21 Thursday
November 2024
2024 November 21
1446 Joumada I 19

ധനസമ്പാദന മാര്‍ഗങ്ങള്‍ ചൂഷണ മുക്തമാകണം

അബ്ദുല്‍ അലി മദനി


ഈ മഹാപ്രപഞ്ചത്തിന് ഒരു അധിപനുണ്ട്. അവനാണ് ഇതെല്ലാം സംവിധാനിച്ചത്. സ്രഷ്ടാവാണ് അവന്‍. ബാക്കിയെല്ലാം സൃഷ്ടികളും. സ്രഷ്ടാവും സൃഷ്ടികളും തമ്മില്‍ ചില നിശ്ചയങ്ങളും നിര്‍ണയങ്ങളുമുണ്ട്. സൃഷ്ടികള്‍ പരസ്പരം പാലിക്കേണ്ടതായ ചില നിയമാവലികളുമുണ്ട്. ഇതെല്ലാം സ്രഷ്ടാവ് തന്നെ അറിയിച്ചുതന്നതാ യതിനാല്‍ അത്തരം നിയമവ്യവസ്ഥകളെ ബോധ്യത്തോടെ പിന്തുടരുകയാണ് സൃഷ്ടികളുടെ കര്‍ത്തവ്യം. എന്നാല്‍, സൃഷ്ടികളില്‍ മനുഷ്യരും മറ്റിതരരുമുണ്ട്. മനുഷ്യരല്ലാത്ത മറ്റെല്ലാ സൃഷ്ടികളും ദൈവനിശ്ചയങ്ങളെ സര്‍വാത്മനാ അംഗീകരിക്കുന്നു. മനുഷ്യര്‍ മാത്രം വിഘടിച്ചുനില്‍ക്കുകയും ചെയ്യുന്നു. അഥവാ ദൈവിക നിയമങ്ങളെ മറികടക്കാനും ധിക്കാരപൂര്‍വം എതിരു ചെയ്യാനും മനുഷ്യന്‍ മാത്രമാണ് പരിശ്രമിക്കുന്നത്. ഇത്തരമൊരു അവസ്ഥയില്‍ ഈ മഹാപ്രപഞ്ചത്തിലെ വിഭവസമൃദ്ധിയുടെ വിനിമയ നിയമങ്ങളെപ്പറ്റി മനുഷ്യന്‍ തന്നെയാണ് പഠിച്ചറിയേണ്ടത്. മനുഷ്യരല്ലാത്ത ജീവികള്‍ക്കൊന്നും നിയമങ്ങളുടെ ആവശ്യമില്ലതാനും. ജീവിക്കുന്ന ഏക സൃഷ്ടി മനുഷ്യനാകയാല്‍ മനുഷ്യര്‍ക്കു വേണ്ടിയാണ് പ്രപഞ്ചനാഥന്‍ ഇസ്‌ലാം മതത്തെയും മറ്റു ദൈവിക നിയമസംഹിതകളെയും അവതരിപ്പിച്ചുനല്‍കിയത്.
അല്ലാഹു കനിഞ്ഞരുളിയ മതമായ ഇസ്‌ലാം മനുഷ്യ ജീവിത നിലനില്‍പിന് ആധാരമായ സമ്പത്തിന്റെ എല്ലാ വശങ്ങളും സുതാര്യമായതായിരിക്കണമെന്ന് അനുശാസിച്ചിട്ടുണ്ട്. വളരെയേറെ ഭയഭക്തിയോടെ സമ്പാദിക്കുകയും ശേഖരിക്കുകയും വിനിമയവും ക്രയവിക്രയവും നടത്തുകയും ചെയ്യണമെന്നാണ് പ്രപഞ്ചനാഥന്‍ അറിയിച്ചത്. അഥവാ, ഇസ്‌ലാം മനുഷ്യ ജീവിതത്തെ അത്യുന്നതമായ വിതാനത്തിലേക്ക് ഉയര്‍ത്താന്‍ കെല്‍പുള്ള മാര്‍ഗദര്‍ശനമാണ് നല്‍കുന്നതെന്നു സാരം. ശാന്തിയും സമാധാനവും നിര്‍ഭയത്വവുമാണ് അതുവഴി ലക്ഷ്യമാക്കുന്നത്. അശാന്തിയും ദുരൂഹതകളും ഭയവിഹ്വലമായ സങ്കീര്‍ണതകളും രക്തപങ്കിലമായ കുരുതികളും മനുഷ്യരെയാണ് അസ്വസ്ഥമാക്കുക. അതെ, മനുഷ്യരെ മാത്രം. ജീവികള്‍ക്ക് അങ്ങനെയൊരു അവസ്ഥയില്ല. മനുഷ്യര്‍ക്കു വേണ്ടിയാണ് ഇവിടെയുള്ളതെല്ലാം സംവിധാനിച്ചിട്ടുള്ളതെന്നു പറയുമ്പോള്‍ മനുഷ്യരില്ലെങ്കിലും മറ്റിതര വസ്തുക്കള്‍ക്ക് പ്രശ്‌നമാവില്ല. എന്നാല്‍, മനുഷ്യന്‍ അല്ലാത്ത മറ്റൊന്നും