ആര്‍ എസ് എസ് ചര്‍ച്ചകളുടെ പിന്നാമ്പുറം
നൂറാം വാര്‍ഷികം ആകുമ്പോഴേക്ക് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്നാണ് ആര്‍ എസ് എസിന്റെ ആഗ്രഹം. പല സംഘ്പരിവാര്‍ നേതാക്കളും പരസ്യമായിത്തന്നെ അത് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി മാറിയാല്‍ ആ രാജ്യത്ത് പിന്നീട് ആര്‍ എസ് എസിനുണ്ടാകുന്ന പദവി എന്താകുമെന്ന് ഭാവന ചെയ്യാന്‍ അധികമൊന്നും അധ്വാനിക്കേണ്ടതില്ല. ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വയുടെ നയനിലപാടുകളും തന്ത്രങ്ങളും ചര്‍ച്ചകളും എല്ലാം നിയന്ത്രിക്കുന്ന യഥാര്‍ഥ അധികാര സ്രോതസ്സായി നിലകൊള്ളുക സംഘ്പരിവാര്‍ സംഘടനകളായിരിക്കും. മിലിട്ടറി, സര്‍വൈലന്‍സ്, പ്രോപഗണ്ട, കോ ഓപ്‌റ്റേഷന്‍ പോലെയുള്ള വഴികളിലൂടെയാണ് ഒരു ഭരണകൂടം അതിന്റെ പൗരന്മാരെ നിയന്ത്രിക്കുന്നത്. ഒരു രാജ്യത്തെ അസംഖ്യം വരുന്ന പൗരന്മാരെ അനുസരണയും അച്ചടക്കവും പഠിപ്പിക്കുന്നതിന് ഭരണകൂടം ഉപയോഗപ്പെടുത്തുന്ന പലവിധ മാര്‍ഗങ്ങളാണിവ.
ഇതില്‍ ചിലതെല്ലാം തന്ത്രങ്ങളുടെ ഭാഗമായി ആര്‍ എസ് എസ് ഉപയോഗപ്പെടുത്തുന്നുണ്ട് എന്നാണ് സമകാലിക സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇവിടെ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി മാറി എന്ന സ്വരത്തില്‍ തന്നെയാണ് സംഘ്പരിവാര്‍ സംഘടനകള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ ചില പ്രസംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്കത് മനസ്സിലാകും. ഒരു സംഘടനയുടെ നേതാവ് എന്നതിലുപരി ഒരു രാഷ്ട്രത്തലവന്‍ സംസാരിക്കുന്ന ഭാഷയിലും ശൈലിയിലുമാണ് ഭാഗവത് പൊതുപരിപാടിയില്‍ സംബന്ധിക്കുന്നത്. ഇപ്പോള്‍ മുസ്ലിം ബുദ്ധിജീവികളുമായും ചില സംഘടനകളുമായും ചര്‍ച്ചകള്‍ നടത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഭാഗവതിന്റെ പ്രതിനിധികള്‍. അപ്രഖ്യാപിത രാഷ്ട്രത്തലവന്‍ എന്ന പദവിക്കു വേണ്ടിയുള്ള നേതാവിന്റെ തന്ത്രങ്ങളാണിതെല്ലാം.
രാജ്യത്തെ നിയന്ത്രിക്കുന്നത് തങ്ങളാണ് എന്ന് എല്ലാവരെയും ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുകയാണ് ആര്‍ എസ് എസ് ചര്‍ച്ചകളുടെ പ്രധാന ഫോക്കസ്. ആ തന്ത്രത്തില്‍ വീണുപോകാതിരിക്കാനുള്ള ജാഗ്രത മുസ്ലിം സംഘടനകള്‍ കാണിക്കേണ്ടതുണ്ട്. രാഷ്ട്രത്തലവന്മാരുടെ നയചാതുരിയോടെ സംഘ്പരിവാര്‍ പ്രതിനിധികള്‍ സംസാരിക്കുമ്പോള്‍, അത് ആര്‍ എസ് എസിന്റെ മാറിയ മുഖമോ നയംമാറ്റത്തിന്റെ തുടക്കമോ ആയി മനസ്സിലാക്കുന്നത് ഭീമാബദ്ധമായിരിക്കും. ഇന്ത്യയെന്നാല്‍ ബി ജെ പിയല്ല എന്നതുപോലെത്തന്നെ ഹിന്ദു എന്നാല്‍ ആര്‍ എസ് എസ് അല്ല എന്ന പ്രാഥമിക പാഠം വിസ്മരിച്ചുകൊണ്ടാണ് ഈ ചര്‍ച്ചകളെല്ലാം മുന്നോട്ടുപോകുന്നത്.
