23 Thursday
October 2025
2025 October 23
1447 Joumada I 1

സ്ത്രീശാക്തീകരണത്തിന്റെ ചരിത്രമാതൃക

മുബീന ഗഫൂര്‍

ചരിത്രത്തില്‍ മാതൃകാപരമായ അടയാളപ്പെടുത്തലുകള്‍ നടത്തിയ നിരവധി സ്ത്രീ രത്‌നങ്ങളുണ്ട്. പക്വമായ ഒരു പെണ്‍കൂട്ടത്തെ വാര്‍ത്തെടുത്ത് അവര്‍ കടന്നു പോയപ്പോള്‍ നമുക്കും സമൂഹ നിര്‍മിതിയില്‍ ബാധ്യതയുണ്ട് എന്ന ചിന്തയില്‍ ആദര്‍ശ പ്രസ്ഥാനങ്ങളും ഉരുത്തിരിഞ്ഞു. അമാനത്തുകള്‍ കാത്തുസൂക്ഷിക്കാന്‍ നിയുക്തമായി സേവനപാതയില്‍ ഒരേ മനസ്സോടെ കടന്നുവന്ന് ഒപ്പം ചേര്‍ത്തും ഹൃദയം കൊണ്ടറിഞ്ഞും പെ ണ്‍മയുടെ ഉണ്‍മയില്‍ നിലകൊണ്ടു. വിശാലമായ മനസ്സും പ്രതിജ്ഞാബദ്ധമായ നിശ്ചയദാര്‍ഢ്യവും നന്മയില്‍ അധിഷ്ഠിതമായ സഹവര്‍ത്തിത്തവുമാണ് നമുക്ക് വേണ്ടത്. സാഹോദര്യ മനോഭാവത്തോടെ ധാര്‍മിക മുന്നേറ്റങ്ങളില്‍ ഐക്യപ്പെട്ടും ഉള്‍ക്കൊണ്ടും എക്കാലത്തും മികച്ചുനില്‍ക്കാനാവണം.
നവോത്ഥാന കാലഘട്ടത്തിലേക്ക് ഉതകുന്ന നവയുഗശില്‍പികളെ വാര്‍ത്തെടുക്കാന്‍ ഒരുങ്ങുമ്പോഴാണ് നമ്മില്‍ ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്തം എത്ര പവിത്രവും യുക്തിപൂര്‍വകവുമാണെന്ന് നാം തിരിച്ചറിയുന്നത്. അറിവിനൊത്ത അച്ചടക്കവും ധാര്‍മികബോധവും വീടകങ്ങളില്‍ നിന്ന് നല്‍കാന്‍ നാം പ്രതിജ്ഞാബദ്ധരാവേണ്ടതുണ്ട്. പെണ്‍തലമുറയെ വിശുദ്ധ ഖുര്‍ആന്‍ ബഹുമാനിച്ചതുപോലെ മറ്റേതു ഗ്രന്ഥമാണ് ബഹുമാനിച്ചത്? അവകാശങ്ങള്‍ നല്‍കിയും സ്ത്രീയെന്ന നിലയില്‍ ബഹുമാനിച്ചും പെണ്‍കുഞ്ഞെന്ന നിലയില്‍ ആദരിച്ചും ഭാര്യ എന്ന നിലയില്‍ മഹത്വപ്പെടുത്തിയും മാതാവ് എന്ന നിലയില്‍ ഉല്‍കൃഷ്ടമാക്കിയും സമൂഹത്തിന്റെ അനിവാര്യ ഘടകമായി സ്ത്രീയെ ഇസ്ലാം പരിഗണിച്ചു.!
