23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

അനന്തരാവകാശ നിയമങ്ങളും സാമൂഹിക സുരക്ഷിതത്വവും

സി പി അബ്ദുസ്സമദ്‌


സ്ത്രീസംബന്ധിയായ ഇസ്‌ലാം വിമര്‍ശനങ്ങളില്‍ പ്രധാനമാണ് അനന്തരാവകാശവുമായി ബന്ധപ്പെട്ട വിമര്‍ശനം. ഈ വിമര്‍ശനത്തെ അവലോകനം ചെയ്യുന്നതിനു മുമ്പ് ചില അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇസ്‌ലാമിന്റെ ഏതു നിയമവും ബാധകമാവുന്നത് മുസ്‌ലിംകള്‍ക്കാണല്ലോ. ‘മുസ്‌ലിം’ എന്ന പ്രയോഗത്തിനര്‍ഥം കീഴ്‌പെട്ടവന്‍ എന്നാണ്. അഥവാ ദൈവത്തിന് സ്വന്തത്തെ പൂര്‍ണമായി സമര്‍പ്പിച്ചവന്‍. തന്നെയും ഈ ലോകത്തെ സകലതിനെയും സൃഷ്ടിച്ച ദൈവത്തിനാണ് ഏറ്റവും കൂടുതല്‍ അറിവും യുക്തിയുമുള്ളത് എന്ന കാര്യം വിശ്വാസത്തിന്റെ ഭാഗമാണ്. സ്രഷ്ടാവിന്റെ തീര്‍പ്പുകളെയോ സംവിധാനങ്ങളെയോ അളക്കാന്‍ മനുഷ്യയുക്തി പര്യാപ്തമല്ല. വിശ്വസിക്കുന്നവര്‍ക്കേ അനന്തരാവകാശ നിയമം ഉള്‍ പ്പെടെ ഇസ്‌ലാമിന്റെ എല്ലാ നിയമങ്ങളും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയൂ.
വീതിക്കപ്പെടുന്ന
സ്വത്ത്

ഒരാള്‍ മരണപ്പെടുമ്പോള്‍ പരേതന്റെ ജീവിച്ചിരിക്കുന്ന ബന്ധുക്കളിലേക്ക് സ്വത്ത് വീതിക്കപ്പെടുന്നു. വിവാഹബന്ധം, രക്തബന്ധം എന്നിവയാണ് പ്രധാനമായും പരിഗണിക്കുക. അടുത്ത ബന്ധുക്കള്‍ക്കാണ് മുന്‍ഗണന. അടുത്ത ബന്ധുക്കളുടെ അഭാവത്തില്‍ അതേ താവഴിയിലെ അകന്ന ബന്ധങ്ങളിലേക്കും സ്വത്ത് വീതിക്കപ്പെടുന്നു. ഇതു കൂടാതെ സ്വത്ത് വീതിക്കുമ്പോള്‍ അവിടെ സന്നിഹിതരായ ദരിദ്രരെയും പരേതന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന അബലരെയും പരിഗണിക്കാനുള്ള നിര്‍ദേശങ്ങള്‍ ഖുര്‍ആനില്‍ കാണാം (വി.ഖു. 4:7, 4:33). മാത്രമല്ല, മരണപ്പെട്ട വ്യക്തിയുടെ കടങ്ങള്‍, വസിയ്യത്തുകള്‍ എന്നിവ വീട്ടിയതിനു ശേഷമാണ് സ്വത്ത് വീതിക്കേണ്ടത് എന്നും ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നു (4:11,12).
