ആഗോള രാഷ്ട്രീയം മാറുന്ന ലോക ക്രമവും ജനാധിപത്യ സംസ്‌കാരവും
ഡോ.ടി കെ ജാബിര്‍
മലയാളികള്‍ എല്ലാവരും, പൊതുവെ ലോകരാഷ്ട്രീയം നന്നായി വിശകലനം ചെയ്യുന്നവരാണ്. അതില്‍ സമ്പന്നന്‍ എന്നോ ദരിദ്രന്‍ എന്നോ ഉള്ള വ്യത്യാസം ഇല്ല. കേരളത്തിന് പണ്ടേ ലോക രാഷ്ട്രങ്ങളുമായി ബന്ധമായുണ്ടായിരുന്നു എന്നത് നേര്. പക്ഷെ, അന്തര്‍ദേശീയ രാഷ്ട്രീയം മലയാളികള്‍ കൂടുതലായി ചര്‍ച്ച ചെയ്ത് തുടങ്ങിയത്, ഒരുപക്ഷെ ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള ബന്ധം തുടങ്ങിയ ശേഷമായിരിക്കും. അമേരിക്കയെ ഒരു പൊതു ശത്രുവാക്കുന്നതില്‍ ഇവിടുള്ള രാഷ്ട്രീയ പാര്‍ട്ടികളും നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. അമേരിക്കയെ കൊടും കുറ്റവാളിയെന്നായിരുന്നു ഇതുവരെയും നാം കണ്ടിരുന്നത് എങ്കില്‍ അമേരിക്ക ഇരുന്ന പദവിയില്‍ ചൈനയും റഷ്യയും ആകുവാന്‍ പോകുന്നു. അമേരിക്കയെ പഴിച്ച് വന്നിരുന്ന നമ്മള്‍ ഇനി ചൈനയെയും റഷ്യയെയും പഴിക്കേണ്ടി വന്നേക്കാം. മലയാളി ഇടങ്ങള്‍ കൂടിയായ ഗള്‍ഫ് നാടുകളില്‍ നിന്നു അമേരിക്ക പിന്മാറുന്ന തദവസരത്തില്‍ തന്നെ ആ ഒഴിവിലേക്ക് റഷ്യയോ ചൈനയോ ചാടിക്കയറുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.
ചിലപ്പോള്‍ നമുക്ക് നല്ലത് അമേരിക്ക തന്നെയായിരുന്നു എന്നും തോന്നിയേക്കാം. കാരണം ദീര്‍ഘമായ അമേരിക്കന്‍ അധിനിവേശത്തിനും രക്ത ചൊരിച്ചിലിനുമെതിരെ അവരുടെ നാട്ടില്‍ നിന്നു നിരവധി പേര്‍ ശക്തമായി രംഗത്ത് വന്നിരുന്നു. വിയറ്റ്‌നാം യുദ്ധ സമയത്തും മറ്റും നിരവധി അമേരിക്കന്‍ തെരുവുകളില്‍ വിദ്യാര്‍ഥികളുടെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും കൂട്ടമായ പ്രതിഷേധ സംഗമങ്ങള്‍ കണ്ടിരുന്നു. ഇനി അത് ഇല്ലാതാകുവാന്‍ പോകുന്നു. കാരണം റഷ്യയിലും ചൈനയിലും ഡെമോക്രസി, ഹ്യൂമന്‍ റൈറ്റ്‌സ് എന്നീ പദങ്ങള്‍ ആഭ്യന്തരമായി കേട്ടുകേള്‍വി പോലും ഉണ്ടോ എന്ന് സംശയമാണ്. അമേരിക്ക നടത്തിയ പോലുള്ള അധിനിവേശങ്ങള്‍ ഇവരുടെ സഖ്യം നടത്തുമെന്ന് തീര്‍ത്തു പറയുവാന്‍ ആകില്ല. പക്ഷെ ജനാധിപത്യം എന്ന മാതൃകാ രാഷ്ട്രീയ സംവിധാനം ഇനി മുതല്‍ ലോകത്ത് ഒരു ആദര്‍ശമായി നിലനില്‍ക്കുവാന്‍ സാധ്യത കുറയുന്നു.
