പ്രാര്‍ഥന എന്ന സമ്പാദ്യം
ഫൈസല്‍ മൂഴിക്കല്‍
പ്രതിസന്ധിയിലകപ്പെടുമ്പോള്‍ ഉള്ളുതുറക്കാന്‍ നാം കൗണ്‍സിലറെ തേടാറുണ്ട്. പരിഹാരം കണ്ടെത്താന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ക്കൊടുവില്‍ അവര്‍ പറയുന്നതെന്ത്? ഒാപ്പേറേഷന്‍ കഴിഞ്ഞ് ഈറനണിഞ്ഞ കണ്ണുമായി ഓടിയെത്തുന്ന ബന്ധുവിനോട് ഡോക്ടര്‍ പറയുന്നതെന്തായിരിക്കും? പ്രാര്‍ഥിക്കാനായിരിക്കും അവര്‍ പറയുക. എല്ലാ വാതിലുകളും അടയുമ്പോള്‍ മുട്ടാനുള്ള വാതിലാണോ പ്രാര്‍ഥന? അല്ല. തുടക്കത്തിലും ഇടയിലും ഒടുക്കത്തിലും പ്രാര്‍ഥനയിലാണ് വിജയം. പരിധികളില്ലാത്ത കഴിവിന്റെ, എല്ലാറ്റിനും കഴിയുന്ന നാഥനിലേക്കാണ് പ്രാര്‍ഥന ചെന്നെത്തുന്നത്. നടക്കുമെങ്കില്‍ നടക്കട്ടെ എന്നതാവരുത് പ്രാര്‍ഥനയില്‍ നമ്മുടെ മനസ്സ്. നമുക്ക് ഗുണകരമെങ്കില്‍ അത് തീര്‍ച്ചയായും ലഭിക്കും എന്ന ശുഭാപ്തി വിശ്വാസം നമുക്കുണ്ടാവണം. പ്രാര്‍ഥനയുടെ കവചം അണിഞ്ഞവര്‍ക്ക് ഭയത്തിന്റെ ചെറുകാറ്റ് പോലും സ്പര്‍ശിക്കില്ല.
ആശുപത്രി കിടക്കയില്‍ ഒന്നനങ്ങാന്‍ പോലും കഴിയാതെ കിടക്കുമ്പോള്‍, നാവ് ചലിപ്പിക്കാനാവാതെ, സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ നമ്മുടെ പ്രാര്‍ഥന എങ്ങനെയായിരിക്കും? അപ്പോള്‍ നാവിലാണോ ഹൃദയത്തിലാണോ പ്രാര്‍ഥന ഉണ്ടാവുക. ഉരുവിടുന്ന വാചകങ്ങളല്ല, ഉരുകുന്ന ഹൃദയ വേദനയാണ് പ്രാര്‍ഥനയായി മാറുന്നത്. യാന്ത്രികമായി ചൊല്ലുന്ന ചുണ്ടുകളിലേക്കല്ല, മനസ്സിന്റെ അകത്തേക്കാണ് കാരുണ്യവാന്റെ നോട്ടം.
കര്‍മങ്ങള്‍ക്കൊടുവില്‍ പ്രാര്‍ഥനയിലാണ് സാഫല്യമെന്ന് ഇബ്‌റാഹീം നബി(അ)യുടെ ചരിത്രം പഠിപ്പിക്കുന്നു. നാഥന്റെ കല്പനയാലാണ് ഇബ്‌റാഹീം നബി ആദ്യ ഗേഹം പണിതത്. എന്നിട്ടും ഈ പ്രവൃത്തി സല്‍ക്കര്‍മമായി സ്വീകരിക്കണേ എന്നാണ് പ്രാര്‍ഥിച്ചത്. കര്‍മങ്ങള്‍ പാഴാവാതിരിക്കാനും സ്വീകരിക്കാനും പ്രാര്‍ഥന അനിവാര്യമാണ്. നമ്മുടെ ആസൂത്രണങ്ങളോടൊപ്പം, കര്‍മങ്ങള്‍ വിജയകരമാവാനും പ്രാര്‍ഥന വേണം. പ്രാര്‍ഥന കര്‍മ്മങ്ങളിലെ പിഴവുകളെ ഇല്ലാതാക്കും.
