പെര്ന്നാക്കോടി
മുബാറക് മുഹമ്മദ്
അയാള്‍
പെര്ന്നാക്കോടിയെടുക്കാന്‍
നഗരത്തിലേക്ക് പോയി
പണ്ടയാള് സ്‌കൂളില്‍
പഠിക്കുമ്പോള്‍
വരച്ച ജലച്ചായചിത്രം പോലെ
നോമ്പിന്റെ നഗരസൂര്യന്‍ തിളച്ചു,
അന്നതിന് മൂന്നാം സ്ഥാനം
കിട്ടിയിരുന്നു
ഗൂഗ്ള്‍ പേയില്‍
168 രൂപയുള്ളതറിയാമെന്നാലും
വീണ്ടുമയാള്‍ ബാലന്‍സ് നോക്കി
പോക്കറ്റില്‍
വനിതാ ഓട്ടോയിലെ
സുമത്യേച്ചിനോട് വാങ്ങിയ
ചുരുള്‍ വീണ
അഞ്ഞൂറിന്റെ നാലു നോട്ടുകള്‍
പാതയോരത്തു നിന്നും
അവള്‍ക്കൊരു നൈറ്റി,
മക്കള്‍ നാലു പേര്‍ക്കും
ചെരുപ്പും ഉടുപ്പും
വാപ്പച്ചിക്ക് വെള്ളക്കുപ്പായവും
ഉമ്മച്ചിക്ക് നൈറ്റിത്തട്ടവും
വാങ്ങിയപ്പോഴേക്കും
അഞ്ഞൂറിന്റെ നോട്ടുകള്‍
അപ്രത്യക്ഷമായി
പാകമായൊരു
ചെരുപ്പ് കണ്ട്
ട്രയല്‍ നോക്കുന്നതിനിടെ
പ്രൈസ് ടാഗിലേക്ക്
പാളി നോക്കി
‘ഇദ് പാകല്ല’ എന്നു പറഞ്ഞ്
തിരികെ വെച്ച്,
ബസ്സിലെത്തിരക്കിലേക്ക്
തിളയ്ക്കുന്ന എണ്ണയിലെ
പഴംപൊരിപോല്‍
മൊരിയുമ്പോഴേക്കും
അയാളറിഞ്ഞിരുന്നു
പണ്ട്
പെരുന്നാക്ക് പള്ളിയിലേക്ക്
പോകുമ്പോള്‍
സഹോദരങ്ങളും താനും
അത്തറ് മണത്തില്‍ പൊതിഞ്ഞ്
പെരുന്നാള്‍ക്കാറ്റ് പെയ്യിക്കുമ്പോള്‍
ചുളിഞ്ഞ കുപ്പായമിട്ട്
മുന്നില്‍ നടക്കുന്ന
വാപ്പച്ചി എന്തുകൊണ്ടാണ്
പെരുന്നാക്കോടി
വാങ്ങാതിരുന്നതെന്ന്