അമേരിക്ക നമ്മുടെ കണ്‍മുന്നില്‍ വരുത്തിയ ദുരിതങ്ങള്‍ക്ക് അറുതിയില്ല. ഇറാഖ്, അഫ്ഗാന്‍, ഇറാന്‍, തുടങ്ങി ജപ്പാന്‍, കൊറിയ, വിയറ്റ്‌നാം വരെയും അത് നീണ്ടേക്കാം. പക്ഷെ ഒന്നുണ്ട്. ഓരോ തവണയും ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടായി വന്നപ്പോളും ഓരോരോ പ്രസിഡന്റുമാര്‍ ആയിരുന്നു അമേരിക്കയില്‍. അഥവാ, ലോക രാഷ്ട്രങ്ങള്‍ക്ക് ആഭ്യന്തര തലത്തില്‍ മാതൃകയാക്കുവാന്‍ കഴിയുന്ന ഒന്നായ ജനാധിപത്യ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഒരു രാഷ്ട്രമാണ് അമേരിക്ക. ലോകത്തെ ദീര്‍ഘമായ അമേരിക്കന്‍ ഏകാധിപത്യം അവസാനിച്ചിരിക്കുന്നു. സാമ്പത്തികമായ പ്രതിസന്ധികള്‍ ഒന്നൊന്നായി അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നു. ബാങ്കുകള്‍ തുടര്‍ച്ചയായി പാപ്പരായി കൊണ്ടിരിക്കുന്നു. സാമ്പത്തികമായുള്ള തകര്‍ച്ച ചിലപ്പോള്‍ ജനാധിപത്യ വ്യവസ്ഥയെയും ബാധിച്ചേക്കാം.
ലോക രാഷ്ട്രീയം വൈരുധ്യങ്ങളിലൂടെ തന്നെയാണ് പരിണമിക്കുന്നത്. 1917 -ല്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന വൂഡ്രോ വില്‍സണ്‍ പ്രസ്താവിക്കുകയുണ്ടായി, ‘ലോകത്തെ ജനാധിപത്യത്തിന് സുരക്ഷിതമായ ഒരു ഇടമാക്കി മാറ്റിയെടുക്കുക. കൃത്യം നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം 2022 -ല്‍ റഷ്യയില്‍ പുടിനും ചൈനയില്‍ ഷി യും ലോകത്തോട് പ്രദര്‍ശിപ്പിക്കുന്നത് ‘ലോകത്തെ ഏകാധിപത്യത്തിന് സുരക്ഷിതമായ ഇടമാക്കുക എന്നതാണ്’.
ഷി ജിങ് പിന്‍ – പുടിന്‍
ഭയപ്പെടുത്തുന്ന സഖ്യം
ചൈനീസ് പ്രസിഡന്റ് റഷ്യ സന്ദര്‍ശിച്ചത് ഉക്രൈനിലെ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയല്ല. അത് മാത്രമല്ല അതിന് കൂടുതല്‍ പിന്തുണ കൊടുക്കുകയുമാണ് ഉണ്ടായത്. ഒരു ഡസന്‍ കരാറുകള്‍ നിലവില്‍ വരികയുണ്ടായി. രാഷ്ട്രീയ-വ്യാപാര-സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ ആണ് ഇതുള്ളത്. സൈനിക പ്രതിരോധ മേഖലകളില്‍ സഹകരണം ഉണ്ടായി എന്നത് വരും ഭാവിയിലേക്കുള്ള ഭീഷണികള്‍ തന്നെയാണ്. ജനാധിപത്യത്തിന്റെ സകല അംശങ്ങളെയും തുടച്ചു നീക്കുന്ന രണ്ട് നേതാക്കള്‍ ആണ് ഇതിന് നേതൃത്വം നല്‍കിയത്. തങ്ങളുടെ തെറ്റുകള്‍ മറച്ചു പിടിയ്ക്കുന്നതിന് മുഴുവന്‍ പഴികളും റഷ്യയും ചൈനയും പാശ്ചാത്യ ലോകത്തിന് മേലെ ചൊരിയുന്നു. അതില്‍ തെറ്റുകളും ശരികളുമുണ്ട്. പാശ്ചാത്യ ലോകം പൗരസ്ത്യ ലോകത്തെ പരമാവധി ചൂഷണം ചെയ്യുകയും അടക്കി ഭരിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും, ജനാധിപത്യ സ്ഥാപനങ്ങള്‍, സംസ്‌കാരങ്ങള്‍ തുടങ്ങിയവ അവിടെ നിലനിന്നിരുന്നു എന്നത് മറക്കാന്‍ പാടുള്ളതല്ല.
