18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

അല്ലാഹുവിന്റെ അവകാശം

എം ടി അബ്ദുല്‍ഗഫൂര്‍


മുആദിബ്‌നു ജബല്‍(റ) പറയുന്നു: ഒരിക്കല്‍ ഞാന്‍ നബി(സ)യുടെ സഹയാത്രികനായിരുന്നു. അന്നേരം നബി(സ) വിളിച്ചു: മുആദേ, ഞാന്‍ പറഞ്ഞു: അങ്ങേക്ക് ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു. പിന്നീട് മൂന്നു പ്രാവശ്യം അതുപോലെ അദ്ദേഹം വിളിച്ചു. എന്നിട്ട് ചോദിച്ചു: അടിമകളില്‍നിന്നും അല്ലാഹുവിനുള്ള അവകാശം എന്താണെന്ന് നിനക്കറിയുമോ? ഞാന്‍ പറഞ്ഞു: ഇല്ല. നബി(സ) പറഞ്ഞു: അടിമകള്‍ക്ക് അല്ലാഹുവോടുള്ള ബാധ്യത അവനെ മാത്രം ആരാധിക്കുകയും അവനോട് മറ്റ് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യുക എന്നതാകുന്നു. പിന്നെ അല്‍പസമയം സഞ്ചരിച്ച ശേഷം നബി(സ) വിളിച്ചു: മുആദേ, ഞാന്‍ പറഞ്ഞു: അങ്ങേക്ക് ഞാന്‍ ഉത്തരം നല്‍കിയിരിക്കുന്നു. നബി(സ) പറഞ്ഞു: അടിമകള്‍ അങ്ങനെ പ്രവര്‍ത്തിച്ചാല്‍ അല്ലാഹുവില്‍നിന്നും അവര്‍ക്ക് ലഭിക്കേണ്ട അവകാശം എന്തെന്ന് നിനക്കറിയാമോ? അവന്‍ അവരെ ശിക്ഷിക്കാതിരിക്കലാകുന്നു അത്. (ബുഖാരി)

അവകാശങ്ങളും കടമകളും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുക എന്നത് ഏതൊരു സമൂഹത്തിന്റെയും സാംസ്‌കാരികമായ ഔന്നിത്യത്തിന്റെ അടയാളമാകുന്നു. ഓരോരുത്തര്‍ക്കും അവരവരുടേതായ അവകാശങ്ങളും അവര്‍ നിറവേറ്റേണ്ടതായ കടമകളുമുണ്ട്. ഇത് നിര്‍വഹിക്കുന്നതില്‍ വിശ്വാസികള്‍ ബദ്ധശ്രദ്ധരായിരിക്കണം. കാരണം, ബാധ്യതകള്‍ നിര്‍വഹിക്കുകയും അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും ചെയ്യുന്നത് വിശ്വാസികളുടെ വിശിഷ്ട ഗുണമായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവോടുള്ള ബാധ്യതയാണ് മനുഷ്യന് മറ്റെല്ലാ ബാധ്യതകളെക്കാളും മികച്ചുനില്‍ക്കേണ്ടത്. സൃഷ്ടിച്ച് സംരക്ഷിച്ച് എല്ലാ സൗകര്യങ്ങളുമൊരുക്കി പടിപടിയായി വളര്‍ത്തിക്കൊണ്ടുവരുന്ന അല്ലാഹുവെ മാത്രം ആരാധിക്കുക എന്നത് മനുഷ്യനില്‍ നിന്ന് അല്ലാഹുവിന് ലഭിക്കേണ്ട അവകാശമാകുന്നു. ആരാധനയില്‍ അവനെ ഏകനാക്കുക എന്നതാണ് മനുഷ്യന് അല്ലാഹുവോടുള്ള ബാധ്യതയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. ഗുണനാമ വിശേഷണങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ അല്ലാഹുവിന് യാതൊരു പങ്കുകാരുമില്ല എന്ന് അംഗീകരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനായിരിക്കണം വിശ്വാസി.
തൗഹീദിന്റെ പ്രധാനപ്പെട്ട രണ്ട് അടിത്തറയാണ് അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുകയും അവനില്‍ യാതൊന്നിനെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യുക എന്നത്. അല്ലാഹു അല്ലാത്തവരെ അവനോട് സമമാക്കുകയോ അവന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യുന്നവരാണെന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ നബിവചനത്തിന് പ്രസക്തിയേറെയാണ്. ആരാധനയില്‍ അല്ലാഹുവിന് ഏകത്വം നല്‍കിയാല്‍ അവരോട് അല്ലാഹുവിനുള്ള ബാധ്യത അടിമകളെ ശിക്ഷിക്കാതിരിക്കുക എന്ന് പറഞ്ഞതിന്റെ ആശയത്തില്‍ നിന്നും ശിര്‍ക്കിന്റെ ഗൗരവം ബോധ്യപ്പെടുന്നതാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x