ഇവിടെയില്ലെങ്കില്‍ മനുഷ്യര്‍ക്ക് അത് പ്രശ്‌നം തന്നെയാവുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് ദൈവദൂതന്മാര്‍ രക്തം, ധനം, മാനം, സംസ്‌കാരം, മനുഷ്യത്വം എന്നിവയെ അമൂല്യമാണെന്ന് ബോധ്യപ്പെടുത്തിയത്. അവസാനത്തെ ദൈവദൂതനായ മുഹമ്മദ് നബി (സ) വിടവാങ്ങല്‍ സംസാരത്തില്‍ കനപ്പെട്ട ഈ സന്ദേശം മാനവസമൂഹത്തെ അറിയിച്ചതായി തലമുറകളിലൂടെ ലോകാവസാനം വരെ ഓര്‍ക്കാനാകും.
സമ്പത്ത് ദൈവത്തിന്റേതാണെന്നും അവനാണ് അതിന്റെ ഉടമയും അധിപനുമെന്നും ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നു. സമ്പത്ത് എന്ന നിലയില്‍ നാം കണ്ടനുഭവിക്കുന്നതെല്ലാം സൂക്ഷ്മ പരിശോധന നടത്തിയാല്‍ അതെല്ലാം മനുഷ്യ കഴിവിനപ്പുറത്തുനിന്ന് ഉണ്ടായതാണെന്ന് ഉറപ്പാകും. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, ഈ വക സമ്പത്തൊന്നും ഇല്ലാതായാല്‍ അത് പൂര്‍വാവസ്ഥയിലേക്ക് ഉണ്ടാക്കാന്‍ ആരാലും സാധ്യമാവില്ലെന്നു സാരം. എന്തിനധികം, നാം കുടിക്കുന്ന ശുദ്ധജലം വറ്റിവരണ്ടുപോയാല്‍ കൊണ്ടുതരാന്‍ ആരുണ്ടെന്ന ദൈവിക ചോദ്യം ആര്‍ക്കാണ് മറികടക്കാനാവുക? (ഖുര്‍ആന്‍ 67:30). നിങ്ങളാണോ നിങ്ങളെ സൃഷ്ടിച്ചത്? നിങ്ങളാണോ നിങ്ങളുടെ കാര്‍ഷിക വിളകള്‍ ഉല്‍പാദിപ്പിക്കുന്നത്? നിങ്ങള്‍ കഴിക്കുന്ന പഴവര്‍ഗങ്ങള്‍ നിങ്ങളാണോ ഉല്‍പാദിപ്പിക്കുന്നത്? ഇതെല്ലാം മനുഷ്യരുടെ മുന്നില്‍ മറുപടി കാണേണ്ട ചോദ്യങ്ങള്‍ തന്നെയാണ്.
മനുഷ്യന്‍ ഭൂമിയില്‍ വിത്തിടുമ്പോള്‍ ആരാണ് വിത്തിനെയും ഭൂമിയെയും പിളര്‍ക്കുന്നത്? ആരാണ് അതിന് ആവശ്യമായ ജലം വര്‍ഷിക്കുന്നത്? എന്നിട്ട് അതില്‍ ആരാണ് ധാന്യങ്ങളെയും പഴങ്ങളെയും പൂന്തോട്ടങ്ങളെയും മുളപ്പിച്ചുണ്ടാക്കുന്നത്? മനോഹരമായതും കണ്ണഞ്ചിപ്പിക്കുന്നതുമായ മായാജാലം ആരാണ് ഈ പ്രപഞ്ചത്തില്‍ കാട്ടിത്തരുന്നത്? യാദൃച്ഛികതയോ ശൂന്യതയോ? സമ്പല്‍സമൃദ്ധമായ ഈ പ്രപഞ്ചത്തെ യുദ്ധസംഹാരങ്ങളിലൂടെ തകര്‍ക്കുന്ന മനുഷ്യന്‍ ചോദിക്കുന്നു, ആരാണ് ദൈവമെന്ന്. ഉത്തരം ലഭിച്ചാലും മനുഷ്യന്‍ അത് അംഗീകരിക്കുന്നില്ല. ഇവിടെയുള്ള പ്രതിഭാസങ്ങള്‍, ദൃഷ്ടാന്തങ്ങള്‍ മറുപടി നല്‍കിയാലും ദൈവികമായ കല്‍പനകളും നിരോധനങ്ങളും മനുഷ്യന്‍ ഗൗനിക്കുന്നില്ല. ദൈവത്തിന്റെ ഉടമസ്ഥതയിലുള്ള സമ്പത്ത് ദുരുപയോഗം ചെയ്യുന്നവരോട് ഉപദേശങ്ങള്‍ ഫലപ്പെടുന്നില്ലെങ്കില്‍ ശിക്ഷകളിലൂടെയും പാഠം പഠിപ്പിച്ചെന്നുവരാം.
