17 Friday
October 2025
2025 October 17
1447 Rabie Al-Âkher 24

മൂല്യങ്ങളുടെ അനിവാര്യത

ഹസ്‌ന റീം ബിന്‍ത് അബൂനിഹാദ്

ജീവിതത്തിന്റെ കരവലയത്തില്‍ നാമും നമ്മുടെ കുടുംബവും സുരക്ഷിതരും സന്തോഷവാന്മാരുമാണോ? സമ്പത്തിന്റെയും സമയത്തിന്റെയും കണക്കുകളില്‍ കുറവുകള്‍ മാത്രം കണ്ടെത്തുന്ന നമ്മുടെ ആയുസ്സിന്റെ വഴിദൂരം നാം എന്തിനു വേണ്ടി നീക്കിവെച്ചു? നമ്മുടെ ഭാവി നാളെ അല്ലാഹുവിന്റെ കോടതിയില്‍ എന്തായിരിക്കുമെന്ന് നാം ചിന്തിച്ചിട്ടുണ്ടോ? നമ്മള്‍ ഏറെ ആലോചിക്കേണ്ടതും അനുഭവിക്കേണ്ടതുമായ ഒട്ടനവധി അവസരങ്ങളും അനുഗ്രഹങ്ങളും സര്‍വശക്തനായ അല്ലാഹു നമുക്ക് നല്‍കിയിട്ടും, വീണ്ടും മറ്റുള്ളവര്‍ക്കുള്ളത് തനിക്കില്ലെന്ന വേവലാതികള്‍ മാത്രമാണോ നാം ഉരുവിടേണ്ടത്?
ആണ്‍മക്കളാകട്ടെ പെണ്മക്കളാകട്ടെ, അവരുടെ മാതാപിതാക്കള്‍ക്ക് അവരെന്നും തങ്ങളുടെ പൊന്നോമനകളായിരിക്കും. താന്‍ ചെറുപ്പത്തില്‍ അനുഭവിച്ച ദുരനുഭവങ്ങളും സങ്കടങ്ങളും തന്റെ മക്കളുടെ ജീവിതത്തിലൊരിക്കലും സംഭവിക്കരുതെന്നു കരുതി, തങ്ങളുടെ കഷ്ടപ്പാടുകള്‍ മക്കളെ അറിയിക്കാതെ അവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും അവരറിയാതെത്തന്നെ ചെയ്തുനല്‍കുന്ന നമ്മുടെ മാതാപിതാക്കള്‍ തന്നെയല്ലേ നമ്മുടെ ഭൂമിയിലെ സ്വര്‍ഗം? എന്നാല്‍, നേരെ തിരിച്ചു ചിന്തിച്ചാലോ? നമ്മുടെ സ്വര്‍ഗവും നരകവുമെല്ലാം നാം തന്നെ നമ്മുടെ സമയത്തെയും ആരോഗ്യത്തെയും കൂട്ടുപിടിച്ച് ഉണ്ടാക്കിയെടുക്കുന്നു. നബി പറഞ്ഞു, രണ്ട് അനുഗ്രഹങ്ങളില്‍ ഒരുപാട് ജനങ്ങള്‍ വഞ്ചിതരാകുന്നു. ആരോഗ്യവും ഒഴിവുസമയവുമാണ് അതെന്ന്.
റസൂലിന്റെ വാക്കുകള്‍ ഇന്ന് നമ്മുടെ ലോകത്ത് വെളിവായിരിക്കുന്നു. ആരോഗ്യമുള്ളവര്‍ക്ക് അല്ലാഹുവിനെ ആരാധിക്കാനും നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കാനും സമയമില്ല. എന്നാല്‍ ഒഴിവുള്ളവരോ, അവരുടെ അസുഖങ്ങളാല്‍ ദിനംതോറും ആശുപത്രി വരാന്തകളില്‍ അഭയം തേടുകയും ചെയ്യുന്നു.
