പാലിയേറ്റീവ് കെയര്‍ എന്റെ നാളേക്ക്; എന്റെ പരിചരണത്തിന്
അബ്ദുല്‍കരീം വാഴക്കാട് (സെക്രട്ടറി, ഐ എ പി സി കേരള)
ജീവിതത്തെ പ്രയാസപ്പെടുത്തുംവിധം രോഗമോ അവശതയോ ബാധിച്ച വ്യക്തിക്കും അയാളുടെ കുടുംബത്തിനും സമഗ്ര പരിചരണം വീടുകളിലും വൈദ്യശാസ്ത്ര സങ്കേതങ്ങളിലും ഉറപ്പുവരുത്തുന്ന വൈദ്യശാസ്ത്ര ശാഖയാണ് പാലിയേറ്റീവ് കെയര്‍.
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി എനിക്ക് പരിചയമുള്ള ഒരു കുടുംബത്തിന്റെ ജീവിതകഥ പറയാം. 43 വയസ്സ് പ്രായമുള്ള ചെറുപ്പക്കാരന്‍. 20ഉം 15ഉം വയസ്സ് പ്രായമുള്ള രണ്ട് ആണ്‍മക്കള്‍. 20 വര്‍ഷം പ്രവാസിയായിരുന്നു. കോവിഡ് കാലത്തെ പ്രതിസന്ധികള്‍ മൂലം ബിസിനസ് തകര്‍ന്നു വീട്ടിലെത്തി. കടവും പ്രാരാബ്ധങ്ങളുമായി കഴിയുകയായിരുന്നു. ആയിടയ്ക്കാണ് ശാരീരിക അവശതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. വിവിധ പരിശോധനകള്‍ക്കൊടുവില്‍ ഫലം വന്നു- കാന്‍സര്‍. പിന്നീട് ആര്‍സിസിയിലും എംസിസിയിലും അതിനു ശേഷം ബാംഗ്ലൂരിലെ ആശുപത്രിയിലുമായി. സ്വപ്‌നങ്ങളും ആഗ്രഹങ്ങളും കുടുംബവും വ്യവഹാരങ്ങളും രാഷ്ട്രീയവും മതവും സന്നദ്ധപ്രവര്‍ത്തനവും ഒക്കെയുള്ള ആ പച്ചമനുഷ്യനും അയാളുടെ കുടുംബവും ഒരു വര്‍ഷമായി ആശുപത്രിയില്‍ തന്നെയാണ്.
ആര്‍സിസിയിലെ രണ്ടു മാസം ചികിത്സയ്ക്കിടയിലാണ് മൂത്ത മകന്‍ എന്നെ ഫോണില്‍ വിളിക്കുന്നത്. ‘എനിക്ക് കുറച്ച് സമയം തരുമോ’ എന്ന ദയനീയ ചോദ്യമായിരുന്നു അവന്‍ ചോദിച്ചത്. ഒരു പാലിയേറ്റീവ് കെയര്‍ വോളന്റിയറെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് അദ്ദേഹത്തിന്റെ സമയത്തില്‍ നിന്നുതന്നെ ആവശ്യമുള്ളവര്‍ക്ക് പകുത്തുകൊടുക്കുക എന്നത്. പലരും ഇതൊരു ഔദാര്യമായി പരിഗണിക്കാറുണ്ട്. എന്നാല്‍ പാലിയേറ്റീവ് കെയര്‍ സന്നദ്ധ പ്രവര്‍ത്തനം ഒരിക്കലും ഔദാര്യമല്ല. രോഗിയുടെയും കുടുംബത്തിന്റെയും അവകാശമാണ്. ഞാന്‍ അവന് സമയം കൊടുത്തു. അവന്‍ പറഞ്ഞുതുടങ്ങി. ഇടയ്ക്ക് കരയും. ഇടയ്ക്ക് നിശ്ശബ്ദനാവും. പറഞ്ഞ ജീവിതത്തിലെ പ്രധാനപ്പെട്ട ചിലത് ഇവിടെ കുറിക്കുകയാണ്. ചിലത് പുറത്തു പറയാന്‍ പറ്റാത്തത്.
