ്കില്‍ ജനക്കൂട്ടത്തിന് ആശയങ്ങള്‍ കൈമാറാനുള്ള നല്ല ഉപാധിയാണ് പ്രസംഗങ്ങള്‍. സമൂഹങ്ങളെ സംസ്‌കരിക്കുന്നതിനും പുരോഗമിപ്പിക്കുന്നതിനും പ്രസംഗങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഒരു വ്യക്തിയില്‍ നിന്ന് ഉതിര്‍ന്നുവരുന്ന ആശയങ്ങള്‍ എഴുത്തുകളും, ആ എഴുത്തുകള്‍ പ്രസംഗങ്ങളായി മാറുകയും ചെയ്യാറുണ്ട്. പ്രസംഗങ്ങളുടെ ശൈലികളും യാഥാര്‍ഥ്യങ്ങളുമാണ് നല്ല പ്രഭാഷകനെയും നല്ല സമൂഹത്തെയും സൃഷ്ടിക്കുന്നത്. ഇസ്‌ലാമിക വ്യാപനത്തിനും വളര്‍ച്ചയ്ക്കും മുഖ്യ പങ്കുവഹിച്ച സാഹിത്യരൂപവും കൂടിയായിരുന്നു പ്രസംഗകല.
പ്രവാചക കാലഘട്ടത്തിലെ പ്രസംഗങ്ങള്‍ മാനവിക ബോധ്യങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനുതകുന്നതും സ്വീകാര്യവുമായിരുന്നു. ഹിജ്‌റ പത്താം വര്‍ഷം പ്രവാചകന്‍ പരിശുദ്ധ അറഫയില്‍ വെച്ച് നടത്തിയ വിടവാങ്ങല്‍ പ്രസംഗം മാനവികത കൊണ്ടും സഹിഷ്ണുത കൊണ്ടും ലോകശ്രദ്ധ നേടിയതും മാനവസമൂഹത്തിന്റെ ബുദ്ധിക്ക് യോജിക്കുന്നതും ഖുര്‍ആനിക പിന്‍ബലമുള്ളതുമായിരുന്നു. അതുകൊണ്ടുതന്നെ ഖുര്‍ആനിന്റെ വിശാല കാഴ്ചപ്പാടിന്റെ പ്രതിഫലനമായിട്ടാണ് പ്രസംഗങ്ങളെ അക്കാലത്ത് കണ്ടിരുന്നത്.
കാലാനുഗതമായി മുസ്‌ലിം സമൂഹത്തില്‍ പ്രബോധനരംഗത്ത് വലിയ അപചയങ്ങളും പോരായ്മകളും കണ്ടുകൊണ്ടിരിക്കുന്നു. പ്രസംഗങ്ങളിലൂടെ എതിരാളികളെ സൃഷ്ടിക്കുകയും അതിലൂടെ താരപരിവേഷം നേടി വരുമാനമുണ്ടാക്കുകയും ചെയ്യുന്നു. അതിന് മതത്തെ ദുരുപയോഗം ചെയ്യാനും സാമൂഹിക കാഴ്ചപ്പാടുകളെ അവമതിക്കാനും ഇവര്‍ക്ക് മടിയില്ല.
പ്രഭാഷണത്തിനിടെ ഒരു മൗലവി എതിര്‍പ്രസ്ഥാന വിരോധം തീര്‍ക്കലിന്റെ ഭാഗമായി, കേരളത്തില്‍ നിന്ന് ഐ എസിലേക്ക് യുവാക്കള്‍ പോയിട്ടുണ്ടെന്നും അവരെ തനിക്കറിയാമെന്നും മൈക്കിലൂടെ വിളിച്ചുപറയുകയുണ്ടായി. ഇന്ത്യന്‍ മുസ്‌ലിംകളെ അപരവത്കരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഈ ഫാസിസ്റ്റ് കാലത്ത് കേരള മുസ്‌ലിംകള്‍ക്ക് ഐ എസുമായി ബന്ധമുണ്ടെന്ന് ഒരു മുസ്‌ലിം മൗലവി തന്നെ പറയുന്നത് ഫാസിസ്റ്റുകള്‍ക്ക് വളരെയധികം ഗുണം ചെയ്യും. വീണ്ടുവിചാരമില്ലായ്മയുടെ പ്രകടോദാഹരണമാണിത്.