സ്വന്തം കുടുംബത്തെക്കുറിച്ച് വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ രക്ഷിതാക്കള്‍ എത്ര കഷ്ടപ്പാടുകള്‍ക്കിടയിലാണ് നമ്മുടെ ജീവിതം വാര്‍ത്തെടുത്തത്? ക്ഷീണത്തിനു മേല്‍ ക്ഷീണം സഹിച്ച് ഗര്‍ഭിണിയായി, ഒരിറ്റ് വെള്ളം പോലും തൊണ്ടക്കുഴിയില്‍ ഒതുങ്ങാതെയുള്ള ഛര്‍ദികള്‍ക്കിടയില്‍, നാഡിഞരമ്പുകള്‍ നുറുങ്ങുന്ന വേദനയാണെന്നറിഞ്ഞിട്ടും നമ്മെ പ്രസവിച്ച, ഉറങ്ങാത്ത രാവുകള്‍ നമ്മള്‍ നല്‍കിയിട്ടും നമ്മെ ശകാരിക്കാത്ത, പാല്‍പ്പല്ല് മുളയ്ക്കുമ്പോഴുള്ള കുഞ്ഞിന്റെ ചോരയൊലിക്കുന്ന ഓരോ കടികള്‍ക്കിടയിലും കുഞ്ഞിനെ മാറോട് ചേര്‍ത്തി പാല്‍ ചുരത്തുന്ന ഭൂമിയിലെ ഏക ഒരുവള്‍ നമ്മുടെ മാതാവ് തന്നെയല്ലേ? അത്രയൊക്കെ അവര്‍ നമുക്കായി വെന്തുരുകിയിട്ടും നാം അവര്‍ക്കു തിരിച്ചുനല്‍കുന്നത് എന്താണെന്നുകൂടി നാമിന്ന് ആലോചിക്കണം.
മാതാപിതാക്കളെ വിഷമത്തിലാഴ്ത്തുന്ന ഒന്നിലേക്കും പോകാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അത് നമ്മുടെ ബാധ്യതയായി തന്നെ മനസ്സിലാക്കേണ്ടതുണ്ട്.
അന്യ പുരുഷന്മാരുമായി സ്ത്രീകള്‍ ഇടപഴകാന്‍ നാം ഒരിക്കലും അനുവദിച്ചുകൂടാ. ഇസ്‌ലാം ഒരിക്കലും സ്ത്രീകളെ ഇകഴ്ത്തിയിട്ടില്ല. മറിച്ച്, ബഹുമാനവും ആദരവും നല്‍കിയിട്ടേയുള്ളൂ. ആര്‍ത്തവസമയത്ത് മറ്റു മതസ്ഥരില്‍ ‘തീണ്ടാരിപ്പുര’കളില്‍ അശുദ്ധിയുള്ളവരായി കണ്ട്, ശുദ്ധിയാകുന്നതുവരെ സ്ത്രീകളെ മാറ്റിക്കിടത്തുന്ന ശീലം നാം കണ്ടിരിക്കുന്നു. എന്നാല്‍, ഇസ്‌ലാം സ്ത്രീകളെ ചേര്‍ത്തു നിര്‍ത്താനാണ് പ്രോത്സാഹിപ്പിക്കുന്നത്.
റസൂല്‍ (സ) പറഞ്ഞു: ”ജനങ്ങളില്‍ ഏറ്റവും ഉത്തമന്‍ അവരുടെ ഭാര്യമാര്‍ക്കിടയില്‍ നല്ല രീതിയില്‍ സഹവസിക്കുന്നവനാണ്.” ഇവിടെയും സ്ത്രീകളുടെ വാക്കുകള്‍ക്കാണ് പ്രാധാന്യം. പെണ്മക്കളേ, നാളെ നിങ്ങളും ഒരു ഭാര്യയാകും. നിങ്ങള്‍ കുഞ്ഞുങ്ങളെ പ്രസവിക്കും. അവരില്‍ നിന്നു കണ്‍കുളിര്‍മ പ്രതീക്ഷിക്കണമെങ്കില്‍ നമ്മുടെ മാതാപിതാക്കളോടുള്ള സമീപനവും നാം ആലോചിക്കണം. നമ്മള്‍ നമ്മുടെ രക്ഷിതാക്കള്‍ക്ക് എത്ര കണ്‍കുളിര്‍മ നല്‍കുന്നുവോ, അതിനേക്കാള്‍ പതിന്മടങ് നമുക്ക് തിരിച്ചുനല്‍കും നമ്മുടെ പൊന്നോമനകള്‍. ഇസ്‌ലാമിക തത്വങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ടു വേണം നമ്മുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍. അങ്ങനെയെങ്കിലേ നമുക്ക് നമ്മുടെ ഭാവി സുരക്ഷിതമാക്കാനാവൂ.

Back to Top