ത്വരീഖത്ത് പ്രസ്ഥാനവും പ്രത്യേക പദവികളും
പി കെ മൊയ്തീന്‍ സുല്ലമി
ത്വരീഖത്ത് പ്രസ്ഥാനത്തിന്റെ ശൈഖുമാര്‍ അവരുടെ മുരീദന്മാരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും എന്നാണല്ലോ ഐതിഹ്യം! ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ) ത്വരീഖത്ത് സ്ഥാപിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പേരില്‍ ഒരു ത്വരീഖത്ത് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതാണ് ഖാദിരിയ്യാ ത്വരീഖത്ത്. അതിന്റെ മുരീദായ ഖാളി മുഹമ്മദ് മാലപ്പാട്ടില്‍ വ്യക്തമാക്കിയത് ഇപ്രകാരമാണ്:
”എന്റെ മുരീദുകള്‍ നരകത്തിലില്ലെന്ന് നരകത്തെ കാക്കും മലക്ക് പറഞ്ഞോവര്‍” (മുഹ്‌യുദ്ദീന്‍മാല). ശത്വ്‌നുഫി എന്ന ത്വരീഖത്തുകാരന്‍ രേഖപ്പെടുത്തിയത് കാണുക: ”എന്റെ മുരീദേ, നീ എന്നെ പിടിച്ചു ജീവിക്കുന്നപക്ഷം നിന്നെ ഞാന്‍ ദുനിയാവിലും ആഖിറത്തിലും സംരക്ഷിക്കുന്നതാണ്” (ബഹ്ജത്തുല്‍ അസ്‌റാര്‍).
മേല്‍പ്പറഞ്ഞ രണ്ടു വരികളും ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമാണ്. അല്ലാഹു പറയുന്നു: ”ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി ഒരുപകാരവും ചെയ്യാന്‍ പറ്റാത്ത ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക. അന്ന് ഒരാളില്‍ നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുന്നതല്ല. ഒരാളില്‍ നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല” (അല്‍ബഖറ 48).
ഈ ലോകത്ത് അല്ലാഹു സൃഷ്ടിച്ച മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠന്‍ നബി(സ)യാണല്ലോ. അദ്ദേഹത്തിനു പോലും താന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാന്‍ സാധ്യമല്ല. അല്ലാഹു പറയുന്നു: ”അപ്പോള്‍ വല്ലവന്റെ കാര്യത്തിലും ശിക്ഷയുടെ കല്‍പന സ്ഥിരപ്പെട്ടുകഴിഞ്ഞാല്‍ നരകത്തിലുള്ളവരെ താങ്കള്‍ക്ക് രക്ഷപ്പെടുത്താന്‍ സാധിക്കുമോ?” (സുമര്‍ 19).
നബി(സ) സ്വന്തം മകളെ വിളിച്ച് ഉപദേശിച്ചതും അപ്രകാരം തന്നെയായിരുന്നു: ”മുഹമ്മദിന്റെ മകള്‍ ഫാത്വിമാ, നിന്റെ ശരീരത്തെ നീ തന്നെ നരകത്തില്‍ നിന്നു രക്ഷപ്പെടുത്തുക. അല്ലാഹു തന്നെ സത്യം, നിങ്ങള്‍ക്കു വേണ്ടി ഒന്നുംതന്നെ ഞാന്‍ അല്ലാഹുവിങ്കല്‍ നിന്നും ഉടമപ്പെടുത്തുന്നില്ല” (മുസ്‌ലിം, തിര്‍മിദി).
ഒരാളുടെ പാപഭാരം മറ്റൊരാള്‍ ഏറ്റെടുക്കുന്നതല്ല. അല്ലാഹു പറയുന്നു: ”ഏതൊരാളും ചെയ്തുവെക്കുന്നതിന്റെ ഉത്തരവാദിത്തം അയാള്‍ക്ക് മാത്രമായിരിക്കും. ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല” (അന്‍ആം 164).
എന്നാല്‍ നാം ഒരാളെ വഴിപിഴപ്പിക്കുന്നപക്ഷം അയാളുടെ പാപവും കൂടി നാം വഹിക്കേണ്ടിവരും. അഥവാ ത്വരീഖത്ത് പ്രസ്ഥാനത്തിലൂടെ ശൈഖ് ചെയ്തുകൊണ്ടിരിക്കുന്നത് മറ്റൊരാളെ തൗഹീദില്‍ നിന്നും ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും വഴിതെറ്റിക്കുക എന്നത് മാത്രമാണ്. പ്രസ്തുത കുറ്റവും കൂടി ശൈഖ് ഏറ്റെടുക്കേണ്ടതായിവരും.
