2 Thursday
January 2025
2025 January 2
1446 Rajab 2

മുഹമ്മദ് ശെറൂല്‍: രണ്ടാം മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്‌

ഹാറൂന്‍ കക്കാട്‌


കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് ഊര്‍ജം പകരാന്‍ വലിയ ധനാഢ്യ കുടുംബത്തിലെ സര്‍വ സുഖലോലുപതകളും പരിത്യജിച്ച മഹാനായിരുന്നു മുഹമ്മദ് ശെറൂല്‍. വടക്കേ മലബാറില്‍ ദേശീയ പ്രസ്ഥാനത്തിനു വിത്തു പാകിയ അദ്ദേഹം രണ്ടാം മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്ന പേരില്‍ അറിയപ്പെട്ടു. 1897 സപ്തംബറില്‍ കാസര്‍കോഡ് താലൂക്കിലെ പുത്തിഗെ പഞ്ചായത്തില്‍ ബാഡൂരിലെ ശൈഖ് അലി ശെറൂലിന്റെയും കോട്ടിക്കുളത്തെ പടിഞ്ഞാറെ മാളികയിലെ ആസ്യുമ്മയുടെയും മകനായാണ് ജനനം. അദ്ദേഹത്തിന് മികച്ച വിദ്യാഭ്യാസം ലഭിച്ചു. മലയാളം, കന്നട, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം നേടി.
വടക്കേ മലബാറില്‍ ഇസ്‌ലാഹി ആശയങ്ങള്‍ പ്രചരിപ്പിക്കാനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുമാണ് മുഹമ്മദ് ശെറൂല്‍ കൂടുതല്‍ സമയം ചെലവഴിച്ചത്. ചരിത്രത്തില്‍ ആദ്യമായി, മാതൃഭാഷയായ മലയാളത്തില്‍ സ്‌കൂള്‍ സ്ഥാപിച്ചത് അദ്ദേഹമാണ്. 1922-ല്‍ സ്വന്തം ഗ്രാമമായ അംഗടിമുഗറിലാണ് മലയാളം എയ്ഡഡ് സ്‌കൂളിന് തുടക്കമിട്ടത്. 1926ല്‍ ഫിഷറീസ് വകുപ്പിനെ കൊണ്ട് സ്‌കൂള്‍ നടത്തിപ്പ് കാര്യങ്ങള്‍ ഏറ്റെടുപ്പിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. പ്രശസ്ത കവി ടി ഉബൈദ് ഈ സ്‌കൂളിലെ ആദ്യ അധ്യാപകനായിരുന്നു.
മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ സമന്വയരീതി പ്രയോഗവത്കരിക്കാന്‍ ഒരു മദ്‌റസ ബാഡൂരിലും പിന്നീട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും അദ്ദേഹം സ്ഥാപിച്ചു. പില്‍ക്കാലത്ത് കാസര്‍കോഡ് ഗവ. മുസ്‌ലിം ഹൈസ്‌കൂളായി മാറിയ മുഇസ്സുല്‍ ഇസ്‌ലാം മദ്‌റസ അവയിലൊന്നാണ്. കൃത്യമായ പാഠ്യക്രമങ്ങളും പരീക്ഷാ സംവിധാനങ്ങളും ഇല്ലാതിരുന്ന പള്ളിദര്‍സുകള്‍ക്ക് മാതൃകയായി ബാഡൂര്‍ ജുമുഅത്ത് പള്ളിദര്‍സിനെ അല്‍മദ്‌റസത്തുല്‍ അസ്‌രിയ്യ എന്ന പേരില്‍ മുഹമ്മദ് ശെറൂല്‍ പരിഷ്‌കരിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ഇത്തരം ബഹുമുഖ പരിഷ്‌കരണ സംരംഭങ്ങള്‍ക്കെതിരെ യാഥാസ്ഥിതിക വിഭാഗം കടുത്ത എതിര്‍പ്പുകളുമായി രംഗത്തുവന്നെങ്കിലും അവയെല്ലാം അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ തകര്‍ന്നു. ‘കുട്ടികളെ സ്‌കൂളില്‍ പഠനത്തിന് അയക്കാത്ത എല്ലാ രക്ഷിതാക്കളെയും ബഹിഷ്‌കരിക്കുക’ എന്ന മുഹമ്മദ് ശെറൂലിന്റെ ആഹ്വാനം അന്ന് നാട്ടില്‍ കടുത്ത എതിര്‍പ്പുകള്‍ക്ക് ഇടയാക്കി. ശെറൂല്‍ കുടുംബമായിരുന്നു അന്ന് പല പള്ളികളുടെയും നടത്തിപ്പു ചെലവ് വഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആഹ്വാനത്തിന് ബലം കൂടുതലായിരുന്നു. ബഹിഷ്‌കരണം ഭയന്നിട്ടെങ്കിലും കുട്ടികളെ അക്ഷരം പഠിപ്പിക്കാന്‍ അയക്കട്ടെ എന്ന സദുദ്ദേശ്യമായിരുന്നു അദ്ദേഹത്തിന്.
കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രമുഖ നേതാവായിരുന്നു മുഹമ്മദ് ശെറൂല്‍. സംഘത്തിന്റെ രൂപീകരണകാലം തൊട്ട് അദ്ദേഹം നേതൃനിരയില്‍ തിളങ്ങി. ഐക്യസംഘത്തിന്റെ വിവിധ സമ്മേളനങ്ങള്‍ നടക്കാതിരിക്കാന്‍ യാഥാസ്ഥിതികര്‍ ആസൂത്രിതമായി സംഘടിച്ചപ്പോഴെല്ലാം അതിസമര്‍ഥമായാണ് അദ്ദേഹം അതിനെതിരെ പ്രതിരോധം തീര്‍ത്തത്. മഹ്മൂദ് ഷംനാട് ആയിരുന്നു അദ്ദേഹത്തിന്റെ സഹായി. ഐക്യസംഘത്തിന്റേത് ഉള്‍പ്പെടെ വിവിധ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനും അതില്‍ പ്രഭാഷണം നിര്‍വഹിക്കാനും മുഹമ്മദ് ശെറൂല്‍ ഉണ്ടായിരുന്നു.
ദേശീയ പ്രസ്ഥാന നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന മുഹമ്മദ് ശെറൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായിരുന്നു. കറാച്ചി, മദിരാശി, ബെല്‍ഗാം എന്നിവിടങ്ങളില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ പ്രതിനിധിയായി പങ്കെടുത്തു. ഉപ്പു സത്യാഗ്രഹകാലത്ത് കാസര്‍കോഡ് താലൂക്ക് കോ ണ്‍ഗ്രസ് പ്രസിഡന്റായിരുന്നു അദ്ദേഹം.
1921ലെ മലബാര്‍ സമരത്തെ തുടര്‍ന്നുണ്ടായ സമാധാന-ആശ്വാസ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളിയാകാന്‍ വേണ്ടി സമരം ഏറ്റവും തീവ്രമായി ബാധിച്ച ഏറനാട്ടില്‍ അദ്ദേഹമെത്തി. കൊലവിളിയും ഭീഷണിയും മുഴങ്ങി കലാപകലുഷിതമായ അന്തരീക്ഷത്തില്‍ മാസങ്ങളോളം നീണ്ടുനിന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കെ പി കേശവ മേനോന്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, കട്ടിലശ്ശേരി മുഹമ്മദ്കുട്ടി മൗലവി, കെ എം മൗലവി, ഇ കെ മൗലവി, കെ മാധവന്‍ നായര്‍, യു ഗോപാല മേനോന്‍, അമ്പലക്കാട്ട് കരുണാകര മേനോന്‍ എന്നിവരുമായി അദ്ദേഹം നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
വായന ഉപാസനയാക്കിയ ജീവിതമായിരുന്നു മുഹമ്മദ് ശെറൂലിന്റേത്. തെക്കന്‍ കേരളത്തിലേക്കുള്ള അദ്ദേഹത്തിന്റെ ഓരോ യാത്രയും മലയാള പുസ്തകശാലകള്‍ സന്ദര്‍ശിക്കാന്‍ കൂടിയായിരുന്നു. കന്നടയും മലയാളവും കൂടിക്കലര്‍ന്ന നാട്ടില്‍ മലയാള പുസ്തകങ്ങളുടെ വലിയ ശേഖരവുമായി വിപുലമായൊരു ലൈബ്രറി അദ്ദേഹം സ്വന്തം വീട്ടില്‍ സംവിധാനിച്ചു. ആയിരക്കണക്കിന് ബഹുഭാഷാ പുസ്തകങ്ങളുള്ള റഫറന്‍സ് കേന്ദ്രമായിരുന്നു ഇത്. കാസര്‍കോഡ് മലയാളം പുസ്തകങ്ങള്‍ കിട്ടാതിരുന്ന കാലത്ത് മുഹമ്മദ് ശെറൂലിന്റെ വീട്ടിലെ ലൈബ്രറിയായിരുന്നു തനിക്ക് ആശ്രയമെന്ന് മഹാകവി ടി ഉബൈദ് അനുസ്മരിച്ചിട്ടുണ്ട്. ടി ഉബൈദിന്റെ സാഹിത്യരചനയില്‍ നിര്‍ണായക പങ്കുവഹിച്ചത് മുഹമ്മദ് ശെറൂലാണ്. ഇരുവരും ചേര്‍ന്ന് ‘രണ്ടുദ്‌ബോധനങ്ങള്‍’ എന്ന കൃതിയും രചിച്ചിട്ടുണ്ട്. യാത്രകള്‍ക്കിടയില്‍ വാങ്ങുന്ന പുസ്തകങ്ങളും പത്രമാസികകളും മുഹമ്മദ് ശെറൂല്‍ വീട്ടിലെ പുസ്തകശേഖരത്തില്‍ കൃത്യമായി സൂക്ഷിക്കുമായിരുന്നു.
