അഡ്ജസ്റ്റ് ചെയ്യപ്പെടുന്ന മദ്‌റസാ വിദ്യാഭ്യാസം
വി മൈമൂന മാവൂര്‍
ഇസ്‌ലാമിക ജീവിതത്തിന്റെ മൗലികാടിത്തറകളില്‍ ഒന്നാണ് അറിവ് ആര്‍ജിക്കുകയെന്നത്. വിശ്വാസിയുടെ നഷ്ടപ്പെട്ട സ്വത്താണ് വിജ്ഞാനമെന്നും അത് ആര്‍ജിക്കേണ്ടത് മനുഷ്യരുടെ ബാധ്യതയാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. പ്രവാചക കാലഘട്ടത്തിലെ പഠന കൂടിയാലോചനാവേദിയായ ദാറുല്‍ അര്‍ഖം, മദീനയിലെ അസ്ഹാബു സുഫ്ഫ തുടങ്ങിയവ അനുയായികള്‍ ഇസ്‌ലാമിക പഠനത്തിനു വേണ്ടിയുള്ള സംവിധാനങ്ങളായി രൂപപ്പെടുത്തിയവയായിരുന്നു. ആ ചരിത്രദൗത്യത്തിന്റെ ഏറ്റെടുപ്പാണ് പില്‍ക്കാലത്ത് മദ്‌റസകള്‍ നിര്‍വഹിച്ചിട്ടുള്ളത്. ആത്മീയമായ ഉള്‍ക്കരുത്തിനാല്‍ സമ്പന്നമാണ് മദ്‌റസാ പാഠ്യപദ്ധതി.
മൊറോക്കോയിലെ ഫാസിലാണ് ക്രി. 859ല്‍ വ്യവസ്ഥാപിതമായി ആദ്യത്തെ മദ്‌റസ സ്ഥാപിച്ചതെന്ന് ചരിത്രരേഖകളില്‍ കാണുന്നു. ദൈവത്തെ അറിയാനും സമസൃഷ്ടികളെ സ്‌നേഹിക്കാനും പഠിപ്പിക്കുന്ന സഹാനുഭൂതിയുടെ ശീലുകളാണ് മദ്‌റസകളില്‍ നിന്നുയരുന്നത്. പ്രതിസന്ധിയെ തരണം ചെയ്യാന്‍ വിശ്വാസത്തിലൂടെയും ഭക്തിയിലൂടെയും പ്രാപ്തമാക്കുന്നതില്‍ മദ്‌റസകള്‍ വഹിച്ച പങ്ക് ചെറുതല്ല. ധാര്‍മിക മൂല്യങ്ങളുള്ള ഒരു സമൂഹത്തെ ക്രമീകരിക്കുന്നതില്‍ മദ്‌റസകള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. സമ്പന്നനും സാധാരണക്കാരനും അതിരാവിലെ ഒരു ബെഞ്ചിലിരിക്കുന്നത് സമത്വത്തിന്റെയും സമഭാവനകളുടെയും സാക്ഷ്യങ്ങളാകുന്നു. മദ്‌റസകള്‍ നാടിനു നല്‍കിയ വലിയ സംഭാവനകളാണിവ.
നല്ല സംസ്‌കാരവും വ്യക്തിത്വവും കൈവരിക്കാന്‍ വിദ്യാഭ്യാസം അനിവാര്യമാണെന്ന തിരിച്ചറിവില്‍ മക്കളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആശങ്കയും ആകുലതയും രക്ഷിതാക്കള്‍ക്ക് ഏറെയുണ്ട്. അതുകൊണ്ടാണ് അഭിരുചി പരിശോധനകള്‍ നടത്തി മെച്ചപ്പെട്ട ജോലി ഉറപ്പുവരുത്തുന്ന സ്ഥാപനങ്ങളിലേക്ക് കുട്ടികള്‍ക്കു പ്രവേശനം നേടാന്‍ ശ്രമിക്കുന്നത്. വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്ത് ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള മത്സരപ്പരീക്ഷകള്‍ക്ക് പരിശീലനം നേടുന്ന കുടുംബങ്ങളാണ് ഇന്നുള്ളത്.
