30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

എ കെ കോടൂരിനും അബ്ദുറഹ്മാന്‍ മങ്ങാടിനും യുവത ബുക്‌സിന്റെ പ്രതിഭാ പുരസ്‌കാരങ്ങള്‍


കോഴിക്കോട്: യുവത ബുക്‌സിന്റെ പ്രഥമ പ്രതിഭാ പുരസ്‌കാരങ്ങള്‍ക്ക് എ കെ കോടൂരിനെയും അബ്ദുറഹ്മാന്‍ മങ്ങാടിനെയും തിരഞ്ഞെടുത്തു. പതിനായിരം രൂപയും പ്രശംസാപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ‘ആംഗ്ലോ മാപ്പിളയുദ്ധം 1921’ എന്ന ഗ്രന്ഥം രചിച്ച എ കെ കോടൂരിന് മരണാനന്തര ബഹുമതിയായാണ് പ്രതിഭാ പുരസ്‌കാരം സമര്‍പ്പിക്കുന്നത്.
1970 മുതല്‍ 29 വര്‍ഷം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നിരവധി പേരെ അഭിമുഖം നടത്തിയാണ് ഈ ഗ്രന്ഥം രചിച്ചത്. 1921-ലെ മലബാര്‍ സമരവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകൃതമായ രചനകളില്‍ വേറിട്ടുനില്‍ക്കുന്ന ഗ്രന്ഥമാണ് ‘ആംഗ്ലോ മാപ്പിള യുദ്ധം’. എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍, പത്രപ്രവര്‍ത്തകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ മികച്ച സേവനങ്ങള്‍ ചെയ്ത എ കെ കോടൂര്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പി ടി ഐയുടെ മലപ്പുറം റിപ്പോര്‍ട്ടറായിരുന്നു. മലപ്പുറം ടൈംസ്, മാപ്പിളനാട്, ലീഗ് ടൈംസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും കോടൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പഠനാര്‍ഹമായ പത്തോളം കൃതികളും നൂറുകണക്കിന് ലേഖനങ്ങളും എഴുതിയ എ കെ കോടൂര്‍ 2010 ജൂലായ് ആറിന് എഴുപത്തിയഞ്ചാം വയസ്സിലാണ് നിര്യാതനായത്.
കേരള മുസ്‌ലിം ചരിത്രത്തിന്റെ നിരവധി അപൂര്‍വ സ്രോതസ്സുകള്‍ ശേഖരിക്കുകയും ഗവേഷണം നടത്തുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്യുന്ന അബ്ദുറഹ്മാന്‍ മങ്ങാടിന്റെ സമഗ്ര സംഭാവനകളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. അറബി, അറബിമലയാളം, ഉര്‍ദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ അത്യപൂര്‍വ ഗ്രന്ഥങ്ങളുടെയും രേഖകളുടെയും വിപുലമായ ശേഖരമുള്ള അദ്ദേഹം കേരള മുസ്‌ലിം ചരിത്ര പഠനങ്ങളില്‍ ഗവേഷണം നടത്തുന്നവരുടെ മുഖ്യ അവലംബമാണ്. മാപ്പിള പാരമ്പര്യ പഠനങ്ങള്‍ ജീവിത സപര്യയാക്കിയ അദ്ദേഹം ശൈഖ് മാഹിന്‍ ഹമദാനി തങ്ങള്‍, ഖുര്‍ആന്‍ പരിഭാഷകള്‍ വ്യാഖ്യാനങ്ങള്‍, സച്ചരിതര്‍, ഇസ്‌ലാം ക്വിസ് തുടങ്ങിയ ഇരുപതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 2008-ല്‍ മലപ്പുറം ജില്ലയിലെ ചേളാരി ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായി ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച അദ്ദേഹം റാബിത്വത്തുല്‍ അദമില്‍ ഇസ്‌ലാമി, കേരള ഇസ്‌ലാമിക് അക്കാദമി എന്നിവയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സി എച്ച് മുഹമ്മദ് കോയ ചെയറില്‍ റിസര്‍ച്ച് ഓഫീസറായി സേവനമനുഷ്ഠിക്കുകയാണ് എഴുപതുകാരനായ അബ്ദുറഹ്മാന്‍ മങ്ങാട്.
2023 മെയ് 13 ശനിയാഴ്ച വൈകീട്ട് 4.30ന് കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ പ്രതിഭാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് യുവത ബുക്‌സ് ഡയരക്ടര്‍ പ്രഫ. കെ പി സകരിയ്യ, സി ഇ ഒ ഹാറൂന്‍ കക്കാട് എന്നിവര്‍ അറിയിച്ചു.

Back to Top