ഉറച്ച ദേശീയ മുസ്‌ലിമായിരുന്നു മുഹമ്മദ് ശെറൂല്‍ എന്നാണ് സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ മാധവന്‍ വിശേഷിപ്പിച്ചത്. 1926-27 കാലത്ത് സ്വാതന്ത്ര്യസമര നായകന്‍ എ സി കണ്ണന്‍ നായരുടെ കാഞ്ഞങ്ങാട് അതിയാമ്പൂരിലെ വീട്ടില്‍ അദ്ദേഹം പലതവണ സന്ദര്‍ശനം നടത്തിയിരുന്നു. നിസ്സഹകരണ പ്രസ്ഥാനകാലത്ത് നാട്ടില്‍ ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തപ്പോഴൊക്കെ മധുരവും സുഖങ്ങളും ത്യജിച്ച് സഹനസമരം നടത്തി. ഖാദി വസ്ത്രം ധരിച്ച് ഓലക്കുടയും ചൂടി തികഞ്ഞ ഗാന്ധിയനായാണ് അദ്ദേഹം ജീവിച്ചത്.
മുഹമ്മദ് ശെറൂലിന്റെ മരണത്തിന് ഏതാനും ദിവസം മുമ്പുള്ള സംഭവം അദ്ദേഹത്തിന്റെ സതീര്‍ഥ്യന്‍ എന്‍ അബ്ദുല്ല മാസ്റ്റര്‍ ഇങ്ങനെ വിവരിച്ചിട്ടുണ്ട്: ”1937 ഏപ്രില്‍ 13. അതിരാവിലെ ശെറൂല്‍ സാഹിബ് വീട്ടില്‍ വന്നു. കുമ്പള വരെ നടക്കാമെന്ന് പറഞ്ഞു. ഞങ്ങള്‍ നടന്നു. അദ്ദേഹത്തിന്റെ കൈയില്‍ എനിക്ക് തപാലില്‍ വരാറുള്ള ‘മാതൃഭൂമി’യുടെ കോപ്പി ഉണ്ടായിരുന്നു. കുമ്പള തപാല്‍ ഓഫീസിലേക്ക് കാസര്‍കോട്ടു നിന്ന് തപാല്‍സഞ്ചി രാത്രിയിലാണ് എത്താറുള്ളത്. ശെറൂല്‍ സാഹിബിന്റെ ഗ്രാമമായ അംഗടിമുഗറിലേക്ക് പിറ്റേന്ന് ഉച്ചയ്‌ക്കേ തപാല്‍ എത്തൂ. പത്രങ്ങള്‍ നേരത്തേ വാങ്ങി വായിക്കാനുള്ള താല്‍പര്യത്തില്‍ എന്റെ കോപ്പി തലേന്ന് രാത്രി തന്നെ ശെറൂല്‍ സാഹിബ് തപാല്‍ ഓഫീസില്‍ ചെന്ന് വാങ്ങിയിരുന്നു. അന്ന് രാവിലെ ഞാന്‍ ചെല്ലും മുമ്പ് അത് തപാല്‍ ഓഫീസില്‍ തിരിച്ചേല്‍പിക്കാനാണ് അദ്ദേഹം എന്നെയും കൂട്ടി ചെന്നത്. അന്നുതന്നെ അദ്ദേഹം അംഗടിമുഗറിലേക്ക് പോയി. അടുത്തയാഴ്ച കാണാമെന്നു പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത്. എന്നാല്‍, 1937 ഏപ്രില്‍ 19ന് രാവിലെ 9.30ന് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ആകസ്മികമായി അദ്ദേഹം അന്തരിച്ചു.”
മുഹമ്മദ് ശെറൂലിന്റെ സംഭവബഹുലവും ത്യാഗനിര്‍ഭരവുമായ ജീവിതത്തെക്കുറിച്ച് മഹാകവി ടി ഉബൈദ് എഴുതിയ വിലാപകാവ്യമാണ് ‘ബാഷ്പധാര.’ 40 വര്‍ഷം മാത്രമേ ജീവിച്ചിരുന്നുള്ളൂവെങ്കിലും ഒരു പുരുഷായുസ്സില്‍ ചെയ്തുതീര്‍ക്കാവുന്നതിലേറെ ഉജ്ജ്വലമായ ബഹുമുഖ പ്രവര്‍ത്തനങ്ങളും മാതൃകാധന്യമായ സേവനങ്ങളും സമൂഹത്തിന് നല്‍കിയാണ് മുഹമ്മദ് ശെറൂല്‍ എന്ന ത്യാഗിവര്യന്‍ യാത്രയായത്.

Back to Top