മറ്റൊരു മൗലവിയുടെ പ്രഭാഷണം കറാമത്തുകളെ കുറിച്ചായിരുന്നു. കപ്പലിലൂടെയുള്ള യാത്രാമേധ്യ ശക്തമായ കാറ്റിലും മഴയിലും അകപ്പെട്ട് ദുരന്തമുഖത്തെത്തിയ കപ്പലിനെ രക്ഷിക്കാന്‍ അമാനുഷിക കഴിവുകളോടെ കടലില്‍ പ്രത്യക്ഷപ്പെടുന്ന ഔലിയ! പ്രസ്ഥാന നേതൃത്വങ്ങളോട് ബഹുമാനം മൂത്ത് അതിബൗദ്ധികവും അമാനുഷികവുമായ സിദ്ധികളുള്ളവരാണന്ന് വരുത്തിത്തീര്‍ക്കുന്ന പ്രഭാഷണങ്ങള്‍. മറ്റൊരു പ്രഭാഷകന്‍ യാത്രാമധ്യേ കാറിലെ പെട്രോള്‍ തീരുകയും മുന്നോട്ടുപോകാന്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍ പൂര്‍വകാലത്ത് ജീവിച്ച തങ്ങളെ വിളിക്കുകയും അദ്ദേഹം വിളി കേട്ട് മുമ്പില്‍ പ്രത്യക്ഷപ്പെടുകയും ശേഷം ഇന്ധനം നിറക്കാതെ 13 കിലോമീറ്ററുകളോളം കാര്‍ മുന്നോട്ടുപോയെന്നും പ്രസ്താവിക്കുകയുണ്ടായി. മറ്റൊരിടത്ത് സാമൂഹിക വിഷയങ്ങളെ മനുഷ്യബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത രീതിയില്‍ ഇസ്‌ലാമിന്റെ പേരില്‍ നിര്‍വചിക്കല്‍. ഇതുപോലെയുള്ള നിരവധി വാക്‌ധോരണികള്‍ ദിനംപ്രതി പുതിയ രീതിയിലും ഭാവത്തിലും സോഷ്യല്‍ മീഡിയയില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ്.
ഇങ്ങനെയുള്ള അബദ്ധജടിലമായ പ്രസ്താവനകള്‍ നടത്തുന്നവര്‍ സോഷ്യല്‍ മീഡിയാ സ്റ്റാറുകളായി വിരാചിക്കുന്നു. ലഭിക്കുന്ന യൂട്യൂബ് വരുമാനം ജനങ്ങളെ വഴിതെറ്റിക്കാനുള്ള ആവേശമായി കാണുകയും അതിന് ഇസ്‌ലാമിന്റെ പ്രമാണങ്ങളെ വക്രീകരിക്കുകയും ചെയ്യുന്നു.
