14 Wednesday
January 2026
2026 January 14
1447 Rajab 25

വാഴയില്‍ അശ്‌റഫ്

മുര്‍ശിദ് പാലത്ത്


കോഴിക്കോട്: സിറ്റിയിലെ പ്രധാന ഇസ്‌ലാഹി ശാഖയായ തിരുവണ്ണൂരിലും സിറ്റി മണ്ഡലത്തിലും പ്രസ്ഥാനത്തില്‍ നേതൃപരമായ പങ്കുവഹിച്ച തിരുവണ്ണൂര്‍ വാഴയില്‍ അശ്‌റഫ് നിര്യാതനായി. തിരുവണ്ണൂരിലെ മസ്ജിദുല്‍ മുജാഹിദീന്‍, ഇംദാദുദ്ദീന്‍ മദ്‌റസ, അല്‍ ഫിത്‌റ എന്നിവ നടത്തുന്ന ഇംദാദുദ്ദീന്‍ സംഘത്തിന്റെ തുടര്‍ച്ചയായി മൂന്നു പതിറ്റാണ്ടുകാലത്തെ സെക്രട്ടറിയായിരുന്നു അദ്ദേഹം. സംഘടനയുടെ എല്ലാ ഘടകങ്ങളും ശക്തമായ, സിറ്റിയിലെ ഈ വലിയ ശാഖയെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യ പങ്കുകാരനായിരുന്നു അദ്ദേഹം. ജില്ലാ സംസ്ഥാന സമിതികളുടെ പല പരിപാടികള്‍ക്കും ഇംദാദുദ്ദീന്‍ ക്യാംപസിനെ വേദിയാക്കാന്‍ അദ്ദേഹം അവസരമുണ്ടാക്കി. സംഘടനയില്‍ പ്രശ്‌നങ്ങളുണ്ടായ രണ്ടു സന്ദര്‍ഭങ്ങളിലും അദ്ദേഹത്തിന്റെ ധീരമായ ഇടപെടലുകളാണ് യാതൊരു പരിക്കുമില്ലാതെ ഇംദാദുദ്ദീന്‍ സ്ഥാപനങ്ങളും ശാഖയിലെ പ്രവര്‍ത്തനങ്ങളും കൃത്യമായി തുടരാന്‍ കാരണമായ പ്രധാന ഘടകം. തന്റെ മഹല്ലിലെ ഇസ്‌ലാഹീ പ്രവര്‍ത്തകരുടെ ഉദാരത വേണ്ടുവോളം ഉപയോഗപ്പെടുത്താന്‍ മറ്റു ദേശങ്ങളിലെ ഇസ്‌ലാഹീ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നിര്‍ലോഭം അവസരമുണ്ടാക്കി.
അശ്‌റഫ് ആദര്‍ശ പ്രബോധകനായത് ജീവിതംകൊണ്ടു കൂടിയായിരുന്നു. വലിയ ഒരു കുടുംബത്തിലെ പ്രായം കുറഞ്ഞ അംഗമായിരുന്നു അദ്ദേഹമെങ്കിലും ആ കുടുംബത്തിലെ എല്ലാവര്‍ക്കും ഒരുപോലെ അദ്ദേഹമായിരുന്നു അഭയവും പ്രശ്‌നപരിഹാരവും. ഉള്‍ക്കൊണ്ട നന്മകളിലെല്ലാം അശ്‌റഫ് ഒന്നാമനാകാന്‍ തിരക്കുകൂട്ടി. കഴിഞ്ഞ വര്‍ഷം ഭാര്യയൊന്നിച്ച് ഹജ്ജിന് ശ്രമിച്ചു. ചില അനിവാര്യതകളാല്‍ ഭാര്യയുടെ ഹജ്ജ് യാത്ര തടസ്സപ്പെട്ടു. എന്നാല്‍ അവര്‍ക്ക് അടുത്ത വര്‍ഷത്തേക്ക് സംവിധാനമുണ്ടാക്കാം എന്ന ഉറപ്പില്‍ അദ്ദേഹം തനിച്ച് ഹജ്ജിന് പോയി. അതും ഒരു തിരക്കിട്ട തിരഞ്ഞെടുപ്പ്. തിരുവണ്ണൂരുകാര്‍ക്ക് വാഴയില്‍ അശ്‌റഫിന് പകരക്കാരില്ല. സര്‍വശക്തനായ നാഥാ, അദ്ദേഹത്തിന്റെ വിയോഗം പ്രദേശത്തിനും പ്രസ്ഥാനത്തിനുമുണ്ടാക്കുന്ന കുറവുകള്‍ അതിലേറെ നല്ല പകരക്കാരാല്‍ നീ പരിഹരിക്കേണമേ. ആ കുടുംബത്തിന് നഷ്ടപ്പെട്ട അത്താണിയില്‍ അവര്‍ക്ക് ക്ഷമയും സഹനവും നല്ല പരിഹാരവും നല്‌കേണമേ. അദ്ദേഹത്തിന്റെ നന്മകള്‍ക്ക് പൂര്‍ണ പ്രതിഫലം നല്‌കേണമേ. ആമീന്‍.

Back to Top