23 Thursday
October 2025
2025 October 23
1447 Joumada I 1

വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിക്കുന്നു

ആര്‍ എം കോഴിക്കോട്‌

രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയം പച്ചപിടിച്ചുകൊണ്ടിരിക്കുകയാണ്. മൈത്രിയും സൗഹാര്‍ദവും പറിച്ച് അവിടെ വെറുപ്പ് നടുന്ന പ്രക്രിയയാണ് ഫാസിസവും പരിവാരങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. വെറുപ്പ് പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയാല്‍ അവര്‍ക്കെതിരെ പരാതിയില്ലാതെ തന്നെ കേസ്സെടുക്കണമെന്നാണ് കോടതി നിര്‍ദേശം. ഇതുപ്രകാരം വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ വിമുഖത കാണിച്ചാല്‍ കോടതിയലക്ഷ്യമായി കണ്ട് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കും.
2014ല്‍ മോദി അധികാരത്തില്‍ വന്നതിനു ശേഷം ഉന്നത രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗം ഉയര്‍ന്നുവെന്നാണ് കണക്ക്. 20 ലക്ഷം മുസ്‌ലിംകളെ വംശഹത്യ ചെയ്യാന്‍ ഹിന്ദുത്വ തീവ്രവാദികള്‍ നല്‍കിയ ആഹ്വാനത്തെ യുപിയിലെ ഒരു മുതിര്‍ന്ന മന്ത്രി തന്നെ ന്യായീകരിക്കുകയാണ് ചെയ്തത്.
ഡല്‍ഹി ആസ്ഥാനമായുള്ള ആക്ട് നൗ ഫോര്‍ ഹാര്‍മണി ആന്റ് ഡെമോക്രസി (എഎന്‍എച്ച്എഡി) ഹെയ്റ്റ് ഗ്രിപ്‌സ് ദ നേഷന്‍ എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങളുടെയും വംശീയ കുറ്റകൃത്യങ്ങളുടെയും കണക്കുകള്‍ വിശദീകരിക്കുന്നുണ്ടത്രേ. രാജ്യത്തെ വംശീയ വിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ 73.3 ശതമാനവും മുസ്‌ലിംകള്‍ക്കെതിരെയാണ്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെയാണ് ശേഷിക്കുന്ന 26.7 ശതമാനമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
വിദ്വേഷ പ്രചാരണം തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണത്രേ. പുതിയ നിയമത്തിന് ലോ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇക്കാര്യം പരിഗണനയിലാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രം ജാഗ്രത കാണിക്കുമെന്ന് പ്രതീക്ഷിക്കാവതല്ല. രാജ്യം അടക്കിവാഴുന്നവരുടെ വിശ്വാസപ്രമാണം ഭഗവദ് ഗീതയോ മഹാഭാരതമോ അല്ല. മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആഭ്യന്തര ശത്രുക്കളായി കാണുന്ന വിചാരധാര അനുസരിച്ചാണ് അവര്‍ കരുക്കള്‍ നീക്കുന്നത്. വിദ്വേഷ പ്രചാരണത്തിലൂടെ വംശഹത്യയുടെ ത്രിശൂലമേന്തുന്നവരെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി രംഗത്തുവരണം. ജുഡീഷ്യറിയുടെ നടപടികള്‍ക്കൊപ്പം രാജ്യത്തെ മതേതര ജനാധിപത്യത്തിലും മാനവികതയിലും ദൃഢവിശ്വാസമുള്ള മാധ്യമങ്ങളും ചാനലുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിദ്യാര്‍ഥി-യുവജന വിഭാഗങ്ങളും മതനേതാക്കളും സാഹിത്യകാരന്മാരും മൊത്തം പൗരസഞ്ചയവും ജാഗ്രതയോടെ രംഗത്തുവരിക മാത്രമാണ് പ്രശ്‌നപരിഹാരം.

Back to Top