14 Tuesday
January 2025
2025 January 14
1446 Rajab 14

മുസ്‌ലിം സ്ത്രീകളും മുജാഹിദ് പാരമ്പര്യവും

സി ടി ആയിശ ടീച്ചര്‍


ഓരോ ജീവിതത്തിനും അതിന്റെ പൊരുളും ദൗത്യവുമുണ്ട്. അതറിയുകയും ലക്ഷ്യബോധത്തോടെ ജീവിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് ജീവിതം സഫലമാകുന്നത്. ആണും പെണ്ണുമായാണ് എല്ലാ ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ജീവിതം ആനന്ദപ്രദമാകാനും അര്‍ഥവത്താകാനും വംശത്തിന്റെ നിലനില്‍പ്പിനുമെല്ലാം ലക്ഷ്യംവെച്ചുകൊണ്ടാണ് ഈ സംവിധാനം. ഓരോരുത്തരുടെയും അവകാശങ്ങള്‍, ബാധ്യതകള്‍, കടമകളും കടപ്പാടുകളും എല്ലാം അവര്‍ അറിയണം. ആണിനും പെണ്ണിനും സ്വന്തമായ ചിന്താശേഷി, ബുദ്ധി, ഓര്‍മശക്തി, വിവേചനശേഷി, ആരോഗ്യമുള്ള മനസ്സ്, ശരീരം എല്ലാം സ്രഷ്ടാവ് നല്‍കിയിട്ടുണ്ട്. ആരും ആരുടെയും അടിമയായിക്കൊണ്ടല്ല, മറിച്ച്, പരസ്പരം ആശ്രയിച്ചും ഇണങ്ങിയും ജീവിക്കാനുള്ള സ്‌നേഹവും കാരുണ്യവുമാണ് അല്ലാഹു നമുക്കിടയില്‍ നിക്ഷേപിച്ചിരിക്കുന്നത്. സ്ത്രീ പുരുഷന്റെയോ പുരുഷന്‍ സ്ത്രീയുടെയോ അടിമയല്ല. എല്ലാവരും സര്‍വശക്തന്റെ അടിമകള്‍.
ആണില്‍ നിന്ന് അല്ലെങ്കില്‍ പെണ്ണില്‍ നിന്ന് വിശ്വാസിയായ നിലയില്‍ ആര് സല്‍ക്കര്‍മം ചെയ്തുവോ അവരെ നാം നല്ല ജീവിതം ജീവിപ്പിക്കുകയും അവര്‍ പ്രവര്‍ത്തിച്ചതിന് ഏറ്റവും നല്ലത് നാം പ്രതിഫലം നല്‍കുകയും ചെയ്യുമെന്ന് അല്ലാഹു ഉണര്‍ത്തുന്നു. മനുഷ്യകുലത്തിനോടായി സ്രഷ്ടാവ് ഉണര്‍ത്തുന്ന കാര്യമാണ് ‘ആര് അണുമണിത്തൂക്കം നന്മ ചെയ്തുവോ അത് അവന്‍ കാണും, ആര് അണുത്തൂക്കം തിന്മ ചെയ്തുവോ അത് അവന്‍ കാണും’ എന്നത്. നീതിമാനായ സ്രഷ്ടാവിന്റെ സൃഷ്ടികളോടുള്ള ബോധ്യപ്പെടുത്തലാണിത്. ആ ഉന്നതമായ നീതിയിലാണ് ഓരോ വിശ്വാസിയുടെയും പ്രതീക്ഷ, വര്‍ഗ-വര്‍ണ-ലിംഗവ്യത്യാസമില്ലാതെ.
സ്ത്രീയും പുരുഷനും സൃഷ്ടിപ്പിലുള്ള വ്യത്യാസം കൊണ്ടാണ് എതിര്‍ലിംഗങ്ങളാകുന്നത്. രണ്ടു കൂട്ടര്‍ക്കും ഘടനയില്‍ വലിയ വ്യത്യാസങ്ങള്‍ കാണാം. സ്ത്രീയുടെ ശരീരഘടന പുരുഷനേക്കാള്‍ ആകര്‍ഷകമായതുകൊണ്ട് വസ്ത്രധാരണം പുരുഷനില്‍ നിന്ന് വ്യത്യസ്തമാക്കിയിരിക്കുന്നു കാരുണ്യവാനായ സ്രഷ്ടാവ്.