നല്ല സാമ്പത്തിക സ്ഥിതിയിലുള്ള കുടുംബം. കാന്‍സര്‍ എന്ന കടലാസ് തന്റെ പിതാവിനു കിട്ടിയതു മുതല്‍ ആ കുടുംബത്തില്‍ കടം, ദാരിദ്ര്യം, പട്ടിണി, മക്കളുടെ പഠനം മുടങ്ങല്‍, പണമുണ്ടാക്കാന്‍ അനാവശ്യ വഴികളിലൂടെയുള്ള സഞ്ചാരം, ടെന്‍ഷന്‍ അകറ്റാന്‍ മക്കള്‍ മോശപ്പെട്ട വഴികള്‍ സ്വീകരിച്ചത്, ദാരിദ്ര്യത്തിലായ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ കുടുംബത്തോടുകൂടി പറ്റിക്കപ്പെട്ടത്, മാതാവിനോട് കിടപ്പറ പങ്കിടാന്‍ അഭ്യര്‍ഥിച്ചത്… അങ്ങനെ നീണ്ടുപോകുന്നു കഥ. ജീവിതത്തെ തകര്‍ക്കുന്ന വിധം രോഗം ബാധിച്ച വ്യക്തികളുടെയും കുടുംബത്തിന്റെയും അവസ്ഥയുടെ ഒരു ചെറുരൂപമാണ് ഇത്.
പാലിയേറ്റീവ്
കെയറിന്റെ ദൗത്യം
ജീവിതത്തിന് ആഘാതമുണ്ടാക്കുംവിധം രോഗം വരുകയോ കിടപ്പിലാവുകയോ ചെയ്യുന്നവര്‍ക്കാണ് പാലിയേറ്റീവ് കെയര്‍ വേണ്ടത്. അങ്ങനെ പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള വ്യക്തിക്ക് സാമൂഹിക സന്നദ്ധ സംവിധാനം ചെയ്തുകൊടുക്കേണ്ട കാര്യങ്ങള്‍ താഴെ:
1: രോഗിക്കും കുടുംബത്തിനുമാണ് പാലിയേറ്റീവ് പരിചരണം നല്‍കേണ്ടത്. 2: രോഗിയുടെയും കുടുംബത്തിന്റെയും സകലമാന പ്രശ്‌നങ്ങളും നേരത്തേ കണ്ടെത്തണം. 3: രോഗിയെയും കുടുംബത്തെയും പ്രശ്‌നങ്ങളെയും കുറ്റമറ്റ രീതിയില്‍ വിശകലനം ചെയ്യണം. 4: പ്രശ്‌നങ്ങള്‍ക്ക ്പ്രതിരോധം തീര്‍ക്കാന്‍ രോഗിക്കും കുടുംബത്തിനുമൊപ്പം പരിശ്രമിക്കണം. 5: രോഗപീഡകള്‍ക്ക് ശമനം കണ്ടെത്താന്‍ എപ്പോഴും പരിശ്രമിക്കണം. 6: ജീവിത ഗുണനിലവാരം ഉയര്‍ത്താന്‍ ശ്രമിക്കണം. 7: വേദന അടക്കമുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ. 8: മനസ്സിന് പരിചരണം. 9: എല്ലാവിധ സാമൂഹിക പ്രശ്‌നങ്ങളും മനസ്സിലാക്കി ലഘൂകരണ ശ്രമങ്ങള്‍ നടത്തല്‍, പരിഹരിക്കല്‍. 10: വൈകാരിക-ആത്മീയ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാര-പരിചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഈ കാര്യങ്ങള്‍ സമഗ്രതയില്‍ നിര്‍വഹിക്കുന്ന പരിചരണ ചികിത്സാ സമീപനരീതിയാണ് പാലിയേറ്റീവ് കെയര്‍.