2022 -ല്‍ ഉക്രൈനില്‍ റഷ്യ അധിനിവേശം നടത്തികൊണ്ട് ലോകത്തോട് പലതും പറയുവാനും പ്രദര്‍ശിപ്പിക്കുവാനും ശ്രമിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അധിനിവേശത്തിന് തൊട്ടു മുന്‍പ് വ്‌ലാദിമിര്‍ പുടിന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിന്നിനെ സന്ദര്‍ശിച്ചത് കേവലമായ ഒരു രാഷ്ട്രീയ സൗഹാര്‍ദ്ദത്തിന്റെ പേരില്‍ ആയിരുന്നില്ല. അമേരിക്കയുടെ അഫ്ഗാനില്‍ നിന്നുമുള്ള ഒളിച്ചോട്ടം, സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം അവിടെ വിഷയമായിരുന്നു.
അവര്‍ ചര്‍ച്ച ചെയ്തതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്, ചില അന്താരാഷ്ട്ര ശക്തികള്‍ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പേരില്‍ ഏകപക്ഷീയമായി റഷ്യയുടെയും ചൈനയുടെയും ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുവാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു. ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുവാന്‍ തുടങ്ങിയപ്പോള്‍ സംഭവിച്ചത് മറ്റൊരു അമേരിക്കന്‍ തകര്‍ച്ചയാണ്. ദശകങ്ങള്‍ ആയി ലോകത്ത് എണ്ണ വ്യാപാരത്തില്‍ ആധിപത്യത്തില്‍ അഭിരമിച്ച യൂ എസ് ഡോളറിന്റെ പതനം. ഇത് ചൈനയ്ക്കും ഗുണകരമായി. അറബ് ഗള്‍ഫ് രാജ്യങ്ങള്‍ ചൈനയ്ക്ക് എണ്ണ വില്‍ക്കുന്നത് ചൈനീസ് കറന്‍സിയില്‍ (യുവാന്‍) ആയി മാറിയിരിക്കുന്നു.
ഏകധ്രുവഃലോകം അവസാനിക്കുകയാണ്. സാമ്പത്തികമായ മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞു. ഇപ്പോള്‍ ഒരു ബഹുധ്രുവ ലോകം ഉണ്ടായി വന്നിരിക്കുന്നു, അതിന് കാരണം ചൈനയുടെ ഉയര്‍ച്ചയാണ്. പിന്നെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ മാറ്റം ചൈനയുടെ വളര്‍ച്ച തന്നെയാണ്. അത് ഇനി തുടരുകയും ചെയ്യും. കുറച്ചുകൂടെ വിശാലമായ ബഹു ധ്രുവഃലോകമായേക്കാം ഇനി. ജി ഡി പി യില്‍ അമേരിക്കയുടെ ഷെയര്‍ കുറഞ്ഞു വരും. എ ഡി 1000 മുതല്‍ ദീര്‍ഘകാലം ചൈനയായിരുന്നു ലോകത്തില്‍ തന്നെ മുന്നില്‍. ഔറംഗസേബിന്റെ കാലത്തായിരുന്നു ഇന്ത്യ ജി ഡി പി യില്‍ ലോകത്ത് മുന്നിലെത്തിയിരുന്നത്. പഴയ ചൈന തിരികെ വന്നുകൊണ്ടിരിക്കുന്നു. പക്ഷെ അമേരിക്കയുടെ സ്വാധീനം ഇല്ലാതാകുകയില്ല, അത് നിലനില്‍ക്കും. അഫ്ഗാനിസ്താനില്‍ നിന്ന് പിന്മാറാനുള്ള കാരണം അതുതന്നെയാണ്. അമേരിക്കയുടെ യുദ്ധങ്ങള്‍ പഴയതുപോലെ തുടരാന്‍ കഴിയുകയില്ല. കാരണം അതിന്റെ ഭീമമായ ചെലവു തന്നെ.