അതൊക്കെ വേണ്ടതാണ്. പക്ഷേ, ഉന്നത വിദ്യാഭ്യാസത്തിന്റെയും വിവരസാങ്കേതികവിദ്യയുടെയും മുന്‍നിരയിലെത്തുമ്പോഴും മൂല്യബോധവും നൈതികതയും കൈമുതലായുള്ള സമൂഹസൃഷ്ടിയുടെ അടിത്തറയായിരുന്ന മദ്‌റസാ വിദ്യാഭ്യാസത്തിന്റെ അടിക്കല്ലുകള്‍ക്ക് ഇളക്കം തട്ടിയോ എന്നു പരിശോധിക്കേണ്ടതുണ്ട്. ഏകദേശം മൂന്നു പതിറ്റാണ്ടു മുമ്പ് മുസ്‌ലിം സമുദായത്തിന്റെ ശ്രദ്ധ മതപഠനത്തില്‍ ഊന്നിയതായിരുന്നു. ആണ്‍കുട്ടികളാണെങ്കില്‍ യുപി വിദ്യാഭ്യാസവും പള്ളി ദര്‍സും പഠനവുമായിരുന്നു പൂര്‍ത്തിയാക്കിയിരുന്നത്. പെണ്‍കുട്ടികള്‍ എല്‍പി പഠനവും പാചക നൈപുണിയിലുള്ള പരിശീലനവും. അറബിമലയാളത്തിനപ്പുറം മലയാളം പോലും അവര്‍ക്ക് അന്യം. നാലു വയസ്സാകുമ്പോള്‍ വിദ്യാരംഭം മതപാഠശാലകളില്‍ വെച്ചു തുടങ്ങണമെന്ന നിര്‍ബന്ധമുണ്ടായതിനാല്‍ സ്‌കൂളില്‍ പിന്നീടാണ് ചേര്‍ക്കുക. അതിനാല്‍ തന്നെ എപ്പോഴും കുട്ടികള്‍ സ്‌കൂളുകളേക്കാള്‍ മദ്‌റസാ ക്ലാസുകളില്‍ ഒരു ക്ലാസ് മുന്നിലായിരിക്കും.
കുഞ്ഞിളംമനസ്സില്‍ വിശ്വാസപാഠങ്ങള്‍ അടിയുറയ്ക്കുകയും അതനുസരിച്ച് സ്വഭാവം രൂപീകരിക്കുകയും ചെയ്യുമ്പോള്‍ ദൈവഭയമുള്ള ഒരു തലമുറ പിറവിയെടുക്കുകയായിരുന്നു. അതിശക്തമായ മഴയും മഞ്ഞും തണുപ്പും വകഞ്ഞുമാറ്റി അതിരാവിലെ വിശുദ്ധ ഖുര്‍ആന്‍ നെഞ്ചോടു ചേര്‍ത്തുവെച്ച് വയല്‍വരമ്പിലൂടെ നടന്നുനീങ്ങുന്ന, കുഞ്ഞുമക്കനകള്‍ ധരിച്ച പെണ്‍കുട്ടികളും തൊപ്പി അണിഞ്ഞ ആണ്‍കുട്ടികളും ഗ്രാമാന്തരീക്ഷത്തിലെ പ്രഭാതകാഴ്ചകളായിരുന്നു. വീടുകള്‍ നിര്‍മിക്കുമ്പോഴും താമസം മാറുമ്പോഴും മദ്‌റസാ സൗകര്യത്തിന് പ്രഥമ പരിഗണന നല്‍കിയിരുന്നു.