അറിവ് നേടലും നല്ല ജീവിതം നയിക്കലും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ നിര്‍ബന്ധമുള്ള കാര്യമാണ്. താന്‍ ആര്‍ജിച്ചെടുക്കുന്ന അറിവിലൂടെയാണ് മനുഷ്യന്‍ നല്ലതും ചീത്തയും കൃത്യമായി മനസ്സിലാക്കുന്നതും ഉള്‍ക്കൊള്ളുന്നതും തള്ളുന്നതും. അതിനാല്‍ രണ്ടു ലോകത്തെ ജീവിതത്തിലും വിജയിക്കാന്‍ പരിശ്രമിക്കണമെന്ന് മതം ഉണര്‍ത്തുന്നു. ആണിനെപ്പോലെ തന്നെ പെണ്ണിനെയും എവിടെയും ഒഴിച്ചുനിര്‍ത്താനോ മാറ്റിനിര്‍ത്താനോ സാധിക്കാത്ത വിധമാണ് ജീവിതത്തെയും സാമൂഹികാവസ്ഥയെയും അല്ലാഹു സംവിധാനിച്ചിരിക്കുന്നത്.
എന്നാല്‍ മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങള്‍ക്കു നേരെ ധ്വംസനങ്ങളോ നിഷേധങ്ങളോ ആദ്യകാല ഇസ്‌ലാമിക ചരിത്രത്തിലെവിടെയും കാണാന്‍ സാധ്യമല്ല. മൂസാ നബിയുടെ കാലഘട്ടത്തില്‍, ഫറോവയുടെ ഭാര്യയായ ആസിയാ ബീവി തന്റെ ഭര്‍ത്താവിന്റെ അഹങ്കാരത്തെയും ബഹുദൈവവിശ്വാസത്തെയും തള്ളിപ്പറഞ്ഞുകൊണ്ട്, വിശ്വാസത്തിന്റെ കരുത്ത് പ്രഖ്യാപിച്ചുകൊണ്ടാണ് ഏകദൈവവിശ്വാസിയാകുന്നത്. ആസിയാ ബീവി ഒരു പുരുഷനെ, അതും തന്റെ ഭര്‍ത്താവിനെ തള്ളിപ്പറഞ്ഞതിനെ ഖുര്‍ആന്‍ കാണുന്നത്, ഒരു സ്വേച്ഛാധിപതിക്കു മുന്നില്‍ വിശ്വാസം തുറന്നുപ്രഖ്യാപിക്കാന്‍ ധൈര്യം കാണിച്ച സ്ത്രീയുടെ ദൃഢവിശ്വാസവും കരുത്തുമായാണ്.
തവക്കുലിന്റെയും ദൈവവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പര്യായമായ ഹാജറാ ബീവി തന്റെ കുഞ്ഞിനെയും കൊണ്ട് മരൂഭൂവില്‍ ദാഹിച്ചു തളര്‍ന്നപ്പോള്‍, ഒറ്റയ്ക്ക് ഒരു പെണ്ണ് എന്തു ചെയ്യാനാണ് എന്നോ, ഒരു പെണ്ണ് മരുഭൂമിയില്‍ എന്നതോ അല്ല മതത്തിന്റെ പരാമര്‍ശം. ആ മഹതിയുടെ ക്ഷമയ്ക്കും കരുത്തിനുമുള്ള അംഗീകാരം കൂടിയാണ് സംസമിലൂടെ സംഭവിക്കുന്നത്. നബി(സ)യിലൂടെ ഏറ്റവും കൂടുതല്‍ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രിയപത്‌നി ആഇശ(റ), സംശയനിവാരണത്തിനുള്ള ഒരു പുസ്തകം പോലെയായിരുന്നു സഹാബികള്‍ക്കിടയില്‍ വര്‍ത്തിച്ചത്. തന്റെ ഭര്‍ത്താവില്‍ നിന്ന് പിണക്കത്തിന്റെയും വിട്ടുനില്‍ക്കലിന്റെയും അനുഭവമുണ്ടായപ്പോള്‍, ജാഹിലിയ്യത്തിലെ ളിഹാറിന്റെ വാക്ക് കേട്ടപ്പോള്‍ പ്രശ്‌നപരിഹാരത്തിനായി നബിയുടെ അടുക്കലെത്തിയ ഖൗല(റ)യുടെ വിഷയത്തില്‍ ഖുര്‍ആന്‍ വചനങ്ങള്‍ അവതീര്‍ണമായതും പ്രശ്‌നം പരിഹരിക്കപ്പെട്ടതും പ്രസിദ്ധമാണ്.
