13 Saturday
December 2025
2025 December 13
1447 Joumada II 22

സര്‍, മാഡം, ടീച്ചര്‍


സ്‌കൂളുകളില്‍ സര്‍, മാഡം എന്നീ വിളികള്‍ വേണ്ടെ ന്നും അധ്യാപകരെ ലിംഗവ്യത്യാസമില്ലാതെ ടീച്ചര്‍ എന്ന് വിളിച്ചാല്‍ മതിയെന്നുമാണ് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. പ്രസ്തുത ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങളുടെ സ്വാഭാവിക പരിണതിയാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. ലിംഗസമത്വം ഉറപ്പുവരുത്താനാണ് ടീച്ചര്‍ വിളിയിലൂടെ കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, ലിംഗനിരപേക്ഷത കൊണ്ട് ലിംഗസമത്വം ഉണ്ടാവുമെന്ന് എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
വിദ്യാര്‍ഥികള്‍, പഠിപ്പിക്കുന്ന അധ്യാപകരെ അഭിസംബോധന ചെയ്യുന്നതില്‍ ലിംഗവിവേചനം നേരിടുന്നു എന്ന് ഇക്കാലമത്രയും പരാതി ഉണ്ടായിട്ടില്ല. സര്‍, മാഡം പോലുള്ള ഇംഗ്ലീഷ് അഭിസംബോധന രീതികള്‍ കൊളോണിയല്‍ അടിമത്തത്തിന്റെ ബാക്കിപത്രമാണ് എന്ന രീതിയിലുള്ള സാംസ്‌കാരിക വിമര്‍ശം ഉണ്ടായിട്ടുണ്ട്. ജെന്‍ഡര്‍ പൊളിറ്റിക്‌സ് അല്ല, വിധേയത്വത്തിന്റെ ഭാഷയിലുള്ള അഭിസംബോധന വേണ്ടതില്ല എന്ന നിലപാടാണ് അതിന് പിന്നില്‍. മലയാളത്തില്‍ നിവേദനം തയ്യാറാക്കുമ്പോള്‍ ‘താഴ്മയോടെ അപേക്ഷിക്കുന്നു’ പോലുള്ള പ്രയോഗങ്ങള്‍ ഉപയോഗിക്കരുതെന്ന് മുമ്പ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. വിധേയത്വത്തെ സൂചിപ്പിക്കുന്ന പ്രയോഗങ്ങള്‍ ജനാധിപത്യ സംസ്‌കാരത്തിന് കളങ്കമാണ് എന്നതുകൊണ്ടാണത്. എന്നാല്‍, ഇപ്പോള്‍ ബാലാവകാശ കമ്മീഷന്‍ നല്‍കിയിരിക്കുന്ന ഉത്തരവ് ആ ഗണത്തില്‍ വരുന്നതല്ല. ജെന്‍ഡര്‍ രാഷ്ട്രീയത്തിന്റെ സമകാലിക രൂപമായ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ ഓരോന്നായി നടപ്പില്‍ വരുത്താനുള്ള നീക്കമാണിത്. പാശ്ചാത്യ സംസ്‌കാരങ്ങളില്‍ വിവിധ സാമൂഹിക വ്യവഹാരങ്ങളിലും പ്രയോഗങ്ങളിലും ഇത്തരത്തിലുള്ള നീക്കങ്ങള്‍ മുമ്പേ നടന്നിട്ടുണ്ട്. ഫാദര്‍, മദര്‍ തുടങ്ങിയ ലിംഗവേര്‍തിരിവ് പ്രകടമാകുന്ന വാക്കുകള്‍ക്കു പകരം ‘ബെര്‍തിംഗ് പ്യൂപിള്‍’ എന്ന് ഉപയോഗിക്കണമെന്നാണ് ന്യൂട്രല്‍ ആശയക്കാര്‍ വാദിക്കുന്നത്. ഇപ്പോള്‍ കേരളത്തിലും സജീവമായിരിക്കുന്ന ചര്‍ച്ചകളുടെ പിന്നാമ്പുറം തീരുമാനിക്കുന്നത് പാശ്ചാത്യ സംസ്‌കാരത്തെ പുല്‍കാന്‍ വെമ്പുന്നവരാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അതിന്റെ പ്രകടമായ ഉദാഹരണമായിരുന്നു.
