14 Saturday
March 2026
2026 March 14
1447 Ramadân 25

തുര്‍ക്കിയെയും സിറിയയെയും നെഞ്ചോടു ചേര്‍ത്ത് ലോക രാജ്യങ്ങള്‍; സഹായങ്ങളുടെ ഒഴുക്ക്


പതിനായിരങ്ങളുടെ പേരുടെ ജീവന്‍ അപഹരിച്ച അതിഭീകര ഭൂചലനത്തിന്റെ ഞെട്ടലില്‍ നിന്നു തുര്‍ക്കിയും സിറിയയും ഇപ്പോഴും മോചിതരായിട്ടില്ല. ഇരു രാജ്യങ്ങളും ഇപ്പോഴും ഭൂകമ്പത്തിന്റെ അപായസൂചനയിലാണ്. ആയിരക്കണക്കിന് ബഹുനില കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്. സര്‍വതും നഷ്ടപ്പെട്ട തുര്‍ക്കി, സിറിയന്‍ ജനത സഹായത്തിനായി ലോകത്തിനു മുമ്പില്‍ കൈനീട്ടുകയാണ്. തകര്‍ന്ന റോഡുകളും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. തുര്‍ക്കിയെയും സിറിയയെയും നെഞ്ചോടു ചേര്‍ത്ത് ലോക രാജ്യങ്ങളെല്ലാം രംഗത്തെത്തി. അമേരിക്കയും യൂറോപ്യന്‍ യൂണിയനും സന്നദ്ധസേനയെ തുര്‍ക്കിയില്‍ എത്തിച്ചു. യൂറോപ്യന്‍ യൂണിയന്‍, നാറ്റോ, ഡബ്ല്യൂ എച്ച് ഒ, അസര്‍ബൈജാന്‍, യു എ ഇ, ബ്രിട്ടന്‍, ഇറാന്‍, തായ്‌വാന്‍, ഇസ്‌റാഈല്‍, ഇന്ത്യ, റഷ്യ, ഖത്തര്‍, ഉക്രെയ്ന്‍, ചൈന, ദക്ഷിണ കൊറിയ, പാകിസ്താന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും അടിയന്തിര സഹായമെത്തിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, യു എസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്‌യോള്‍ എന്നിവരും ഇരു രാജ്യങ്ങളിലേക്കും അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനും വൈദ്യസഹായം എത്തിക്കുന്നതിനും ഉത്തരവിട്ടു. 50 അംഗ രക്ഷാസംഘവും 25 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തുര്‍ക്കിയിലെത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര സഹായമായി 40 മില്യണ്‍ യുവാന്‍ (5.9 മില്യണ്‍ ഡോളര്‍) ആദ്യ ഗഡുവായി നല്‍കുമെന്ന് ചൈന അറിയിച്ചു. ചൈനയുടെ റെഡ്‌ക്രോസ് തുര്‍ക്കിക്കും സിറിയക്കും 2,00,000 ഡോളര്‍ വീതം അടിയന്തര സഹായം നല്‍കും.

Back to Top