വിവാഹം ആഘോഷിക്കാനുള്ളതല്ലേ?
വിവാഹം എന്നാല്‍ ആഘോഷിക്കാനുള്ളതാണെന്നും ആഘോഷത്തിന്റെ ഭാഗമായുള്ള പേക്കൂത്തുകള്‍ ചേരുമ്പോഴാണ് വിവാഹമാകുന്നത് എന്നും തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു സമൂഹമാണ് ഇപ്പോഴുള്ളത്. വിവാഹം ആഘോഷിക്കാനുള്ളതല്ലേ എന്നതാണ് ഇവിടെ ഉയര്‍ന്നുകേള്‍ക്കുന്ന ഒരേയൊരു ചോദ്യം. വിവാഹത്തെക്കുറിച്ചുള്ള ഒരു പൊതുകാര്യം അത് എല്ലാ മതങ്ങളിലും ചടങ്ങുകളായി പഠിപ്പിക്കപ്പെടുന്നു എന്നതാണ്. മതമില്ലാത്തവര്ക്ക് പോലും വിവാഹം എന്നതിന് സാംസ്കാരികമായ ഒരു പ്രോട്ടോക്കോള്‍ ഉണ്ട്. അതിലുപരി, നിയമനടപടിക്രമങ്ങളും വിവാഹത്തിന് കാണാന്‍ സാധിക്കും. നിയമങ്ങളും നിര്‍ദേശങ്ങളും നടപടിക്രമങ്ങളും കൊണ്ട് സമ്പന്നമായ വിവാഹം പിന്നെയെങ്ങനെയാണ് അതിരുകളില്ലാത്ത ആഘോഷത്തിന് കാരണമായി വര്‍ത്തിക്കുക?
വിവാഹത്തോടനുബന്ധിച്ച് വിവിധ തരത്തിലുള്ള ആഘോഷപരിപാടികളാണ് ഇന്ന് കാണുന്നത്. കാലത്തിനും പ്രദേശത്തിനും അനുസരിച്ച് സന്തോഷപ്രകടനത്തിന്റെ രൂപങ്ങളില്‍ മാറ്റം വന്നേക്കാം. എന്നാല്‍, അടിസ്ഥാനപരമായി വിവാഹം എന്നത് പവിത്രമായ ഒരു ചടങ്ങാണ് എന്ന വസ്തുത വിസ്മരിക്കാന്‍ പാടില്ല. സന്തോഷപ്രകടനത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. അതില്‍ പ്രധാനമായും, വരനെയും വധുവിനെയും കേന്ദ്രീകരിച്ച് നടക്കുന്ന ആഭാസകരമായ പ്രദര്‍ശനങ്ങളാണ്. ഇത് അവരുടെ വ്യക്തിപരമായ കാര്യം മാത്രമല്ലേ, സമൂഹം എന്തിനാണ് കണ്സേണാവുന്നത് എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്. വിവാഹം എന്നതു തന്നെ സമൂഹകേന്ദ്രീകൃതമായ ഒരു ആചാരമാണ്. ഇല്ലെങ്കില്‍ പിന്നെ, യാതൊരു ചടങ്ങുകളും നിയമനടപടികളും ഇല്ലാതെ തന്നെ ആണ് – പെണ് കൂടിച്ചേരല്‍ മാത്രമായി ചുരുക്കിയാല്‍ പോരേ? കുടുംബം എന്ന സാമൂഹിക സ്ഥാപനം തന്നെ അപ്രസക്തമാണെന്ന് കരുതുന്നവര്‍ വിവാഹം എന്ന ചടങ്ങിനു വേണ്ടി വേഷം കെട്ടേണ്ടതില്ലല്ലോ. വ്യക്തി- കുടുംബം- സമൂഹം എന്നതെല്ലാം ഒരു നൂലില്‍ കോര്‍ത്ത പോലെ മുന്നോട്ടു പോകേണ്ടതാണ് എന്ന് മനസ്സിലാക്കുന്നവര്‍ക്ക് സാമൂഹികമായ ഒരു ആചാരത്തില്‍ കടന്നുവരുന്ന ആഭാസങ്ങളെ എതിര്‍ക്കേണ്ടിവരും.
എല്ലാവരെയും ക്ഷണിച്ചുകൊണ്ടാണ് വിവാഹങ്ങള്‍ നടക്കാറുള്ളത്. ക്ഷണിക്കപ്പെടുന്ന അതിഥികള്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതും വധൂവരന്മാര്ക്ക് ആശംസകള്‍ അര്പ്പിക്കുന്നതുമെല്ലാം പരസ്പരമുള്ള ആദരവിന്റെ ഭാഗമാണ്. എന്നാല്‍, ആ ചടങ്ങുകളെല്ലാം കഴിഞ്ഞാല്‍ പിന്നെ, തോന്നിയപോലെ ആകാമെന്ന അഹങ്കാരമാണ് പല വിവാഹ ആഭാസങ്ങളുടെയും യഥാര്‍ഥ ചോദന. മുസ്ലിം വിവാഹത്തിലാണെങ്കില്‍ നികാഹ് കഴിഞ്ഞതിനു ശേഷമാണ് ഇത്തരം പേക്കൂത്തുകള്‍ നടക്കുന്നത്. ഇത് യഥാര്‍ഥത്തില്‍ സമൂഹത്തോടുള്ള വെല്ലുവിളി കൂടിയാണ്.
വിവാഹം സന്തോഷിക്കാനും സന്തോഷം പ്രകടിപ്പിക്കാനുമുള്ള അവസരമാണ്. സന്തോഷ പ്രകടനമെന്നാല്‍, നാട്ടില്‍ നിലനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായ എല്ലാം വിവാഹവേദിയിലേക്ക് കൂടി കൊണ്ടുവരണമെന്നത് സദുദ്ദേശ്യപരമല്ല. വിവാഹത്തിന്റെ സാമൂഹികമാനവും കുടുംബത്തിന്റെ സ്ഥാപനപരമായ ഉദ്ദേശ്യവുമെല്ലാം ചോദ്യം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഉദാരതാവാദികള്ക്ക് വിവാഹം എന്ന ചടങ്ങിന്റെ പവിത്രത ഇല്ലാതാക്കണം എന്ന് തോന്നുന്നുണ്ടാവാം.
പക്ഷേ, ഇതെല്ലാം നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ അതിനെ ഗൗരവത്തോടെ സമീപിക്കണം. സ്വാഭാവികമായ സന്തോഷ പ്രകടനങ്ങളോ പങ്കുവെപ്പുകളോ ഉണ്ടാവരുത് എന്ന് ഇതിനര്‍ഥമില്ല. കോപ്രായങ്ങളും കാതടപ്പിക്കുന്ന ഡി ജെ പാര്‍ട്ടികളും വ്യക്തിത്വത്തിന് കളങ്കമേല്‍പ്പിക്കുന്ന എക്സിബിഷനിസവും സാമൂഹിക സദാചാരത്തെ പോറലേല്‍പ്പിക്കുന്ന അഴിഞ്ഞാട്ടവുമെല്ലാമാണ് വിവാഹത്തിന്റെ പേരില്‍ നടക്കുന്ന ആഭാസങ്ങള്‍. അതിനെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കണം.