വിമര്‍ശനം
സ്ത്രീക്ക് പുരുഷനു ലഭിക്കുന്നതിന്റെ പകുതിയേ അനന്തരാവകാശമായി ലഭിക്കുന്നുള്ളൂ എന്നതാണ് ഇസ്‌ലാമിക അനന്തരാവകാശ നിയമത്തിലെ പ്രധാന വിമര്‍ശനം. കൂടാതെ ന്യായമായും സ്ത്രീക്ക് അവകാശപ്പെട്ട സ്വത്ത് പല പുരുഷബന്ധുക്കളിലേക്കും പോകുന്നു എന്നതടക്കം പല കോണുകളിലേക്ക് ആ വിമര്‍ശനം നീങ്ങുന്നു. ഈ വിമര്‍ശനത്തിന്റെ സാധുതകള്‍ ഇസ്‌ലാമിക നിയമങ്ങളുമായി ബന്ധപ്പെടുത്തി ഒന്ന് പരിശോധിക്കാം. ഇത്തരത്തില്‍ ചെറിയ മാനദണ്ഡങ്ങളാല്‍ അളക്കാവുന്ന ഒന്നാണോ ഇസ്‌ലാമിന്റെ അനന്തരാവകാശ നിയമം?
അല്ല എന്നാണ് ഉത്തരം. സ്ത്രീക്ക് പുരുഷന്റെ പകുതി സ്വത്ത് നല്‍കുന്ന ഒരു ഏര്‍പ്പാടായി ഇസ്‌ലാമിന്റെ അനന്തരാവകാശ നിയമത്തെ കാണുന്നവരാണ് ഈ വിമര്‍ശനം ഉന്നയിക്കുന്നവരില്‍ കൂടുതലും. അത്തരത്തില്‍ ഏതെങ്കിലും ഒരു തൂണില്‍ കെട്ടാവുന്നത്ര ലളിതമല്ല ഇസ്‌ലാമിലെ അനന്തരാവകാശ നിയമം. അത് വളരെ വിശാലമാണ്. ഇസ്‌ലാമിക കര്‍മശാസ്ത്രം അതിബൃഹത്തായ വിഷയമാണ്. ഇസ്‌ലാമിന്റെ ആദ്യകാല പണ്ഡിതരില്‍ മഹാന്മാരായി ഏഴു കര്‍മശാസ്ത്ര പണ്ഡിതരെയാണ് എണ്ണാറുള്ളത്. അതില്‍ തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്ന അലി(റ)യുടെ പ്രധാന പ്രത്യേകതകളില്‍ ഒന്ന് അദ്ദേഹം അനന്തരാവകാശ നിയമങ്ങളില്‍ പ്രാഗത്ഭ്യമുള്ളവനാണ് എന്നതാണ്. അതായത് അവഗാഹം കൊണ്ട് ഒരു മഹാപണ്ഡിതനെ വ്യതിരിക്തനാക്കാന്‍ മാത്രം വിശാലമായ, ആഴത്തിലുള്ള വിഷയമാണ് അനന്തരാവകാശ നിയമം.
ഇസ്‌ലാമിക അനന്തരാവകാശ നിയമത്തില്‍ സ്ത്രീക്ക് എപ്പോഴും പുരുഷന്റെ പകുതി സ്വത്താണോ ലഭിക്കുക?
അല്ല. മക്കളായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമിടയില്‍ രക്ഷിതാവിന്റെ സ്വത്ത് വീതം വെക്കുമ്പോഴുള്ള നിയമമാണിത്. ഈ വിഷയത്തില്‍ സാധാരണയായി വിമര്‍ശിക്കപ്പെടാറുള്ള വചനത്തിന്റെ പ്രയോഗം ഇങ്ങനെയാണ്: ”നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളത്” (വി.ഖു. 4:11). ഈ വചനത്തില്‍ അല്ലാഹു പ്രത്യേകം ‘നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍’ എന്ന് എടുത്തുപറഞ്ഞിട്ടുണ്ടെങ്കിലും അതിനെ പരിഗണിക്കാതെ ഇത് അനന്തരാവകാശത്തിന്റെ പൊതുനിയമമായി പരിഗണിച്ചാണ് പലപ്പോഴും വിമര്‍ശനം ഉന്നയിക്കാറുള്ളത്.