കേരളത്തിലെ
പാലിയേറ്റീവ് കെയര്‍
1993 മുതല്‍ കേരളത്തില്‍ പാലിയേറ്റീവ് കെയര്‍ തുടങ്ങുകയും 1996 തൊട്ട് അതിന്റെ വ്യാപനം ആരംഭിക്കുകയും ചെയ്തു. കേവലം വൈദ്യചികിത്സ എന്നതില്‍ നിന്ന് സാമൂഹിക പങ്കാളിത്തത്തിലേക്കും സാമൂഹിക ഉടമസ്ഥതയിലേക്കും ഈ പരിചരണ സംവിധാനത്തെ കേരളത്തിലെ സാധാരണ മനുഷ്യര്‍ പരിവര്‍ത്തിപ്പിച്ചു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യകത. 2001ല്‍ മലപ്പുറത്ത് പരീക്ഷിക്കുകയും പിന്നീട് കേരളം സ്വീകരിക്കുകയും ലോകശ്രദ്ധ ആകര്‍ഷിച്ചതുമായ ഒരു പരിചരണ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ ‘സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍’ എന്ന ആശയം വലിയ പങ്കുവഹിച്ചു.
എന്തുകൊണ്ട്
പാലിയേറ്റീവ് കെയര്‍?
ജീവിതയാത്രയ്ക്കിടയില്‍ രോഗം മൂലം ദുരിതമനുഭവിക്കുന്നവരുടെയും കിടപ്പിലാവുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ കൂടിവരുകയാണ്. ചികിത്സയും ശുശ്രൂഷയും കൂടുതല്‍ കൂടുതല്‍ വൈദ്യവത്കരിക്കപ്പെടുകയും ചികിത്സ താങ്ങാന്‍ കഴിയാത്തവിധം ചെലവേറിയതാവുകയും ചെയ്ത ഇന്നത്തെ സാഹചര്യത്തില്‍ ദീര്‍ഘകാല രോഗികളുടെയും ശയ്യാവലംബികളുടെയും ചികിത്സയും പരിചരണവും സമൂഹം കൈകോര്‍ത്താല്‍ മാത്രമേ സാധ്യമാവൂ എന്ന തിരിച്ചറിവില്‍ നിന്നാണ് പാലിയേറ്റീവ് പരിചരണം ആരംഭിക്കുന്നത്. സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിച്ച് ഹൈടെക്‌വത്കരണത്തെ തിരസ്‌കരിക്കുക കൂടി ചെയ്യുന്നുണ്ട് ഈ പരിചരണശൃംഖല. മാനം കെടാതെ ജീവിച്ച് മാനം കെടാതെ മരിച്ചുപോകാന്‍ ഓരോ വ്യക്തിക്കും അവകാശമുണ്ടെന്നും, ഇരുള്‍ നിറഞ്ഞ ചികിത്സാവഴികളില്‍ കാലിടറാതെ ഏതു പ്രതിസന്ധിയിലും നാട്ടുകാരും അയല്‍വാസികളും കൂട്ടുകാരം സമൂഹവും കൂടെയുണ്ടെന്നു ബോധ്യപ്പെടുത്തിയാണ് 25 വര്‍ഷം നാം പിന്നിട്ടത്. വ്യക്തിയുടെയും കുടുംബത്തിന്റെയും സല്‍പ്പേരിനു മുന്തിയ പരിഗണന നല്‍കാന്‍ ഓരോ വോളന്റിയറും പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളും പരസ്പരം ഓര്‍മപ്പെടുത്തിക്കൊണ്ടേയിരുന്നു.