സ്ത്രീകള്‍ക്കു നേരെ ഏറ്റവും നല്ല സമീപനമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ഒരുപക്ഷേ, പുരുഷന്മാരേക്കാള്‍ അംഗീകാരവും മഹത്വവും അവകാശങ്ങളും നല്‍കുകയും അതോടൊപ്പം ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന പാഠശാലയായും കുടുംബത്തിന്റെ ഭരണാധിപയായും ഇസ്‌ലാം ഉയര്‍ത്തുകയും ചെയ്യുന്നു.
പ്രശസ്തരായ വനിതകളുടെ ചരിത്രങ്ങള്‍ കൃത്യമായ ചുവടുവെപ്പുകള്‍ നടത്തി കടന്നുപോയവരുടേതാണ്. അതില്‍ സ്‌നേഹവും ആര്‍ദ്രതയും അതോടൊപ്പം കരുത്തും ദീര്‍ഘവീക്ഷണവും കാണാം. സത്യവിശ്വാസികള്‍ക്കാകമാനം മാതൃകയായി ഖുര്‍ആന്‍ എടുത്തുപറഞ്ഞിരിക്കുന്നത് മഹതികളായ ആസിയാ ബീവിയെയും മര്‍യം ബീവിയെയുമാണ്. അതു മാത്രം മതിയാകും ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയ അംഗീകാരവും മഹത്വവും എത്രമാത്രമാണെന്ന് മനസ്സിലാക്കാന്‍.
എന്നാല്‍ പുണ്യ നൂറ്റാണ്ടുകള്‍ക്കു ശേഷം മതപുരോഹിതന്മാരുടെ ഇടപെടലുകളും പുരുഷകേന്ദ്രിത നീക്കവുമാണ് ഇസ്‌ലാമിന്റെ പരിപാവനമായ സംസ്‌കാരത്തെയും തുല്യനീതിയെയും മറച്ചുപിടിച്ചത് എന്നു കാണാം. സ്ത്രീകളുടെ അവകാശങ്ങള്‍ മാത്രമല്ല, സ്ത്രീകളെത്തന്നെ മൗനികളാക്കി വ്യക്തിത്വമില്ലാത്തവരും സ്വന്തമായി അഭിപ്രായമില്ലാത്തവരുമാക്കി കുടിയിരുത്തി.
സാംസ്‌കാരികമായി കത്തിജ്വലിച്ചു നിന്ന നൂറ്റാണ്ടുകളില്‍ സ്ത്രീകളുടെ രചനകളും അടയാളപ്പെടുത്തലുകളും നേതൃത്വവും ഇന്നും ആവേശമാകുന്ന ചരിത്രത്തെയാണ് വര്‍ഷങ്ങളായി മൂടിവെക്കാന്‍ ശ്രമിക്കുന്നത്. സ്വാര്‍ഥലാഭങ്ങള്‍ക്കും മേല്‍ക്കോയ്മക്കും വേണ്ടി സൃഷ്ടികളുണ്ടാക്കിയ നെറികെട്ട അവകാശനിഷേധങ്ങള്‍. സ്ത്രീകളെന്ന ഒരു കൂട്ടരുടെ എല്ലാ കാര്യങ്ങളും ഇത്തരം പുരോഹിതന്മാരുടെ കൈയില്‍ സൃഷ്ടികര്‍ത്താവ് ഏല്‍പിച്ചുകൊടുത്തതുപോലുള്ള നീക്കങ്ങളാണ് ലോകം കാണുന്നത്.
എന്നാല്‍ യാഥാര്‍ഥ്യങ്ങളെ എത്ര നാള്‍ മൂടിവെക്കാന്‍ സാധിക്കും? വെളിച്ചത്തെ, സത്യത്തെ ഇരുട്ടുകൊണ്ട് എത്ര നാള്‍ അടയ്ക്കാനാകും? രണ്ടു കൂട്ടരെയും ബുദ്ധിയും കഴിവും നല്‍കി സൃഷ്ടിച്ച രക്ഷിതാവ്, അതില്‍ ഒരു കൂട്ടരുടെ ബുദ്ധിയും ആശയങ്ങളും മതി ഈ ലോകത്തിനെന്നു വിധിക്കുമോ? പിന്നെയെന്തിനാണ് സ്ത്രീകള്‍ക്ക് എല്ലാ കഴിവുകളും സൃഷ്ടികര്‍ത്താവ് നല്‍കിയത്?