സഹോദരന്മാരോ ആണ്‍മക്കളോ ഉള്ള ഒരു വ്യക്തി മരണപ്പെട്ടാല്‍ അയാളുടെ മാതാവിനും പിതാവിനും ഒരേ അളവില്‍ (ആറിലൊന്ന്) ആണ് സ്വത്ത് ലഭിക്കുക എന്ന് ഇതേ വചനത്തിന്റെ (വി.ഖു. 4:11) മധ്യഭാഗത്ത് പറയുന്നുണ്ട്. അവിടെ സ്ത്രീയായ മാതാവിനും പുരുഷനായ പിതാവിനും ഇടയില്‍ സ്വത്ത് വീതം വെക്കുന്നതില്‍ ഒരു വ്യത്യാസവും കാണാന്‍ കഴിയില്ല. ഈ വചനത്തിന്റെ തുടക്കഭാഗം കാണുന്നവര്‍ പക്ഷേ മധ്യഭാഗം കാണുന്നില്ല എന്നതാണ് ഖേദകരം.
ഇസ്‌ലാമിക അനന്തരാവകാശ നിയമങ്ങളില്‍ എന്തുകൊണ്ടാണ് ‘തുല്യത’യില്ലാത്തത്?
ഇസ്‌ലാം തുല്യത എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് കാരണം. ചിലര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ‘തുല്യതയാണ് ന്യായവും നീതിയും കൊണ്ടുവരുന്നത്’ എന്ന ചിന്തയാണ് ഈ ചോദ്യത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
വ്യത്യാസമുള്ളവരെ വ്യത്യസ്തരായി പരിഗണിക്കുന്നതാണ് നീതി എന്നാണ് ഇസ്‌ലാമിന്റെ പക്ഷം. അതാണ് ശരിയും. അവിടങ്ങളില്‍ തുല്യത കൊണ്ടുവരുന്നത് അനീതിയാണ്. ബസ് സീറ്റുകളിലെ സ്ത്രീ റിസര്‍വേഷനും, ജോലികളിലും വിദ്യാഭ്യാസ സംവിധാനങ്ങളിലുമുള്ള സംവരണവുമെല്ലാം ഇത്തരത്തില്‍ തന്നെയാണ് നീതി നടപ്പാക്കേണ്ടത് എന്നതിന്റെ ഉദാഹരണങ്ങളാണ്. അവിടെയെല്ലാം തുല്യത നടപ്പാക്കി എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്നത് അനീതിയാണെന്ന് നമുക്ക് അറിയാം. വ്യത്യാസങ്ങള്‍ക്ക് അനുസരിച്ചുള്ള വ്യത്യസ്ത പരിഗണനകളാണ് നീതിയുടെ അടിസ്ഥാനം. ആ പരിഗണനകള്‍ എങ്ങനെയാവണം എന്ന തീരുമാനം ആരെടുക്കണം എന്നതാണ് അടുത്ത ചോദ്യം. എല്ലാ മനുഷ്യരുടെയും മേന്മയും പോരായ്മയും വിവിധ അവസ്ഥകളും വ്യക്തമായി അറിയുന്ന പടച്ചവന് മാത്രമേ അത് സാധിക്കൂ എന്നാണ് ഇസ്‌ലാമിന്റെ ഉത്തരം.
ഇസ്‌ലാം ലിംഗാടിസ്ഥാനത്തിലല്ലേ സ്വത്തിന്റെ അളവ് നിര്‍ണയിക്കുന്നത്?