ഇംഗ്ലീഷ് മീഡിയം സിലബസുകളില്‍ രക്ഷിതാക്കള്‍ ആകര്‍ഷിക്കപ്പെടുകയും മൂന്നു വയസ്സ് പ്രായമാകുമ്പോള്‍ എല്‍കെജി-യുകെജി പ്രവേശനത്തിന് ധൃതികൂട്ടുകയും അതിരാവിലെ സ്‌കൂള്‍വണ്ടിയില്‍ ടൈയും കോട്ടും അണിയിച്ചു പുറപ്പെടുവിക്കുകയും ചെയ്യുമ്പോള്‍ ചെറിയ പ്രായത്തിലെ പഠനഭാരം ലഘൂകരിക്കുന്നതിനു വേണ്ടി മാറ്റിവെക്കപ്പെട്ടത് മദ്‌റസാ വിദ്യാഭ്യാസമായിരുന്നു. സിബിഎസ്ഇ സിലബസുള്ള ഒട്ടുമിക്ക സ്‌കൂളുകളിലും രക്ഷിതാക്കളെ ആകര്‍ഷിക്കാന്‍ ഉള്‍ക്കൊള്ളിച്ച മദ്‌റസാ പഠനരീതി ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല എന്നത് യാഥാര്‍ഥ്യമാണ്. അടിസ്ഥാനമായി ലഭിക്കേണ്ട ഖുര്‍ആന്‍ പാരായണത്തിലോ വിശ്വാസദാര്‍ഢ്യതയിലോ ഇസ്‌ലാമിക സംസ്‌കാരബോധത്തിലോ എത്തുന്നില്ലെന്നത് വസ്തുതയാണ്. ഭാരിച്ച സ്‌കൂള്‍ വിദ്യാഭ്യാസത്തെ അതിജീവിക്കാന്‍ മതപഠനം, ട്യൂഷന്‍ പോലെ അധ്യാപകനെ വീട്ടിലെത്തിച്ചു പഠിപ്പിക്കുന്ന രീതിയും മദ്‌റസാ രീതിയോളം മികച്ചുനിന്നില്ല. ആദ്യകാലങ്ങളില്‍ ഭൗതിക വിദ്യാഭ്യാസമാണ് പാര്‍ശ്വവത്കരിക്കപ്പെട്ടതെങ്കില്‍ ഇന്ന് മതപഠനമാണ് നിരാകരിക്കപ്പെടുന്നത്. മധ്യമരീതിയിലുള്ള ഫലപ്രദമായ ആസൂത്രണങ്ങള്‍ സമുദായ നേതൃത്വം ഏറ്റെടുക്കേണ്ടതാണ്. വിശ്വാസദാര്‍ഢ്യത ഉറപ്പുവരുത്തുന്ന രീതിയില്‍ ബാല്യകൗമാരങ്ങള്‍ പിന്നിടുന്ന തലമുറയില്‍ നിന്ന് മാത്രമേ നീക്കുപോക്കില്ലാത്ത ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ആവിഷ്‌കാരങ്ങള്‍ ഉണ്ടാവൂ. വേദഗ്രന്ഥത്തിലും തിരുചര്യയിലും അധിഷ്ഠിതമായ അടിസ്ഥാന മതബോധം തക്കസമയത്ത് കുട്ടിയില്‍ എത്തിക്കാന്‍ രക്ഷിതാക്കള്‍ ബാധ്യസ്ഥരാണ്.
ഉന്നതവിദ്യാഭ്യാസരംഗത്ത് അസൂയാര്‍ഹമായ കുതിപ്പിലുള്ള സമുദായത്തിലെ യുവതലമുറ കുറ്റകൃത്യങ്ങളുടെ നിരയില്‍ ഇടം പിടിക്കാതിരിക്കാന്‍ മദ്‌റസാ സംവിധാനത്തിന് അനല്‍പമായ സംഭാവന ചെയ്യാനാകും. ആര്‍ഭാട ജീവിതവും സ്ത്രീപുരുഷ ഇടപഴകലിലെ കണിശതക്കുറവും അതിരുകളില്ലാത്ത ഉല്ലാസവും മതവിശ്വാസികളുടെ സൂക്ഷ്മതയുടെ ഭാഗമല്ലെന്ന തിരിച്ചറിവുകള്‍ യുവതലമുറയ്ക്കിന്ന് അന്യമാണ്. വേഷം കൊണ്ട് വിശ്വാസം ധ്വനിപ്പിക്കുമെങ്കിലും വിശ്വാസത്തിനു വിധേയപ്പെടുന്ന ജീവിതരീതിയില്‍ നിന്നും പുതുതലമുറ അന്യം നില്‍ക്കാന്‍ വിശ്വാസദൗര്‍ബല്യം തന്നെയാണ് കാരണം. ഈ വസ്തുതയിലേക്ക് സമുദായ നേതൃത്വം അടിയന്തിര ശ്രദ്ധ പതിപ്പിച്ചാല്‍ മാത്രമേ മദ്‌റസാ വിദ്യാഭ്യാസത്തിന് ബദല്‍ സംവിധാനങ്ങള്‍ ചിന്തിക്കാനാവൂ.