26 Thursday
December 2024
2024 December 26
1446 Joumada II 24

സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കരുത്‌


ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സഹായമായി നല്‍കിയിരുന്ന പല സ്‌കോളര്‍ഷിപ്പുകളും നിര്‍ത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. സച്ചാര്‍ കമ്മീഷന്‍ കണ്ടെത്തലിനെ തുടര്‍ന്നാണ് ന്യൂനപക്ഷ സമൂഹത്തിലെ, പ്രത്യേകിച്ചും മുസ്‌ലിം വിദ്യാര്‍ഥികളെ ലക്ഷ്യമാക്കിയുള്ള നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്.
മുസ്‌ലിം ക്ഷേമ പദ്ധതികളുടെ പ്രധാന സ്രോതസ്സായിരുന്നു സച്ചാര്‍ നിര്‍ദേശങ്ങള്‍. ഇന്ത്യയിലുടനീളം സഞ്ചരിച്ചു ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ വെളിച്ചത്ത് കൊണ്ടുവന്ന പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ ഭരണാധികാരികളെ ഇരുത്തിച്ചിന്തിപ്പിച്ചു. സ്വാതന്ത്ര്യം നേടി ഇത്ര വര്‍ഷങ്ങളായിട്ടും മുസ്‌ലിം സമുദായം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയാതിരുന്ന വിവിധ സര്‍ക്കാറുകള്‍ക്കുള്ള പ്രായശ്ചിത്തമായിരുന്നു സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം. അന്നത് തീരുമാനമെടുക്കുമ്പോള്‍ കേന്ദ്രം ഭരിച്ചിരുന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറാണ്. കേന്ദ്ര തലത്തില്‍ നടപ്പാക്കുക മാത്രമ ല്ല, മുഴുവന്‍ സംസ്ഥാനങ്ങള്‍ ക്കും നിര്‍ദേശം നല്‍കുകയും പ്രധാനമന്ത്രിയുടെ നേതൃത്വ ത്തിലുള്ള ഒരു ഹൈപവര്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുകയും ചെയ്തു.
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കിയുള്ള സ്‌കോളര്‍ഷിപ്പുകളും പദ്ധതികളും ഒരു സുപ്രഭാതത്തില്‍ തുടങ്ങിയതല്ല. ഒട്ടേറെ നിവേദനങ്ങളും സമ്മര്‍ദവും സമരവും ഒക്കെ കഴിഞ്ഞുണ്ടായ ഫലമാണ് വിദ്യാഭ്യാസ ക്ഷേമ പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ടുതന്നെ സ്വതന്ത്ര ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഏറെ വൈകിയാണ് ഇത്തരം സംരംഭങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്. ഇപ്പോള്‍ നിര്‍ത്തലാക്കിയ മൗലാനാ ആസാദ് നാഷണല്‍ സ്‌കോളര്‍ഷിപ്പ് ആരംഭിച്ചത് 2009-ലാണ്. തുടങ്ങി ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴേക്കും അത് നിര്‍ത്തലാക്കുന്ന സമീപനമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ന്യൂനപക്ഷ വിദ്യാര്‍ഥികളെ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് കൊണ്ടുവരുന്നതിനായാണ് ഈ സ്‌കോളര്‍ഷിപ്പ് നടപ്പാക്കിയത്. ബുദ്ധ- ജൈന- ക്രൈസ്തവ- മുസ്‌ലിം- പാഴ്‌സി- സിഖ് മതവിഭാഗങ്ങളില്‍ പെട്ട ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് ഇത് നല്‍കിയിരുന്നത്.
അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ ഫെലോഷിപ്പ് ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് തുല്യമായ വിധത്തില്‍ സാമ്പത്തികസഹായം നല്‍കിയിരുന്നു. സാധാരണഗതിയില്‍ ബിരുദാനന്തര ബിരുദമൊക്കെ കഴിയുന്ന ഘട്ടത്തില്‍ പണം സമ്പാദിക്കാവുന്ന ഒരു തൊഴിലിലേക്ക് തിരിയാനുള്ള സാധ്യത കൂടുതലാണ്. ആ ഘട്ടത്തില്‍ പഠിക്കാന്‍ പോകാനുള്ള പ്രചോദനമാണ് ഇത്തരം ഫെലോഷിപ്പുകള്‍ നല്‍കിയിരുന്നത്. ശരാശരി ശമ്പളക്കാരന്റെ വരുമാനം ഇത്തരം സ്‌കോളര്‍ഷിപ്പിലൂടെ ലഭിച്ചിരുന്നു. ഇത് ഗവേഷണ പഠനത്തിന്റെ സ്വാഭാവിക ചെലവിനായാണ്. 2009-ന് ശേഷമാണ് കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകളില്‍ ഗവേഷണ മേഖലയില്‍ ന്യൂനപക്ഷങ്ങളുടെ സാന്നിധ്യവും ദൃശ്യതയും പ്രകടമായത് എന്നും കാണാനാവും. ഇപ്പോള്‍ ഈ സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കുന്നതിന് പിന്നിലെ ചേതോവികാരവും മറ്റൊന്നായിരിക്കില്ല.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പ്രീമെട്രിക് സ്‌കോര്‍ഷിപ്പ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതും ഈ വര്‍ഷം തന്നെയാണ്. സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഒന്നൊന്നായി ഇല്ലാതാക്കുന്ന നടപടിയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്നുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷമാണ് കേരളത്തില്‍ സ്‌കോളര്‍ഷിപ്പ് അനുപാതത്തില്‍ മാറ്റം വന്നത്. സച്ചാര്‍ ശുപാര്‍ശകളുടെ അട്ടിമറിയുടെ ഒരു ഘട്ടം അതായിരുന്നു. അന്ന് കോടതി വിധിയുടെ പിന്‍ബലത്തിലാണ് അതുണ്ടായത്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് തന്നെ ക്ഷേമപദ്ധതികള്‍ അട്ടിമറിക്കുന്നു എന്നത് ഒട്ടും പുതുമയുള്ള കാര്യമല്ല. ഗവേഷണ ഫെലോഷിപ്പ് നിര്‍ത്തലാക്കാന്‍ കാരണം പറഞ്ഞത് സ്‌കോളര്‍ഷിപ്പുകളുടെ ആധിക്യവും ഓവര്‍ലാപ്പിംഗുമാണ്. അത് മുഖവിലക്കെടുത്താല്‍ തന്നെ ഭരണനിര്‍വഹണ രംഗത്തുണ്ടാകുന്ന സ്വാഭാവിക പ്രതിസന്ധി പറഞ്ഞ് ഒരു പദ്ധതിയെ തന്നെ ഇല്ലാതാക്കുന്ന ഒരപൂര്‍വത ഇതിലുണ്ട്. ഇത്തരം പ്രായോഗിക പ്രതിസന്ധി ഉണ്ടാകുമ്പോള്‍ അതിനെ മറികടക്കാവുന്ന പുതിയ ചട്ടങ്ങള്‍ രൂപപ്പെടുത്തുകയാണ് സാധാരണ ചെയ്യാറുള്ളത്.
ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങ ള്‍ ഇപ്പോഴും പിന്നാക്ക ന്യൂനപക്ഷ സൗഹൃദമായി മാറിയിട്ടില്ല. സവര്‍ണതയുടെ വിഹാര കേന്ദ്രമായി തുടരുന്ന ഇത്തരം സ്ഥാപനങ്ങള്‍ കൂടുതല്‍ അപ്രാപ്യമാവുക എന്നതായിരിക്കും സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയതിന്റെ ഒരു പരിണിത ഫലം. അതിനിടവരാത്ത വിധം സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ക്രമീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

Back to Top