ഇപ്പോള്‍ നടന്ന ചര്‍ച്ചയിലൂടെ മുസ്ലിംകള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാനും ടാര്‍ഗറ്റ് സമുദായത്തെ നിര്‍വീര്യമാക്കാനുമാണ് കോ ഓപ്‌റ്റേഷന്‍ തന്ത്രത്തിലൂടെ ആര്‍ എസ് എസ് ശ്രമിച്ചതെങ്കില്‍, അതിന് പാകപ്പെട്ട സമീപനം സ്വീകരിച്ച മുസ്ലിം സംഘടനകള്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുര്‍ബലമാക്കുകയാണ് ചെയ്യുന്നത്. മുസ്ലിം സംഘടനകള്‍ യോഗം ചേര്‍ന്ന് കൂട്ടായി തീരുമാനിച്ചാണ് ആര്‍ എസ് എസുമായുള്ള ചര്‍ച്ചയില്‍ പറയേണ്ട കാര്യങ്ങള്‍ രൂപപ്പെടുത്തിയത് എന്ന വാദവും ഇതിനിടയിലുണ്ടായി. എന്നാല്‍ അക്കാര്യത്തില്‍ മുസ്ലിം സമുദായത്തെ അപ്പാടെ പ്രതിനിധീകരിക്കുവാന്‍ ഈ സംഘടനകള്‍ക്ക് സാധിച്ചിട്ടില്ല. മാത്രമല്ല, മുസ്ലിം ന്യൂനപക്ഷത്തിന്റെ സമഗ്രമായ പ്രതിനിധാനം വേണമെന്ന് ആര്‍ എസ് എസും ആഗ്രഹിച്ചിട്ടില്ല എന്നതു കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. ഇന്ത്യയിലെ നിലവിലുള്ള പാര്‍ലമെന്റില്‍ മുസ്ലിം വിഷയങ്ങളെ സമര്‍ഥമായി അവതരിപ്പിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന മുസ്ലിം കര്‍തൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് മുസ്ലിം ലീഗും മജ്‌ലിസും എഐയുഡിഎഫും പോലെയുള്ളവ. ഇത്തരം രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്താതെയുള്ള ഒരു ചര്‍ച്ചയാണ് ആര്‍ എസ് എസ് പ്രതീക്ഷിക്കുന്നതെങ്കില്‍ അതില്‍ അസ്വാഭാവികതയില്ലേ? കാരണം, നിലവിലെ ഇന്ത്യന്‍ പാര്‍ലമെന്റിന് പകരം ഹിന്ദുത്വ പാര്‍ലമെന്റ് ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചവരാണ് സംഘ്പരിവാര്‍. അതുകൊണ്ടുതന്നെ, രാഷ്ട്രത്തലവന്മാരുടെ ഡിപ്ലോമാറ്റിക് സമീപനം സ്വീകരിക്കുന്ന ആര്‍ എസ് എസ് ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി സ്വയം പ്രഖ്യാപിച്ചുകഴിഞ്ഞു എന്നാണോ മനസ്സിലാക്കേണ്ടത്?
ആര്‍ എസ് എസുമായി ചര്‍ച്ചക്ക് പോയ മുസ്ലിം സംഘടനകളിലൊന്നായ ജമാഅത്തെ ഇസ്ലാമിയുടെ പൂര്‍വകാല നിലപാടുകള്‍ പരിശോധിക്കുമ്പോള്‍ പല വൈരുധ്യങ്ങളും കാണാന്‍ സാധിക്കും. തങ്ങളല്ലാത്ത മറ്റേതെങ്കിലും മുസ്ലിം സംഘടനയാണ് ഈ ചര്‍ച്ചകള്‍ക്ക് പോയതെങ്കില്‍ അവര്‍ക്കെതിരെ പ്രചണ്ഡമായ പ്രചാരണം നടത്താന്‍ മുമ്പിലുണ്ടാവുക ജമാഅത്തെ ഇസ്ലാമി തന്നെയായിരിക്കും.
എന്നാല്‍ ഈ അവസരം മുസ്ലിം സംഘടനകള്‍ക്കിടയില്‍ പരസ്പരമുള്ള വൈരം തീര്‍ക്കാനും വിശ്വാസം നഷ്ടപ്പെടുത്താനും ചിലര്‍ ഉപയോഗപ്പെടുത്തുന്നത് കാണാം. അത് മുസ്ലിം വോട്ട് ബാങ്ക് ലാക്കാക്കിയുള്ള ഗിമ്മിക്കുകള്‍ മാത്രമാണ്. ന്യൂനപക്ഷ സംരക്ഷണം എന്നാല്‍ കര്‍തൃത്വമേതുമില്ലാത്ത ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കലാണ് എന്ന് കരുതുന്നവരുടെ വിമര്‍ശനത്തെ തിരിച്ചറിയാനും അതിനെ അങ്ങനെത്തന്നെ നിരാകരിക്കാനും കേരളത്തിലെ മുസ്ലിം സമുദായത്തിന് സാധിക്കും.