20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

ഉപ്പയോടുള്ള ബാധ്യത


അബുദ്ദര്‍ദാഅ്(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: പിതാവ് സ്വര്‍ഗത്തിന്റെ മധ്യത്തിലുള്ള വാതിലാകുന്നു. നീ ഉദ്ദേശിക്കുന്നുവെങ്കില്‍ ആ വാതില്‍ സംരക്ഷിക്കുക. അല്ലെങ്കില്‍ (ആ അവസരം) പാഴാക്കിക്കളയുക (തിര്‍മി ദി).

പിതൃസ്‌നേഹത്തിന്റെ മഹിമയെ വരച്ചുകാണിക്കുന്ന ഒരു നബിവചനമാണിത്. മനുഷ്യന്റെ ജീവിത വിജയത്തിന് നിദാനമാകുന്ന ഏറ്റവും പ്രധാനപ്പെട്ടതും പടച്ചവന് ഏറെ ഇഷ്ടപ്പെടുന്നതുമായ പൂണ്യകര്‍മമത്രേ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍.
ജന്മം നല്‍കി, ജീവിതത്തിന്റെ ദിശ നിര്‍ണയിച്ചുതന്ന്, ക്ഷീണവും പ്രയാസവും സഹിച്ച്, കഷ്ടപ്പാടിന്റെ കണ്ണുനീര്‍ തുടച്ച് സ്വയം സഹിച്ചും ക്ഷമിച്ചും നമുക്കുവേണ്ടി മാത്രമായി ജീവിച്ച നമ്മുടെ മാതാപിതാക്കള്‍. അവരോടുള്ള ബാധ്യതകള്‍ എത്ര നിര്‍വഹിച്ചാലും മതിവരാത്തതത്രേ.
അര്‍ഹമായ പരിഗണനയും നിര്‍മലമായ പെരുമാറ്റവും ഹൃദ്യമായ സമീപനവും മാന്യമായ വാക്കുകളും എളിമയോടെയുള്ള ഇടപഴകലും കാരുണ്യത്തിന്റെ ചിറക് വിരിച്ചുകൊണ്ടുള്ള സംരക്ഷണവും മാതാപിതാക്കളോടുള്ള ബാധ്യതയില്‍ അതിപ്രധാനമത്രേ. ജനനം മുതല്‍ ജീവിതത്തിന്റ അടക്കവും അനക്കവും മക്കള്‍ക്കുവേണ്ടി ചെലവഴിച്ചവരാണ് മാതാപിതാക്കള്‍. നമ്മുടെ നേട്ടങ്ങളോരോന്നും അഭിമാനത്തോടെയാണവര്‍ വരവേറ്റത്. നമ്മുടെ വീഴ്ചകള്‍ അവര്‍ക്ക് അസഹനീയമായ വേദനകളാണ് സമ്മാനിക്കുന്നത്. മാതാപിതാക്കള്‍ക്ക് സന്തോഷം നല്‍കുക എന്നത് അവരോട് സന്താനങ്ങള്‍ക്കുള്ള ബാധ്യതകളില്‍ അതിപ്രധാനമാണ്.
അവരോടുള്ള സമീപനത്തില്‍ വീഴ്ചകള്‍ക്കതീതമായ സൂക്ഷ്മത പാലിക്കാന്‍ മക്കള്‍ക്ക് കഴിയുമ്പോഴാണ് അവരുടെ മനം കുളിര്‍ക്കുന്നത്. വാക്കിലും നോക്കിലും അതൃപ്തിയുടെ അംശംപോലും കലരാതെ മൃദുസമീപനവും ആദരവും ബഹുമാനവും പകര്‍ന്നുനല്‍കാന്‍ കഴിയുന്നവര്‍ക്കാണ് സ്വര്‍ഗത്തിന്റെ കവാടമെന്ന് ഈ തിരുവചനം പഠിപ്പിക്കുന്നു.
ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, മരണശേഷവും മാതാപിതാക്കളോടുള്ള കടമകള്‍ നിറവേറ്റണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നതിലൂടെ ഈ ബന്ധത്തിന്റെ ഊഷ്മളതയെ അടയാളപ്പെടുത്തുന്നു. ജീവിതവിജയത്തിന് നിദാനമാകുന്ന ദൈവസ്‌നേഹം ലഭിക്കാന്‍ മാതാപിതാക്കളുടെ സ്‌നേഹവും തൃപ്തിയും കരസ്ഥമാക്കുകയാണ് വഴിയെന്ന് നബിതിരുമേനി പഠിപ്പിക്കുന്നു.
വാക്കുകള്‍ അനുസരിച്ചും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചും ആനന്ദങ്ങളില്‍ കൂട്ടുകൂടിയും അവരുടെ മനസിനെ സന്തോഷിപ്പിച്ചാല്‍ ലഭിക്കുന്ന സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുക എന്ന പ്രതിഫലം എത്ര മഹത്തരമാണ്. അത് നഷ്ടപ്പെടുത്തുന്നവനേക്കാള്‍ വിഡ്ഢിയാരുണ്ടെന്ന് ചിന്തിക്കാന്‍ പുതുതലമുറയ്ക്ക് പ്രചോദനമാണ് ഈ തിരുവചനം.

Back to Top