സ്ത്രീയോ പുരുഷനോ ആയതുകൊണ്ടല്ല ഇസ്‌ലാം സ്വത്തില്‍ കുറവോ വര്‍ധനവോ നിശ്ചയിക്കുന്നത്. തലമുറയ്ക്കിടയില്‍ അനന്തരാവകാശിക്കുള്ള സ്ഥാനം, അനന്തരമെടുക്കപ്പെടുന്ന വ്യക്തിയുമായുള്ള ബന്ധം, ആ സ്വത്തു കൊണ്ട് ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ട ജോലിയും ബാധ്യതയുമടക്കം നിരവധി കാര്യങ്ങള്‍ അവിടെ പരിഗണിക്കുന്നുണ്ട്:

(1) അനന്തരമെടുക്കപ്പെടുന്ന വ്യക്തിയുമായുള്ള ബന്ധം
സ്വത്തിലുള്ള അവകാശം നിര്‍ണയിക്കുന്നതില്‍ ബന്ധത്തിന്റെ അടുപ്പത്തിന് വലിയ പ്രാധാന്യമുണ്ട്. അനന്തരമെടുക്കപ്പെടുന്ന വ്യക്തിയുമായി കൂടുതല്‍ അടുത്ത ബന്ധമുള്ള വ്യക്തിക്ക് അടുപ്പം കുറവുള്ള വ്യക്തിയേക്കാള്‍ സ്വത്ത് ലഭിക്കും. അനന്തരമെടുക്കപ്പെടുന്ന വ്യക്തിക്ക് രണ്ട് ഉപ്പയൊത്ത സഹോദരന്മാരും, രണ്ട് ഉപ്പയും ഉമ്മയുമൊത്ത സഹോദരിമാരുമാണ് ഉള്ളതെങ്കില്‍ ഇവിടെ ബന്ധത്തിലെ അടുപ്പക്കൂടുതല്‍ കാരണം സഹോദരിമാര്‍ക്കാണ് സഹോദരന്മാരെക്കാള്‍ അധികം സ്വത്ത് ലഭിക്കുക. രണ്ടു സഹോദരിമാര്‍ക്ക് മൂന്നില്‍ ഒന്നു വീതം ലഭിക്കുകയും രണ്ടു സഹോദരന്മാര്‍ക്ക് ആറില്‍ ഒന്ന് വീതം ലഭിക്കുകയും ചെയ്യും. അതായത് സ്ത്രീക്ക് പുരുഷന്റെ ഇരട്ടി ലഭിക്കുന്നു.

(2) തലമുറകള്‍ക്കിടയില്‍ അനന്തരാവകാശിക്കുള്ള സ്ഥാനം
വീതിക്കപ്പെടുമ്പോള്‍ സ്വത്ത് ലഭിക്കുന്നയാള്‍ക്ക് തലമുറയിലുള്ള സ്ഥാനവും വളരെ ഗൗരവത്തില്‍ പരിഗണിക്കുന്ന വിഷയമാണ്. ഉദാഹരണത്തിന്, ഭര്‍ത്താവും മകളും മാത്രം അനന്തരാവകാശിയായിരിക്കെ ഒരു സ്ത്രീ മരണപ്പെട്ടാല്‍ അവരുടെ ഭര്‍ത്താവിന് സ്വത്തിന്റെ നാലിലൊരു ഭാഗവും മകള്‍ക്ക് സ്വത്തിന്റെ പകുതിയും ലഭിക്കും. ഇങ്ങനെ വിഭജിച്ചുകഴിയുമ്പോള്‍ ബാക്കി വരുന്ന നാലിലൊരു ഭാഗവും മകള്‍ക്കാണ് ലഭിക്കുക. അതായത് ഭര്‍ത്താവിന് ലഭിക്കുന്നതിന്റെ മൂന്നു മടങ്ങാണ് ഇവിടെ മകള്‍ക്ക് അനന്തരമായി ലഭിക്കുന്നത്.
(3) സാമ്പത്തിക ബാധ്യത
സ്വത്ത് കൂടുതല്‍ ചെലവഴിക്കാന്‍ ബാധ്യസ്ഥരായവര്‍ക്ക് കൂടുതല്‍ സ്വത്ത് കൊടുക്കുന്നത് സാമാന്യബുദ്ധിയാണ്. ഉദാഹരണത്തിന് രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങള്‍ പരിശോധിക്കാം:
ഒന്ന്) രണ്ടു കുട്ടികള്‍ക്ക് ഓരോ ആപ്പിള്‍ വീതം നല്‍കുന്നു. ആദ്യത്തെ കുട്ടിയോട് മാത്രം തനിക്ക് ലഭിച്ച ആപ്പിളിന്റെ പകുതി മൂന്നാമത്തെ കുട്ടിക്ക് നല്‍കാന്‍ പറയുന്നു.
