9 Friday
May 2025
2025 May 9
1446 Dhoul-Qida 11

മുസ്‌ലിം സ്ത്രീകളെ ഇരുളില്‍ തളച്ചിടുന്നത് മുജാഹിദ് പാരമ്പര്യമല്ല -കെ എന്‍ എം മര്‍കസുദ്ദഅ്‌വ


പരപ്പനങ്ങാടി: മുസ്‌ലിം സ്ത്രീകളെ ഇരുളിന്റെ മറവില്‍ തളച്ചിടാന്‍ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പിന്‍ഗാമികള്‍ എന്ന് അവകാശപ്പെടുന്നവര്‍ തന്നെ പരസ്യമായി രംഗത്തുവരുന്നത് അംഗീകരിക്കാവതല്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ലീഡേഴ്‌സ് മീറ്റ് വ്യക്തമാക്കി. മുസ്‌ലിം സ്ത്രീകള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത് മുജാഹിദ് പ്രസ്ഥാനത്തില്‍ കീഴ്‌വഴക്കമല്ലെന്ന് പറയുന്നവര്‍ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ചരിത്രവും പാരമ്പര്യവും അറിയാത്തവരാണ്. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെയാണ് ഇസ്‌ലാഹീ പ്രസ്ഥാനം കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ കേരളീയ പൊതുധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയതെന്ന ചരിത്ര യാഥാര്‍ഥ്യത്തെ നിഷേധിക്കുന്നവര്‍ ചെയ്യുന്നത് ഇസ്‌ലാഹീ നവോത്ഥാന നായകരോട് ചെയ്യുന്ന കടുത്ത നന്ദികേടാണ്.
അഭൗതിക മാര്‍ഗത്തില്‍ ഗുണവും ദോഷവും ചെയ്യാന്‍ സ്രഷ്ടാവായ അല്ലാഹുവിന് മാത്രമേ കഴിയൂ എന്നതാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടെന്നിരിക്കെ അത് അംഗീകരിക്കാത്തവര്‍ക്ക് ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടാന്‍ അര്‍ഹതയില്ല. മാരണവും ജിന്നുസേവയുമെല്ലാം അഭൗതിക മാര്‍ഗത്തില്‍ അല്ലാഹു അല്ലാത്തവരില്‍ നിന്നുള്ള സഹായം പ്രതീക്ഷിച്ചു കൊണ്ടാണെന്നിരിക്കെ അത് തൗഹീദിന് വിരുദ്ധമാണ്. തൗഹീദ് അംഗീകരിക്കാത്തവര്‍ക്ക് ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഭാഗമാവുക സാധ്യമല്ലതന്നെ. മാരണം, ജിന്നുസേവ, കണ്ണേറ്, സ്ത്രീകളെ യാഥാസ്ഥിതികതയില്‍ തളച്ചിടല്‍ തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ പിന്‍ഗാമികളെന്ന് അവകാശപ്പെടുന്നത് നീതീകരിക്കാവതല്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. പി അബ്ദുല്‍ അലി മദനി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, കെ പി സകരിയ്യ, സി അബ്ദുല്ലത്തീഫ്, എന്‍ എം അബ്ദുല്‍ ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ശംസുദ്ദീന്‍ പാലക്കോട്, എം എം ബഷീര്‍ മദനി, കെ എ സുബൈര്‍, കെ എം കുഞ്ഞമ്മദ് മദനി, എന്‍ജി. സൈതലവി, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. ജാബിര്‍ അമാനി, എം ടി മനാഫ്, സുഹൈല്‍ സാബിര്‍, ഡോ. മുസ്തഫ കൊച്ചിന്‍, ബി പി എ ഗഫൂര്‍, അലി മദനി മൊറയൂര്‍, ഹമീദലി ചാലിയം, എം കെ മൂസ, സഹല്‍ മുട്ടില്‍, ഡോ. അന്‍വര്‍ സാദത്ത്, വി സി മറിയക്കുട്ടി സുല്ലമിയ്യ, ആദില്‍ നസീഫ് മങ്കട, റുക്‌സാന വാഴക്കാട്, നുഫൈല്‍ തിരൂരങ്ങാടി പ്രസംഗിച്ചു.

Back to Top