വീടുകളില്‍ ഡോക്ടറും നഴ്‌സും സന്നദ്ധ പ്രവര്‍ത്തകരുമെത്തി പരിചരണം നല്‍കുക എന്നതിന് മുഖ്യ പ്രാധാന്യം നല്‍കിയാണ് കേരളത്തിലെ പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ജനുവരി 15
പാലിയേറ്റീവ്
കെയര്‍ ദിനം
കേരളത്തില്‍ ജനകീയമാ യും സാമൂഹിക പങ്കാളിത്തത്തോടെയും നടക്കുന്ന പാലിയേറ്റീവ് കെയറിന് പ്രചാരവും ആശയവിനിമയവും ലക്ഷ്യം വെച്ച് ജനുവരി 15 എല്ലാ വര്‍ഷവും പാലിയേറ്റീവ് കെയര്‍ ദിനമായി ആചരിക്കുന്നു. ഈ വര്‍ഷത്തെ പാലിയേറ്റീവ് കെയര്‍ ദിനസന്ദേശം ‘എന്റെ നാളേക്ക്, എന്റെ പരിചരണത്തിന്’ എന്നതാണ്. ആറു കാര്യങ്ങള്‍ കൊണ്ട് ഏതൊരാള്‍ക്കും ഏതു നിമിഷത്തിലും പാലിയേറ്റീവ് പരിചരണം ആവശ്യമായി വന്നേക്കാം.
ആയുര്‍ദൈര്‍ഘ്യം
കേരളത്തില്‍ മുതിര്‍ന്നവരുടെ എണ്ണം വികസിത രാജ്യങ്ങള്‍ക്ക് സമാനമായ തോതിലാണെന്ന് നാം അറിയണം. 2018ലെ കണക്കു പ്രകാരം 346 കോടി ജനസംഖ്യയുള്ള കേരളത്തില്‍ 60ന് മുകളില്‍ പ്രായമുള്ളവരില്‍ 60-69 പ്രായമുള്ളവര്‍ 2,416,805 (58%), 70-79 പ്രായമുള്ളവര്‍ 1234739 (29%), 80നു മുകളില്‍ പ്രായമുള്ളവര്‍ 541849 (13%)ഉം വരുമെന്നാണ് കണക്ക്. ആളുകള്‍ വാര്‍ധക്യ സാഹചര്യങ്ങളിലൂടെയും അവശതകളിലൂടെയും കടന്നുപോകുന്നു. ഇതില്‍ കുറേ പേര്‍ തീര്‍ത്തും കിടപ്പിലായവരും ദീര്‍ഘകാല മാറാരോഗങ്ങളും മറവിരോഗങ്ങളുമുള്ള പീഡകളും അനുഭവിക്കുന്നവരാണ്. ഇവര്‍ക്ക് വീടുകളില്‍ അന്തസുറ്റ പരിചരണം ആവശ്യമായിവരും. ജീവിതഗുണനിലവാരം മെച്ചപ്പെടുത്തി ആരോഗ്യകാര്യത്തിലും മാനസിക-സാമൂഹികതലത്തിലും മികച്ച പരിചരണ ആസൂതണം മുതിര്‍ന്നവര്‍ക്കു വേണ്ടി നടത്തേണ്ടതുണ്ട്. എന്നുവെച്ചാല്‍ നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടെ വീട്ടിലുള്ളവര്‍ക്കും പ്രായം കൂടുകയാണ്. അതുകൊണ്ട് പാലിയേറ്റീവ് കെയര്‍ എന്റെ നാളേക്ക്, എന്റെ പരിചരണത്തിന്.