രണ്ട്) ആദ്യത്തെ കുട്ടിക്ക് രണ്ട് ആപ്പിളും രണ്ടാമത്തെ കുട്ടിക്ക് ഒരു ആപ്പിളും നല്‍കുന്നു. ശേഷം ആദ്യത്തെ കുട്ടിയോട് തനിക്ക് ലഭിച്ച ആപ്പിളുകളിലൊന്ന് മൂന്നാമത്തെ കുട്ടിക്ക് നല്‍കാന്‍ പറയുന്നു.
ഇതില്‍ ഏത് രീതിയാണ് നീതിയുക്തം? രണ്ടാമത്തേതാണെന്ന് വ്യക്തം. ആദ്യത്തേതില്‍ ആപ്പിള്‍ നല്‍കിയത് തുല്യമായാണ് എങ്കിലും, അത് നല്‍കുമ്പോള്‍ രണ്ടു പേര്‍ക്കും ആപ്പിള്‍ കൊണ്ടുള്ള ജോലിഭാരം എത്രയാണെന്ന് പരിഗണിച്ചിരുന്നില്ല. എന്നാല്‍ രണ്ടാമത്തേതില്‍ അതുകൂടി പരിഗണിച്ചാണ് ആപ്പിള്‍ നല്‍കിയത്. നല്‍കുന്നത് തുല്യ അളവിലല്ലെങ്കിലും അവിടെയാണ് നീതി പുലരുന്നത്.
ഇസ്‌ലാം സാമ്പത്തിക ഉത്തരവാദിത്തം പൂര്‍ണമായും പുരുഷനു മേലാണ് ബാധ്യതയായി ഏല്‍പിച്ചിട്ടുള്ളത്. സ്ത്രീക്ക് അനന്തരം ലഭിക്കുന്ന സ്വത്തോ അവള്‍ സമ്പാദിക്കുന്ന സ്വത്തോ ഏതെങ്കിലും വഴിയില്‍ ചെലവഴിക്കേണ്ട നിര്‍ബന്ധ ബാധ്യത ഇസ്‌ലാം നല്‍കുന്നില്ല. അവള്‍ക്ക് അത് സ്വതാല്‍പര്യത്തിനനുസരിച്ച് ഉപയോഗിക്കാം. എന്നാല്‍ പുരുഷന് അങ്ങനെ കഴിയില്ല. അവന്റെ മേലാണ് ഇസ്‌ലാം മാതാപിതാക്കളുടെയും മക്കളുടെയും ഭാര്യയുടെയുമെല്ലാം സാമ്പത്തിക ഉത്തരവാദിത്തം ഏല്‍പിച്ചിട്ടുള്ളത്. അവര്‍ക്കു വേണ്ടി ചെലവഴിക്കല്‍ പുരുഷനു നിര്‍ബന്ധമാണ്. ശമ്പളം വാങ്ങുന്ന സ്ത്രീയുടെ പോലും ചെലവ് വഹിക്കല്‍ പുരുഷന്റെ (ഭര്‍ത്താവ്/ സഹോദരന്‍/ പിതാവ്) ബാധ്യതയാണ്. അവള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം അവള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ അവരെ സാമ്പത്തികമായി സഹായിക്കാം. ഭര്‍ത്താവിനോ പിതാവിനോ സഹോദരനോ അവളെ നിര്‍ബന്ധിക്കാന്‍ അവകാശമില്ല.
പിതാവ് മരണപ്പെടുന്നതോടുകൂടി സഹോദരിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സഹോദരന് സഹോദരിയുടെ ഇരട്ടി സ്വത്ത് ലഭിക്കുന്നതിന്റെ യുക്തി ഈ നയത്തില്‍ നിന്നു മനസ്സിലാക്കാം. സ്ത്രീക്ക് പുരുഷന്റെ പകുതി സ്വത്തേ ലഭിക്കുന്നുള്ളൂ എന്ന വിമര്‍ശനത്തിനായി ഉപയോഗിക്കുന്ന സൂറതുന്നിസാഇലെ ആയത്തിന്റെ (4:11) തുടര്‍ച്ചയില്‍ തന്നെ ഇസ്‌ലാമിന്റെ ഈ വിഷയത്തിലെ സമീപനം വ്യക്തമാണ്.
