വേദനകളല്ലാത്തത്
ഫാത്തിമ ഫസീല
എത്ര പെട്ടെന്നാണ്
വേദനകള്‍ മാഞ്ഞുപോകുന്നത്
ചെറുപ്പത്തില്‍
വെച്ചുകുത്തിയതിന്റെ
കാല്‍വിരലിലെ അസ്വസ്ഥതകള്‍
തൊട്ടാവാടിയുടെ
പ്രതിരോധത്തില്‍
നീറിപ്പുകഞ്ഞ
കൈവിരലുകളിലെ
അശാന്തതകള്‍….
അടച്ചിടലുകളാല്‍
വീടകം
ആകാശം കാണാത്ത
മയില്‍പീലിപ്പുസ്തകമാകുമ്പോള്‍
വെയിലുണക്കങ്ങളുടെ
ശേഷിപ്പായി
തിണര്‍ത്തുവന്നാ
കഴച്ചിലുകളും
പെരുക്കങ്ങളും
പതിയെ
നീറ്റലില്ലാത്ത
ഒരു മരവിപ്പാകും
സ്വപ്‌നങ്ങളുടെ
ചതവുകള്‍
ഒടിവുകള്‍…
നിലനില്പിന്റെ
പരുത്ത സാന്‍ഡ്‌പേപ്പറിട്ട്
ഉരച്ചുകളയാന്‍ നോക്കും.
മുറിവുകള്‍ തുന്നിക്കെട്ടാത്ത
കടുത്ത
ദുഃഖങ്ങളെ.
ഒരു ഉള്‍വിളിയാല്‍
വിങ്ങലുകളെല്ലാം
ഉയിര്‍ത്തെഴുന്നേറ്റാലും
പാതിമയക്കം പോലെ
നിശ്ശബ്ദമാകും
ഞാന്‍ എന്ന ഭാവം പോലും