അപകടങ്ങള്‍
റോഡ് അപകടങ്ങളാലും ജോലിസ്ഥലങ്ങളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ മൂലവും ഏതൊരാള്‍ക്കും നട്ടെല്ലിനു ക്ഷതം സംഭവിച്ചോ അല്ലാതെയോ കിടപ്പിലാവാനും വീട്ടില്‍ അകപ്പെട്ടുപോവാനും സാധ്യതയുണ്ട്. 2021ല്‍ 33,296 സംഭവങ്ങള്‍ ഇത്തരത്തില്‍ ഉണ്ടായി. ഇതില്‍ 3429 മരണവും 40,204 പരിക്കുകളുമാണ് ഉള്ളത്. വലിയ തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന നമ്മുടെ നാട്ടില്‍ ജോലിക്കിടയിലുള്ള അപകടങ്ങളും സംഭവിക്കുന്നു.
ജീവിതശൈലീ
രോഗങ്ങള്‍
ജീവിതശൈലീ രോഗങ്ങള്‍ കൂടിവരികയാണ്. തെറ്റായ ജീവിതശൈലികളും തിരക്കുപിടിച്ച ജീവിതക്രമങ്ങളും നമ്മെ രോഗാതുരമാക്കുന്നു. സഞ്ചരിക്കുന്ന ആശുപത്രികളാണ് നാം ഓരോരുത്തരും എന്നു പറയാറുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതില്‍ പല രോഗങ്ങളും മാരകവും പാലിയേറ്റീവ് പരിചരണം ആവശ്യമായി വരുന്നതുമാണ്.
ശാരീരിക-മാനസിക
പ്രശ്‌നങ്ങളോടെയുള്ള
ജനനം
ജന്മനാ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കും കിടപ്പിലായിപ്പോകുന്ന കുട്ടികള്‍ക്കും പാലിയേറ്റവ് പരിചരണം വേണ്ടിവരും. ദീര്‍ഘകാല രോഗങ്ങളും അവശതകളും മാരക രോഗങ്ങളുമായി യാതനകള്‍ അനുഭവിക്കുന്ന കുട്ടികളുടെ പാലിയേറ്റീവ് കെയര്‍ പരിചരണം ഇന്നും ശ്രമകരവും ശൈശവദശയിലുള്ളതുമാണ്. കേരളത്തിലെ പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടതുണ്ട്. കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസികവും ബൗദ്ധികവുമായ അവസ്ഥയും വളര്‍ച്ചയും പരിഗണിച്ചുള്ള ഒരു പരിചരണ സംവിധാനം ഉണ്ടാക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് അസുഖം വരുക എന്നത് സഹിക്കുന്നതല്ലല്ലോ നമുക്കോരോരുത്തര്‍ക്കും.
മനസ്സിന്റെ
താളം തെറ്റല്‍,
മാനസിക വ്യഥകള്‍
മരുന്ന് കഴിച്ചാലല്ലാതെ മനസ്സിന്റെ താളം നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലുള്ളവര്‍ക്ക് പാലിയേറ്റീവ് പരിചരണം വളരെ വിലയേറിയതാണ്. ഭയവും അവഹേളനവും തമാശകളും നിറഞ്ഞതാണ് സമൂഹത്തിന്റെ പൊതുവിലെ മനോരോഗികളോടുള്ള നിലപാട്. ഭ്രാന്തന്‍, വട്ട്, അരപ്പിരി ലൂസ് തുടങ്ങിയ പദപ്രയോഗങ്ങള്‍ തന്നെ ഇത് സൂചിപ്പിക്കുന്നു. മനസ്സിനു മുറിവേറ്റവര്‍ക്കും അവരെ ചേര്‍ത്തുനിര്‍ത്തി പരിചരിക്കുന്നവര്‍ക്കും വീടു വിട്ട് അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും പരിചരണകേന്ദ്രങ്ങളില്‍ കൊണ്ടുതള്ളിയവര്‍ക്കും എല്ലാവര്‍ക്കും സാന്ത്വന പരിചരണം നല്‍കുക എന്ന ദൗത്യം നാം മറന്നുകൂടാ. ഏത് നിമിഷവും നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ ഈ അവസ്ഥയിലായേക്കാം.
