ഭക്ഷ്യവിഷബാധ: സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
അബ്ദുറഹ്മാന്‍ പാലക്കാട്
കേരളത്തില്‍ അടുത്ത കാലത്തായി ഭക്ഷ്യവിഷബാധയേല്‍ക്കുന്ന വാര്‍ത്തകള്‍ വര്‍ധിച്ചുവരുകയാണ്. ദുരന്തമുണ്ടായ ഉടനെ പരിശോധന നടത്താന്‍ മുന്നിട്ടിറങ്ങുന്ന ഭക്ഷ്യസുരക്ഷാ വിഭാഗം രണ്ടുമൂന്ന് ആഴ്ചകള്‍ക്കു ശേഷം ഇതില്‍ നിന്നെല്ലാം പിന്‍വാങ്ങും. ഓണ്‍ലൈന്‍ ഭക്ഷ്യവിപണി കരുത്താര്‍ജിച്ചതും, വിദേശ ഭക്ഷ്യവസ്തുക്കളുടെയും ഫാസ്റ്റ്ഫുഡിന്റെയും അമിതമായ ഉപയോഗവും ഇതിനു വഴിയൊരുക്കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനം, സംസ്‌കരണം, പാക്കിങ്, സൂക്ഷിപ്പ് തുടങ്ങി എല്ലാ ഘട്ടങ്ങളിലും ഭക്ഷ്യസുരക്ഷാ നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. മികച്ച ഉല്‍പാദന-വിതരണ രീതികള്‍ പ്രാവര്‍ത്തികമാക്കണം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് 2006 അനുസരിച്ചുള്ള നടപടിക്രമം എല്ലാ ഘട്ടങ്ങളിലും പ്രാവര്‍ത്തികമാക്കുകയാണ് ഭക്ഷ്യവിഷബാധ തടയാനുള്ള പ്രധാന മാര്‍ഗം.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉണരുന്നത് ദുരന്തങ്ങള്‍ക്കു ശേഷമാണ്. എന്നാല്‍ ദിനംപ്രതി ഭക്ഷ്യവിഷബാധയേറ്റ് ഓക്കാനം, ഛര്‍ദി, വയറിളക്കം, പനി, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളുമായി ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടിവരുകയാണ്. സസ്യേതര ഭക്ഷണം കഴിക്കുന്നവരിലാണ് കൂടുതലായി ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. അശാസ്ത്രീയ അറവുശാലകളില്‍ അശാസ്ത്രീയ അറവുരീതികളിലൂടെ പുറത്തെത്തിക്കുന്ന ഇറച്ചി കഴിക്കുന്നതിലൂടെ നിരവധി രോഗങ്ങളാണ് മനുഷ്യരിലേക്ക് എത്തുന്നത്. കോവിഡിനു ശേഷം ആരംഭിച്ച അശാസ്ത്രീയമായ ഭക്ഷ്യവില്‍പന കേന്ദ്രങ്ങള്‍, തട്ടുകടകള്‍ മുതലായവ ഇതിനു വഴിയൊരുക്കുന്നു.
ഭക്ഷ്യവിഷബാധയ്ക്ക് ഇടവരുത്തുന്നതില്‍ വെള്ളത്തിന്റെ ഗുണനിലവാരം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സൂക്ഷിപ്പുകാലം കുറഞ്ഞ ഭക്ഷണം സൂക്ഷിക്കുന്നതിലെ അശാസ്ത്രീയത, റഫ്രിജറേഷന്‍, ഫ്രീസിങ് രീതികളിലെ അപര്യാപ്തത എന്നിവ ഭക്ഷ്യവസ്തുക്കളില്‍ രോഗാണുക്കളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും. ഗുണനിലവാരമുള്ള പാല്‍, മുട്ട, ഇറച്ചി, അവയുടെ ഉല്‍പന്നങ്ങള്‍, ബേക്കറി ഉല്‍പന്നങ്ങള്‍ എന്നിവ വാങ്ങാന്‍ ശ്രമിക്കണം. വാങ്ങിയ ഭക്ഷ്യോല്‍പന്നങ്ങള്‍ ദിവസങ്ങളോളം റഫ്രിജറേറ്ററില്‍ വെച്ച് കഴിക്കുന്ന ശീലം ഒഴിവാക്കണം. റഫ്രിജറേറ്റര്‍ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. ഭക്ഷണം വാങ്ങിയ ഉടനെ കഴിക്കണം.
ശാസ്ത്രീയ അറവുശാലകള്‍, ഇറച്ചി, കോഴി വില്‍പനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു മാത്രമേ ഇറച്ചി വാങ്ങാവൂ. ഇറച്ചി വാങ്ങി റഫ്രിജറേറ്ററില്‍ വെച്ച് വൈദ്യുതി മുടങ്ങിയാലും ഉപയോഗിക്കുമ്പോള്‍ ഇറച്ചിയില്‍ വഴുവഴുപ്പുണ്ടാകും. ഇതു പാകം ചെയ്തു കഴിച്ചാല്‍ ഭക്ഷ്യവിഷബാധയ്ക്കു സാധ്യതയേറും. വാങ്ങുന്ന ഇറച്ചിയുടെ ഗുണനിലവാരം വിലയിരുത്തണം. ശുദ്ധമായ ഇറച്ചി ഇളം ചുവപ്പുനിറത്തിലുള്ളതായിരിക്കും. ഇത് തൊട്ടാല്‍ വലിയുന്നതായിരിക്കും. തൊട്ടാല്‍ വഴുവഴുപ്പുള്ളതോ നീലനിറത്തിലുള്ളതോ ആയ ഇറച്ചി രോഗം ബാധിച്ചതോ ചത്ത മൃഗങ്ങളുടേതോ ആകാം.