8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

ഹൃദയശുദ്ധിയാണ് പ്രധാനം

എം ടി അബ്ദുല്‍ഗഫൂര്‍


നുഅ്മാനുബ്‌നു ബശീര്‍(റ) പറയുന്നു: നബി(സ) പറയുന്നതായി ഞാന്‍ കേട്ടു. നുഅ്മാന്‍ തന്റെ വിരലുകളെ കാതുകളോട് ചേര്‍ത്തുപിടിച്ചു ശ്രദ്ധിച്ചു: തീര്‍ച്ചയായും അനുവദനീയമായ കാര്യങ്ങള്‍ വ്യക്തമാണ്. തീര്‍ച്ചയായും നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്. അവയ്ക്കിടയില്‍ പരസ്പര സമാനതയുള്ള ചില കാര്യങ്ങളുമുണ്ട്. അധികമാളുകളും അവയെക്കുറിച്ച് അറിയുന്നില്ല. ആരെങ്കിലും ഇത്തരം കാര്യങ്ങളെ സൂക്ഷിച്ചാല്‍ അവന്‍ തന്റെ മതത്തെയും അഭിമാനത്തെയും സുരക്ഷിതമാക്കി. ആരെങ്കിലും അതില്‍ അകപ്പെട്ടുപോയാല്‍ അവന്‍ നിഷിദ്ധത്തില്‍ പെട്ടുപോയി. ഒരു സംരക്ഷിത വേലിക്ക് ചുറ്റും തന്റെ കാലികളെ മേയ്ക്കുന്ന ഒരു ഇടയനെപ്പോലെയാണത്. അവന്‍ അതിനുള്ളില്‍ കാലികളെ മേച്ചുപോകാനിടയാകും. അറിയുക, എല്ലാ രാജാവിനും ഒരു സുരക്ഷിതവേലിയുണ്ട്. അല്ലാഹുവിന്റെ സംരക്ഷിത വലയം അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാകുന്നു. അറിയുക, തീര്‍ച്ചയായും ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ചീത്തയായാല്‍ ശരീരം മുഴുവനും ചീത്തയായി. അറിയുക. അതത്രെ ഹൃദയം (മുസ്‌ലിം).

മനുഷ്യശരീരത്തിലെ സുപ്രധാനമായ അവയവമത്രെ ഹൃദയം. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ ഉറവിടമാണത്. അവന്റെ വികാര-വിചാരങ്ങളും സ്വഭാവ പെരുമാറ്റങ്ങളും രൂപപ്പെടുത്തുന്നതിലും നിയന്ത്രിക്കുന്നതിലും ഹൃദയം പങ്കുചേരുന്നു.
ഭാഷാപരമായി ‘മാറിക്കൊണ്ടിരിക്കുന്ന’ എന്ന അര്‍ഥം വരുന്ന ഒരു പദമാണ് ഖല്‍ബ് അഥവാ ഹൃദയം. അതിന്റെ അവസ്ഥക്കനുസരിച്ചാണ് മനുഷ്യന്‍ നന്നാവുകയും ചീത്തയാവുകയും ചെയ്യുന്നത്. സ്‌നേഹം, സഹിഷ്ണുത, സഹവര്‍ത്തിത്തം, അലിവ്, അനുകമ്പ, ആര്‍ദ്രത തുടങ്ങി എന്തെല്ലാം സദ്ഗുണങ്ങളുണ്ടോ അതെല്ലാം അധികരിപ്പിച്ച് ശരിയായ വിശ്വാസത്തിലൂടെയും ദൈവസ്മരണയിലൂടെയും ചരിക്കുമ്പോള്‍ ഹൃദയം ശുദ്ധീകരിക്കപ്പെടുന്നു. ശിര്‍ക്ക്, കാപട്യം, കളവ്, വഞ്ചന, അഹങ്കാരം തുടങ്ങി സര്‍വവിധ ദുര്‍ഗുണങ്ങളില്‍നിന്നും ഹൃദയത്തെ ശുദ്ധീകരിച്ച് മാലിന്യമുക്തമാക്കേണ്ടതുണ്ട്.
യഥാര്‍ഥ വിശ്വാസം സ്വീകരിച്ചുകൊണ്ട് അതിന്റെ പ്രതിഫലനമായി ഉണ്ടാവുന്ന സല്‍കര്‍മങ്ങളിലേര്‍പ്പെട്ടുകൊണ്ടും സല്‍സ്വഭാവം പ്രകടിപ്പിച്ചുകൊണ്ടും ജീവിതവിജയം കൈവരിക്കാന്‍ സാധിക്കുന്നത് ഹൃദയശുദ്ധീകരണത്തിലൂടെയാണെന്നത്രേ ഈ തിരുവചനത്തിന്റെ പൊരുള്‍. ഹൃദയം സത്യനിഷേധം സ്വീകരിക്കുമ്പോള്‍ അതിന്റെ ബാഹ്യപ്രകടനമായ ദുര്‍വൃത്തിയിലൂടെയും ദുഃസ്വഭാവത്തിലൂടെയും കളങ്കിതമായ ഒരു ജീവിതമാണ് അനന്തരമായി ലഭിക്കുക.
ഹൃദയശുദ്ധീകരണത്തിന് ആവശ്യമായ നിയമനിര്‍ദേശങ്ങള്‍ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട് എന്ന് ഈ തിരുവചനം പ്രസ്താവിക്കുന്നു. അനുവദനീയവും അനനുവദനീയവുമായ കാര്യങ്ങള്‍ വ്യക്തമാണെന്നിരിക്കെ അതിന്നിടയില്‍ വ്യക്തതയില്ലാത്ത കാര്യങ്ങളിലേക്ക് മാറിപ്പോകാതെ ഹൃദയത്തെ നിയന്ത്രിക്കുന്നതിലാണ് വിജയം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x