പസിഫിക്കില്‍ ചൈനയെ തടയുവാനായി അമേരിക്ക ഇന്ത്യയെ കൂടെച്ചേര്‍ക്കുന്നു. ചൈന ഒരു സൂപ്പര്‍പവര്‍ ആകുവാനുള്ള സാധ്യതയുണ്ട്. അമേരിക്ക സാമ്പത്തികമായി ക്ഷയിച്ചാലും അതിന്റെ സാംസ്‌കാരിക ശക്തി നിലനില്‍ക്കും. കാരണം അമേരിക്കയിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സോഫ്റ്റ് പവര്‍ എല്ലാം അമേരിക്കയുടെ ശക്തി തന്നെയാണ്. ഹോളിവുഡ് ഫിലിമുകളും അമേരിക്കയെ ഇതിനു സഹായിക്കുന്നു.
ഉക്രെയ്ന്‍
അധിനിവേശം
പറയുന്നത്
റഷ്യ പറയുന്നത് ഉക്രൈനില്‍ റഷ്യയുടെ ഒരു പ്രതിരോധ നടപടി മാത്രമാണ് എന്നാണ്. യഥാര്‍ഥത്തില്‍ ഇത് റഷ്യക്ക് ഒരു മഹാശക്തി രാഷ്ട്ര പദവിയിലേക്കെത്തുവാനുള്ള ഒരു വന്‍ പദ്ധതിയാണ്. അതായത് മഹത്തായ റഷ്യന്‍ സാമ്രാജ്യം എന്ന പദവി. അത് എല്ലാ തരത്തിലുമുള്ള സര്‍വാധിപത്യ രാഷ്ട്ര വ്യവസ്ഥയായി വരികയാണ്. അമേരിക്കയുടെ, നാറ്റോയുടെ താല്പര്യങ്ങളെല്ലാം ഇവിടെയുണ്ട്. പക്ഷെ ഇതുകൊണ്ടല്ല ഈ ഉക്രൈന്‍ പ്രശ്‌നം ഉണ്ടായത്. പുടിന്റെ യഥാര്‍ഥ ലക്ഷ്യം സാറിസ്റ്റ് സാമ്രാജ്യത്തിന്റെ പുനസൃഷ്ട്ടി ആണ്. റഷ്യയില്‍ ഭരണഘടനാ ഭേദഗതി വന്നത് തന്നെ അതിനാണ്. അടുത്ത പതിനഞ്ചു വര്‍ഷം കൂടി പുടിന് റഷ്യ ഭരിക്കാന്‍ വേണ്ടിയാണ് അത്. ഒരു ഏക പാര്‍ട്ടി സ്വേച്ഛാധിപത്യ രാഷ്ട്രമാണ് ഇന്ന് റഷ്യ. ഇതില്‍ ശക്തമായ റഷ്യന്‍ ദേശീയതയും ഉണ്ട്. 1991-ല്‍ ഉക്രൈന്‍ ഉണ്ടായി വന്നത് തന്നെ ഒരു സ്വയം നിര്‍ണയ അവകാശത്തോടു കൂടി തന്നെയാണ്. ഉക്രൈന് അതിനുള്ള അവകാശവുമുണ്ട്. റഷ്യ പക്ഷെ അത് അംഗീകരിക്കുന്നില്ല.