ഈ ആയത്ത് പ്രകാരം, മാതാപിതാക്കള്‍ ജീവിച്ചിരിക്കെ മരണപ്പെടുന്ന വ്യക്തിക്ക് ആണ്‍മക്കളോ സഹോദരങ്ങളോ ഉണ്ടെങ്കില്‍ മാതാവിനും പിതാവിനും തുല്യമായാണ് സ്വത്ത് വീതിക്കേണ്ടത് (ആറില്‍ ഒന്ന്). ഇനി മക്കളോ സഹോദരങ്ങളോ ഇല്ലാതെ, സ്വത്തിന്റെ അവകാശികള്‍ മാതാപിതാക്കള്‍ മാത്രമാവുന്ന സാഹചര്യമാണെങ്കില്‍ ഉപ്പക്ക് മൂന്നില്‍ രണ്ടും ഉമ്മക്ക് മൂന്നിലൊന്നുമായിരിക്കും ലഭിക്കുക. അതായത് ഉപ്പക്ക് ഉമ്മയുടെ ഇരട്ടി സ്വത്ത് ലഭിക്കുന്നു. ഇതെന്തുകൊണ്ടാണ്? ഉമ്മയെയും ഉപ്പയെയും നോക്കേണ്ട ബാധ്യതയുള്ള മകന്‍ മരണപ്പെടുന്നു. അവന്റെ സ്വത്തും അവന്റെ ഉമ്മയെയും ഉപ്പയെയും പരിപാലിക്കേണ്ട ബാധ്യതയും അവിടെ ബാക്കിയാവുന്നു.
ഈ ബാധ്യത ഇസ്‌ലാം ഉപ്പക്ക് നല്‍കുന്നതുകൊണ്ട് ആ സ്വത്തില്‍ നിന്നു കൂടുതല്‍ ഭാഗം ഉപ്പക്ക് ലഭിക്കുന്നു. ഉപ്പക്ക് ലഭിച്ച മൂന്നില്‍ രണ്ട് ഭാഗം കൊണ്ട് ഉപ്പ ഉമ്മയുടെയും ഉപ്പയുടെയും ചെലവ് വഹിക്കണം. തനിക്ക് ലഭിച്ച മൂന്നിലൊരു ഭാഗം ഉമ്മക്ക് ഇഷ്ടമുള്ളതുപോലെ ചെലവഴിക്കാം. ഇവിടെ ആര്‍ക്കാണ് എളുപ്പം, ആര്‍ക്കാണ് പ്രയാസമെന്ന് ഈ സാഹചര്യത്തെ മനസ്സിലാക്കിയാല്‍ ഉള്‍ക്കൊള്ളാവുന്നതാണ്. ഇവിടെ ഈ ഉമ്മയും ഉപ്പയെയും നോക്കാന്‍ മരണപ്പെട്ട വ്യക്തിയുടെ ആണ്‍മക്കളോ സഹോദരങ്ങളോ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഈ ഓഹരിവ്യത്യാസമില്ല എന്നത് സുപ്രധാനമാണ്. അങ്ങനെയെങ്കില്‍ രണ്ടു പേര്‍ക്കും ഒരേ അളവിലാണ് സ്വത്ത് ലഭിക്കുന്നത്.
