ചരിത്രത്തോട് വെറി കാണിക്കുന്നവര്‍
മുഹമ്മദ് ഹനീഫ്
ഇന്ത്യയുടെ ചരിത്രം പറയുന്നേടത്ത് മുഗള്‍ സാമ്രാജ്യത്തെ കുറിച്ച് പരാമര്‍ശിക്കാതെ പോകാനാകില്ല. താജ്മഹലും മറ്റും അതിന്റെ അടയാളപ്പെടുത്തലുകളാണ്. എന്നാല്‍, അവിടെയൊക്കെ മുസ്‌ലിം പേരു കടന്നുവരുന്നു എന്നതുകൊണ്ടാവണം സംഘപരിവാരത്തിന് മുഗളരുടെ ചരിത്രം മായ്ച്ചു കളയാനാണ് ധൃതി. അതിന്റെ പടിയായി അവര്‍ ആദ്യ കാല്‍വെച്ചിരിക്കുന്നത് വിദ്യാഭ്യാസ രംഗത്താണ്. മുഗളരെക്കുറിച്ചു വരുന്ന പരാമര്‍ശങ്ങള്‍ വളരെ തന്ത്രപരമായി മായ്ച്ചു കളയണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.
ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള എന്‍സിഇആര്‍ടിയുടെ ചരിത്ര പാഠപുസ്തകങ്ങളിലെ 46 അധ്യായങ്ങളില്‍ ഏഴാം ക്ലാസിലെ രണ്ട് അധ്യായങ്ങളില്‍ മാത്രമാണ് മുഗളന്മാരെയും മുഗള്‍ ഭരണത്തെയും കുറിച്ച പ്രതിപാദ്യങ്ങള്‍ ഉള്ളത്. പന്ത്രണ്ടാം ക്ലാസ് ചരിത്ര പുസ്തകത്തിലെ ‘തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി’ രണ്ടാം ഭാഗത്തിലെ മുഗള്‍ സാമ്രാജ്യത്തെ കുറിച്ച പാഠഭാഗം ഒഴിവാക്കിയത് ചരിത്രത്തെ പേടിയുള്ള സവര്‍ണ ഹിന്ദുത്വവാദികളുടെ ഗതികേടിന്റെ ആഴം വ്യക്തമാക്കുന്നു. മുഗള്‍ ഭരണകാലത്തെക്കുറിച്ച അധ്യായങ്ങള്‍ നേരത്തെ സി ബി എസ് ഇയും ഒഴിവാക്കിയിരുന്നു. പതിനൊന്നാം ക്ലാസിലെ ഇസ്‌ലാമിക ചരിത്രം ഇതിവൃത്തമായ ‘സെന്‍ട്രല്‍ ഇസ്‌ലാമിക് ലാന്‍ഡ്‌സ്’ എന്ന പാഠഭാഗവും കഴിഞ്ഞ അധ്യയന വര്‍ഷം സി ബി എസ് ഇ ഒഴിവാക്കി. സപ്താത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ഉള്‍പ്പെടെ മുഗള്‍ ഭരണകാലത്തെ നിരവധി ശേഷിപ്പുകള്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഉത്തര്‍പ്രദേശിലാണ് മുഗള്‍ ചരിത്ര നിരാസത്തിന് ആരംഭം കുറിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വൈരുധ്യം. പരിഷ്‌കരിച്ച എന്‍ സി ഇ ആര്‍ ടി സിലബസ് ആദ്യം പഠിപ്പിക്കുക അവിടെയാണ്.
യു പിയിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളായ താജ്മഹല്‍, ആഗ്ര കോട്ട, ഫത്തേപൂര്‍ സിക്രി, ബുലന്ദ് ദര്‍വാസ, അക്ബറിന്റെ മുസോളിയം തുടങ്ങി മുഗളന്മാരുടെ കാലത്ത് പണിത അസംഖ്യം ചരിത്ര സ്മാരകങ്ങളെ കുറിച്ച് വരും തലമുറ അറിയരുതെന്നാണ് സംഘപരിവാറിന്റെ തീരുമാനം. മുഗള്‍ ഭരണകാലത്തെ സ്ഥലനാമങ്ങള്‍ പോലും ഒന്നൊന്നായി മാറ്റിക്കൊണ്ടിരിക്കുന്ന ഈ വംശീയവാദികള്‍ ധരിച്ചിരിക്കുന്നത് പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്താല്‍ ചരിത്രം ഇല്ലാതാകുമെന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുള്ള ഗുജറാത്ത് വംശഹത്യയെക്കുറിച്ച പരാമര്‍ശങ്ങള്‍ സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തില്‍ (പേജ് 187-189) നിന്ന് നീക്കം ചെയ്തിട്ട് അധികകാലം ആയിട്ടില്ല. കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ടിപ്പു സുല്‍ത്താനെ പൂര്‍ണമായും ഒഴിവാക്കിയത് അവിടുത്തെ ബി ജെ പി ഭരണകൂടമാണ്.
ചരിത്രം മാറ്റിയെഴുതല്‍ ഫാസിസ്റ്റുകളുടെ വിനോദമാണ്. പാഠപുസ്തകങ്ങളിലെ അധ്യായങ്ങളും സ്ഥലനാമങ്ങളും മാത്രമേ അവര്‍ക്ക് മാറ്റാന്‍ കഴിയൂ. ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റുകളായ ഹിറ്റ്‌ലര്‍ക്കും മുസോളിനിക്കും ചെയ്യാന്‍ കഴിയാത്തത് വിവരസാങ്കേതികവിദ്യ അത്യധികം വികസിച്ചിരിക്കുന്ന ഈ കാലത്ത് നടപ്പാക്കുമെന്നാണ് ഹിന്ദുത്വ വംശീയവാദികള്‍ സ്വപ്‌നം കാണുന്നത്. താജ്മഹല്‍ പൊളിച്ച് ക്ഷേത്രം പണിയണമെന്നും ഷാജഹാന്‍- മുംതാസ് പ്രണയം അന്വേഷിക്കണമെന്നുമൊക്കെ ആവശ്യപ്പെടാന്‍ മാത്രം കുബുദ്ധികളാണ് രാജ്യത്തിന്റെ നേതൃത്വത്തിലെന്നത് നമ്മെ ആശങ്കപ്പെടുത്തേണ്ടതുണ്ട്.