ഇന്ത്യ സന്ദര്‍ശിച്ച ഉടനെ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉക്രൈന്‍ സന്ദര്‍ശിച്ചത് അമേരിക്കയുമായുള്ള അടുത്ത സൗഹൃദത്തിന്റെ പേരിലാണ്. 2023 -ല്‍ ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഏവരെയും അതിശയിപ്പിച്ച് കൊണ്ട് ഉക്രൈന്‍ സന്ദര്‍ശിച്ചതും അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള വേദിയാണ് ഉക്രൈന്‍ എന്ന് അറിയാവുന്നത് കൊണ്ട് തന്നെ. ഉക്രൈനെ രക്ഷിക്കുവാന്‍ പാശ്ചാത്യ -അമേരിക്കന്‍ കൂട്ടായ്മകള്‍ക്ക് സാധ്യമല്ല. റഷ്യ പിന്മാറുവാന്‍ ഉടനെ തയ്യാറുമല്ല. അപ്പോള്‍, അവിടത്തെ തദ്ദേശീയ ജനതയ്ക്ക് ഏറെ വേദന അനുഭവിക്കുവാന്‍ ഇരിക്കുന്നതേയുള്ളു. ഉക്രൈനെ ആശ്രയിച്ച് ജീവിച്ചിരുന്ന രാഷ്ട്രങ്ങള്‍ കൂടുതല്‍ റഷ്യയെ പിന്തുണക്കുമ്പോള്‍ ലോകത്തെല്ലാമുള്ള ദേശങ്ങളുടെ സ്വയം നിര്‍ണയ അവകാശം കൂടിയാണ് ഇല്ലാതാകുന്നത്. ഉക്രൈന്റെ പരമാധികാരത്തെ ലംഘിക്കല്‍ കൂടിയാണ് ഈ അധിനിവേശം. ഉക്രൈന്‍ മൂന്നു പതിറ്റാണ്ടോളം ലോകത്തു ഒരു സ്വതന്ത്ര രാഷ്ട്രമായിരുന്നു. അതുകൊണ്ടുതന്നെ ഉക്രൈന്റെ നേരെ നടക്കുന്നത് വ്യക്തമായും ഒരു റഷ്യന്‍ അധിനിവേശം തന്നെയാണ്. റഷ്യന്‍ സാമ്രാജ്യ വികസനത്തിന് റഷ്യക്ക് ഒരു അപരനെ കണ്ടെത്തണം – അതാണ് ഉക്രൈന്‍. ഉക്രൈന്‍ ഭൂമിയിലെ ഒരു ആസന്നമായ നരകമാകുവാന്‍ പോകുന്നു എന്ന് ചുരുക്കം. പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഉക്രൈന് പരമാവധി ആയുധങ്ങള്‍ വില്‍ക്കുകയാണ്. റഷ്യക്ക് ചൈനയും ഇറാനും ആയുധങ്ങള്‍ നല്‍കുന്നുണ്ട്.
ആഗോള രാഷ്ട്രീയം
വന്‍ ഭീഷണിയില്‍
ആഗോള ജനാധിപത്യ രാഷ്ട്രീയം ക്ഷയിക്കുകയാണ്. പല രാജ്യങ്ങളിലും വ്യവസ്ഥാപിത ജനാധിപത്യങ്ങള്‍ക്കെതിരേ പോലും മുന്നേറ്റങ്ങള്‍ നടക്കുന്നു. തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളാണ് ഇതിനു പിന്നില്‍. അമേരിക്ക തന്നെയാണ് അതില്‍ ഏറ്റവും വലിയ ഉദാഹരണം. ബ്രസീല്‍ മറ്റൊരു ഉദാഹരണമാണ്. രാഹുല്‍ ഗാന്ധിയെ ഒരു ഗുജറാത്ത് കീഴ്ക്കോടതിയെ കൊണ്ട് അയോഗ്യനാക്കിക്കൊണ്ട് 2023 മാര്‍ച്ച് അവസാന വാരം നടന്ന നാടകം ലോകം കണ്ടതാണ്. ട്രംപിന്റെ സമയത്തു അമേരിക്കന്‍ ജനാധിപത്യം ഭീകരമായ ഭീഷണിയാണ് നേരിട്ടത്. അതായതു വലതുപക്ഷ രാഷ്ട്രീയം അമേരിക്കയില്‍ തുല്യ രാഷ്ട്രീയ ശക്തിയാണ്. പോപ്പുലര്‍ സപ്പോര്‍ട്ട് വരുമ്പോള്‍ ജനാധിപത്യത്തെ എന്ത് വേണമെങ്കിലും ചെയ്യാം. ഭരണഘടനാ തന്നെ മാറ്റാം – ഇഷ്ടമുള്ള ഭരണഘടന എഴുതാം. അമേരിക്കയില്‍ കാപിറ്റോളില്‍ ഒരു അട്ടിമറി ആയിരുന്നു അവര്‍ പദ്ധതിയിട്ടിരുന്നത്.