വൈദ്യശാസ്ത്രവും
ടെക്‌നോളജിയും
വികസിക്കുന്നു
പാശ്ചാത്യ രാജ്യങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ കേരളത്തിലെ വൈദ്യശാസ്ത്ര കേന്ദ്രങ്ങള്‍ വികസിച്ചിട്ടുണ്ട്. ചികിത്സ എന്നത് സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമായിട്ടുണ്ട്. പരമ സാധുക്കള്‍ക്ക് സര്‍ക്കാരിന്റെ വിവിധ സ്‌കീമുകളുണ്ടെങ്കിലും പൂര്‍ണമാവില്ല. എന്നാല്‍ മധ്യ സാമ്പത്തിക ശ്രേണിയിലുള്ളവര്‍ക്ക് പലപ്പോഴും ചികിത്സയും ആശുപത്രിവാസവും മരുന്നും വലിയ വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. ആധുനിക വൈദ്യശാസ്ത്രം പലപ്പോഴും ജീവന്‍ നിലനിര്‍ത്തുകയും ജീവിതം മുന്നോട്ടുകൊണ്ടുപോവാന്‍ നമ്മെയൊക്കെ പ്രയാസത്തിലാക്കാനും സാധ്യതയുണ്ട്. ഉദാഹരണത്തിന് കരള്‍രോഗിക്ക് കരള്‍ മാറ്റിവെക്കാന്‍ ടെക്‌നോളജിയുണ്ട്. പക്ഷേ, അതിനു വേണ്ട പണം ഒരു പ്രശ്‌നം തന്നെയാണ്. മാറ്റിവെച്ചുകഴിഞ്ഞാല്‍ പിന്നെ വീടുകളില്‍ നല്ല പരിചരണം വര്‍ഷങ്ങളോളം വേണ്ടിവരും. അതുകൊണ്ടുതന്നെ പാലിയേറ്റീവ് കെയര്‍ നമുക്കൊക്കെ വേണ്ടിവന്നേക്കാം.
ഈ വര്‍ഷത്തെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ കേരള ആസൂത്രണം ചെയ്യുന്നുണ്ട്. ആരാധനാലയങ്ങളിലും വിദ്യാലയങ്ങളിലും ക്ലബ്ബുകളിലും രാഷ്ട്രീയ-മതസംഘടനകളിലും പൊതുഇടങ്ങളിലും ഈ സന്ദേശം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
പാലിയേറ്റീവ് കെയര്‍
നയനിലപാടുകള്‍
സകല ജാടപ്രകടനങ്ങളില്‍ നിന്നും പ്രകടനപരതകളില്‍ നിന്നും വ്യക്തി-മത-രാഷ്ട്രീയ താല്‍പര്യങ്ങളില്‍ നിന്നും പാലിയേറ്റീവ് കെയര്‍ മാറിനില്‍ക്കണമെന്നു നിര്‍ബന്ധമുണ്ട്. ജീവിതത്തെ പിടിച്ചുലയ്ക്കുംവിധം കുടുങ്ങിപ്പോയ മനുഷ്യന്റെ പീഡകള്‍ക്കും അദ്ദേഹത്തിന്റെ കുടുംബത്തിന് കരുതലുമായിട്ടാണ് ഓരോ പാലിയേറ്റീവ് കെയര്‍ സംഘങ്ങളും പ്രവര്‍ത്തിക്കേണ്ടത്. രോഗിയുടെയും കുടുംബത്തിന്റെയും വക്താവും പരിചാരകനും കെയര്‍ കോ-ഓഡിനേറ്ററുമാണ് ഓരോ പാലിയേറ്റീവ് വോളന്റിയറും.
പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അംഗീകാരങ്ങള്‍ ആഗ്രഹിക്കാതിരിക്കുക. നാട്ടിലെ രോഗികള്‍ക്കു വേണ്ടി രൂപീകരിച്ച നാട്ടുകാര്‍ പണം തന്നു നടത്തുന്ന സംവിധാനത്തിന്റെ അവകാശിയും മുതലാളിയുമായി ഒരാളും മാറരുത്. വ്യക്തിതാല്‍പര്യങ്ങളോ രാഷ്ട്രീയ താല്‍പര്യങ്ങളോ മതതാല്‍പര്യങ്ങളോ പാലിയേറ്റീവ് കെയറിലേക്ക് കടത്തിവിടരുത്. വിമര്‍ശനങ്ങളെ പ്രോത്സാഹിപ്പിക്കണം. സാമ്പത്തിക സംശുദ്ധത പുലര്‍ത്തണം. എല്ലാ നിലയ്ക്കുമുള്ള ഓഡിറ്റിങിനു വിധേയമാകണം. സാമ്പ്രദായിക രീതികള്‍ അനുവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തനമോ ജീവകാരുണ്യ-ചാരിറ്റി പ്രവര്‍ത്തനമോ അല്ല പാലിയേറ്റീവ് കെയര്‍. രോഗിക്കും കുടുംബത്തിനും പ്രാധാന്യം കല്‍പിക്കുന്ന, അവരുടെ അന്തസ്സിനും അഭിമാനത്തിനും വിലകല്‍പിക്കുന്ന അവരുടെ ഒരു സാമൂഹിക ഉത്തരവാദിത്തത്തിന്റെ പേരാണിത്.
മൈക്രോ ഫണ്ടിങ് അടിസ്ഥാന മാര്‍ഗമായി സ്വീകരിക്കുന്നതുതന്നെ പാലിയേറ്റീവ് കെയറിന്റെ ഉടമസ്ഥത സമൂഹത്തിലെ ഓരോ വ്യക്തിക്കും ലഭിക്കണം എന്നതുകൊണ്ടാണ്. ബിരിയാണി-പായസം ചാലഞ്ചുകളിലൂടെയോ വലിയ വലിയ കാര്‍ണിവലുകളിലൂടെയോ പണം സമാഹരിക്കുന്ന രീതിയെ പ്രോത്സാഹിപ്പിക്കുന്നില്ല. തരുന്ന കാശ് പൂര്‍ണമായും രോഗീപരിചരണത്തിന് ഉപയോഗിക്കാന്‍ നേരിട്ട് കാശ് തരുമെന്നിരിക്കെ, ബിരിയാണി, പായസം ഒക്കെ നല്‍കി പ്രലോഭിപ്പിച്ച് പണം സമാഹരിക്കേണ്ട ആവശ്യം ഇന്ന് പാലിയേറ്റീവ് കെയര്‍ സംഘങ്ങള്‍ക്കില്ല. സമൂഹത്തിന് എന്ന് ഈ സംവിധാനം വേണ്ടെന്നു തോന്നുന്നോ അപ്പോള്‍ ഇത് അവസാനിപ്പിക്കാന്‍ സമയമായെന്നു നാം മനസ്സിലാക്കണം.
കൂടുതല്‍ പ്രദേശങ്ങളില്‍ ജനകീയവും എല്ലാവരുടെയും സജീവ പങ്കാളിത്തത്തിലും ഒരു വര്‍ഷം ഈ സന്ദേശം ചര്‍ച്ച ചെയ്യണമെന്നും എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ അവകാശികള്‍ക്കും പരിചരണം ഉറപ്പുവരുത്തണമെന്നും ആഗ്രഹിക്കുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രത്യേകിച്ച് കോവിഡ് കാലങ്ങളില്‍ നാം മുന്നോട്ടുവെച്ചത് പാലിയേറ്റീവ് കെയര്‍ നിലച്ചുപോവാന്‍ പാടില്ല എന്നതായിരുന്നു. കഴിഞ്ഞ വര്‍ഷം ‘പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകള്‍ക്കുമപ്പുറം’ എന്ന സന്ദേശമായിരുന്നു.