7 Saturday
September 2024
2024 September 7
1446 Rabie Al-Awwal 3

വിശ്വാസികളുടെ ഉപമ

എം ടി അബ്ദുല്‍ഗഫൂര്‍


നുഅ്മാനുബ്‌നു ബശീര്‍(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലും വിശ്വാസികളുടെ ഉപമ ഒരു ശരീരം പോലെയാകുന്നു. ശരീരത്തിലെ ഏതെങ്കിലും ഒരവയവത്തിന് എന്തെങ്കിലും അസുഖം ബാധിച്ചാല്‍ പനിപിടിച്ചും ഉറക്കമൊഴിച്ചും ശരീരം മുഴുവന്‍ അതിനോട് അനുഭാവം പുലര്‍ത്തും (ബുഖാരി, മുസ്‌ലിം).

ഒരു സമൂഹം എന്ന നിലയില്‍ അതിലെ അംഗങ്ങള്‍ക്കിടയില്‍ അനിവാര്യമായ ഐക്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും ആവശ്യകത ആലങ്കാരികമായി വിവരിക്കുന്ന തിരുവചനമാണിത്. വിശ്വാസികള്‍ തമ്മിലുള്ള ബാധ്യതകള്‍ വളരെ കൃത്യമായി ഈ വചനം അടയാളപ്പെടുത്തുന്നു.
പരസ്പര സ്‌നേഹത്തിന്റെയും സാഹോര്യത്തിന്റെയും പ്രതീകങ്ങളായി മാറാന്‍ വിശ്വാസികള്‍ക്ക് കഴിയണം. സ്വന്തം ആവശ്യങ്ങളെക്കാള്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ കഴിയുന്ന സാഹോദര്യത്തിന്റെ ഉദാത്ത മാതൃകകളായി ജീവിക്കുന്ന തലമുറയാണ് സുസ്ഥിതിക്കാവശ്യം. യര്‍മൂക് യുദ്ധത്തില്‍ സ്വഹാബികള്‍ കാണിച്ച ദാഹജല കൈമാറ്റം ഈ സാഹോദര്യത്തിന്റെ പ്രകടമായ തെളിവാകുന്നു.
നന്മയിലും പുണ്യത്തിലും പരസ്പരം സഹായിക്കുന്നവര്‍ സമാധാനപൂര്‍ണമായ ഒരു സമൂഹത്തെയാണ് സൃഷ്ടിച്ചെടുക്കുന്നത്. സന്തോഷത്തിലും സന്താപത്തിലും പരസ്പരം പങ്കാളികളാകുവാനും പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനും ആര്‍ദ്രമായ മനസ്സിന്റെ ഉടമകള്‍ക്കേ കഴിയൂ.
ആദര്‍ശത്തിന്റെ പേരിലുള്ള സ്‌നേഹബന്ധം മറ്റെല്ലാ ബന്ധങ്ങളെക്കാളും സുദൃഢമായിരിക്കും. ‘സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ട് സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം (49:10) എന്ന ഖുര്‍ആന്‍ വചനം വിശ്വാസികള്‍ തമ്മിലുണ്ടായിരിക്കേണ്ട സ്‌നേഹബന്ധത്തെ സൂചിപ്പിക്കുന്നു.
ആദര്‍ശസമൂഹം എന്ന നിലയില്‍ വിശ്വാസികള്‍ പരസ്പരം യോജിപ്പും ഐക്യവും ശക്തമായി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണീ തിരുവചനം പാഠം നല്‍കുന്നത്. വളരെ കൃത്യമായ ഉപമയിലൂടെയാണ് ഇക്കാര്യം നബിതിരുമേനി ബോധ്യപ്പെടുത്തുന്നത്. വിശ്വാസികള്‍ ഒരൊറ്റ ശരീരം കണക്കെ പരസ്പരം ബന്ധിതമായി പ്രവര്‍ത്തിക്കേണ്ടവരാണ്. ശരീരത്തിന്റെ ഏതെങ്കിലും ഒരവയവത്തിന് ബാധിക്കുന്ന പ്രയാസം ശരീരം മുഴുവന്‍ ഏറ്റെടുക്കുന്നതുപോലെയാവണം മുസ്‌ലിം സമൂഹവും എന്നത്രേ ഈ നബിവചനത്തിന്റെ പൊരുള്‍. അതിലെ ഏതെങ്കിലുമൊരു അംഗത്തിനുണ്ടാവുന്ന പ്രയാസങ്ങള്‍ മറ്റുള്ളവരുടേതും കൂടിയാണെന്നും അവ പരിഹരിക്കുവാനുള്ള ശ്രമങ്ങള്‍ എല്ലാവരുടെയും ബാധ്യതയാണെന്നും ബോധ്യപ്പെടുത്തുകയാണ് നബിതിരുമേനി.
പരസഹായത്തിലും പരസ്പര സ്‌നേഹത്തിലും ദയാവായ്പിലും കാരുണ്യ വര്‍ഷത്തിലും ശക്തമായ ബന്ധം പുലര്‍ത്തുന്ന ഒരു സമൂഹത്തെയും ആര്‍ക്കും തോല്‍പിക്കാനാവില്ല,. ഭിന്നിപ്പും ചേരിതിരിവും കക്ഷിമാത്സര്യവും മാത്രമാണ് സമൂഹത്തെ ശിഥിലമാക്കുന്നത്. അത് മാറ്റിയെടുക്കാനുള്ള വഴിയാവട്ടെ, ശരിയായ വിശ്വാസത്തിലേക്കുള്ള തിരിഞ്ഞു നടത്തവും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x