അമേരിക്കയില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് താന്‍ മത്സരിച്ച ഒരു ഇലക്ഷനില്‍ തോറ്റപ്പോള്‍ ആ ഇലക്ഷന്‍ തട്ടിപ്പായിരുന്നു എന്ന് പറയുന്നത്. പ്രസിഡന്റ് തന്നെ ഇലക്ഷന്‍ റിസള്‍ട്ടിനെ തള്ളിപ്പറയുന്നു. അദ്ദേഹത്തിന്റെ അനുയായികള്‍ അതിനെ സപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ബ്രസീലില്‍ പ്രസിഡന്റ് പരാജയപ്പെട്ടപ്പോള്‍ ഇതേ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. (2023 ജനുവരിയില്‍) ഇലക്ഷന്റെ നിയമസാധുത തന്നെ ചോദ്യം ചെയ്യപ്പെടുന്നു. അപ്പോഴാണ് ജനാധിപത്യം ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. പക്ഷെ അമേരിക്ക ഈ ഭീഷണിയില്‍ നിന്നു കരകയറിയത് ബാക്കി സ്ഥാപനങ്ങളെല്ലാം ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായതുകൊണ്ടാണ്.
ഈ സ്ഥാപനങ്ങള്‍ പോയാല്‍ ജനാധിപത്യം പിന്നെ നിര്‍ജീവമാകും. അമേരിക്കയില്‍ സംഭവിച്ചത് ഒരു വ്യക്തി, ജനാധിപത്യത്തെ അട്ടിമറിക്കാന്‍ നോക്കി. കൂടെയുള്ളവര്‍ പക്ഷെ അതിനു തയ്യാറായില്ല. വേറെ രാജ്യങ്ങളില്‍ ഒരു പക്ഷെ ഇത് സാധിക്കണമെന്നില്ല. കാരണം പ്രസിഡന്റ് പദവി ഒഴിയുന്നതിനുമുമ്പ് ഇത്തരം അട്ടിമറിക്കു ശ്രമിച്ചാല്‍ മറ്റു സ്ഥാപനങ്ങള്‍ അതിനൊപ്പം നില്‍ക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ട്രംപ് എങ്ങാനും ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ അവിടുത്തെ മിലിട്ടറിയിലെ ടോപ് ജനറല്‍സ്, നോ പറയാന്‍വേണ്ടി തയാറെടുത്തിരുന്നു. അതായത് സ്വന്തം മിലിട്ടറി പ്രസിഡന്റിനു അനുമതി കൊടുക്കുന്നില്ല എന്ന ഒരു അപൂര്‍വ സന്ദര്‍ഭമായിരുന്നു അത്. കാരണം ട്രംപിന്റെ പല മുന്‍നടപടികളും ഭ്രാന്തന്‍ രീതിയിലായിരുന്നു ഉണ്ടായിരുന്നത്. ഇത് ഇന്ത്യയിലോ അതോ വേറെ ഒരു രാജ്യത്തോ സാധ്യമായേക്കില്ല.
അമേരിക്കയില്‍ ഒരു നീണ്ട ജനാധിപത്യ പാരമ്പര്യം ഉള്ളത് കൊണ്ടാണത് സാധ്യമായത്. അമേരിക്കയിലെ മീഡിയ ട്രംപിനെ വിമര്‍ശിക്കാനുള്ള ഒരിടം അവിടെ ബാക്കിവെച്ചിരുന്നു. 90% മീഡിയ ട്രംപിനൊപ്പമായിരുന്നെങ്കില്‍, ഇത് സാധിക്കില്ലായിരുന്നു (അതായത് തെറ്റിനെ ശരിയെന്നു പറയിക്കുമായിരുന്നു). അമേരിക്കയിലെ ജുഡീഷ്യറി ഭൂരിപക്ഷവും റിപ്പബ്ലിക്കന്‍ നോമിനികള്‍ ഉള്ളതായിരുന്നു. എന്നിട്ടുപോലും അവര്‍ തെരഞ്ഞെടുപ്പ് വിധിയെ വെല്ലുവിളിച്ചത് ഏറ്റെടുത്തില്ല. ട്രംപ് ഫയല്‍ ചെയ്ത കേസുകള്‍ പോലും അവര്‍ വലിച്ചെറിഞ്ഞു. അവരുടെ പ്രസിഡന്റ് പറഞ്ഞത് അവിടുത്തെ കോടതി കേട്ടില്ല. അതായത് അവിടെ ജനാധിപത്യ പാരമ്പര്യം നിലനില്‍ക്കുന്നുണ്ട് എന്നര്‍ഥം. ജനാധിപത്യത്തിന്റെ തോതാണ് നമ്മള്‍ നോക്കുന്നത്. അതിനര്‍ഥം അമേരിക്ക മഹത്തായ രാജ്യം എന്നൊന്നുമല്ല. ഇതുകൊണ്ടാണ് ജനാധിപത്യത്തിന് റാങ്കിങ് വേണ്ടിവരുന്നത്.
