22 Wednesday
October 2025
2025 October 22
1447 Joumada I 0

ഫലശൂന്യമായ വ്രതം

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു. ആര് അസത്യ ഭാഷണവും അനാവശ്യ പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കുന്നില്ലയോ അവന്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു താല്‍പര്യവുമില്ല (ബുഖാരി).

**

മനുഷ്യ ജീവിതത്തെയാകമാനം സംസ്‌കരിച്ചെടുക്കാനുള്ള പരിശീലനക്കളരിയാണ് നോമ്പ്. വിശ്വാസത്തെ വിമലീകരിക്കുകയും സ്വഭാവത്തെ ശുദ്ധീകരിക്കുകയും മാനുഷിക മൂല്യങ്ങളെ മഹത്വപ്പെടുത്തുകയും ചെയ്തുകൊണ്ട് തന്റെ സ്രഷ്ടാവിനെ അനുസരിക്കുകയാണ് നോമ്പുകാരന്‍. ഒരു വ്യക്തിയുടെ ജീവിതത്തില്‍ അനുഭവിക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളെ സ്രഷ്ടാവിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് മാറ്റിവെക്കാന്‍ മനസ്സിനെ പാകപ്പെടുത്തിയെടുക്കുമ്പോഴാണ് അവനില്‍ ഭക്തിയുണ്ടാവുക.
പുറത്തുനിന്നുള്ള ഉപദ്രവങ്ങള്‍ ശരീരത്തിന് ബാധിക്കാതിരിക്കാന്‍ വേണ്ടി പലതരത്തിലുള്ള രക്ഷാകവചവും നാം സ്വീകരിക്കാറുണ്ട്. മനസ്സില്‍ മാലിന്യം കലരാതിരിക്കാന്‍ വേണ്ടി നാം സ്വീകരിക്കുന്ന രക്ഷാകവചമാണ് ഭക്തി. നോമ്പുകാരനില്‍ വളര്‍ന്നുവരേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണവും അതുതന്നെയാണ്. ‘സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്” എന്ന വിശുദ്ധ ഖുര്‍ആനിന്റെ (2:182) പ്രസ്താവന നോമ്പിന്റെ ലക്ഷ്യത്തെ സൂചിപ്പിക്കുന്നു.
കേവലം ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതുകൊണ്ടുമാത്രം ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. മനസ്സിന്റെ സംരക്ഷണവും അതിന്റെ പടിപടിയായ വളര്‍ച്ചയുമാണ് നോമ്പ് നേടിത്തരുന്ന ഗുണം. നിര്‍ബന്ധങ്ങള്‍ അനുഷ്ഠിക്കുകയും നിഷിദ്ധങ്ങള്‍ വെടിയുകയും ചെയ്യുന്നതിലൂടെയാണ് ഈ ശുദ്ധീകരണ പ്രക്രിയ നടക്കുന്നത്.
അനുവദനീയമായ ഭക്ഷണ പാനീയങ്ങളും മറ്റു ദേഹേച്ഛകളും നോമ്പുകാലത്ത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നതുപോലെ നിഷിദ്ധമായ കാര്യങ്ങള്‍ നോമ്പിലും നോമ്പിനു ശേഷവും മാറ്റിവെക്കാനുള്ള പരിശീലനമാണ് വ്രതം. നോമ്പുകാലത്ത് കള്ളവര്‍ത്തമാനങ്ങളും അതുപോലെയുള്ള പ്രവൃത്തികളും വെടിയുന്നില്ലെങ്കില്‍ അവന്റെ വ്രതം ഫലശൂന്യമാണെന്ന് ഈ തിരുവചനം പാഠം നല്‍കുന്നത് അതുകൊണ്ടാണ്.
കളവും കള്ളസാക്ഷ്യവും പരിഹാസവും പരദൂഷണവും അപവാദവും അനാവശ്യവും തുടങ്ങി സത്യത്തില്‍ നിന്ന് വഴുതിപ്പോകുന്ന എല്ലാ വാക്കുകളും നോമ്പിന്റെ ഫലം നഷ്ടപ്പെടുത്തുന്നു. അസൂയയും അഹങ്കാരവും കോപവും കാപട്യവും വഞ്ചനയും വിദ്വേഷവും തുടങ്ങി സത്യവിരുദ്ധമായ എല്ലാ നിഷിദ്ധങ്ങളും വെടിയുന്നില്ലെങ്കില്‍ ഫലശൂന്യമായ പട്ടിണി മാത്രമാണ് ആ നോമ്പിന്റെ ഗുണം. പരമകാരുണികനായ അല്ലാഹുവിന്റെ അടിമകളുടെ ഗുണവിശേഷണങ്ങള്‍ തന്നെ വ്യാജത്തിന് സാക്ഷിനില്‍ക്കാത്തവരും അനാവശ്യ വൃത്തികളില്‍ നിന്ന് മാറിനില്‍ക്കുന്നവരുമാകുന്നു എന്നാണ്.
കണ്ണും കാതും കൈകാലുകളും നാവും ഹൃദയവും ഉള്‍പ്പെടെ എല്ലാ അവയവങ്ങളും സ്രഷ്ടാവിന് വിധേയപ്പെട്ടുകൊണ്ട് നോമ്പിനെ അര്‍ഥപൂര്‍ണമാക്കണമെന്നത്രെ ഈ തിരുവചനത്തിന്റെ സന്ദേശം.

Back to Top