22 Wednesday
October 2025
2025 October 22
1447 Joumada I 0

രോഗം പരീക്ഷണമാണ്‌

എം ടി അബ്ദുല്‍ഗഫൂര്‍


ഇബ്‌നുമസ്ഊദ്(റ) പറയുന്നു: ഞാന്‍ നബി(സ)യുടെ അരികില്‍ ചെന്നു. അദ്ദേഹത്തിന് പനി ബാധിച്ചിരിക്കുന്നു. കൈകൊണ്ട് തൊട്ടുനോക്കി ഞാന്‍ പറഞ്ഞു: അങ്ങേയ്ക്ക് കഠിനമായ പനിയുണ്ടല്ലോ? നബി(സ) പറഞ്ഞു: അതെ, നിങ്ങളില്‍ രണ്ടുപേര്‍ക്ക് ഉണ്ടാവുന്ന പനിയാണെനിക്ക് അനുഭവപ്പെടുന്നത്. ഞാന്‍ ചോദിച്ചു: നിങ്ങള്‍ക്ക് രണ്ട് പ്രതിഫലമുണ്ടാവുമോ? അവിടുന്ന് പറഞ്ഞു: അതെ, ഒരു മുസ്‌ലിമിന് വല്ല രോഗമോ മറ്റ് പ്രയാസങ്ങളോ ബാധിച്ചാല്‍ അല്ലാഹു അവന്റെ പാപങ്ങളെ മായ്ച്ചുകളയാതിരിക്കില്ല. മരം അതിന്റെ ഇല കൊഴിക്കുന്നതുപോലെ. (ബുഖാരി)

ആരോഗ്യം അല്ലാഹുവിന്റെ അനുഗ്രഹമാണ് എന്നതുപോലെ തന്നെ രോഗം അവന്റെ പരീക്ഷണവുമാണ്. അനുഗ്രഹങ്ങളില്‍ നന്ദിചെയ്യുകയും പരീക്ഷണങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുന്നത് പ്രതിഫലാര്‍ഹമായ പുണ്യകര്‍മമത്രെ. അനുഗ്രഹങ്ങള്‍ ലഭിക്കുന്നില്ല, പരിഗണനയുണ്ടാവുന്നില്ല എന്നൊക്കെയുള്ള ചിന്തകള്‍ ദൈവനിഷേധത്തിലേക്കാണെത്തിക്കുക. രോഗാവസ്ഥ, ഒരു പരിക്ഷണമാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് അതില്‍ ക്ഷമിക്കുവാന്‍ പ്രയാസമുണ്ടാവുകയില്ല. ഈ പ്രപഞ്ചത്തില്‍ എല്ലാം ദൈവനിശ്ചയപ്രകാരം മാത്രമേ നടക്കൂ എന്ന വിധി വിശ്വാസം ആശ്വാസത്തിന്റേതാണ്, വിഭ്രാന്തിയുടേതല്ല.
ശാരീരികമായും മാനസികമായും അനുഭവിക്കേണ്ടിവരുന്ന വേദനകളില്‍ തനിക്ക് ഗുണത്തിന്റെ ഭാഗങ്ങള്‍ കൂടിയുണ്ടെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതിലുടെ ക്ഷമിക്കാനും ആശ്വസിക്കാനും പഠിപ്പിക്കുകയാണീ തിരുവചനം. രോഗങ്ങളും മറ്റ് ബുദ്ധിമുട്ടുകളുമുണ്ടാവുമ്പോള്‍ മനസ് തളര്‍ന്നുപോകാതെ ശരിയായ ചിന്തയും ശരിയായ ചികിത്സയും നടത്തി ദൈവപ്രീതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ദൈവവിധിയില്‍ ക്ഷമ കൈക്കൊള്ളാന്‍ വിശ്വാസിയെ ഈ വചനം ഓര്‍മപ്പെടുത്തുന്നു.
ഒരാള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍മൂലം അയാളുടെ ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ വന്നുപോയ ചെറുദോഷങ്ങള്‍ പൊറുക്കപ്പെടുമെന്ന സന്തോഷവര്‍ത്തമാനം മുന്നോട്ട് ചലിക്കാനുള്ള ഊര്‍ജം പ്രദാനം ചെയ്യുന്നു. രോഗബാധയേല്‍ക്കുമ്പോഴേക്കും അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് സംശയാലുക്കളാവാതിരിക്കാനും അസത്യത്തിന്റെയോ ദൈവനിഷേധത്തിന്റെയോ ചിന്തയിലേക്ക് മനസ് മാറിപ്പോകാതിരിക്കാനും ഈ തിരുവചനം പ്രേരണ നല്‍കുന്നു.
‘ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പുതന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്) നിങ്ങള്‍ക്ക് നഷ്ടപ്പെട്ടതിന്റെ പേരില്‍ നിങ്ങള്‍ ദു:ഖിക്കാതിരിക്കുവാനും നിങ്ങള്‍ക്ക് അവന്‍ നല്കിയതിന്റെ പേരില്‍ നിങ്ങള്‍ (പരിധിവിട്ട്) ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല” (57:22,23) എന്ന വചനം ഇക്കാര്യം വ്യക്തമാക്കുന്നു.

Back to Top