മനുഷ്യര്‍ക്ക് ഇവിടെ യഥാര്‍ഥ മനുഷ്യനായി ജീവിക്കണമെങ്കില്‍ നീതിയുക്തവും സുതാര്യവും പ്രയാസരഹിതവുമായ വ്യവസ്ഥയാണ് വേണ്ടത്. അത് ഇസ്‌ലാമിക ദര്‍ശനങ്ങള്‍ വിഭാവനം ചെയ്തതുപോലെ മറ്റൊന്നിലും കാണാനാവില്ല. കമ്മ്യൂണിസം, ക്യാപിറ്റലിസം, സോഷ്യലിസം, മാവോയിസം, നക്‌സലിസം തുടങ്ങി മനുഷ്യരുടെ സമ്പദ്ഘടന നന്നാക്കിയെടുക്കാന്‍ എന്ന വ്യാജേന ഉടലെടുത്തവയെല്ലാം വന്ന വഴിയെ പോയി എന്ന് നാം കാണുന്നു. എന്നാല്‍ കാരുണ്യം, ദയ, പരസ്പര സംതൃപ്തി എന്നതിലൂന്നിയ ഇസ്‌ലാമിക ദര്‍ശനങ്ങള്‍ എന്നും അജയ്യമായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്നു.
മനുഷ്യരുടെ വിചാരവികാരങ്ങളെ അറിയുന്ന നാഥന്‍ നല്‍കിയ പ്രകൃതിയെ വികലമാക്കാതെ അവന്റെ മതമായ ഇസ്‌ലാമിനെ ഉയര്‍ത്തിക്കാണിക്കല്‍ വിശ്വാസിയുടെ കടമയാണ്. അതിലെ സമ്പദ്‌വ്യവസ്ഥയും നാം നേരത്തെ സൂചിപ്പിച്ചപോലെ അല്ലാഹുവിന്റേതാണ്, അവന്‍ നിര്‍ണയിച്ചതുമാണ്.
ധനസമ്പാദന-വിനിമയരംഗങ്ങളിലെല്ലാം വളരെയേറെ കര്‍ശനമായ നിയമങ്ങള്‍ മതാധ്യാപനങ്ങളില്‍ കാണാം. അല്ലാഹു മനുഷ്യരെ വിശ്വസിച്ച് ഏല്‍പിച്ച അമാനത്താണ് ധനമെന്നും, അത് അല്ലാഹുവിന്റെ ഇഷ്ടത്തിനും തൃപ്തിക്കും വിധേയമായിട്ടല്ലാതെ കൈകാര്യം ചെയ്യരുതെന്നുമാണ് ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നത്. മനുഷ്യര്‍ക്കായി പ്രപഞ്ചനാഥന്‍ ആഹരിക്കാന്‍ അനുവദിച്ച ഭക്ഷ്യവസ്തുക്കള്‍ ഹലാലും (അനുവദനീയം) ത്വയ്യിബും (മുന്തിയതും ഗുണപ്രദവും) ആയിരിക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്. വിഭവങ്ങള്‍ ആഹരിക്കുന്നയാള്‍ അത് ലഭ്യമാക്കാന്‍ സ്വീകരിക്കുന്ന സമ്പത്തും വിശിഷ്ടമായതാകണം. സമ്പാദ്യം ഒന്നുകില്‍ സ്വന്തം അധ്വാനം കൊണ്ട് നേടിയതോ അതല്ലെങ്കില്‍ ദാനമോ സമ്മാനമോ ആയി ലഭിച്ചതോ അതുമല്ലെങ്കില്‍ അനന്തര സ്വത്തവകാശമായി ലഭിച്ചതോ ആവാം. മനുഷ്യരെ പൊതുവായും സത്യവിശ്വാസികളെ പ്രത്യേകമായും അഭിമുഖീകരിച്ച് ഖുര്‍ആന്‍ പറയുന്ന കാര്യം, നിങ്ങള്‍ ഹലാലും ത്വയ്യിബും മാത്രം ഭക്ഷിക്കുക എന്നാണ് (ഖുര്‍ആന്‍ 168, 172). ഹറാമായ സമ്പാദ്യം കൊണ്ട് നേടിയ ഭക്ഷണമാകുമ്പോള്‍ അത് മനുഷ്യരെ വഴികേടിലാക്കുമെന്ന സൂചനയുമാണ് ഇതിലുള്ളത്.