വിഭജനവേളയില്‍ ഇത്തരത്തില്‍ സ്വത്ത് പുരുഷന് സ്ത്രീയേക്കാള്‍ അധികം ലഭിക്കുന്ന സാഹചര്യങ്ങളും സ്ത്രീക്ക് പുരുഷനേക്കാള്‍ അധികം ലഭിക്കുന്ന സാഹചര്യങ്ങളും രണ്ടു പേര്‍ക്കും തുല്യമായി ലഭിക്കുന്ന സാഹചര്യങ്ങളുമെല്ലാം ഇസ്‌ലാമിക അനന്തരാവകാശ നിയമങ്ങളിലുണ്ട്. മാത്രമല്ല, സ്ത്രീക്ക് ഓഹരി ലഭിക്കുകയും അതേ സ്ഥാനത്തുള്ള പുരുഷന് ഓഹരി ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ പോലും വരുന്നുണ്ട്.

ദുരുപയോഗം
ഈ നിയമം ഇത്രത്തോളം നീതിയുക്തമാണെങ്കിലും മറ്റു നിയമങ്ങളെ പോലെത്തന്നെ ഇതും മനുഷ്യരാല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടായേക്കാം. ഇസ്‌ലാമില്‍ സ്ത്രീ എപ്പോഴും സംരക്ഷിക്കപ്പെടേണ്ടവളാണ്. പല വേളകളിലും അവളെ സംരക്ഷിക്കുന്നതിനായാണ് പിതാവിന്റെ സഹോദരങ്ങളിലേക്കും മറ്റു ചില പുരുഷന്മാരിലേക്കും സ്വത്ത് വിഭജിക്കപ്പെടുന്നത്.
പക്ഷേ, സ്വത്ത് നിയമപ്രകാരം നേടുമെങ്കിലും ഉത്തരവാദിത്തം നിറവേറ്റാന്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും പുരുഷന്മാര്‍ തയ്യാറാവുന്നില്ല എന്ന് കാണാം. ഇത് വലിയ തെറ്റാണ്. ഈ പ്രശ്‌നമുന്നയിച്ച് സ്ത്രീക്ക് ഇസ്‌ലാമിക കോടതിയെ സമീപിക്കാവുന്നതുമാണ്. നമ്മുടെ നാട്ടില്‍ ശരീഅത്ത് നിയമത്തിന്റെ പരിധിയില്‍ പരിഗണിച്ചോ മഹല്ലുകളുടെ നേതൃത്വത്തിലോ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. അതിനി ഭര്‍ത്താവോ സഹോദരനോ ആണെങ്കിലും സ്ത്രീ അവരാല്‍ സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ ഇവ്വിധം ആ പ്രശ്‌നം പരിഹരിക്കപ്പെടല്‍ അനിവാര്യമാണ്.
അതിനര്‍ഥം ഇത്തരത്തില്‍ പിതാവിന്റെ സഹോദരങ്ങളിലേക്ക് അനന്തരസ്വത്ത് എത്തുന്നത് അനീതിയാണ് എന്നല്ല. അവരെ ശത്രുക്കളായല്ല ഇസ്ലാം കാണുന്നത്. മറിച്ച് അങ്ങോട്ടും ഇങ്ങോട്ടും സ്‌നേഹവും ബാധ്യതകളുമുള്ള രക്തബന്ധുക്കളായാണ് കാണുന്നത്. മനുഷ്യരായതുകൊണ്ട് മറ്റു മേഖലകളെ പോലെ ഇവിടെയും ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വീഴ്ച വന്നേക്കാം. ആ വീഴ്ചകള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടലാണ് അവിടെ സ്വീകരിക്കാവുന്ന നയം.
ഇനി സ്വത്തുക്കളൊന്നും ലഭിച്ചില്ലെങ്കില്‍ പോലും ഒരു വ്യക്തി മരണപ്പെടുമ്പോള്‍ അയാളുടെ മക്കളെ പരിപാലിക്കേണ്ട ബാധ്യത വരുന്നത് പരേതന്റെ ജീവിച്ചിരിക്കുന്ന സഹോദരങ്ങള്‍ക്കു മേലും പിതാവിനു മേലുമാണ്. സ്വത്ത് ലഭിക്കുക കൂടി ചെയ്യുമ്പോള്‍ ആ ഉത്തരവാദിത്തം കൂടുതല്‍ ശക്തിപ്പെടുന്നു.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x