ബഹുമുഖ മതവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന നമ്മുടെ ദേശത്ത് ആളുകള്‍ ഇസ്‌ലാമിനെ മനസ്സിലാക്കുന്നതും വ്യത്യസ്ത മീഡിയകളിലൂടെയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ചാറ്റ് ജിപിടിയും സജീവമാകുന്ന ഈ പോസ്റ്റ് ഹ്യൂമന്‍ കാലത്ത് യുവതയും അവരെ ഉള്‍ക്കൊള്ളുന്ന കാമ്പസുകളും ഇസ്‌ലാമിനെ അറിയുന്നതിനുള്ള ഒരു മാര്‍ഗമായി സ്വീകരിക്കുന്നത് സോഷ്യല്‍ മീഡിയയെയാണ്- പ്രത്യേകിച്ചും ഇതര മതസ്ഥര്‍. ഇസ്‌ലാം മതത്തിനകത്തെ പ്രാസ്ഥാനിക വൈരുധ്യങ്ങളോ കാഴ്ചപ്പാടുകളിലെ വ്യത്യസ്തതകളോ അവര്‍ ശ്രദ്ധിക്കുന്നില്ല. എന്താണ് ഇസ്‌ലാം, ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഐഡിയോളജി എന്തൊക്കെയാണ്, അതിനെക്കുറിച്ച് പഠിക്കാന്‍ ഉതകുന്ന പ്രഭാഷണങ്ങള്‍ ഏതൊക്കെയാണ് എന്നീ അന്വേഷണങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയെ അവലംബിക്കുന്നവര്‍ക്ക് ലഭിക്കുന്നത് മുകളില്‍ പ്രതിപാദിച്ചതുപോലുള്ള പ്രസംഗങ്ങളും പ്രസ്താവനകളുമാണെങ്കില്‍ അവരുടെ മനസ്സില്‍ രൂപപ്പെടുന്ന ഇസ്‌ലാമിനെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ധാരണകളും എന്തൊക്കെയായിരിക്കും!
ഇസ്‌ലാം മതത്തെ രണ്ടു തരത്തിലുള്ള വിഭാഗങ്ങളാണ് ആക്രമിച്ചുകൊണ്ടിരിക്കുന്നത്. ഒന്ന്: ഇസ്‌ലാമോഫോബിയയുടെ ഭാഗമായി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ലക്ഷ്യം വെച്ച് നടത്തുന്ന ഭരണകൂട ആസൂത്രിത ആക്രമണങ്ങള്‍. രണ്ട്: മനുഷ്യബുദ്ധിക്കും സാമൂഹികബോധത്തിനും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത രീതിയില്‍ ഇസ്‌ലാമിക അധ്യാപനങ്ങളെ വികൃതമാക്കി സോഷ്യല്‍ മീഡിയ വഴി പണം സമ്പാദിക്കുന്നവര്‍.
മനുഷ്യരെ മാനസികമായി സംസ്‌കരിക്കുന്നതിനും ദൈവികബോധമുള്ളവരാക്കുന്നതിനുമായി നടത്തപ്പെടുന്ന മതപ്രഭാഷണ പരമ്പരയില്‍ ഔലിയാ കറാമത്തുകളുടെ പേര് പറഞ്ഞ് പണം സമ്പാദിക്കുന്നതും അബദ്ധജടിലമായ പ്രസ്താവനകള്‍ നടത്തുന്നതും ഇസ്‌ലാം മതത്തിന്റെ പ്ലാറ്റ്‌ഫോമിലാണെന്ന ധാരണയാണ് ബഹുഭൂരിഭാഗം വരുന്ന ഇതര മതസ്ഥര്‍ പ്രത്യേകിച്ചും സോഷ്യല്‍ മീഡിയയെ സ്രോതസ്സായി കാണുന്നവര്‍ക്കും ഉണ്ടാവുക. അതുകൊണ്ടുതന്നെ ഇസ്‌ലാമിന്റെ ലേബലില്‍ അറിയപ്പെടുന്ന മൗലവിമാര്‍ ഉണ്ടാക്കുന്ന മുറിവുകളാണ് മറ്റുള്ളവര്‍ ഉണ്ടാക്കുന്ന മുറിവുകളേക്കാള്‍ ഭീകരം. ഇസ്‌ലാമിനെ പ്രാകൃതവത്കരിച്ചുകൊണ്ടിരിക്കുന്ന ഈ സോഷ്യല്‍ മീഡിയ പ്രസംഗകരാണ് ഇസ്‌ലാമിന്റെ ദിവ്യദീപ്തിയെ കെടുത്തുന്നവര്‍.

Back to Top