പള്ളികളിലും ചര്‍ച്ചകളിലും പങ്കെടുത്തിരുന്ന, ജമാഅത്ത് നമസ്‌കാരങ്ങളിലും ഇഅ്തികാഫുകളിലും പള്ളിയിലേക്ക് പോയിരുന്ന സ്ത്രീകള്‍ക്ക് ആരാണ് വിലക്കേര്‍പ്പെടുത്തിയത്? സ്ത്രീകള്‍ അക്ഷരം പഠിക്കുന്നതും പള്ളിയില്‍ പോകുന്നതുമായ പുണ്യകാര്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയവര്‍, ഇന്ന് സ്വന്തം തട്ടകങ്ങളിലുള്ള സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും ഉയര്‍ച്ചയെയും തടയാനാവാതെ അന്തംവിട്ടുനില്‍ക്കുമ്പോഴാണ്, തന്റെ മികവിനുള്ള അംഗീകാരത്തിനായി വേദിയിലെത്തിയ പെണ്‍കൊടിയെ തടയാന്‍ അവസരം കിട്ടിയതും അതിലൂടെ അപഹാസ്യരാകുന്നതും.
സ്രഷ്ടാവ് പുണ്യമായി പറഞ്ഞതും സ്വാതന്ത്ര്യം നല്‍കിയതുമായ കാര്യങ്ങളെ വിലക്കുന്നവര്‍, സൃഷ്ടിപൂജയും ഖബ്‌റാരാധനയും നടക്കുന്നയിടങ്ങളില്‍ സ്ത്രീകളെ എഴുന്നള്ളിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന തരംതാണ പരിപാടികളെക്കുറിച്ച് ചിന്തിക്കാനും എതിര്‍ക്കാനുമാകാത്തവിധം കൂടെയുള്ളവരുടെ വായ അടപ്പിക്കുന്നു. അവരുടെ ചിന്തകളെ തീര്‍ഥജലങ്ങളിലും മന്ത്രിച്ചൂതിയ ചരടുകളിലുമായി തളച്ചിടാന്‍ ഇക്കാലത്തും കിണഞ്ഞു പരിശ്രമിക്കുന്നത് ഖേദകരമാണ്. പരിശുദ്ധ വചനങ്ങളിലുള്ള ദിവ്യവെളിച്ചത്തെ എത്ര നാള്‍ മറച്ചുപിടിക്കാനാകും? സ്വന്തം നിലനില്‍പിനായി ചെയ്തുകൂട്ടുന്ന അപരാധങ്ങളെക്കുറിച്ച് ഇക്കൂട്ടര്‍ ബോധപൂര്‍വം കണ്ണടക്കുമ്പോള്‍ എവിടെയാണ് പ്രതീക്ഷ?
സത്യമെന്താണ്, മതമെന്താണ് എന്ന് ഉറക്കെ പറയാന്‍ യഥാര്‍ഥ ജ്ഞാനികള്‍ ഏതു കാലത്തുമുണ്ടാകും. അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്ക് സത്യം പറഞ്ഞേ മതിയാവൂ. ആരുടെയും അവകാശനിഷേധമല്ല, എല്ലാവര്‍ക്കും അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിച്ചുകൊടുക്കുകയെന്ന പ്രപഞ്ചനാഥന്റെ ആജ്ഞയാണ് നാം ശിരസാവഹിക്കേണ്ടത്.
മുജാഹിദ് പ്രസ്ഥാനം മുസ്‌ലിം സ്ത്രീകള്‍ക്ക് മുസ്‌ലിം പാരമ്പര്യത്തില്‍ തന്നെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്കു വേണ്ടിയാണ് ശബ്ദിച്ചത്. മതം അനുവദിച്ചത് എന്താണെന്ന് ഉറക്കെ പറയുന്ന വഴികളില്‍ യാഥാസ്ഥിതികരുടെ അക്രമങ്ങളും പരിഹാസങ്ങളും പണ്ഡിതന്മാര്‍ നേരിട്ടിരുന്നു. വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായി മികച്ചുനില്‍ക്കുമ്പോഴാണ് കുടുംബത്തെ നല്ല രൂപത്തില്‍ ചലിപ്പിക്കാനും ബോധവും കരുത്തുമുള്ള തലമുറയെ വാര്‍ത്തെടുക്കാനും ഇരുലോകത്തും വിജയിക്കാനും സാധിക്കുക.
