30 Monday
June 2025
2025 June 30
1447 Mouharrem 4

മണ്‍വീറ്

വീരാന്‍കുട്ടി


തലയില്‍
സൂര്യനെ ഏറ്റി
കാലുകളില്‍
ഭൂമിയെ
തൂക്കിയെടുത്ത്
ഒരുവളോടുന്നു.
തോളിലെ
കുഞ്ഞിന്റെ
കണ്ണുകളില്‍ ഉറങ്ങി
നക്ഷത്രങ്ങളും
ഒക്കത്തെ
ഒഴിഞ്ഞ കുടത്തില്‍
ഒളിച്ച്
ആകാശവും
ഒപ്പമുണ്ട്.
മാറാപ്പില്‍ നിന്നും
എത്തിനോക്കുന്നുണ്ട്
മരിച്ചുപോയവര്‍.
ഒന്നര സെന്റില്‍ നിന്നും
ഇറങ്ങാനുള്ള
അവസാനത്തെ നോട്ടീസ്
അവളെത്തേടിയും
പുറപ്പെട്ടിരിക്കണം.
ആ മണ്ണിനെയെടുത്ത്
കണ്ണെത്താത്ത ഒരിടത്ത്
കൊണ്ടുപോയി വെക്കാനുള്ള
ഓട്ടത്തിലാവണം
അവള്‍.
കൊന്നാലും
തരില്ല ഞാനീ മണ്ണിനെ
എന്ന്
ഒരിക്കല്‍
വെടിയുണ്ടകള്‍ക്ക്
കൊടുത്ത വാക്ക്
അവള്‍ ഇന്നു പാലിച്ചേക്കും.

Back to Top