ധന സമ്പാദന-പരിപോഷണരംഗത്ത് ഉടലെടുത്ത അറിയപ്പെട്ട ഏജന്‍സിയായാണ് ബാങ്കുകള്‍ നിലകൊള്ളുന്നത്. ഇവയെല്ലാം തന്നെ പലിശയില്‍ അധിഷ്ഠിതമാണുതാനും. അന്തിമഘട്ടത്തില്‍ മനുഷ്യരുടെ ആവശ്യങ്ങള്‍ മണത്തറിഞ്ഞ് പലിശയാണെന്നു പറയാതെ മറ്റു പേരുകളില്‍ പലിശയെ ജാഹിലിയ്യാ കാലഘട്ടത്തെ പോലും തോല്‍പിക്കും വിധമാണ് ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, ബാങ്കുകളെ പോലും കടമിടപാടുകളിലൂടെ കൊള്ളയടിച്ച് കോടികള്‍ തട്ടിയെടുത്ത് പണക്കാരാവുകയാണ് ചിലര്‍. പാവപ്പെട്ടവനെ ചൂഷണം ചെയ്ത് സ്വരൂപിച്ച ധനം ബാങ്കുകളില്‍ കുമിഞ്ഞുകൂടിയത് വ്യവസായത്തിന്റെ പേര് പറഞ്ഞ് തട്ടിയെടുത്ത് സ്വന്തം കീശയിലേക്ക് വരുത്തിയവര്‍ ഭക്ഷിക്കുന്നത് ആരുടെയൊക്കെ കണ്ണീരും വിയര്‍പ്പുമാണെന്ന് ഓര്‍ക്കാതെ പോകരുത്. അതുകൊണ്ടുതന്നെയാണ് സ്വന്തം മാതാവിനെ ബലാല്‍സംഗം ചെയ്യുന്നവനെപ്പോലെയാണ് പലിശ ഭുജിക്കുന്നവനെന്ന് ഇസ്‌ലാമിക അധ്യാപനങ്ങള്‍ വ്യക്തമാക്കുന്നത്. ധനസമ്പാദനരംഗങ്ങള്‍ വികാസം പ്രാപിക്കുന്നത് കച്ചവട-ക്രയവിക്രയങ്ങളിലൂടെയാണ്. അടിസ്ഥാനപരമായി ഇസ്‌ലാം ഈ രംഗത്ത് പരസ്പര സംതൃപ്തിയെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. അഥവാ ഇടപാടുകാര്‍ ഇരുഭാഗത്തും കൊടുക്കുന്നവനും വാങ്ങുന്നവനും ഇരുവരും മാനസികമായി സംതൃപ്തരും നിര്‍ഭയരുമാകണം. നല്‍കുന്നവന്‍ സന്തോഷവാനും വാങ്ങുന്നവന്‍ ഭീതിപ്പെടുന്നവനുമാകരുത്. വാങ്ങുന്നവന്‍ ആഹ്ലാദിക്കുന്നവനും നല്‍കുന്നവന്‍ ആശങ്കയിലും ഭീതിയിലുമാകരുത്. ഇതാണ് സംതൃപ്തിയുടെ മാനദണ്ഡം. ഖുര്‍ആന്‍ (4:29ല്‍) ഈ കാര്യം വിശദമാക്കുന്നുണ്ട്. കുറ്റകരമാംവിധം നേടിയ സമ്പത്ത് ഭക്ഷിക്കാവതല്ലെന്നും ഖുര്‍ആന്‍ (2:188ല്‍) വ്യക്തമാക്കുന്നു.
