ഇന്ത്യ ഉള്‍പ്പെടെ 30ലേറെ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇടപെട്ട് ഇസ്‌റാഈല്‍ ഗ്രൂപ്പ്
ഇന്ത്യ ഉള്‍പ്പെടെ 30ലേറെ രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച് ഇസ്‌റാഈലി ഗ്രൂപ്പ് നടത്തിയ ഇടപെടലുകള്‍ തുറന്നുകാട്ടി ബ്രിട്ടീഷ് മാധ്യമമായ ‘ഗാര്‍ഡിയന്റെ’ നേതൃത്വത്തില്‍ അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മ പുറത്തുവിട്ട രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇന്ത്യക്കു പുറമെ യു കെ, യു എസ്, കാനഡ, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, മെക്‌സിക്കോ, സെനഗല്‍, യു എ ഇ തുടങ്ങിയ രാജ്യങ്ങളില്‍ പ്രചാരണ കാമ്പയിനുകള്‍ നയിച്ചതായി സംഘം വ്യക്തമാക്കുന്നു.
ഇസ്‌റാഈല്‍ പ്രത്യേക സേനാംഗമായിരുന്ന താല്‍ ഹാനന്റെ നേതൃത്വത്തില്‍ ‘ടീം ജോര്‍ജ്’ എന്ന പേരിലാണ് സംഘത്തിന്റെ പ്രവര്‍ത്തനം. രണ്ടു പതിറ്റാണ്ടായി വിവിധ രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണവും ഫലവും നിയന്ത്രിച്ച് ഇവര്‍ നിഗൂഢ സാന്നിധ്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആറു മണിക്കൂര്‍ നീണ്ട ഒളികാമറാ ദൗത്യത്തില്‍ ഹാനനും സംഘവും ഹാക്കിങിലൂടെ ജി-മെയില്‍, ടെലഗ്രാം അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറുന്നതടക്കം തങ്ങളുടെ പ്രവര്‍ത്തനം വിശദീകരിക്കുന്നുണ്ട്. തങ്ങളുടെ കക്ഷി ഇഷ്ടപ്പെടുന്ന വാര്‍ത്തകള്‍ ആദ്യം മാധ്യമങ്ങള്‍ വഴി പുറത്തുവിടുകയും പിന്നീട് ‘എയിംസ്’ വഴി ഇവയെ പരമാവധി പേരിലേക്ക് എത്തിക്കുകയും ചെയ്യും.
വെബ്‌സൈറ്റുകള്‍ നിര്‍മിക്കാന്‍ ഡിജിറ്റല്‍ സംവിധാനമായ ഒരു ‘ബ്ലോഗര്‍ മെഷീനും’ ടീം ജോര്‍ജ് പ്രവര്‍ത്തിപ്പിച്ചു. ഇതുവഴിയായിരുന്നു പിന്നീട് വ്യാജ പ്രചാരണങ്ങള്‍ നയിച്ചത്. ‘റേഡിയോ ഫ്രാന്‍സ്’, ‘ഹാരെറ്റ്‌സ്’, ‘ദ മാര്‍ക്കര്‍’ എന്നിവയിലെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ ആഫ്രിക്കയിലെ ഒരു രാജ്യത്ത് തെരഞ്ഞെടുപ്പ് സ്വാധീനിക്കാന്‍ സഹായം തേടിയാണ് ‘ടീം ജോര്‍ജി’ല്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയത്.