അല്ലാഹു പറയുന്നു: ”അവര്‍ തങ്ങളുടെ പാപഭാരങ്ങള്‍ മുഴുവനായും യാതൊരു അറിവുമില്ലാതെ തങ്ങളെ ആരെയെല്ലാം വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്നുവോ അവരുടെ പാപഭാരങ്ങളില്‍ ഒരു ഭാഗവും അന്ത്യദിനത്തില്‍ അവര്‍ വഹിക്കേണ്ടിവരും” (നഹ്ല്‍ 25).
നബി(സ) പറഞ്ഞു: ”വല്ലവനും ഇസ്‌ലാമില്‍ (മുമ്പ് ഉണ്ടായിരുന്ന) ഒരു ചര്യ ആചരിക്കുന്നപക്ഷം (തുടങ്ങിവെക്കുന്ന) അവന് അതിന്റെ പ്രതിഫലമുണ്ട്. പ്രസ്തുത ചര്യ അനുഷ്ഠിക്കുന്നവരുടെ പ്രതിഫലവും അവനുണ്ട്. വല്ലവനും ഇസ്‌ലാമില്‍ ഒരു ചീത്ത ആചാരം തുടങ്ങിവെക്കുന്നപക്ഷം അതിന്റെ കുറ്റവും അത് അനുഷ്ഠിക്കുന്നവരുടെ കുറ്റവും അവനുണ്ട്” (മുസ്‌ലിം).
ഒരു വ്യക്തിയുടെ പാപഭാരം മറ്റൊരാള്‍ ഏറ്റെടുക്കുകയെന്നത് ശിര്‍ക്കന്‍ ആചാരവുമാണ്. അല്ലാഹു പറയുന്നു: ”സത്യനിഷേധികള്‍ സത്യവിശ്വാസികളോട് പറഞ്ഞു: നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗം പിന്തുടരൂ. നിങ്ങളുടെ തെറ്റുകുറ്റങ്ങള്‍ ഞങ്ങള്‍ ഏറ്റെടുത്തുകൊള്ളാം. എന്നാല്‍ അവരുടെ തെറ്റുകുറ്റങ്ങളില്‍ നിന്ന് യാതൊന്നും തന്നെ ഇവര്‍ വഹിക്കുന്നതല്ല. തീര്‍ച്ചയായും ഇവര്‍ കളവ് പറയുന്നവരാകുന്നു. തങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വേറെയും പാപഭാരങ്ങളും അവര്‍ സഹിക്കേണ്ടിവരും” (അന്‍കബൂത്ത് 12,13).
ത്വരീഖത്തിന്റെ ശൈഖുമാര്‍ അവരുടെ മുരീദുകളെ (അനുയായികളെ) പഠിപ്പിക്കുന്ന ദിക്‌റുകളും ദുആകളും അല്ലാഹുവോ റസൂലോ പഠിപ്പിച്ചതല്ല. അവര്‍ കൃത്രിമമായി നിര്‍മിക്കുന്നവയാണ്. റാത്തീബും ഹദ്ദാദുമൊക്കെ ത്വരീഖത്തുകാരുടെ സൃഷ്ടിയും നിര്‍മിതിയുമാണ്. മുഹ്‌യിദ്ദീന്‍ റാത്തീബിലെ ചില ദിക്‌റുകള്‍ ശ്രദ്ധിക്കുക: ‘ഹാ, ഹൂ, ഹീ, ഹയ്യൂന്‍’ 111 വട്ടം. ‘ഹൂഹുയാ മന്‍ ഹൂ’ 111 വട്ടം.
രിഫാഈ റാത്തീബിലെ ചില ദിക്‌റുകള്‍ ഇപ്രകാരമാണ്: ‘ലാ മഅ്ബൂദ ഇല്ലല്ലാഹ്’ 303 വട്ടം, ‘ലാ മത്‌ലൂബ ഇല്ലല്ലാഹ്, ലാ മഖ്‌സൂദ ഇല്ലല്ലാഹ്’ 303 വട്ടം, ഇല്ലാഹു, യാഹൂ, അല്ലാഹു, ഹൂഹൂ, ഹൂ അല്ലാഹ്, ഹൂഹൂ അല്ലാഹ് എന്നിവകള്‍ ഓരോന്നും 303 പ്രാവശ്യം വീതം ചൊല്ലുക, ഇത്തരം ദിക്‌റുകള്‍ നിന്നും ഇരുന്നും ചൊല്ലേണ്ടതുണ്ട്. ഇതിനു പുറമെ കുത്തി മുറിവേല്‍പിക്കുന്ന ക്രിമിനല്‍ റാത്തീബുകള്‍ വേറെയുമുണ്ട്.