ഭാഷയിലും സംസ്‌കാരത്തിലുമെല്ലാം ലിംഗവേര്‍തിരിവ് പ്രകടമാകുന്ന മേഖല ധാരാളമുണ്ട്. അതെല്ലാം തിരുത്തുന്നതിലൂടെ ലിംഗസമത്വം പുലരുമെന്ന് കരുതുന്നത് മൗഢ്യമാണ്. യഥാര്‍ഥത്തില്‍, സൃഷ്ടിപരമായി തന്നെ ലിംഗവേര്‍തിരിവ് (Segregation) ഉണ്ടെന്നിരിക്കെ ലിംഗനീതി ഉറപ്പുവരുത്താനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ ലിംഗനിരപേക്ഷതയിലൂടെ സാംസ്‌കാരിക വൈവിധ്യങ്ങളെ അസന്നിഹിതമാക്കാനാണ് ന്യൂട്രല്‍ വാദികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. നിലവില്‍, സ്‌കൂളുകളില്‍ ഔദ്യോഗികമായി തന്നെ സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ ടീച്ചര്‍ എന്ന വാക്കുപയോഗിക്കുന്നുണ്ട്. വിവിധ അധ്യാപക തസ്തികകളുടെ പേരുകളിലും പി ടി എ പോലുള്ള സമിതികളിലും ടീച്ചര്‍ എന്നു തന്നെയാണ് ഉപയോഗിക്കുന്നത്. കാരണം, അവിടെയെല്ലാം ഉദ്ദേശിക്കുന്നത് ഇംഗ്ലീഷിലെ ടീച്ചര്‍ എന്ന പദം തന്നെയാണ്. എന്നാല്‍ വിദ്യാര്‍ഥികള്‍ അധ്യാപികമാരെ ടീച്ചറേ എന്ന് വിളിക്കുന്നതും അധ്യാപകരെ സാറേ എന്നോ മാഷേ എന്നോ വിളിക്കുന്നതും മലയാളീകരിക്കപ്പെട്ട പ്രയോഗമെന്ന നിലക്കാണ്. അധ്യാപികമാരെ അഭിസംബോധന ചെയ്യുന്ന രീതിയില്‍ മലയാളീകരിക്കപ്പെട്ട ടീച്ചര്‍ എന്ന പ്രയോഗത്തെ അധ്യാപകന്മാരിലേക്ക് കൂടി ചേര്‍ത്തിപ്പറയണം എന്ന ഉത്തരവ് സാംസ്‌കാരിക വൈവിധ്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. അതാകട്ടെ, ബാലികാബാലന്മാരുടെ അവകാശവുമായി ബന്ധപ്പെട്ട കാര്യവുമല്ല.
ലിംഗവേര്‍തിരിവ് പ്രകൃതി സഹജമാണ് എന്നതിനാല്‍ തന്നെ അതിനെ അങ്ങനെത്തന്നെ അഭിസംബോധന ചെയ്യുന്നത് ലിംഗവിവേചനമല്ല. അനീതി ഉള്ളടങ്ങിയതാണ് വിവേചനം. ലിംഗവേര്‍തിരിവില്‍ അനീതിയില്ല. മാത്രമല്ല, സര്‍, മാഡം പോലുള്ള വാക്കുകള്‍ ഒഴിവാക്കണം എന്ന പോസ്റ്റ് കോളോണിയല്‍ ചിന്തയാണ് ഈ ഉത്തരവിന് പിന്നിലെങ്കില്‍ സമാനമായി ഉപയോഗിക്കാവുന്ന, ലിംഗവേര്‍തിരിവോടു കൂടി അഭിസംബോധന ചെയ്യാവുന്ന ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള മറ്റ് വാക്കുകള്‍ നിര്‍ദേശിക്കുക കൂടി ചെയ്യേണ്ടതുണ്ട്. അതിനാല്‍ തന്നെ, പൊതുവിദ്യാഭ്യാസ മേഖലയിലെ സാംസ്‌കാരിക വൈവിധ്യങ്ങളെ മാനിക്കാത്ത ഈ ഉത്തരവ് സര്‍ക്കാര്‍ തള്ളിക്കളയേണ്ടതാണ്.

Back to Top