23 Thursday
October 2025
2025 October 23
1447 Joumada I 1

ഇനിയും എത്ര നാള്‍ അന്ധത നടിക്കണം?

തന്‍സീം ചാവക്കാട്

അനുദിനം വര്‍ധിച്ചുവരുന്ന പോക്‌സോ കേസുകള്‍ വലിയ ഭീതി സൃഷ്ടിക്കുന്നുണ്ട്. താങ്ങും തണലും നല്‍കേണ്ട അധ്യാപകരും സുഹൃത്തുക്കളും അടുത്ത കുടുംബബന്ധുക്കളുമാണ് ഒട്ടുമിക്ക കേസുകളിലെയും പ്രതികളെന്നത് ദുഃഖകരമാണ്. സമൂഹത്തിന് നഷ്ടപ്പെട്ടുപോയ അവബോധം വീണ്ടെടുക്കാനാകണം. സാമൂഹിക സുരക്ഷാബോധം സുസ്ഥിരമാകണം. പോക്‌സോ കേസുകളുടെ നടപടിക്രമങ്ങളിലും ഗവണ്‍മെന്റ് വീഴ്ചകള്‍ വരുത്തുന്നുണ്ട്. കൂറുമാറ്റിയും തെളിവ് നശിപ്പിച്ചും പ്രതികള്‍ക്ക് എളുപ്പത്തില്‍ കുറ്റവിമുക്തരാകാന്‍ കഴിയുന്നത് ഉദ്യോഗസ്ഥ-അധികാരികളുടെ കണ്ണടയ്ക്കലിലൂടെയാണെന്ന് പറയാതെ വയ്യ. നീതിനിഷേധത്തിന്റെ നാള്‍വഴികളിലൂടെ ഒറ്റപ്പെട്ടുപോകുന്ന ഇരകള്‍ക്കും കുടുംബത്തിനും സ്വാധീനമോ അധികാരസ്ഥാനമോ ഇല്ലാത്തതിനാല്‍ നിസ്സഹായരാകേണ്ടിവരുന്നു.
പ്രത്യേക വകുപ്പും കമ്മീഷനും സാംസ്‌കാരിക സംഘടനകളും മഹിളാ സംഘങ്ങളും ‘നാഴികയ്ക്ക് നാല്‍പത് വട്ടം’ ഉണ്ടെന്നിരിക്കെയാണ് നീതി തന്‍ ദാരിദ്ര്യത്തില്‍ നാം ജീവച്ഛവമാകുന്നത്. രാഷ്ട്രീയ സ്വാധീനം കൊണ്ടു എന്തുമാകാമെന്ന മട്ടില്‍ പിഞ്ചുജീവനുകളെ പിച്ചിച്ചീന്തുന്ന നീചകൃത്യത്തിന് അര്‍ഹമായ ശിക്ഷ കൊടുക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ആജീവനാന്ത തടവും പിഴയും കുറ്റകൃത്യത്തിന്റെ തോതനുസരിച്ചു നല്‍കുമ്പോള്‍ ‘നിര്‍ബന്ധിത സാമൂഹിക സേവനം’ കൂടി ഉള്‍പ്പെടുത്തുന്നത് ഏറെ നന്നാകും.
ഗവണ്‍മെന്റിന്റെ മെല്ലെപ്പോക്കു നയങ്ങള്‍ക്കെതിരെ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ത്തുന്ന സോഷ്യല്‍ മീഡിയയിലെ ഹാഷ്ടാഗുകള്‍ നാള്‍ക്കുനാള്‍ ഊരും പേരും മാറിവരുന്നു എന്നല്ലാതെ കാര്യക്ഷമമായ അന്വേഷണങ്ങളോ ഉത്തരവുകളോ തെളിവെടുപ്പുകളോ ചോദ്യം ചെയ്യലോ നടക്കുന്നില്ല. എല്ലാം നാട്ടുനടപ്പ് എന്നോണം പേരിനൊരു ചടങ്ങായി ചുരുങ്ങിയിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായ സാക്ഷര കേരളത്തിന്റെ മേനിയും പറഞ്ഞ് ഇനിയും എത്ര നാള്‍ അന്ധത നടിക്കണം?

Back to Top