മേല്‍പറഞ്ഞ ദിക്‌റുകളെല്ലാം വിശുദ്ധ ഖുര്‍ആന്‍ ഷോര്‍ട്ടാക്കി നിര്‍മിക്കപ്പെട്ടതാണത്രേ! അല്ലാഹു പറയുന്നു: ”നമ്മുടെ വചനങ്ങളുടെ നേരെ വക്രത കാണിക്കുന്നവരാരോ അവര്‍ നമ്മുടെ ദൃഷ്ടിയില്‍ നിന്നും മറഞ്ഞുപോവുകയില്ല, തീര്‍ച്ച. അപ്പോള്‍ നരകത്തിലെറിയപ്പെടുന്നവനാണോ ഉത്തമന്‍, അതല്ല അന്ത്യദിനത്തില്‍ നിര്‍ഭയനായി വരുന്നവനോ?” (ഫുസ്സിലത് 40).
ഇസ്‌ലാമില്‍ അനാചാരങ്ങള്‍ നിര്‍മിച്ചുണ്ടാക്കാനോ വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ട് തന്നിഷ്ടം കളിക്കാനോ അല്ലാഹു ആര്‍ക്കും അധികാരം നല്‍കിയിട്ടില്ല. ഇത്തരക്കാര്‍ നരകത്തിലെ വിറകുകളായിരിക്കും. അല്ലാഹു പറയുന്നു: ”അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മ കാണിക്കുന്നതും പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും. ചൂടേറിയ അഗ്നിയില്‍ അവര്‍ പ്രവേശിക്കുന്നതാണ്” (ഗാശിയ 2-4).
പണിയെടുത്ത് ക്ഷീണിച്ചത് എന്നതുകൊണ്ടുദ്ദേശിക്കുന്നത് ധാരാളം പ്രവര്‍ത്തിച്ച് ക്ഷീണിച്ചവര്‍ എന്നതാണ്. പക്ഷേ, അവര്‍ പ്രവര്‍ത്തിച്ചത് അല്ലാഹുവോ റസൂലോ പറഞ്ഞതായിരുന്നില്ല. ബിദ്അത്തുകളായിരുന്നു. നബി(സ) പറഞ്ഞു: ”നമ്മുടെ ഈ ദീനില്‍ അതിലില്ലാത്ത വല്ലവനും പുതുതായി നിര്‍മിച്ചുണ്ടാക്കുന്നപക്ഷം അത് തള്ളിക്കളയേണ്ടതാണ്” (ബുഖാരി, മുസ്‌ലിം).
ഔലിയാക്കളില്‍ അല്ലാഹുവിന്റെ ആത്മാവ് ഇറങ്ങുകയും അങ്ങനെ അവര്‍ അല്ലാഹുവിന് തുല്യരായിത്തീരുകയും ചെയ്യുമെന്നാണ് ത്വരീഖത്തിന്റെ ശൈഖന്മാര്‍ വാദിക്കുന്നത്. അവര്‍ക്ക് ദിവ്യത്വം ലഭിച്ചുകഴിഞ്ഞാല്‍ പ്രസ്തുത ദിവ്യത്വത്തെ അവര്‍ പല തട്ടുകളായി ഭാഗിക്കപ്പെടുമത്രേ. അഥവാ ത്വരീഖത്തിന്റെ ശൈഖുമാര്‍ പല പദവികളിലായിരിക്കും. ഖുത്ബ് (അച്ചുതണ്ട്), ഖുത്ബുല്‍ അഖ്താബ് (അച്ചുതണ്ടുകളില്‍ അച്ചുതണ്ട്), ഖുത്ബുസ്സമാന്‍ (കാലഘട്ടത്തിന്റെ അച്ചുതണ്ട്), നുഖബാഅ് (പ്രധാനികള്‍), നുജബാഅ് (ഉന്നതകുലജാതര്‍), അബ്ദാല്‍ (പകരക്കാര്‍), ഔതാദ് (ആണികള്‍) എന്നിവര്‍ അതില്‍ ചിലതാണ്. ഇതില്‍ നുഖബാഅ് എന്ന വിഭാഗം എല്ലാ കാലഘട്ടങ്ങളിലും 12 പേരും നുജബാഅ് എന്ന വിഭാഗം 8 പേരും ഉണ്ടാകുമെന്നാണ് വെപ്പ്. അബ്ദാല്‍ എന്ന് പറയപ്പെടുന്നവര്‍ ഒരു കാലഘട്ടത്തില്‍ 7 പേര്‍ ഉണ്ടാകും എന്നതാണ് ഐതിഹ്യം. ഏഴ് ഭൂഖണ്ഡങ്ങളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്തവര്‍ ഇവരാണത്രേ. അവരുടെ അഭാവത്തില്‍ ആ ഭാഗം തകര്‍ന്ന് തരിപ്പണമായിത്തീരും എന്നാണ് ചൊല്ല്.