ഖുര്‍ആനും ഹദീസുകളും ചരിത്രങ്ങളും അറിയാനും പഠിക്കാനും എല്ലാവര്‍ക്കും സാധിക്കേണ്ടതുണ്ട്. അത് ചിലര്‍ മാത്രം പഠിച്ച്, മറ്റുള്ളവര്‍ക്ക് അത് പഠിക്കാനാവില്ല, അത് പാടില്ല എന്ന് പ്രചരിപ്പിക്കുന്നത് വലിയ അവകാശനിഷേധം തന്നെയാണ്. ഈ ഇന്റര്‍നെറ്റ് യൂഗത്തില്‍ ഏത് അറിവാണ് മൂടിവെക്കാന്‍ സാധിക്കുക? നാളിതുവരെ പുണ്യകര്‍മങ്ങളില്‍ നിന്ന് തടഞ്ഞതിനെ മുസ്‌ലിം സ്ത്രീകള്‍ ചോദ്യം ചെയ്യുന്ന കാലം വരാനിരിക്കുന്നു.
പുണ്യ ഹറമുകളില്‍ നിന്നുപോലും അല്ലാഹുവിന്റെ ദാസികളെ തടയാന്‍ മാത്രം ഏത് അറിവാണ് നിങ്ങള്‍ക്ക് തെളിവ് എന്ന് നിങ്ങളിലേക്ക് നിങ്ങളിലെ സ്ത്രീകള്‍ തന്നെ വിരല്‍ ചൂണ്ടുന്ന കാലം വിദൂരത്തല്ല. നല്ല കാര്യങ്ങളും അവകാശങ്ങളും നിഷേധിക്കാന്‍ ഒരു പടപ്പിനും അല്ലാഹു അധികാരം നല്‍കിയിട്ടില്ല.
ഖുര്‍ആനിനും നബിചര്യക്കുമൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ മാത്രമാണ് മുജാഹിദ് പ്രസ്ഥാനം എന്നും ബോധവത്കരിച്ചുകൊണ്ടിരിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പടയോട്ടമാണ് ഓരോ മുജാഹിദിന്റേതും. ആണിനോടും പെണ്ണിനോടും അവകാശനിഷേധങ്ങള്‍ പാടില്ല. സത്യത്തെ സത്യമായിത്തന്നെ ജീവിതത്തില്‍ പകര്‍ത്തേണ്ടതുണ്ട്. അസത്യത്തെ ജീവിതത്തില്‍ നിന്നു വലിച്ചെറിയുകയും വേണം. പൈശാചികതയ്ക്ക് ചെവികൊടുക്കാതെ ദൈവിക നിയമങ്ങളെ മനസ്സിലേറ്റാന്‍ കഴിയണം ഓരോ വിശ്വാസിക്കും.
അല്ലാഹു കല്‍പിക്കാത്ത വേര്‍തിരിവുകള്‍ ഉണ്ടാക്കാന്‍ സൃഷ്ടികള്‍ക്ക് അവകാശമില്ലെന്ന ബോധ്യപ്പെടുത്തലുകളാണ് പ്രസ്ഥാനം നിര്‍വഹിക്കുന്നത്. അത് സ്ത്രീകള്‍ക്ക് പരിധി വിട്ട് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമല്ല. മറിച്ച്, ഉത്തമ നൂറ്റാണ്ടിലെ സ്ത്രീകള്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും വകവെച്ചുകൊടുക്കാതെ സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിരെയാണ്. സ്രഷ്ടാവ് അനുവദിച്ചു നല്‍കിയ കഴിവുകളും അവകാശങ്ങളും ഹനിക്കാന്‍ ഒരു സൃഷ്ടിക്കും അവകാശമില്ല.
ജീവിതത്തിലെ നേട്ടങ്ങളും കോട്ടങ്ങളും ഓരോ ആണിലൂടെയും പെണ്ണിലൂടെയും അവരൊന്നിച്ചു നയിക്കുന്ന ജീവിതത്തിലൂടെയും സംഭവിക്കുന്നു. ഒന്നിച്ചു ജീവിച്ചും പരസ്പരം ആദരിച്ചും സ്‌നേഹിച്ചും കൊടുത്തും വാങ്ങിയും രണ്ടു പേര്‍ക്കും സ്ഥാനമുള്ള ഒരു ജീവിതയാത്രയില്‍ ഒരാളെ തഴയാനോ താഴ്ത്താനോ അടിച്ചമര്‍ത്താനോ ദയാലുവായ സൃഷ്ടികര്‍ത്താവ് പറയുമോ?

Back to Top