സമൂഹനന്മയില്‍ പെണ്ണിനുള്ള പങ്ക് ചെറുതല്ല. ദീനും ദുന്‍യാവും വ്യക്തിയും സമൂഹവും വ്യവസ്ഥാപിതമായി ഒരുക്കാനും അടിച്ചമര്‍ത്തലുകള്‍ക്കെതിരെ തൂലിക ചലിപ്പിക്കാനും പ്രതിഷേധവഴികളില്‍ ഉമ്മുഅമ്മാറമാരെ സൃഷ്ടിക്കാനും നമുക്ക് സാധ്യമാണ്. ആശ്രയവും പ്രതീക്ഷയും നഷ്ടപ്പെട്ട നിരാലംബയായ സ്ത്രീക്ക് ഏഴാനാകാശത്തുനിന്നു ദൈവത്തിന്റെ ഐക്യദാര്‍ഢ്യം ലഭിച്ച ഇസ്‌ലാമിക ചരിത്രപാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട്. മതം നമുക്ക് നല്‍കുന്ന പ്രാധാന്യം ഖൗലമാരെ സൃഷ്ടിച്ച സ്രഷ്ടാവ് നമ്മെയും ബലപ്പെടുത്തിയതിന്റെ തെളിവല്ലേ?
ഇത്തരം സ്മരണകള്‍ ചരിത്രത്താളുകളില്‍ മാത്രം ഒതുങ്ങേണ്ട ഒന്നാവരുത്. നമുക്ക് ലഭിച്ച വിശ്വാസ സംഹിതയില്‍ ജീവിക്കുകയും അതിലെ വെള്ളിവെളിച്ചം നുകര്‍ന്നും പകര്‍ന്നും നിഷ്‌കളങ്കമായി ഉള്ളുണര്‍വോടെ സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളില്‍ കണ്ണികളായി നന്മയുടെ പ്രസരണത്തിലും തിന്മയുടെ ഉന്മൂലനത്തിലും നിലകൊള്ളുകയെന്നത് നമ്മില്‍ അര്‍പ്പിതമായ കടമയാണ്. നീതിബോധവും ധാര്‍മികതയുമാണ് ഇസ്‌ലാമിക ചിന്തയുടെ തലവാചകമെങ്കില്‍ സന്തുലിതത്വമാണ് അതിന് ആധാരം. സ്ത്രീയെ ബഹുമാനിക്കുക എന്നത് ഇസ്‌ലാമിന്റെ മൂല്യങ്ങളില്‍ പെട്ടതാണ്.
ലഹരി അതിന്റെ അതിപ്രസരത്താ ല്‍ ആസുരഭാവം പൂണ്ടിരിക്കുന്നു. മഴവില്‍ പതാകകള്‍ പാറിക്കാന്‍ വെമ്പുന്ന, കണ്‍മുന്നില്‍ നിറഞ്ഞാടുന്ന അരാജകത്വത്തിനു തടയിടാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. വീടകങ്ങള്‍ സ്‌നേഹസാമ്രാജ്യങ്ങളാവുമ്പോള്‍ മറുസ്‌നേഹം തേടി പുതുതലമുറ ഇറങ്ങിപ്പുറപ്പെടില്ല. ഇരുള്‍ മൂടിയ ഇലപ്പെരുപ്പങ്ങളിലൂടെ വഴിവെട്ടി ഒറ്റയ്ക്ക് ഒരു പച്ചമരമാവുക.
കാലത്തിന്റെ പരിക്കേല്‍ക്കാതെ ഭൂമിയില്‍ വിജയിക്കാന്‍ സാധ്യമല്ല എന്ന തിരിച്ചറിവുണ്ടാവണം. പെണ്ണുടലളവുകള്‍ ചൂഷണം ചെയ്യപ്പെടുന്നു. മതമുക്ത യുക്തിജീവിതം സ്ത്രീജീവിതത്തെ തകര്‍ക്കുന്നു. ധര്‍മച്യുതി സംഭവിക്കാത്ത വിദ്യാഭ്യാസരീതിയിലൂടെ മൂല്യാധിഷ്ഠിത ബോധം വളര്‍ത്താന്‍ പുതുതലമുറയ്ക്ക് സാധ്യമാകട്ടെ.

Back to Top