ഔതാദ് എന്ന പദവിയിലുള്ളവര്‍ എക്കാലത്തും നാലു പേരാണത്രേ. ഇവരാണ് ലോകത്തിന്റെ നാലു ദിക്കുകളായ കിഴക്കും പടിഞ്ഞാറും വടക്കും തെക്കും കാത്തുസൂക്ഷിക്കുന്നത് എന്നതാണ് ത്വരീഖത്തുകാരുടെ അവകാശവാദം. ഖുത്ബും ഖുത്ബുല്‍ അഖ്താബും ഖുത്ബുസ്സമാനും അതിനെക്കാള്‍ ഉന്നത പദവി അലങ്കരിക്കുന്നവരാണത്രേ. മേല്‍ പറയപ്പെട്ട സ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുന്നവരെല്ലാം അവരുടെ മുരീദുമാരുടെ ആരാധ്യന്മാരാകുന്നു. വിഗ്രഹാരാധകര്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നതുപോലെ അവരുടെ മുരീദുകള്‍ ആരാധിച്ചുപോരുന്നത് അവരുടെ ശൈഖുമാരെയാണ്.
വിഗ്രഹാരാധനയെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ”അവനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു രേഖയും അവതരിപ്പിച്ചിട്ടില്ല” (യൂസുഫ് 40).
ഇതേ അവസ്ഥ തന്നെയാണ് മേല്‍പറഞ്ഞ ശൈഖന്മാരായ ആരാധ്യന്മാര്‍ക്കും ഉള്ളത്. അത്തരം ആരാധ്യന്മാരുടെ പേരുകളൊന്നും വിശുദ്ധ ഖുര്‍ആനിലോ തിരുസുന്നത്തിലോ വന്നിട്ടില്ല. അവര്‍ സ്വയം പടച്ചുണ്ടാക്കിയതാണ്. ഇത്തരം പേരുകളെ സംബന്ധിച്ച് ഇമാം ഇബ്‌നുല്‍ഖയ്യിം(റ) പറയുന്നു: ”അബ്ദാല്‍, അഖ്താബ്, അഗ്‌വാസ്, നുഖബാഅ്, നുജബാഅ്, ഔതാദ് എന്നീ നാമങ്ങളെല്ലാം അടിസ്ഥാനരഹിതങ്ങളാണ്. അതെല്ലാം അല്ലാഹുവിന്റെ റസൂലിന്റെ പേരില്‍ നിര്‍മിക്കപ്പെട്ടവയാണ്” (ജാമിഉല്‍ ആദാബ് 2:250).
ഇബ്‌നു തൈമിയ്യ(റ) പറയുന്നു: ”ഗൗസ്, ഖുത്ബ്, ഔതാദ്, മുജബാഅ് എന്നിവയും അല്ലാത്തവയുമായ നാമങ്ങള്‍ ഒരാളും തന്നെ നബി(സ)യില്‍ നിന്നും നബി(സ)യുടെ സഹാബത്തില്‍ നിന്നും അപ്രകാരം അവരാരെങ്കിലും പറഞ്ഞതായി അറിയപ്പെടുന്ന പരമ്പരയിലൂടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പക്ഷേ, ചില മുന്‍ഗാമികളില്‍ നിന്നും അപ്രകാരം നബി(സ)യില്‍ നിന്നും വന്നിട്ടുള്ള ഹദീസ് ദുര്‍ബലമാകുന്നു” (മിന്‍ഹാജുസ്സുന്നത്തിന്നബവിയ്യ 1:59). മേല്‍പറഞ്ഞ ത്വരീഖത്ത് സംബന്ധമായ എല്ലാ കാര്യങ്ങളും തൗഹീദ് വിരുദ്ധവും ശിര്‍ക്കും കുഫ്‌റുമാകുന്നു.
ഈ ലോകം നിയന്ത്രിക്കുന്ന വിഷയത്തിലോ ജീവജാലങ്ങളുടെ പ്രാര്‍ഥനകളും രോദനങ്ങളും കേട്ടു പരിഹരിക്കുന്ന കാര്യത്തിലോ അല്ലാഹു ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് അല്ലാഹു മാത്രമാണ്. മുശ്‌രിക്കുകള്‍ പോലും സമ്മതിക്കുന്ന കാര്യമാണിത്. അല്ലാഹു പറയുന്നു: ”നബിയേ, പറയുക. ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നതാരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും ഉടമപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ (മുശ്‌രിക്കുകള്‍) പറയും. അല്ലാഹു എന്ന്” (യൂനുസ് 31).
മറ്റൊരു വചനം കാണുക: ”നബിയേ, താങ്കള്‍ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരില്‍ (ആരുംതന്നെ) അഭയം നല്‍കുന്നതുമല്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ പറയൂ. അവര്‍ (മുശ് രിക്കുകള്‍) പറയും: അതെല്ലാം അല്ലാഹുവിനുള്ളതാണ്” (അല്‍മുഅ്മിനൂന്‍ 88, 89).