പാപങ്ങള്‍ ചെയ്യുന്നവര്‍ അതില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്നത് നേരാണ്. സാഹചര്യങ്ങളാല്‍ വീണ്ടും തെറ്റുകളില്‍ വീഴുന്നു. പാപങ്ങള്‍ കുറ്റബോധവും നിരാശയും മാത്രമാണ് ബാക്കിയാക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കണ്ണീരു വീഴുന്ന പ്രാര്‍ഥനകള്‍ കുറ്റബോധത്തെ ഇല്ലാതാക്കും. ഒരടയാളം പോലുമില്ലാതെ നിരാശയെ മായ്ച്ച് കളയും. തെറ്റുകളുടെ സ്ഥാനത്ത് നന്മകള്‍ രേഖപ്പെടുത്തുന്ന അത്ഭുതം സംഭവിക്കും. കഴിഞ്ഞകാല തെറ്റുകള്‍ പ്രാര്‍ഥനയിലൂടെ കഴുകി കളയാനുള്ള സുവര്‍ണാവസരമാണ് റമദാന്‍.
ഏറ്റവും ശക്തമായ പ്രാര്‍ഥന ഏതാണെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? എല്ലാ വഴിയും അടഞ്ഞു നില്‍ക്കുമ്പോള്‍ കരഞ്ഞു പ്രാര്‍ഥിക്കുന്നതാണോ, അതോ ഉത്തരം കിട്ടുമെന്ന് ഉറപ്പുള്ള സമയത്തും സ്ഥലത്തും കണ്ണീരില്‍ കുതിര്‍ന്നു നില്‍ക്കുന്ന പ്രാര്‍ഥനയാണോ? ഇതൊക്കെയും പ്രാര്‍ഥനയില്‍ ഏറെ പ്രാധാന്യമുള്ളത് തന്നെയാണ്. എന്നാല്‍, ഉത്തരം ലഭിക്കുമെന്ന് പ്രവാചകന്‍ പഠിപ്പിച്ച ഒരു പ്രാര്‍ഥനയുണ്ട്. അത് മറ്റൊരാള്‍ക്ക് വേണ്ടി അസാന്നിധ്യത്തില്‍ നിര്‍വഹിക്കുന്ന പ്രാര്‍ഥനയാണ്. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ അറിഞ്ഞു ഉയരുന്ന കൈകളാണ് ഏറ്റവും ശക്തമായത്. പ്രാര്‍ഥിക്കുന്നവര്‍ക്കും അതൊരു പുണ്യമായി മാറുന്നു.
ആ മറ്റൊരാള്‍ സുഹൃത്തോ കുടുംബാംഗമോ ആരുമാകാം. അവര്‍ ആവശ്യപ്പെടാതെ അപരന്റെ വിഷമം അറിയുന്ന വേളയില്‍ ഉള്ളില്‍ നിന്നുയരുന്ന തേങ്ങല്‍ ഭൂമിയില്‍ കിട്ടാവുന്ന ഏറ്റവും വലിയ സമ്പാദ്യമാണ്. അപരന്റെ തേട്ടങ്ങളില്‍ നമ്മളുണ്ടോ എന്ന് ഓരോരുത്തരും സ്വയം പരിശോധിക്കുക. അപരന് വേണ്ടി തേടാന്‍ നമ്മുടെ കൈ ഉയര്‍ന്നിട്ടുണ്ടോ എന്നും ആലോചിക്കുക. മൂസാ നബിയുടെ ഉമ്മയുടെ പ്രാര്‍ഥനയും ഗുഹാവാസികളുടെ പ്രാര്‍ഥനയും നമ്മുടെ മനസ്സില്‍ എപ്പോഴുമുണ്ടാവണം. ഉത്തരം ലഭിക്കുമെന്ന പൂര്‍ണ വിശ്വാസത്തോടെ, അവര്‍ നടത്തിയ പ്രാര്‍ഥന അത്ഭുതം സൃഷ്ടിക്കുമ്പോള്‍ അത് നമ്മുടെ മനസ്സിന് ഉള്‍ക്കൊള്ളാനാവുന്നുണ്ടോ? ഉറച്ച ഇത്തരം പ്രതീക്ഷകളാണ് നമ്മെ നയിക്കേണ്ടത്. പ്രാര്‍ഥനകള്‍ക്ക് ഉത്തരം ലഭിക്കുമെന്ന ഉറച്ച ബോധ്യത്തില്‍, ആത്മാവിനെ തൊടുന്ന പ്രാര്‍ഥനകള്‍ നമ്മുടെ ജീവിതത്തിലും അത്ഭുതം വിരിയിക്കും.