മനുഷ്യര്‍ ഭക്ഷിക്കുന്ന അനുവദനീയ ഭക്ഷണം തന്നെ, അത് ലഭ്യമാക്കാന്‍ ശേഖരിച്ച പണം ഹറാമിലൂടെയാണെങ്കില്‍ പ്രസ്തുത ഭക്ഷണം വിലക്കപ്പെട്ടതു തന്നെയാകുന്നു എന്നാണ് അനുശാസിക്കുന്നത്. വഴിവിട്ട സമ്പാദ്യത്തിലൂടെ ചില സമുദായങ്ങള്‍ മുന്നേറിയപ്പോള്‍ അവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ശിക്ഷിച്ചത് ഖുര്‍ആന്‍ 4:61ല്‍ വ്യക്തമാക്കിയിട്ടുണ്ട്. അളവിലും തൂക്കത്തിലും വഞ്ചന ചെയ്യുന്നവന്റെയും ഹലാലും ഹറാമും നോക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവന്റെയും പ്രാര്‍ഥന പോലും ദൈവം സ്വീകരിക്കില്ലെന്ന് ഉണര്‍ത്തിയതും കാണാവുന്നതാണ്. വിലക്കപ്പെട്ട ഭക്ഷണങ്ങളെപ്പറ്റി ഖുര്‍ആനും തിരുസുന്നത്തും വിവരിക്കുന്നത് നാം കാണുന്നു. ഖുര്‍ആന്‍ 5:3ല്‍ ശവം, രക്തം, പന്നിമാംസം തുടങ്ങി പലതും വിശദമാക്കി യാചന പോലും വിലക്കേര്‍പ്പെടുത്തി. നിയമവിരുദ്ധമായതും കൈക്കൂലിയും അനാഥകളുടെ സമ്പത്തുമെല്ലാം അതില്‍ ഉള്‍പ്പെടുത്തി. ചൂഷണത്തിലൂടെ സമ്പാദിച്ചതും അന്ധവിശ്വാസ-അനാചാരങ്ങളിലൂടെ നേടുന്നതും ഹറാം തന്നെയാണ്. ദര്‍ഗകള്‍, ജാറങ്ങള്‍, മഖാമുകള്‍ എല്ലാം ഇതില്‍ പെടും. മാട്ട്, മാരണം, കൂടോത്രം, ആഭിചാരം, ഏലസ്, ഉറുക്ക്, മന്ത്രം, ഹോമം, ജപം, മുട്ടറുക്കല്‍, ഇസ്മിന്റെ പണി തുടങ്ങിയവയിലൂടെ നേടിയ സമ്പാദ്യവും ഹറാം തന്നെയാണ്. പുരോഹിതന്മാര്‍ ധ്യാനകേന്ദ്രങ്ങള്‍ എന്ന പേരില്‍ ആത്മീയതയെ കുതന്ത്രത്തിലൂടെ വിറ്റു കാശാക്കുന്നുണ്ട്.
കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ള ഇസ്‌ലാമിക ധനതത്വശാസ്ത്രത്തില്‍ നിക്ഷേപത്തിനും സമ്പാദനത്തിനും സ്വീകരിക്കാവുന്ന ചില മാര്‍ഗങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. മുളാറബ, മുറാബഹ, ഇജാറ, മുശാറക, തവറുക്, വദീഅ എന്നീ സാങ്കേതിക പേരുകളില്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ അതെല്ലാം സവിസ്തരം വിശദീകരിച്ചിട്ടുണ്ട്. ബാങ്കുകളുമായും ഇന്‍വെസ്റ്റ് കമ്പനികളുമായും ഇന്‍ഷുറന്‍സ് സംവിധാനങ്ങളുമായും അതില്‍ പലതും ബന്ധപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചിലതിലെല്ലാം വഞ്ചനയും ചൂഷണവും പലിശയും ഒളിഞ്ഞുകിടക്കുന്നുണ്ടെങ്കിലും ചിലത് നല്ല ഇനവുമാണ്. അഥവാ മതം അനുവദിച്ച ചില നല്ല ഭാഗങ്ങളും അനുവദിക്കാത്ത ചിലതും അതില്‍ എല്ലാം കൂട്ടിക്കലര്‍ത്തപ്പെടുന്നു എന്ന് സാരം. ചൂഷണമുക്തവും ധാര്‍മിക-മാനവിക മൂല്യങ്ങളുടെ ഉദാത്ത മാതൃകയുമായ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥിതിയാണ് ഇസ്‌ലാം അവതരിപ്പിക്കുന്നത്.

Back to Top