ലോകത്തെ പല സ്ഥാപിതമായ ജനാധിപത്യങ്ങളും ക്ഷയിച്ചു വന്നിരിക്കുന്നു. ജനങ്ങള്‍ പിന്തുണക്കുകയാണെങ്കില്‍ നമുക്കെന്തു വേണമെങ്കിലും ചെയ്യാമെന്നാണ് പോപുലിസം പറയുന്നത്. യുറോപിലെല്ലാം ഇത്തരം പ്രസ്ഥാനങ്ങള്‍ ധാരാളമുണ്ട്. അവരെല്ലാം ആക്രമിക്കുന്നത് കുടിയേറ്റക്കാരെയും അഭയാര്‍ഥികളേയും ന്യുനപക്ഷങ്ങളെയുമാണ്. അങ്ങനെ വരുമ്പോള്‍ ജനാധിപത്യം പ്രായോഗികമായി ക്ഷയിച്ചുപോകും.
ഇറാന്‍ – സുഊദി
അനുരഞ്ജനം
ഇതിനിടയില്‍ ഉണ്ടായ പ്രതീക്ഷയുടെ കിരണങ്ങള്‍ ഇറാന്‍ – സുഊദി അനുരഞ്ജനമാണ്. 2023 മാര്‍ച്ചില്‍ ഇറാനും സുഊദി അറേബ്യയും തമ്മില്‍ 2016 -മുതല്‍ നഷ്ടപ്പെട്ട ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുവാനുള്ള നടപടികള്‍ എടുക്കുകയുണ്ടായി. ചൈനയുടെ മധ്യസ്ഥതയില്‍ ഏറ്റവും അരിശം കൊള്ളുന്നത് അമേരിക്കയായിരിക്കും. ഇനി പശ്ചിമേഷ്യയില്‍ വാഷിംഗ്ടണ്‍ വിചാരിക്കുന്ന ഇടത്ത് രക്തപ്പുഴകള്‍ ഒഴുകില്ല- അത് തന്നെ കാരണം. ഇറാനെയും ഇറാഖിനെയും സുഊദിക്കെതിരെ തിരിച്ച് വിടുന്നതില്‍ ഏറ്റവും നീചമായ രാഷ്ട്രീയം പ്രവര്‍ത്തിച്ചത് അമേരിക്കയില്‍ നിന്നുള്ള പദ്ധതികള്‍ ആയിരുന്നു. ദരിദ്ര രാജ്യമായ യെമനില്‍ സുഊദിക്കെതിരെ ഇറാനെ കൊണ്ട് ആക്രമണം നടത്തുന്നതില്‍ ഇനി പിന്മാറ്റം ഉണ്ടാവുമെന്ന് കരുതാം. സുന്നി- ശീഅ എന്ന യാഥാര്‍ഥ്യം രക്തപ്പുഴ ആക്കുന്നതില്‍ മുസ്ലിം ലോകത്തിന് താല്പര്യം ഇല്ല. പുറമേ നിന്നുള്ള ഇടപെടലുകള്‍, റഷ്യ – യു എസ് വൈരം തന്നെയാണ് ഇത് തീവ്രതയില്‍ എത്തിച്ചിരുന്നത്. സിറിയയില്‍ 2023 മാര്‍ച്ചില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയത് സിറിയ റഷ്യയുടെ ഒരു സഖ്യ രാജ്യം എന്ന വിരോധത്തില്‍ നിന്നു കൂടിയാണ്. ഭാവിയില്‍ റഷ്യ-ചൈന പങ്കാളിത്തത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടായാല്‍ അതിന് പശ്ചിമേഷ്യയെ ഒരു കളിക്കളം ആക്കാതെ ഇരിക്കണമെന്ന് നമുക്ക് ആഗ്രഹിക്കാം.
(ഈ ലേഖനത്തിലെ ചില ആശയങ്ങള്‍ക്ക് കാനഡയിലെ ഡല്‍ഹൗസി സര്‍വകലാശാല പ്രഫസര്‍ നിസിം മണ്ണത്തൂക്കാരനോട് കടപ്പാട്)